ഉണ്ണി കാനായിയും മാമുക്കോയയും
കല്പറ്റ: വൈത്തിരിയിലെ സ്വന്തംസ്ഥലത്ത് കരിന്തണ്ടന്റെ ഒരു ശില്പം എന്ന സ്വപ്നം ബാക്കിയാക്കിയാണ് മഹാനടനായ മാമുക്കോയയുടെ വിയോഗം. നിർമാണത്തിലിരിക്കുന്ന റിസോർട്ടിന്റെ പണി പൂർത്തിയായിക്കഴിഞ്ഞാൽ മുന്നിൽ കരിന്തണ്ടന്റെ വലിയൊരു കോൺക്രീറ്റ് ശില്പം വെക്കണമെന്നായിരുന്നു അദ്ദേഹത്തെ ആഗ്രഹം. ഇതിനായി ശില്പി ഉണ്ണി കാനായിയെ മാമുക്കോയ സമീപിച്ചിരുന്നു. ‘എനിക്ക് തിരക്കില്ല നിന്റെ തിരക്കൊഴിഞ്ഞ സമയത്ത് ശില്പം നിർമിച്ചുതന്നാൽ മതി’ എന്നും പറഞ്ഞ് ആരോ വരച്ച കരിന്തണ്ടന്റെ ചിത്രവും ഉണ്ണിക്ക് സമ്മാനിച്ചാണ് മാമുക്കോയ അന്ന് ഉണ്ണിയുടെ പയ്യന്നൂരിലെ വീട്ടിൽനിന്ന് മടങ്ങിയത്. അന്നുമുതൽ ശില്പം ഒരുക്കാനുള്ള കാത്തിരിപ്പിലായിരുന്നു ഉണ്ണിയും. പിന്നീട് കണ്ടപ്പോഴൊക്കെയും മാമുക്കോയ ഉണ്ണിയെ ശില്പത്തിന്റെ കാര്യം ഓർമിപ്പിച്ചു.
റിസോർട്ടിന്റെ നിർമാണം പൂർത്തിയായാലുടൻ ശില്പം നിർമിക്കാമെന്ന് ഉണ്ണിയും ഉറപ്പുനൽകി. പക്ഷേ അതുവരെ മാമുക്കോയ കാത്തുനിന്നില്ല. കസർകോട് ഏറ്റുകുടുക്ക സ്കൂളിൽ വൈക്കം മുഹമ്മദ് ബഷീറിന്റെ ശില്പം നിർമിച്ചതോടെയാണ് മാമുക്കോയ ഉണ്ണിയെ തേടിയെത്തിയത്. വൈക്കം മുഹമ്മദ് ബഷീറിന്റെ ശില്പം ഉദ്ഘാടനച്ചടങ്ങിൽ മാമുക്കോയ മുഖ്യാതിഥിയായി പങ്കെടുത്തിരുന്നു.തുടർന്ന് മാമുക്കോയ ഉണ്ണിയുടെ പയ്യന്നൂരിലെ വീട്ടിലെത്തിയാണ് കരിന്തണ്ടന്റെ ശില്പത്തിന്റെ കാര്യം ചർച്ച ചെയ്തത്. ഇത്രയും വലിയൊരാൾ വീട്ടിലേക്ക് വന്നത് തന്നെ അദ്ഭുതപ്പെടുത്തിയെന്നും അന്നുമുതലുള്ള സൗഹൃദം അവസാനം വരെയും ഉണ്ടായിരുന്നെന്നും ഉണ്ണിപറഞ്ഞു. അദ്ദേഹം ഇത്രവേഗം വിടപറയുമെന്ന് ഒരിക്കലും വിചാരിച്ചില്ല. ഇനിയും ശില്പം നിർമിക്കാം പക്ഷേ കാണാൻ മാമുക്കോയ ഉണ്ടാവില്ലല്ലോ.
Content Highlights: mamukkoya wanted a statue of karithandan, his unfulfilled dream
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..