മാമുക്കോയ | PHOTO: MATHRUBHUMI ARCHIVE
നാടകം ദാരിദ്രത്തിന്റെ കാലത്തിന്റെ കലയാണ്. നാടകം കണ്ടാണ് പഴയ മനുഷ്യർ അവരുടെ ധർമ സങ്കടങ്ങൾക്ക് അയവ് വരുത്തിയത്. മനുഷ്യർ ഉറക്കമൊഴിഞ്ഞു കണ്ട കലകൂടിയാണ് നാടകം. കൂവലും കൈയടിയും നേരിട്ട് സ്വീകരിക്കാൻ വധിക്കപ്പെട്ടയാളാണ് ഓരോ നാടക നടനും നടിയും. പക്ഷെ നാടകം തരുന്ന ഊർജം തനിക്കിതുവരെ സിനിമയിൽ നിന്ന് കിട്ടിയില്ല. നാടകത്തെ കുറിച്ച് ചോദിച്ചപ്പോൾ മാമു തൊട്ടിക്കണ്ടിയിൽ എന്ന മാമുക്കോയ മുമ്പ് മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണിത്.
ന്യൂജൻഭാഷയിൽ പറഞ്ഞാൽ മലയാള സിനിമകളിലെ തഗ്ഗ് ഡയലോഗുകളുടെ ഉസ്താദായിരുന്നു മാമുക്കോയ. കോഴിക്കോടൻ നാടൻശൈലി ചേർത്തുള്ള മാമുക്കോയയുടെ തമാശകൾ സമൂഹ മാധ്യമ ഫീഡുകളിൽ ട്രോളായും മീമായും ഒരു ദിവസമെങ്കിലും സ്‌ക്രോൾ ചെയ്ത് പോവാത്ത മലയാളികളുണ്ടാവില്ല. കാരണം മാമൂക്ക മലയാളികൾക്കൊരു വികാരമായിരുന്നു പ്രത്യകിച്ച് കോഴിക്കോട്ടുകാർക്ക്. മാമു ടി.കെ, മാമു തൊണ്ടിക്കോട്, മാമുക്കോയ അങ്ങനെ പല പേരുകളിൽ അറിയപ്പെട്ടു ഈ കലാകാരൻ.
കുതിരവട്ടം പപ്പു കഴിഞ്ഞാൽ കോഴിക്കോടൻ ഭാഷാ നടന ശൈലിയെ വെള്ളിത്തരയിലെത്തിച്ച് ഹിറ്റാക്കിയതിന് പിന്നിൽ സ്‌കൂൾ കാലത്ത് തുടങ്ങി കല്ലായിലെ മരപ്പണിശാലമുതലുള്ള മാമുക്കോയയുടെ നാടക ദൂരമണ്ട്. പക്ഷെ വെള്ളിത്തിരയിലെ മാമുക്കോയയെ അല്ലാതെ ഒരു കാലത്ത് കോഴിക്കോട്ടെ നാടക പ്രവർത്തകർക്കൊപ്പം അരങ്ങു തകർത്തിരുന്ന മാമു തൊണ്ടിക്കാടിനെ ഓർമിക്കുന്നവർ വിരളമായിരിക്കും. തമാശകൾ ബാക്കിവെച്ച് മാമുക്കോയ ലോകത്തോട് വിടപറയുമ്പോൾ അദ്ദേഹത്തിന്റെ കോഴിക്കോടൻ നാടക കാലത്തെ ഓർക്കുകയാണ്. കാരണം മാമുക്കോയ എപ്പോഴും പറയുമായിരുന്നു നാടകമാണെന്റെ മെയിൻ കച്ചോടം ബാക്കിയെല്ലാം സൈഡ് ആണെന്ന്.
.jpg?$p=8312ca4&&q=0.8)
വിദ്യാർഥിയായിരിക്കുമ്പോൾ തന്നെ നാടപ്രവർത്തകനായ മാമൂക്കോയക്ക് ജീവിതം മുന്നോട്ട് കൊണ്ടുപോവാനൊരു ജോലി വേണമായിരുന്നു. കാരണം ചെറുപ്പത്തിലേ മാതാപിതാക്കൾ മരിച്ചതിനാൽ ജേഷ്ടന്റെ കീഴിലായിരുന്നു സംരക്ഷണം. പത്താംക്ലാസിൽ പഠിക്കുന്ന കാലത്ത് തന്നെ നാടകം സംഘടിപ്പിക്കുകയും നാടകം അവതരിപ്പിക്കുകയും ചെയ്‌തെങ്കിലും കല്ലായിലെ മരമില്ലുകളിൽ മരമളക്കൽ ജോലിയിലായിരുന്നു എത്തിപ്പെട്ടത്. പക്ഷെ അപ്പോഴും കലയെ മാറ്റി നിർത്താൻ മാമു തൊണ്ടിക്കാട് തയ്യാറായിരുന്നില്ല. പലപ്പോഴും പണിമുടക്കി നാടകത്തിന് പോവും. പണ്ട് വള്ളിക്കുന്നിൽ ഒരു നാടകം കഴിഞ്ഞ് മാമുക്കോയയും ബാലൻ കെ നായരും കോഴിക്കോടെത്തിയ ഒരു അനുഭവ ഒരിക്കലദ്ദേഹം മാതൃഭൂമിയോട് വ്യക്തമാക്കിയിരുന്നു. അത് മാത്രം മതി അദ്ദേഹത്തിന്റെ കലയോടുള്ള അടങ്ങാത്ത ആവേശം വ്യക്തമാകാൻ. അത് ഇങ്ങനെയായിരുന്നു.
സുന്ദരൻ കല്ലായിയുടെ താലപ്പൊലി നാടകം നടക്കുകയാണ് വള്ളിക്കുന്നിൽ. അരങ്ങിൽ മാമു തൊണ്ടിക്കാടും ബാലൻ കെ നായരുമെല്ലാമുണ്ട്. നാടകം കഴിഞ്ഞ് കാഴ്ചക്കാർ കുടുകുടെ ചിരിച്ചെങ്കിലും ഒരു പണി കിട്ടി. കോഴിക്കോട്ടേക്ക് തിരിച്ചുപോരാൻ സംഘാടകർ വണ്ടി നൽകിയില്ല. മരപ്പണിയെടുത്ത് ജീവിതം മുന്നോട്ട് പൊവുന്ന മാമു തൊണ്ടിക്കാടിനും വർക്‌ഷോപ്പ് നടത്തുന്ന ബാലൻ കെ നായർക്കും വണ്ടിവിളിച്ച് പോവാനുള്ള സാമ്പത്തിക ശേഷിയുമുണ്ടായിരുന്നില്ല. എന്നാൽ രണ്ടുപേർക്കും പിറ്റേന്ന് ജോലി സ്ഥലത്ത് തിരിച്ചെത്തിയേ മതിയാവൂ. ഒടുവിൽ അവരൊരു തീരുമാനമെടുത്തു. റെയിൽവേ ട്രാക്കിലൂടെ നേരെ നടന്ന് കോഴിക്കോട്ടെത്തുക. രണ്ടുപേരും അങ്ങനെ സ്വന്തം കാലുകളെ വണ്ടികളാക്കി കോഴിക്കോട്ടേക്ക് വെച്ച് പിടിച്ചു. ഇങ്ങനെ നാടകം കഴിഞ്ഞപ്പോൾ സംഘാടകർ മുങ്ങിയതും ഒടുവിൽ റോഡിലൂടെ പോവുന്ന വാഹനങ്ങൾക്കെല്ലാം കൈകാണിച്ച് കോഴിക്കോട്ടെത്തിയതും പറഞ്ഞുറപ്പിച്ച പണം നൽകാതെ സംഘാടകർ പറ്റിച്ചതുമെല്ലാമായി നൂറ് കണക്കന് സംഘടത്തിന്റേയും തമാശയുടേയും മറക്കാത്ത നാടക ഓർമകളുണ്ട് ഈ കലാകരാനെ ചുറ്റിപറ്റി.
കോഴിക്കോട് കല്ലായിൽ മരമളക്കലായിരുന്നു മാമുക്കോയയ്ക്ക് ജോലി. മരത്തിന് നമ്പറിടുക, ഗുണമേന്മ പരിശോധിക്കുക എന്നിവയിലെല്ലാം വിദഗ്ധനായിരുന്നു. ജീവിക്കൻ നാടകം മാത്രമം പോരെന്ന് കാഴ്ചപ്പാചിൽ അങ്ങനെ നാടകവും മരപ്പണിയും ഒരുമിച്ചുകൊണ്ടുപോയി. കോഴിക്കോട്ട നിരവധി നാടക, സിനിമാക്കാരുമായി സൗഹൃദം സ്ഥാപിച്ചു. ഈ സൗഹൃദക്കൂട്ടായ്മയാണ് ഒരു നാടകം സിനിമയാക്കാമെന്ന തീരുമാനത്തിലെത്തിയത്. 1979 നിലമ്പൂർ ബാലൻ സംവിധാനം ചെയ്ത അന്യരുടെ ഭൂമിയിലൂടെ വെള്ളിത്തിരയിൽ മുഖം കാണിക്കുകയും ചെയ്തു. അതിന് മുമ്പ് കെ.ടി മുഹമ്മദ്, വാസുപ്രദീപ്, ബി.മുഹമ്മദ്, എ.കെ പുതിയങ്ങാടി, ചെമ്മങ്ങാട് റഹ്‌മാൻ തുടങ്ങിയവരുടെയൊക്കെ നാടകങ്ങളിൽ ശ്രദ്ധേയമായ വേഷവും ചെയ്തിരുന്നു. സിനിമയിൽ അഭിനയിച്ചാൽ ധാരാളം പണം കിട്ടും പക്ഷെ ആത്മസംതൃപ്തി നാടകത്തിലൂടെയെ ലഭിക്കൂ- തന്റെ നാടക പ്രേമത്തെ കുറിച്ച് മാമുക്കോയ പറയുന്നത് ഇങ്ങനെയാണ്.
മാമു ടി.കെയിൽ നിന്ന് മാമുക്കോയയിലേക്ക്
നാടകത്തിനോടോ കലയോടോ പ്രത്യേകിച്ചൊരു അടുപ്പമുളള കുടുംബമായിരുന്നില്ല മാമുക്കോയയുടേത്. പക്ഷെ മാമു ടി.കെ മാമു തൊണ്ടിക്കാടും തഗ്ഗ് രാജാവ് മാമുക്കോയയുമായി. അതിന് തന്റെ വീട്ടിനടത്തുള്ള കല്ലായിപള്ളിക്കണ്ടിയിലെ സൈഗാൾ ആർട് പ്രൊഡക്ഷൻസ് എന്ന കലാസമിതിക്ക് നിർണായക പങ്കുണ്ടെന്ന് പറഞ്ഞിട്ടുണ്ട് ഈ കലാകാരൻ. നാടകങ്ങൾക്ക് പ്രത്യേക പരിഗണന നൽകുന്ന കലാസമിതിയായിരുന്നു സൈഗാൾ. അതിലൂടെ നെല്ലിക്കോട് ഭാസ്‌കരനും മച്ചാട്ട് കൃഷ്ണനുമൊക്കെ മാമുക്കോയുടെ ഇഷ്ട നാടകക്കാരായി. വെറും കലാരൂപം എന്നതിനപ്പുറം രാഷട്രീയ പ്രവർത്തനം കൂടിയായിരുന്ന നാടകങ്ങൾക്ക് അന്ന് വലിയ സ്വീകരണമാണ് ജനങ്ങളിൽ നിന്നും ലഭിച്ചത്. കണ്ട നാടകങ്ങൾ വീട്ടിലെത്തി കൂട്ടുകാർക്കും വീട്ടിലെ മറ്റ് കുട്ടികൾക്കുമൊപ്പം അവതരിപ്പിക്കലായിരുന്നു ആദ്യ ഗൃഹപാഠം. മേക്കപ്പും വേഷവുമെല്ലാം തങ്ങൾക്കാവുന്നത് പോലെ ചെയ്യും. കുറ്റിച്ചിറ സ്‌കൂളിലും എം.എം ഹൈസ്‌കൂളിലുമെല്ലാം സ്‌കൂൾ നാടകങ്ങളിൽ സജീവമായിരുന്നു മാമു ടി.കെ. പലതും അധ്യാപകർ തന്നെ എഴുതിയ നാടകങ്ങൾ. തന്റെ നാടൻ സംഭാഷണങ്ങൾ നാടകം ഹിറ്റാവുന്നതിന്റെ പ്രധാന മരുന്നായി മാറി. എസ്.എസ്.എൽ.സി കഴിഞ്ഞതോടെ ഉപജീവനമായി ലക്ഷ്യം. അങ്ങനെ കല്ലായിലെ മരമില്ലിൽ പണിക്കുമെത്തി. പക്ഷെ ജോലിക്കിടയിലും നാടക പരിശീലനവും അഭിനയും തുടരുകയും ചെയ്തു. നാടകത്തോടുള്ള അമിത പ്രേമം മില്ലിലെ മൂപ്പൻമാരുടെ അനിഷ്ടത്തിനും ഇടായക്കിയിട്ടുണ്ട്. പലപ്പോഴും പണിയുപേക്ഷേച്ച് പോവുകയും ചെയ്തിരുന്നു.
റേഡിയോ നാടകങ്ങളായിരുന്നു അന്നത്തെ സ്വപ്നം. റേഡിയോ നാടകത്തിൽ അഭിനയിക്കുകയെന്നതൊക്കെ മാഹാഭാഗ്യമായി കരുതിപ്പോന്നിരുന്ന കാലം. വി.മുഹമ്മദ് അഥവാ കവിസാറിന്റെ മനുഷ്യൻ എന്ന നാടകമൊക്കെ വലിയ കോലാഹലങ്ങളുണ്ടാക്കിയിരുന്നു. ശരിഅത്തിനെ ചോദ്യം ചെയ്യുന്ന നാടകമെന്ന നിലയ്ക്ക് പ്രതിഷേധവും ഉയർന്നു. അത് പിന്നീട് നീതി എന്ന പേരിൽ റേഡിയോ നാടകമാക്കിയപ്പോൾ ശബ്ദം നൽകാനായതുമെല്ലാം വലിയ അഭിമാനത്തോടെയാണ് മാമുക്കോയ പലപ്പോഴും പറഞ്ഞത്. ഏറെ നാളത്തെ കാത്തിരിപ്പ് ശേഷം കെ.ടി കുഞ്ഞുവെന്ന നാകകൃത്തിന്റെ നാടകത്തിലൂടെ അരങ്ങിലെത്തുകയും ചെയ്തു. അദ്ദേഹത്തിന്റെ ഏകദേശ നാടകകങ്ങളിലും മാമുക്കോയയ്ക്ക് വേഷമിടാനായിരുന്നു. വന്നു ചേർന്നതെല്ലാം കോമഡി വേഷങ്ങൾ. വിവാഹ ദല്ലാളായും, കുത്തിത്തിരിപ്പുകാരനുമൊക്കെയായി മാമു തൊണ്ടിക്കാട് അരങ്ങിൽ നിറഞ്ഞ് നിൽക്കുകയും ചെയ്തു. ഇതിന് പുറമെ ചെമ്മനട് അബ്ദുറഹ്‌മാൻ, ടി. മുഹുമ്മദ് കോയ, എ.കെ പുതിയങ്ങാടി, സലാം പള്ളിത്തോട്ടം സുന്ദരൻ കല്ലായി എന്നിവരടക്കമുള്ളവരുടെ നിരവധി നാടകങ്ങളിൽ അഭിനയിച്ചു. ബ്രദേഴ്‌സ് മ്യൂസിക് ക്ലബ്, മ്യൂസിക്കൽ തീയേറ്റേഴ്‌സ്, എക്‌സൽ ആർട്‌സ് സെന്റർ, യു.ജി.എ, ദേശപോഷിണി എന്നിവയുമായും സഹകരിച്ചുപോന്നിരുന്നു.
Content Highlights: mamukkoya actor passed away in Kozhikode, legendary actor of Malayalam cinema, comedian
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..