നാഗവല്ലിയുടെ ചിത്രം, മണി സുചിത്ര
മലയാള സിനിമയിലെ മികച്ച കലാസംവിധായകരുടെ എണ്ണമെടുത്താല്‍ ഒഴിച്ചുകൂടാനാകാത്ത പേരാണ് മണി സുചിത്രയുടേത്. നാല് പതിറ്റാണ്ടുകള്‍ നീണ്ട സിനിമാജീവിതത്തില്‍ റാംജിറാവ് സ്പീക്കിങ്, ഇന്‍ ഹരിഹര്‍ നഗര്‍, ഈ കണ്ണികൂടി, ഗോഡ് ഫാദര്‍, വിയറ്റ്‌നാം കോളനി, മണിച്ചിത്രത്താഴ്, ദേവാസുരം, മാന്നാര്‍ മത്തായി സ്പീക്കിങ്, നമ്പര്‍ വണ്‍ സ്‌നേഹതീരം ബാംഗ്ലൂര്‍ നോര്‍ത്ത്, കാബൂളിവാല, ഫ്രണ്ടസ് തുടങ്ങി മലയാളത്തിലെയും തമിഴിലെയുമെല്ലാം ഒട്ടേറെ ഹിറ്റുകള്‍ മണി സുചിത്രയുടെ അക്കൗണ്ടിലുണ്ട്. ഫാസില്‍, സിദ്ദിഖ്-ലാല്‍, സത്യന്‍ അന്തിക്കാട്, കെ.ജി. ജോര്‍ജ്ജ്, ഹരികുമാര്‍, ഐ.വി. ശശി തുടങ്ങിയ പ്രമുഖ സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിച്ചു. 'വിയറ്റ്‌നാം കോളനി'യിലൂടെ മികച്ച കലാസംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും നേടി. തിരുവനന്തപുരത്തെ സുചിത്ര ആര്‍ട്ട് സ്റ്റുഡിയോയില്‍ നിന്നാണ് മണി സുചിത്ര എന്ന കലാകാരന്റെ തുടക്കം. സിനിമയില്‍ ഒട്ടേറെ സൗഹൃദങ്ങള്‍ ഉണ്ടായിരുന്ന ആകസ്മികമായി ഈ രംഗത്ത് എത്തിപ്പെടുകയായിരുന്നു. ഹരികുമാറിന്റെ 'ആമ്പല്‍പ്പൂവ്' ആയിരുന്നു അരങ്ങേറ്റ ചിത്രം.
''അഭിമുഖങ്ങളൊന്നും ഞാന്‍ നല്‍കാറില്ല. ഒരുപാട് പേര്‍ സമീപിച്ചിരുന്നു, എനിക്ക് ഒതുങ്ങി ജീവിക്കുന്നതാണ് ഇഷ്ടം. മറ്റുള്ളവരെപ്പോലെ ഒരുപാട് അനുഭവസമ്പത്തുണ്ടെന്നും അറിവുണ്ടെന്നും എനിക്ക് തോന്നുന്നില്ല. ഒപ്പം പ്രവര്‍ത്തിച്ച സംവിധായകരില്‍ പലരും ഇന്ന് സിനിമയില്‍ സജീവമല്ല. ഫാസില്‍ ഇല്ല, സിദ്ദിഖും ലാലും വേര്‍പിരിഞ്ഞു. അതിനിടെ അന്യഭാഷയിലൊക്കെ ഏതാനും സിനിമകള്‍ ചെയ്തു. ഇന്ന് സിനിമയാകെ മാറിപ്പോയിരിക്കുന്നു. ഇന്ന് ബജറ്റിന്റെ പ്രശ്നം സിനിമയിലുണ്ടെന്ന് തോന്നുന്നില്ല. പണ്ട് കാലത്ത് അങ്ങനെ അല്ലായിരുന്നു. വളരെ കുറഞ്ഞ ബജറ്റാണ് സെറ്റിന് വേണ്ടി മാറ്റിവച്ചിരുന്നത്. ഞാനിപ്പോഴും സിനിമ വിട്ടിട്ടില്ല, ഭാവിയില്‍ ഒന്നു രണ്ട് പ്രൊജക്ടുകള്‍ ചെയ്യാനിരിക്കുന്നു.''- മണി സുചിത്ര സംസാരിച്ചു തുടങ്ങുകയാണ്.
ആര്‍ട്ട് സ്റ്റുഡിയോയില്‍ നിന്ന് സിനിമയിലേക്ക്
തിരുവന്തപുരമാണ് എന്റെ നാട്. അവിടെ സുചിത്ര എന്ന പേരില്‍ എനിക്ക് ഒരു ആര്‍ട്ട് സ്റ്റുഡിയോ ഉണ്ടായിരുന്നു. സിനിമയില്‍ അന്നത്തെ കാലത്ത് തന്നെ ധാരാളം സുഹൃത്തുക്കള്‍ ഉണ്ടായിരുന്നു. സംവിധായകരായ ലെനിന്‍ രാജേന്ദ്രന്‍, ഹരികുമാര്‍, കെ.പി. കുമാരന്‍, നടന്‍ മുരളി, ശ്രീവരാഹം ബാലകൃഷ്ണന്‍... അവരുമായെല്ലാം അടുപ്പമുണ്ടായിരുന്നു. ശ്രീവരാഹം ബാലകൃഷ്ണന്‍ എനിക്ക് സഹോദരതുല്യനായിരുന്നു. സിനിമയോട് എനിക്ക് പൊതുവേ ഒരു ഇഷ്ടമുണ്ട്. മിക്ക സിനിമകളുടെയും സെക്കന്റ് ഷോയ്ക്കു പോകുമായിരുന്നു. ഹരികുമാര്‍ സംവിധാനം ചെയ്ത 'ആമ്പല്‍പ്പൂവ്' (1981) ആയിരുന്നു ആദ്യസിനിമ. അദ്ദേഹവുമായുള്ള സൗഹൃദം മൂലം ആകസ്മികമായി ചെന്നെത്തിയതാണ്. പിന്നീട് ഹരികുമാറിന്റെ സ്‌നേഹപൂര്‍വ്വം മീര, ഒരു സ്വകാര്യം, സിദ്ദിഖ് - ലാലിന്റെ റാംജി റാവ് സ്പീക്കിങ്, ഗോഡ് ഫാദര്‍, കാബൂളിവാല, വിയറ്റനാം കോളനി, ഹിറ്റ്‌ലര്‍, കെ.ജി ജോര്‍ജ്ജിന്റെ ഈ കണ്ണികൂടി, ഫാസിലിന്റെ എന്റെ സൂര്യപുത്രിക്ക്, പപ്പയുടെ സ്വന്തം അപ്പൂസ്, മണിചിത്രത്താഴ്, ഐ.വി. ശശിയുടെ ദേവാസുരം, വര്‍ണപ്പകിട്ട് തുടങ്ങി മുപ്പതിലേറെ സിനിമകളില്‍ പ്രവര്‍ത്തിച്ചു.
മണിച്ചിത്രത്താഴിന്റെ ലൊക്കേഷന്‍ തേടി
.jpg?$p=a3c1fa2&&q=0.8)
മണിച്ചിത്രത്താഴ് എന്ന സിനിമയുടെ ഡിസ്‌കഷന്‍ സമയത്ത് ഇങ്ങനെയൊരു പ്രമേയം വിജയിക്കുമോ എന്ന് സംശയമുണ്ടായിരുന്നു. എന്നാല്‍ തിരക്കഥ പൂര്‍ത്തിയായപ്പോള്‍ എല്ലാവര്‍ക്കും ആത്മവിശ്വാസമായി. അങ്ങനെയാണ് സിനിമയുടെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിക്കുന്നത്. വളരെ വ്യത്യസ്തമായ, മലയാള സിനിമയില്‍ ഇതുവരെ പരീക്ഷിക്കാത്ത ഒരു പ്രമേയം കൂടിയായിരുന്നതിനാല്‍ അതിനാവശ്യമായ മികച്ച ലൊക്കേഷന്‍ കണ്ടെത്തുന്നതായിരുന്നു അടുത്ത വെല്ലുവിളി. സൈക്കോളജിക്കല്‍- ഹൊറല്‍ ത്രില്ലര്‍ ആയതുകൊണ്ടു തന്നെ ഭീകരാന്തരീക്ഷം തോന്നുന്ന പ്രേക്ഷകരുടെ മനസ്സില്‍ തങ്ങിനില്‍ക്കുന്നിടത്ത് തന്നെ ചിത്രീകരിക്കേണ്ടത് അനിവാര്യമായിരുന്നു. പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവായിരുന്ന പി.എ. ലത്തീഫും ഞാനും ഒരു കാറുമെടുത്ത് ലൊക്കേഷന്‍ തേടി കേരളത്തിലെ ഒരുപാട് പഴയ വീടുകള്‍ കാണാന്‍ പോയി. മുന്‍മുഖ്യമന്ത്രി ഇ.എം.എസിന്റെ തറവാടും അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. പക്ഷേ, അതൊന്നും ശരിയായില്ല. ഒടുവില്‍ സംവിധായകന്‍ ഫാസിലാണ് തൃപ്പൂണിത്തുറ പാലസ് ഒന്നു പോയി കാണാന്‍ പറഞ്ഞത്. തൃപ്പൂണിത്തുറ പാലസ് സിനിമയുടെ കഥയ്ക്ക് ചേരുമെന്ന് തോന്നി. അതുമാത്രം മതിയായിരുന്നില്ല. നാഗര്‍കോവില്‍ പത്മനാഭപുരം പാലസ് കൂടി ചേര്‍ത്താണ് ലൊക്കേഷന്‍ ഒരുക്കിയത്. നാഗവല്ലിയുടെയും കാരണവരുടെയും തെക്കിനിക്കു പറ്റിയ മുറികള്‍ അവിടെ എവിടെയും ഉണ്ടായിരുന്നില്ല. അങ്ങനെയാണ് ജെമിനി സ്റ്റുഡിയോസിന്റെ ഉടമസ്ഥന്‍ എസ്.എസ്. വാസന്റെ ഉടമസ്ഥതയിലുള്ള വീട് തിരഞ്ഞെടുക്കുന്നത്. ഈ മൂന്ന് ലൊക്കേഷനുകള്‍ ഒത്തുവന്നപ്പോഴാണ് മണിച്ചിത്രത്താഴിന് പൂര്‍ണത വന്നത്.
തെക്കിനിയിലെ ഭീകരാന്തരീക്ഷവും നാഗവല്ലിയും കാരണവരും
.jpg?$p=c0dff4c&&q=0.8)
തെക്കിനിയിലെ പ്രധാന ആകര്‍ഷണം നാഗവല്ലിയുടെയും കാരണവരുടെയും ചിത്രങ്ങളായിരുന്നു. ഒരുപാട് കാലങ്ങള്‍ പൂട്ടിയിട്ട ഒരു മുറിയാണ് സിനിമയില്‍ കാണിക്കുന്നത് മാറാലയും പൊടിയും നിറഞ്ഞിതായിരിക്കണം. നാഗവല്ലിയുടെ കിടക്ക, ആഭരണപ്പെട്ടികള്‍, കാരണവരുടെ മുറി, ആട്ടുകട്ടില്‍... അങ്ങനെ ഓരോ വസ്തുവിനും സിനിമയില്‍ വലിയ പ്രാധാന്യമുണ്ടായിരുന്നു. അതെല്ലാം ഒരുക്കുന്നത് വെല്ലുവിളി നിറഞ്ഞതായിരുന്നു. നാഗവല്ലിയുടെ മനോഹരമായ ചിത്രവും കണ്ണാടിയും ജോണ്‍സണ്‍ മാഷുടെ പശ്ചാത്തല സംഗീതവും ഒത്തൊരുമിച്ച് വന്നതോടെയാണ് തെക്കിനി പ്രേക്ഷകരില്‍ ഭയം ജനിപ്പിച്ചത്. അതൊരിക്കലും ആര്‍ട്ട് ഡയറക്ടറുടെ മാത്രം കഴിവാണെന്ന് ഞാന്‍ ഒരിക്കലും വിശ്വസിക്കുന്നില്ല.
നാഗവല്ലിയുടെയും കാരണവരുടെയും ചിത്രം പണ്ട് ജീവിച്ചിരുന്ന ആരുടെയെങ്കിലുമാണോ എന്നൊക്കെ പലരും എന്നോട് ചോദിച്ചിട്ടുണ്ട്. അത് വരച്ചത് എന്റെ അമ്മാവന്‍ ആര്‍. മാധവനാണ്. അദ്ദേഹം മികച്ച ഒരു ആര്‍ട്ടിസ്റ്റാണ്. ഫ്‌ളക്‌സ് വരുന്ന കാലഘട്ടത്തിന് മുന്‍പ് ചിത്രങ്ങള്‍ ആര്‍ട്ടിസ്റ്റിനെ കൊണ്ട് വരപ്പിച്ചാണ് പരസ്യമെല്ലാം ചെയ്തിരുന്നത്. മാത്രവുമല്ല, അന്നത്തെ കാലത്ത് തിയേറ്ററുകള്‍ക്ക് മുന്‍പില്‍ സൂപ്പര്‍താരങ്ങളുടെ പടം വയ്ക്കാന്‍ ഇതുപോലുള്ള ആര്‍ട്ടിസ്റ്റുകളെ കൊണ്ട് വരപ്പിക്കുകയാണ് ചെയ്തിരുന്നത്. പടം എത്രത്തോളം വലുതാകുന്നുവോ അത്രത്തോളം വലിയ സിനിമയാണെന്നുള്ള ഒരു തോന്നല്‍ പ്രേക്ഷകരില്‍ ജനിക്കും. ലളിതമായ മാര്‍ക്കറ്റിങ് തന്ത്രമായിരുന്നു അത്. നാഗവല്ലിയും കാരണവരും എങ്ങിനെയായിരിക്കണമെന്ന് സംവിധായകനും തിരക്കഥാകൃത്ത് മധു മുട്ടത്തിനും നല്ല കാഴ്ചപ്പാട് ഉണ്ടായിരുന്നു. അതിനനുസരിച്ചാണ് അദ്ദേഹം ചിത്രം വരച്ചത്. ആദ്യം വരച്ച കാരണവരുടെ ചിത്രത്തിലെ മുഖഭാവം ക്രൂരമായിരുന്നില്ല. മധു മുട്ടം പറഞ്ഞു അല്‍പ്പം കൂടി രൗദ്രഭാവം വേണമെന്ന്. അതുകൊണ്ട് അത് മാറ്റിവരച്ചു.
ക്ലൈമാക്‌സിലെ മന്ത്രവാദക്കളം
.jpg?$p=71e446e&&q=0.8)
പത്മനാഭപുരം കൊട്ടാരത്തിനു പിന്നിൽ പുര കെട്ടിയാണ് ക്ലൈമാക്സിന് വേണ്ടിയുള്ള മന്ത്രവാദക്കളം ഒരുക്കിയത്. നാഗവല്ലിയെ കബളിപ്പിക്കുന്ന രംഗമാണത്. നാഗവല്ലിയായി മാറിയ ഗംഗയുടെ മനസ്സില്‍ ഭര്‍ത്താവ് നകുലനാണ് കാരണവര്‍. അത് മാറ്റിയെടുക്കണമെങ്കില്‍ നാഗവല്ലിക്ക് കാരണവരെ കൊല്ലാന്‍ സാധിക്കണം. പക്ഷേ, നകുലന്‍ മരിക്കാനും പാടില്ല. ഇക്കാര്യങ്ങളെല്ലാം എങ്ങിനെയാണ് എടുത്ത് ഫലിപ്പിക്കേണ്ടതെന്നതില്‍ സംവിധായകനും തിരക്കഥാകൃത്തിനും കൃത്യമായ കാഴ്ചപ്പാട് ഉണ്ടായിരുന്നു. നകുലനെ പലകയ്ക്ക് മുകളില്‍ കിടത്തി ഗംഗയുടെ അരികിലേക്ക് തള്ളിവിടുമ്പോള്‍ കാരണവുടെ ഒരു ഡമ്മി പ്രതിമയില്‍ മാസം നിറച്ച് അതിന് താഴെ ഉറപ്പിക്കണം. നകുലനില്‍നിന്ന് നാഗവല്ലിയുടെ ശ്രദ്ധതിരിക്കുമ്പോള്‍ പലക മറിച്ചിട്ട് ഡമ്മി മുകളില്‍ വരണം. ഫാസില്‍ പറഞ്ഞതുപോലെ തന്നെ അതുണ്ടാക്കി, വിജയകരമാവുകയും ചെയ്തു.
വിയറ്റ്‌നാം കോളനിയും സംസ്ഥാന പുരസ്‌കാരവും
.jpg?$p=b103e4b&&q=0.8)
സിദ്ദിഖും ലാലും എന്റെ അടുത്ത സുഹൃത്തുക്കളാണ്. ഇങ്ങനെയൊരു കഥയുണ്ടെന്ന് അവര്‍ വിളിച്ചു പറഞ്ഞു. ആ സമയത്ത് ഞാന്‍ മറ്റൊരു സിനിമയില്‍ പ്രവര്‍ത്തിക്കുകയായിരുന്നു.ആദ്യം എറണാകുളത്തെ ഒരു കോളനിയില്‍ ചിത്രീകരിക്കാമെന്നാണ് അവര്‍ കരുതിയത്. എന്നാല്‍ അവിടെ ഒരുപാടാളുകള്‍ ഉണ്ടായിരുന്നതിനാല്‍ ചിത്രീകരണം അത്ര എളുപ്പമാകില്ലായിരുന്നു. മോഹന്‍ലാലൊക്കെ വന്നാല്‍ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ ബുദ്ധിമുട്ടായിരിക്കും. അതുകൊണ്ട് അവിടെ ചിത്രീകരിക്കാനാകില്ലെന്നും സെറ്റിടേണ്ടി വരുമെന്നും സിദ്ദിഖ്-ലാല്‍ പറഞ്ഞു. ഞാനാണെങ്കില്‍ ഇതുവരെ അത്രയും വലിയ സെറ്റിട്ടില്ല. ആലപ്പുഴയിലായിരുന്നു ചിത്രീകരണം. റാവുത്തര്‍ എന്ന റൗഡിയുടെ നിയന്ത്രണത്തിലുള്ള ഒരു കോളനി, അവിടം ഒഴിപ്പിക്കാന്‍ എഴുത്തുകാരന്‍ എന്ന വ്യാജേനയെത്തുന്ന കൃഷ്ണമൂര്‍ത്തി എന്ന കണ്‍സ്ട്രക്ഷന്‍ സൂപ്പര്‍വൈസര്‍. പട്ടാളം മാധവിയമ്മയുടെ വീട്ടില്‍ അയാള്‍ വാടകയ്ക്ക് താമസിക്കുന്നു. റാവുത്തറിനെ ഭയത്തോടെയാണ് എല്ലാവരും കാണുന്നത്. ഇങ്ങനെ കഥ ഉള്‍ക്കൊണ്ടപ്പോള്‍ മനസ്സില്‍ ഒരു കോളനിയുടെ ചിത്രം വന്നു. ഞാനും എന്റെ അസിസ്റ്റന്റുമാരും ചേര്‍ന്ന് സെറ്റൊരുക്കേണ്ട സ്ഥലത്തെ ചിത്രമെടുത്ത് വിശദമായി സ്‌കെച്ച് തയ്യാറാക്കി. ഒരു മാസം നീണ്ട പണിയായിരുന്നു. വേണുവായിരുന്നു ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. ഞാന്‍ വേണുവിനെ വിളിച്ചു പറഞ്ഞു, ഒന്നു വന്ന് നോക്കൂ, സെറ്റ് ശരിയായിട്ടുണ്ടോ എന്നറിയില്ല എന്ന്. പക്ഷേ വേണു ആ സമയത്ത് നല്ല തിരക്കിലായിരുന്നു. സെറ്റിന്റെ പണി തൊന്നൂറു ശതമാനവും പണി പൂര്‍ത്തിയായതിന് ശേഷമാണ് വേണുവും സിദ്ദിഖ്-ലാലും സെറ്റ് കാണാന്‍ വന്നത്. ഒറ്റനോട്ടത്തില്‍ തന്നെ അവര്‍ അതിശയിച്ചു പോയി. ഗംഭീരമായിട്ടുണ്ടെന്ന് പറഞ്ഞു. മികച്ച കലാസംവിധാനത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും വിയറ്റ്നാം കോളനിയിലൂടെ എന്നെ തേടിയെത്തി. അതൊരു വലിയ അംഗീകാരമായിരുന്നു.
കലാസംവിധായകന്‍ പ്രവര്‍ത്തിക്കേണ്ടത് സംവിധായകന്റെ കാഴ്ചപ്പാടിലൂടെ
.jpg?$p=fdf1e0b&&q=0.8)
സംവിധായകന്റെ കാഴ്ചപ്പാടിലൂടെയാണ് ഒരു കലാസംവിധായകന്‍ പ്രവര്‍ത്തിക്കേണ്ടത്. അതായത് സംവിധായകന്‍ ഓരോന്നും കൈപിടിച്ച് ചെയ്യിപ്പിക്കുമെന്നല്ല ഉദ്ദേശിച്ചത്. സിനിമ ചെയ്യുന്നതിന് മുന്‍പ് സെറ്റ് എങ്ങിനെയാണ് വേണ്ടതെന്ന് നമുക്ക് ഒരു ഏകദേശ ധാരണ തരും. നിറങ്ങള്‍, പാറ്റേണുകള്‍ എന്നിവയെ സംബന്ധിച്ചെല്ലാം. നമുക്കും നമ്മുടേതായ നിര്‍ദ്ദേശങ്ങള്‍ വയ്ക്കാവുന്നതാണ്. അതെല്ലാം ചര്‍ച്ച ചെയ്ത് അന്തിമ തീരുമാനത്തിലെത്തും. നിബന്ധനകള്‍ക്കുള്ളില്‍നിന്ന് ഏറ്റവും മികച്ചതായി ചെയ്യാനാണ് എല്ലായ്‌പ്പോഴും ശ്രമിക്കുന്നത്. സംവിധായകന്റെ നിര്‍ദ്ദേശത്തെ മറികടന്നു ചെയ്യുമ്പോള്‍ ചിലപ്പോള്‍ അബദ്ധം പിണയാന്‍ സാധ്യതയുണ്ട്. അതായത് ചില വസ്തുക്കള്‍ സീനില്‍ വരുമ്പോള്‍ കഥാപാത്രങ്ങളില്‍നിന്ന് പ്രേക്ഷകരുടെ ശ്രദ്ധ അതിലേക്ക് പോകാനുള്ള സാധ്യതയുണ്ട്. ഉദാഹരണമായി ഒരു സംഭവം പറയാം, 'അനിയത്തി പ്രാവ്' സിനിമയില്‍ കുഞ്ചാക്കോ ബോബന്റെ മുറി ഒരുക്കുകയായിരുന്നു. ഒരു ചെറുപ്പക്കാരന്റെ മുറി ആയതിനാല്‍ ഗിത്താര്‍, പുസ്തകങ്ങള്‍, ചുമരില്‍ കായിക താരങ്ങളുടെയും സിനിമാതാരങ്ങളുടെയും ചിത്രങ്ങള്‍... അങ്ങനെ പലതുമുണ്ടായിരിക്കും. മുറിയൊരുക്കുമ്പോള്‍ എന്റെ മനസ്സിലേക്ക് ആദ്യം കയറിവന്നത് മൈക്കിള്‍ ജാക്‌സന്റെ ചിത്രമായിരുന്നു. എന്റെ പക്കല്‍ നാലടിയോളം ഉയരമുള്ള മൈക്കിള്‍ ജാക്‌സന്റെ ചിത്രമുണ്ടായിരുന്നു. എനിക്ക് അദ്ദേഹത്തെ വലിയ ഇഷ്ടവുമാണ്. ഞാന്‍ ആ ചിത്രം ഗംഭീരമായി ഫ്രെയിം ചെയ്ത് കുഞ്ചാക്കോ ബോബന്റെ മുറിയില്‍ വച്ചു. അങ്ങനെ ഷൂട്ടിങ് തുടങ്ങി, കുഞ്ചാക്കോ ബോബന്റെയും തിലകന്റെയും കഥാപാത്രങ്ങള്‍ തമ്മിലുള്ള ഒരു കോമ്പിനേഷന്‍ സീനായിരുന്നു അത്. കുറച്ചു നേരത്തിന് ശേഷം ഫാസില്‍ കട്ട് പറഞ്ഞ്, എന്നെ വിളിച്ചു. മണി, ഈ ഫോട്ടോ അവിടെ വച്ചാല്‍ ശരിയാകില്ല, കഥാപാത്രങ്ങളില്‍നിന്ന് ശ്രദ്ധമാറി മൈക്കിള്‍ ജാക്‌സണിലേക്ക് ശ്രദ്ധ പോകുന്നുവെന്ന്. ഞാന്‍ ആലോചിപ്പോള്‍ എനിക്കും മനസ്സിലായി അത് ശരിയാണെന്ന് ഒടുവില്‍ ആ ചിത്രം എടുത്തുമാറ്റേണ്ടി വന്നു.
ഓരോ സിനിമ കഴിയുമ്പോഴും മാനസികമായി സന്തോഷം തോന്നും, കുറച്ച് കൂടി നന്നാക്കാമായിരുന്നുവെന്ന് തോന്നും. വളരെ ആസ്വാദ്യകരമായ ജോലിയാണ് കലാസംവിധായകന്റേത്. അതൊരു കൂട്ടായ പ്രവര്‍ത്തനമാണ്. ഓവര്‍ ഡൂ ചെയ്താല്‍ അതിന്റെ തനിമ നഷ്ടപ്പെടും. മണിരത്നത്തിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ 'പൊന്നിയിന്‍ സെല്‍വന്‍' ഈയിടെ കണ്ടിരുന്നു. എത്ര മനോഹരമായാണ് ചിത്രത്തിന്റെ കലാസംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. മികച്ച കലാസംവിധാനത്തിനുള്ള ഉദാഹരമാണ് 'പൊന്നിയിന്‍ സെല്‍വന്‍'.
പുരസ്‌കാരങ്ങളേക്കാള്‍ അംഗീകാരം തരുന്നത്
പുരസ്‌കാരങ്ങളില്‍ അതിയായ സന്തോഷമുണ്ട്. അതിലുപരി നമ്മുടെ വര്‍ക്കുകളെക്കുറിച്ച് പ്രേക്ഷകര്‍ സംസാരിക്കുമ്പോഴാണ്. ട്രെയിനില്‍ യാത്ര ചെയ്യുമ്പോള്‍ നേരമ്പോക്കിനായി അടുത്ത് ഇരിക്കുന്നവര്‍ പരിചയപ്പെടുമല്ലോ. സിനിമയിലാണെന്ന് പറയുമ്പോള്‍, അല്ല ഞങ്ങള്‍ സിനിമയിലൊന്നും അഭിനയിക്കുന്നത് കണ്ടിട്ടില്ലല്ലോ എന്ന് അവര്‍ പറയും. അഭിനയമല്ല, കലാസംവിധായകനാണെന്ന് പറയുമ്പോള്‍ അതെന്താണെന്ന് പോലും പലര്‍ക്കും പിടികിട്ടില്ല. അത് വിശദീകരിച്ചുകൊടുക്കുമ്പോള്‍ ഏത്, സിനിമയുടേതാണെന്നായിരിക്കും അടുത്ത ചോദ്യം. മണിച്ചിത്രത്താഴ് എന്ന് പേര് പറയുമ്പോള്‍ അവരുടെ കണ്ണുകളില്‍ ഒരു തിളക്കം കാണാം. ഒരു കലാകാരനെ സംബന്ധിച്ച് അതൊരു വലിയ അംഗീകാരമാണ്.
Content Highlights: mani suchitra art director interview, manichitrathazhu, Vietnam colony, Fazil, siddique lal
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..