Photo | Facebook
കാലമെത്ര കഴിഞ്ഞിട്ടും മമ്മൂട്ടിയെന്നും മോഹൻലാലെന്നും പേരുള്ള രണ്ടു നക്ഷത്രങ്ങൾക്ക് ചുറ്റും ഭ്രമണം ചെയ്യുകയാണ് മലയാളസിനിമ. പരാജയങ്ങളുടെ ഒരു മേഘവിസ്ഫോടനത്തിനും ഇല്ലാതാക്കാൻ കഴിയാത്ത വാണിജ്യമൂല്യത്തോടെ അവർ ഇന്നും ഈ വ്യവസായത്തിന്റെ ന്യൂക്ലിയസുകളായി തുടരുന്നു. എത്രയൊക്കെ താരകങ്ങളുദിച്ചാലും എത്തിപ്പിടിക്കാനാകാത്തവണ്ണം പ്രകാശവർഷങ്ങൾക്കുമകലെ. ആ രാജശ്രേണിയിലേക്ക് മഞ്ജു വാരിയർ കൂടി കടന്നുവരികയാണ്. മമ്മൂട്ടി, മോഹൻലാൽ, മഞ്ജു വാരിയർ എന്നീ ‘എമ്മു’കളിലേക്ക് സിനിമയുടെ സാമ്പത്തിക സൂചിക കേന്ദ്രീകരിക്കപ്പെടുന്നു.
‘മൈജി’ എന്ന ബ്രാൻഡ് അവരുടെ മുഖമായി മഞ്ജുവിനെ അവതരിപ്പിക്കുമ്പോൾ, മലയാളത്തിൽ താരമൂല്യത്തിന്റെ ‘മൂന്നാമത്തെ എം’ സൃഷ്ടിക്കപ്പെടുകയാണ്. രണ്ടാമുദയത്തിൽ ആദ്യചിത്രം അഭിനയിക്കുംമുമ്പേ ബ്രാൻഡ് വാല്യുവിൽ ഒരുകോടി ക്ലബ്ബിലെത്തിയ മഞ്ജുവിന്റെ ഇപ്പോഴത്തെ മൂല്യം ഏതാണ്ട് പത്തുകോടിക്കടുത്താണ്. മാസ് ലുക്കിൽ ‘മൈജി’ക്കായി പ്രത്യക്ഷപ്പെട്ട മഞ്ജു ഇനി മോഹൻലാലിനൊപ്പം അവരുടെ പരസ്യചിത്രങ്ങളിൽ അഭിനയിക്കും എന്ന സസ്പെൻസിലുണ്ട് ആ പേരൊരുക്കുന്ന വിപണിവിജയത്തിന്റെ ശക്തിമുഴുവൻ.
തിരിച്ചുവരവിൽ വലിയ അവസരത്തിന്റെ ചുവപ്പു പരവതാനി വിരിച്ച കല്യാൺ ജൂവലേഴ്സ് തന്നെയാണ് മഞ്ജു പതാകയേന്തുന്ന ബ്രാൻഡുകളിൽ ഏറ്റവും മുന്നിൽ. ഏഴു വർഷത്തോളമായി അമിതാഭ് ബച്ചനൊപ്പം കല്യാൺ ജൂവലേഴ്സ് മഞ്ജുവിനെ വിശ്വാസത്തോടെ നിലനിർത്തുന്നു എന്നതുതന്നെ ഈ അഭിനേത്രിയുടെ മങ്ങാത്ത തിളക്കത്തിനുള്ള അംഗീകാരമാണ്. കെ.എൽ.എം. ആക്സിവ ഫിൻവെസ്റ്റ്, ഉജാല, കിച്ചൺ ട്രഷേഴ്സ്, മെറിബോയ്, ലസാഗു തുടങ്ങിയവയാണ് മഞ്ജുവിനെ ബ്രാൻഡ് അംബാസഡറാക്കിയ മറ്റ് വമ്പൻ ബ്രാൻഡുകൾ. മലയാളത്തിൽ ഇപ്പോൾ ഏറ്റവും കൂടുതൽ കമ്പനികളുടെ ബ്രാൻഡ് അംബാസഡറായ നടി എന്ന ബഹുമതിയും മഞ്ജുവിന് സ്വന്തം. പരസ്യലോകത്ത് മമ്മൂട്ടിയും മോഹൻലാലും കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന മലയാളി താരവും മഞ്ജുവാണ്.
നാലു വലിയ ബ്രാൻഡുകൾ കൂടി നായികമാരിലെ സൂപ്പർസ്റ്റാറിന് പിന്നാലെയുണ്ട്. പ്രാരംഭ ചർച്ചകൾ കഴിഞ്ഞു. തമിഴിലേക്കും ഹിന്ദിയിലേക്കും ഇതിനകം ചുവടുവച്ച മഞ്ജുവിനായി മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള കമ്പനികളും താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. പക്ഷേ, ബ്രാൻഡുകളുടെ തിരഞ്ഞെടുപ്പിൽ മഞ്ജു നന്നേ സൂക്ഷ്മത പുലർത്തുന്നു. ഇതും വിപണിമൂല്യം ഉയരുന്നതിനുള്ള പ്രധാന ഘടകമാണ്.
‘‘ജനങ്ങൾക്കിടയിൽ ബ്രാൻഡിനുള്ള വിശ്വാസ്യതയും അതിന്റെ സുതാര്യതയുമാണ് പ്രധാനം. ബ്രാൻഡുകളുടെ തിരഞ്ഞെടുപ്പിൽ അതിനാണ് പ്രഥമ പരിഗണന നൽകുന്നതും. ജനങ്ങൾക്കിടയിൽ നല്ലരീതിയിൽ സ്വാധീനമുറപ്പിച്ചവയുടെ കൂടെ മാത്രമേ സഹകരിക്കൂ’’ -മഞ്ജു വാരിയർ പറയുന്നു.
‘മഞ്ജു’ എന്ന ബ്രാൻഡിന്റെ മൂല്യം തിരിച്ചറിഞ്ഞ സംസ്ഥാന സർക്കാരും അത് വേണ്ടവിധം പ്രയോജനപ്പെടുത്തുന്നുണ്ട്. തിരിച്ചുവരവിന്റെ തുടക്കത്തിൽതന്നെ ‘ഷീ ടാക്സി’യുടെ ബ്രാൻഡ് അംബാസഡറായ മഞ്ജു ഇപ്പോൾ സംസ്ഥാന സർക്കാർ സംരംഭമായ ‘ഹോർട്ടികോർപ്പി’നൊപ്പവും ജൈവകൃഷി, രക്തദാനം, നൈപുണ്യ വികസനം തുടങ്ങിയ ജനകീയ ദൗത്യങ്ങൾക്കൊപ്പവും കൈകോർക്കുന്നു.
സിനിമയിൽ ‘ഒ.ടി.ടി.’ (ഓവർ ദി ടോപ്പ്) സ്വാധീനമുറപ്പിച്ചതോടെ താരങ്ങളുടെ ബ്രാൻഡ് മൂല്യവും നിർണായകമായി മാറിയിട്ടുണ്ട്. കോർപ്പറേറ്റ് സമവാക്യങ്ങൾ കൂട്ടിക്കിഴിക്കപ്പെടുന്ന ഒ.ടി.ടി. വിപണിയിൽ ഇതനുസരിച്ചാണ് ചിത്രങ്ങൾക്കുള്ള വില നിശ്ചയിക്കപ്പെടുന്നത്. ഒ.ടി.ടി. വില്പനയ്ക്കുള്ള ‘പിച്ചിങ് മെറ്റീരിയലു’കളിൽ സുപ്രധാന സ്ഥാനമാണ് പ്രധാന താരങ്ങളുടെ വിപണിമൂല്യത്തിനുള്ളത്.
മഞ്ജു നായികയായ ‘ലളിതം സുന്ദരം’ എന്ന സിനിമ വലിയ തുകയ്ക്ക് ‘ഡിസ്നി ഹോട്ട് സ്റ്റാർ’ സ്വന്തമാക്കിയിട്ടുണ്ട്. മഞ്ജു നിർമാതാവിന്റെ വേഷം കൂടിയണിയുന്ന ഈ ചിത്രത്തിന്റെ സംവിധായകൻ സഹോദരൻ മധു വാരിയർ ആണ്. ഒ.ടി.ടി. മാർക്കറ്റിലും മഞ്ജു ശക്തമായ സാന്നിധ്യമായി മാറുകയാണ് ഇതിലൂടെ.
Content Highlights : Manju Warrier as Brand Ambassodor for MyG along with Mohanlal
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..