മാമുക്കോയ, ഇന്നസെന്റ് (തലയണമന്ത്രത്തിൽ നിന്നും), ശങ്കരാടി, മാമുക്കോയ, ഒടുവിൽ ഉണ്ണികൃഷ്ണൻ (പൊൻമുട്ടയിടുന്ന താറാവ്)
പോയിട്ട് ആ കവിത എയ്തി മുയ്മനാക്ക്..'
ഗാന്ധിനഗര്‍ സെക്കന്‍ഡ് സ്ട്രീറ്റിലെ ഒരൊറ്റ ഡയലോഗിലൂടെ മനസ്സില്‍ ഇടിച്ചുകയറിവന്ന് ഇരിപ്പുറപ്പിച്ചതാണ് മാമുക്കോയ:
'പോയിട്ട് ആ കവിത എയ്തി മുയ്മനാക്ക്..'
വാടക കൊടുക്കാന്‍ പാങ്ങില്ലാതെ, സഹവാസികളായ മാമുക്കോയയോടും അഗസ്റ്റിനോടും തര്‍ക്കിച്ചു തടിതപ്പുന്ന മോഹന്‍ലാലിന്റെ സേതുവിനെ കാണാന്‍ അയല്‍വാസി കാര്‍ത്തിക വരുന്ന ആ രംഗം എപ്പോള്‍ കണ്ടാലും ചിരി പൊടിയും. ശബ്ദം കേട്ട് പുറത്തിറങ്ങി വരുന്ന ലാലിന്റെ തെല്ലു ജാള്യം കലര്‍ന്ന ഡയലോഗ് ഓര്‍മ്മയില്ലേ?: 'ഞാന്‍ ഒരു കവിത എഴുതുകയായിരുന്നു....'
അതു കേട്ട് അറിയാതെ പൊട്ടിച്ചിരിച്ചുപോകുന്നു മാമുക്കോയയും നമ്മളും. അകത്ത് തേങ്ങ ചെരണ്ടുകയായിരുന്നു സേതു എന്ന സത്യം നമുക്കല്ലേ അറിയൂ.
കാര്‍ത്തിക യാത്ര പറഞ്ഞു പോയതിന് പിന്നാലെ, വീട്ടിനകത്തേക്ക് ചൂണ്ടി 'പോയി കവിത മുയ്മനാക്കാന്‍' ലാലിനോട് മാമുക്കോയ ആജ്ഞാപിക്കുമ്പോള്‍ ചിരിക്കാത്തവരുണ്ടാകുമോ?
'ഗാന്ധിനഗര്‍ സെക്കന്‍ഡ് സ്ട്രീറ്റി'ല്‍ മാമുക്കോയക്ക് വീണുകിട്ടിയ അപൂര്‍വം സംഭാഷണശകലങ്ങളില്‍ ഒന്ന്. എങ്കിലെന്ത്? പടം കണ്ടു തിരിച്ചുപോരുമ്പോള്‍ 'ഏയ് ഒന്ന് നിക്കീന്ന് ഹിമാറെ, മ്മളും ണ്ട് കൂടെ' എന്ന് പറഞ്ഞു തിയേറ്ററില്‍ നിന്നിറങ്ങി ഒപ്പം പോന്നു മാമുക്കോയ. പിന്നെയൊട്ട് പിരിഞ്ഞുപോയതുമില്ല.
'ആ ഡയലോഗുകളൊക്കെ ശ്രീനി എഴുതിവെച്ചതു തന്നെയാണ്. പക്ഷേ മാമുക്കോയ പറയുമ്പോള്‍ അവയ്ക്ക് വേറൊരു തലം കൈവരുന്നു. ആ മാജിക്കിന്റെ രസക്കൂട്ട് മാമുക്കോയക്കേ വശമുള്ളൂ.' -- കാലത്ത് വിളിച്ചു സംസാരിച്ചപ്പോള്‍ സത്യന്‍ അന്തിക്കാട് പറഞ്ഞു.
'എങ്ങനെ ഉറങ്ങാന്‍ കഴിയും സത്യേട്ടന് ?' -- എന്റെ ചോദ്യം. 'കണ്ണടയ്ക്കുമ്പോഴെല്ലാം ഒരു ജാഥ പോലെ അവരെല്ലാം വന്നു മുന്നില്‍ നില്‍ക്കില്ലേ? ശങ്കരാടി, ഇന്നസെന്റ്, മാമുക്കോയ, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, പറവൂര്‍ ഭരതന്‍, പപ്പു, കൃഷ്ണന്‍കുട്ടി നായര്‍, ലളിത, സുകുമാരി, മീന, ഫിലോമിന, ജഗന്നാഥന്‍, ബോബി കൊട്ടാരക്കര....വര്‍ഷങ്ങളോളം സത്യന്‍ സിനിമകളുടെ അവിഭാജ്യ ഘടകങ്ങളായിരുന്നവര്‍. ജീവിതത്തിന്റെ നല്ലൊരു ഭാഗവും സത്യേട്ടനൊപ്പം കളി പറഞ്ഞും കാര്യം പറഞ്ഞും ചെലവഴിച്ച് ഒടുവില്‍ ഒരു നാള്‍ യാത്ര പറയാതെ വഴിക്കുവഴിയായി ഇറങ്ങിപ്പോയവര്‍ ....'
ശരിയാണ് -- സത്യേട്ടന്‍ പറഞ്ഞു. 'സ്ഥിരം നായകന്മാരൊന്നുമില്ലെങ്കിലും ഒരു സിനിമയെടുക്കാം എന്ന ധൈര്യം ഉണ്ടായിരുന്നു പണ്ട്. പൊന്മുട്ടയിടുന്ന താറാവും സന്ദേശവും ഒക്കെ ചെയ്തത് ഒരു നായകനെ അവലംബമാക്കി സിനിമ വേണ്ട എന്ന തോന്നലിലാണ്. പകരം ഇപ്പറഞ്ഞ കലാകാരന്മാരൊക്കെ ഉണ്ടായാല്‍ മതി. ഇന്നസെന്റും മാമുവും ഒടുവിലും ശങ്കരാടിയും ലളിത ചേച്ചിയും ഒക്കെ ഉണ്ടെങ്കില് സുന്ദരമായിട്ട് സിനിമകള്‍ ഉണ്ടാക്കാം എന്ന ധൈര്യമുണ്ടായിരുന്നു...
'പക്ഷേ അവരെല്ലാം പോയില്ലേ? ഇനിയാരുമില്ല കൂടെ. അതുകൊണ്ടാണ് ആ പേജ് തന്നെ കീറിക്കളയാം എന്ന് പറഞ്ഞത്. മറ്റൊരു സംവിധായകനും അങ്ങനെ ഫീല്‍ ചെയ്യണം എന്നില്ല. കാരണം ഇവരെ മാത്രം ആശ്രയിച്ചായിരുന്നല്ലോ എന്റെ പല സിനിമകളും. കെ ജി പൊതുവാളും കുഞ്ഞിക്കാദറും ഒന്നുമില്ലാതെ ആ സിനിമകളുണ്ടോ? സങ്കടം തന്നെയാണ്. പറഞ്ഞറിയിക്കാനാവാത്ത സങ്കടം .....'
പക്ഷേ ഒരു കാര്യത്തില്‍ ഭാഗ്യവാനാണ് താനെന്ന കാര്യത്തില്‍ സംശയമില്ല സത്യേട്ടന്. 'നല്ല ആരോഗ്യവും ഊര്‍ജ്ജവുമുള്ള സമയത്ത് അവരുടെ പ്രതിഭ സിനിമകളില്‍ പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞു എന്നത് ഒരു പുണ്യം ആയാണ് ഞാന്‍ കരുതുന്നത്. ഇപ്പറഞ്ഞവരൊക്കെ, ശങ്കരാടിച്ചേട്ടനായാലും നെടുമുടിയായാലും ബഹദൂര്‍ക്കയായാലും ലളിതച്ചേച്ചിയായാലും അവരുടെ സമ്പന്ന കാലം നീക്കിവെച്ചത് എനിക്കു വേണ്ടിയാണ്; മോഹന്‍ലാല്‍ ഉള്‍പ്പെടെ... അതൊരു പുണ്യമല്ലെങ്കില്‍ പിന്നെ മറ്റെന്താണ്..'
ഓര്‍മ്മയില്‍ പഴയൊരു അനുഭവം. 1990 കളുടെ അവസാനമാവണം. കോഴിക്കോട്ട് ഏതോ മെഗാ ഷോ അരങ്ങേറാനിരിക്കുന്നു. മലയാള സിനിമയിലെ താരമൂല്യമുള്ള നടീനടന്മാര്‍ മുഴുവന്‍ പങ്കെടുക്കുന്ന ഷോ. തലേന്ന് താജില്‍ വെച്ച് കാണുമ്പോള്‍ മാമുക്കോയയെയും എങ്ങനെയെങ്കിലും പരിപാടിയില്‍ പങ്കെടുപ്പിക്കാനുള്ള ശ്രമത്തിലാണ് സംഘാടകര്‍. 'പറ്റില്ല, പിറ്റേന്ന് സത്യന്‍ അന്തിക്കാടിന്റെ പുതിയ പടത്തിന്റെ ഷൂട്ടിംഗ് തുടങ്ങുന്നു; അങ്ങോട്ട് പോയേ പറ്റൂ' എന്ന് മാമുക്കോയ.
സമ്മര്‍ദ്ദം അതിജീവിച്ച് എങ്ങനെയോ 'തടി കയ്ച്ചിലാക്കിയ' മാമുക്കയോട് തിരിച്ചുപോരും വഴി ഞാന്‍ ചോദിച്ചു: 'എന്താ സത്യേട്ടന്റെ പുതിയ പടത്തിലെ റോള്‍?'
നടത്തത്തിനിടെ തിരിഞ്ഞ് മുഖത്ത് നോക്കി മാമുക്ക. പിന്നെ ചിരിയുടെ ലാഞ്ഛന പോലുമില്ലാതെ പറഞ്ഞു: 'അവിടെ ചെന്നാലേ അറിയൂ. എന്നാലെന്താ? സത്യന്റെ പടമല്ലേ? റോഡ് സൈഡിലെ വെറും കമ്പിക്കാലിന്റെ റോളാണെങ്കിലും ഞാന്‍ അഭിനയിക്കും. സത്യനാകുമ്പോ എനിക്കറിയാം, എനിക്ക് മാത്രം അഭിനയിക്കാന്‍ കഴിയുന്ന കമ്പിക്കാലാകും അത്.... അജ്ജാതി റോളേ അയാള് എനിക്ക് വേണ്ടി മനസ്സില്‍ കാണൂ. അതാണ് നമ്മള് തമ്മിലുള്ള ഹിക്ക്മത്ത്..'
ആ ഹിക്ക്മത്ത്, ആ സ്‌നേഹം, ആ വിശ്വാസം, ആ ധൈര്യം എന്നും പോറലേല്‍ക്കാതെ കൊണ്ടുനടന്നു മാമുക്കോയയും സത്യനും.
'ഇതൊക്കെയല്ലേ ഇത്രകാലത്തെ സിനിമാജീവിതത്തില്‍ നിന്ന് നമുക്ക് കിട്ടിയ സമ്പാദ്യം?' -- സത്യേട്ടന്‍ ചോദിക്കുന്നു. 'മറ്റെന്ത് വേണം നമുക്ക്?'
--
Content Highlights: mamukkoya, sathyan anthikkad, gandhi nagar, Malayalam legendary comedians
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..