'അപ്പോ ഞാന്‍ ചായക്കടക്കാരന്‍ അല്ലേ'; മാമുക്കോയയുടെ ചോദ്യം കേട്ട് കഥപറയാൻ വന്ന സംവിധായകര്‍ ചിരിക്കും


By ബിജു രാഘവന്‍

6 min read
Read later
Print
Share

മാമുക്കോയ കുടയെടുത്ത് കക്ഷത്തുവെച്ചു. കൈലിയുടെ കോന്തലയെടുത്ത് കൈയില്‍ തിരുകി ഞങ്ങള്‍ മലബാറിന്റെ നാട്ടുരുചികളിലേക്ക് ഇറങ്ങുകയാണ്. രുചിയുടെ ഒടുക്കത്തെ കാറ്റടിക്കുന്ന കോഴിക്കോട് കടപ്പുറത്തുകൂടെ, സ്വാദിന്റെ മലയോരങ്ങളിലേക്കായിരുന്നു ആ യാത്ര.

'ഓ ഫാബി' എന്ന ചിത്രത്തിൽ നിന്നും | PHOTO: MATHRUBHUMI ARCHIVE

രക്കിണറിലെ അല്‍ജുമാസിന്റെ ഗേറ്റ് തുറന്നു കിടക്കുന്നു. അകത്തുനിന്ന് മാമുക്കോയയുടെ ഉച്ചത്തിലുള്ള ശബ്ദം കേള്‍ക്കാം. 'എടാ നിസാമേ റഷീദേ'. മക്കളുമായുള്ള ചൂടുസംവാദത്തിലാണ് ആശാന്‍. കൈയിലൊരു ചായക്കോപ്പ. കൂട്ടിനൊരു പത്രവും. ഐശ്വര്യമായ തുടക്കം. പുറത്ത് തിരഞ്ഞടുപ്പ് കോലാഹലങ്ങളുടെ ചൂട്. ഞങ്ങളൊരു മക്കാനി (ചായക്കട) പാട്ട് പാടി.

'ചായമക്കാനി ചോട്ടില്‍ റ പോലെ
ചായ വീത്തണ മൂപ്പരേ
കടുപ്പം ഒട്ടും കുറച്ചിടാതൊരു
പടക്കം പോലൊരു ചായ താ'

പറഞ്ഞുതീര്‍ന്നില്ല, കടുപ്പത്തില്‍ തന്നെ ചായ വന്നു. മുന്നില്‍ അറുപത്തിയൊമ്പതിന്റെ ചുറുചുറുക്കില്‍ മാമുക്കോയ. ഈ ചെറുവാല്യക്കാരനെയാണ് ഈയിടെ ഏതോ വിരുതന്‍ സോഷ്യല്‍മീഡിയയിലൂടെ കൊന്നു കളഞ്ഞത്. താന്‍ മരിച്ചെന്നുള്ള ആ വാര്‍ത്ത വായിച്ച് മാമുക്കോയ തന്നെ കുറെ ചിരിച്ചു. 'ദിവസങ്ങളായി വൃക്കരോഗം ബാധിച്ച് കോഴിക്കോട് സ്വകാര്യ ആസ്പത്രിയിലായിരുന്നു. ഇന്ന് പുലര്‍ച്ചെയോടെയായിരുന്നു അന്ത്യം. 'ഹാഹാഹാ... ചേലുള്ള ചിരി ഒരു തീവണ്ടി പോലെ നീണ്ടു.

'ഒരിക്കല്‍ ഞാന്‍ വയനാട്ടിലെ തോട്ടത്തില്‍ പണിക്കാരുടെ അടുത്താണ്. അപ്പോ ഓരോരുത്തര് മാറിമാറി ഫോണ്‍ വിളിക്കുന്നു. എല്ലാരും ഒരേ ചോദ്യം. കുഴപ്പം ഒന്നുല്ലല്ലോ.' എന്ത് കുഴപ്പം എന്ന് ഞാനും. ഒന്നൂല്ലാന്ന് പറഞ്ഞ് ഉടന്‍ അവര് ഫോണ്‍ കട്ട് ചെയ്യും. പിന്നാലെ അടുത്തയാള്‍ 'ങ്ങള് എവിടാണ്..?' ഞാന്‍ വയനാട്ടില്. അവിടെന്തേലും പ്രശ്‌നംണ്ടോ? 'കുറെപ്പേര് ഇതുതന്നെ ചോദിച്ചു. ഞാനപ്പോത്തന്നെ ഭാര്യയെ വിളിച്ചു. ഓള് പറഞ്ഞു, 'ഇവിടെ പല ന്യൂസും വരുന്നുണ്ട്. ഇങ്ങള് മരിച്ചുന്നും പറഞ്ഞ്. ഞാനും മറുപടി പറഞ്ഞ് കൊയങ്ങീന്ന്.' ഞാന്‍ ഓളോട് പറഞ്ഞ്, 'ഞ്ഞി ഫോണാടാ വെച്ചേക്ക്.'.അല്ല പിന്നെ, മാമുക്കോയാനോടാ ഓന്റെ കളി എന്ന മട്ടില്‍ അദ്ദേഹം കഷണ്ടിയില്‍ ഒന്നുഴിഞ്ഞു. 'പിന്നെന്താ ഇക്ക പരാതികൊടുക്കാഞ്ഞത്? 'ഈ ഹമുക്കിന്റെ ഒരു ചോദ്യമെന്ന മട്ടില്‍ മാമുക്ക വീണ്ടും ചിരിച്ചു. 'എന്തെങ്കിലും ചെയ്യണോന്ന് ചോദിച്ച് പോലീസില്‍ നിന്നും വിളിച്ചിരുന്നു. അങ്ങനെ വിടാന്‍ പാടില്ലാന്ന് പറഞ്ഞ് മോഹന്‍ലാല് ബ്ലോഗുമെഴുതി. ഇതിപ്പോ ഞമ്മള് മിനക്കെട്ട് പരാതി കൊടുത്തെന്ന് വെക്കാ, അവസാനം ഒരുത്തനെ പിടിക്കും. അവന്‍ പറയും 'ഞാനൊരു തമാശയ്ക്ക് ചെയ്തതാ. സോറി, ക്ഷമിക്കണം' തീര്‍ന്നില്ലേ കഥ, ഓനെ പിന്നെ എന്തേലും ചെയ്യാന്‍ പറ്റ്വോ. ഞാനാദ്യമേ ക്ഷമിച്ചാല്‍ പിന്നെ കൊയപ്പം തീര്‍ന്നല്ലോ...' ആ ചിരിയിലും ഞെളിഞ്ഞുനിന്നു മുന്നോട്ടുന്തിയ പല്ലുകള്‍, മാമുക്കയുടെ ട്രേഡ്മാര്‍ക്ക്.

ഇനി മ്മക്കൊരു സര്‍ക്കീട്ടാവാം. മാമുക്കോയ കുടയെടുത്ത് കക്ഷത്തുവെച്ചു. കൈലിയുടെ കോന്തലയെടുത്ത് കൈയില്‍ തിരുകി ഞങ്ങള്‍ മലബാറിന്റെ നാട്ടുരുചികളിലേക്ക് ഇറങ്ങുകയാണ്. രുചിയുടെ ഒടുക്കത്തെ കാറ്റടിക്കുന്ന കോഴിക്കോട് കടപ്പുറത്തുകൂടെ, സ്വാദിന്റെ മലയോരങ്ങളിലേക്കായിരുന്നു ആ യാത്ര.

പുഴയില്‍ വളര്‍ന്ന ഞാന്‍

മരത്തിന്റെയും ഈര്‍ച്ചമില്ലുകളുടെയും മണമുള്ള കാറ്റ്. കല്ലായിപ്പുഴയുടെ തീരത്താണ്. 'ഇപ്പം നമ്മള് നിക്കുന്നത് കല്ലായി പുഴയും അറബിക്കടലും ചേരുന്നൊരു അഴിമുഖത്താണ്. പള്ളിക്കണ്ടി അഴീക്കല്‍. എന്റെ ജന്‍മസ്ഥലം. രാപകല്‍ ജനങ്ങള്‍ ഉറങ്ങാത്ത സ്ഥലം ഈ കല്ലായില്‍ തടികള്‍ വന്നിറങ്ങും. അത് അളക്കുന്നവര്‍, തോലു പൊളിക്കുന്നവര്‍....അവര്‍ക്കുവേണ്ടി വെള്ളം, അവലുംവെള്ളം, വത്തക്ക വെള്ളമൊക്കെ കലക്കി വിറ്റ് ഒരുപാടാളുകള്‍ ജീവിച്ചു. എന്റെ ജീവിതവും ഈ പുഴകൊണ്ടായിരുന്നു. ഈ കല്ലായിയിലെ തടികള്‍ക്ക് നമ്പറടിച്ചും അത് അളന്നിട്ടുമൊക്കെ എന്നെ ആളാക്കിയ പുഴയാണിത്.' ലേശം നൊസ്റ്റാള്‍ജിയ മൂഡിലാണ് കക്ഷി. ആ ഓര്‍മകളിലിപ്പോഴും കല്ലായിപ്പുഴയൊരു മണവാട്ടിയാണ്. പക്ഷേ ഇന്നോ, ശരിക്കുള്ള പുഴ മെലിഞ്ഞ് ഉണങ്ങിപ്പോയി.

കല്ലായിയെ കവച്ചു വെച്ച് ഞങ്ങള്‍ വലിയങ്ങാടിയിലൂടെ ചുറ്റി, ഹലുവച്ചെമ്പുകളില്‍ പഞ്ചസാര തൂവുന്ന നേരമാണ്. പഴയ പാണ്ടികശാലകളുടെ ഓരം പറ്റി, മിഠായിത്തെരുവിലെ ഹല്‍വയുടെ മണം നുകര്‍ന്ന് വണ്ടി പാഞ്ഞു. 'കോഴിക്കോടെന്ന് കേള്‍ക്കുമ്പോ ആദ്യം മനസ്സില്‍ വരിക അലുവയും ചിപ്‌സും തന്നെ. ഇവിടെ വരുന്നവരൊന്നും അത് വാങ്ങാതെ പോയ ചരിത്രമില്ല. സിനിമയില്‍ പോയാലും മ്മടെ നാട്ടിലെ ഭക്ഷണത്തെക്കുറിച്ച് ഒരുപാടുപേര്‍ ചോദിക്കും' മാമുക്ക വീണ്ടും രുചിയിലേക്ക് ഗിയറുമാറ്റി.

സിനിമയിലെത്ര ചായക്കട

ഞങ്ങളുടെ യാത്ര കൂളിമാടിലേക്കായിരുന്നു. ഇന്ത്യയിലെ ആദ്യ പുകവലി വിമുക്ത ഗ്രാമത്തിലേക്ക്.'അതിനിപ്പോ വേറൊരു പെരുമ കൂടെയുണ്ട്.'പക്ഷേ അത് എന്തെന്നുള്ള ക്ലൈമാക്‌സ് മാമുക്ക പൊട്ടിക്കുന്നില്ല. അതിനായി ഉറ്റുനോക്കി ഇരിക്കുമ്പോള്‍ വീണ്ടും കയറിവന്നത് മാമുക്കയുടെ സിനിമയിലെ കുക്ക് വേഷങ്ങളാണ്. മുകേഷിന് ചായയുമായി പോവുമ്പോഴായിരുന്നു ഫിലോമിനയുടെ ഫോണ്‍. അപ്പുറത്തുള്ള അമ്മായിയുടെ ശബ്ദം കേള്‍ക്കാനായി ഫോണ്‍ വാങ്ങിയ മാമുക്ക തെറികേട്ട് ക്ഷീണിച്ചത് എങ്ങനെ മറക്കാനാണ്. കൗതുക വാര്‍ത്തയിലായിരുന്നു ആ വേഷം. പിന്നെയും എത്രയെത്ര നളവേഷങ്ങള്‍. ശരിക്കും മാമുക്കോയ ഒരു നളനാണോ?

'ഒറ്റയ്ക്കാവുമ്പോ ചായ കാച്ചി കുടിക്കും. കോയി മുട്ട പുഴുങ്ങും. അതൊക്കെ ആര്‍ക്കും ചെയ്യാല്ലോ' എന്നിട്ടുമെന്തേ മിക്ക സിനിമയിലും താങ്കളെ പാചകക്കാരന്റെ വേഷം കെട്ടിക്കുന്നത്.?. ഈ ഇബിലീസിനെക്കൊണ്ട് തോറ്റല്ലോ എന്നപോലെ മാമുക്ക നോക്കി. '50 ഓളം പടത്തില്‍ ഞാന്‍ ചായക്കടക്കാന്‍ തന്നെയാ. ഈയിടെ ഒരാള് ചോദിച്ചു, ഏറ്റവും കൂടുതല്‍ ചായക്കടക്കാരനായത് നിങ്ങളാ. അതിനെന്താ കാരണമെന്ന്, കഥാകൃത്തിനും സംവിധായകനും തോന്നിയിട്ടുണ്ടാവും, ഇയാള്‍ ഇതിനുമാത്രമേ പറ്റുള്ളൂ എന്ന്.'ചിരിയുടെ അമിട്ടില്‍ വണ്ടിയൊരു ഗട്ടറില്‍ വീണത് അറിഞ്ഞതേയില്ല. മാമൂക്കയുടെ അടുത്ത് സിനിമയുടെ കഥ പറയാന്‍ പലരും വരും അവര് പറഞ്ഞുതുടങ്ങുന്നത് ഇങ്ങനെയാവും. 'ഒരു നാട്ടിന്‍ പുറം. അവിടെ നാലാളുകൂടുന്നൊരു ചായക്കട''. പശു വാലുപൊക്കുന്നത് കാണുമ്പോള്‍ കാര്യം മനസ്സിലാവുന്നത് പോലെ ഇക്കയ്ക്ക് കാര്യം പിടികിട്ടും.' അപ്പോ ഞാന്‍ ചായക്കടക്കാരന്‍ അല്ലേ.' വൈദ്യന്‍ കല്‍പിച്ചതും രോഗി ഇച്ഛിച്ചതും ഒന്നെന്നമട്ടില്‍ സംവിധായകര്‍ ചിരിക്കും. ഈ സിനിമകളിലൊന്നും മാമുക്ക ചായക്കട നടത്തിയത് ആരെയും കണ്ടു പഠിച്ചിട്ടൊന്നുമല്ല. 'ഞാന്‍ ചായക്കട നടത്തിയാല്‍ എങ്ങനെ ചെയ്യാ. അങ്ങനെയങ്ങ് അഭിനയിക്കും.'അതാണ് ഗുട്ടന്‍സ്.

മാവൂരിലേക്ക് പോവുന്ന വഴിയില്‍ കോഴിയും ബീഫും വേവുന്ന മണം. എവിടെയൊക്കെയോ ഉണ്ട് പുയ്യാപ്ല തക്കാരം. പണ്ട് സിനിമാസെറ്റിലുമുണ്ടായിരുന്നു ചില തക്കാരങ്ങള്‍. 'മണിയന്‍ പിള്ള രാജൂനൊക്കെ ഭക്ഷണം നന്നാവണം. ഭക്ഷണം മോശായാല്‍ ഓന്‍ ഇടയും. ചിലപ്പോ കേറി കുക്ക് ചെയ്ത് കളയും. കുതിരവട്ടം പപ്പുവേട്ടന്‍ മീനിന്റെ പ്രാന്തനായിരുന്നു. സാമ്പാറെന്ന് കേട്ടാല്‍ ദേഷ്യം പിടിക്കും. സെറ്റിലൊക്കെ എത്ര ഭക്ഷണം വെച്ചതാ. ഇന്നിപ്പോ സിനിമേല് ആര്‍ക്കും അതിനൊന്നും മൂഡില്ല. ഒന്നിച്ചിരിക്കുന്നത് തന്നെ കുറഞ്ഞില്ലേ.' മാമുക്ക പോയ കാലത്തേക്ക് നോക്കി. പക്ഷേ കാലമെത്ര മാറിയാലും ഭക്ഷണം ഒരുക്കുന്നതില്‍ സന്തോഷം കണ്ടെത്തുന്ന മനുഷ്യരെ തേടിയല്ലേ പോവുന്നത്. അതിന്റെ ചെറുതല്ലാത്ത ആനന്ദം അദ്ദേഹത്തില്‍ തെളിഞ്ഞുവരുന്നുണ്ട്. 'കൂളിമാടൊരു അബ്ദുവുണ്ട്. അയാളുടെ പൊറോട്ട തിന്നാനായിട്ട് ആളുകള്‍ ക്യൂ നില്‍ക്കുകയാ. വളരെ സോഫ്റ്റാണ്. ഉച്ചയാവുമ്പോഴേക്ക് തീരുകയും ചെയ്യും.' മാമുക്ക ഓര്‍മിപ്പിച്ചു. വണ്ടിക്ക് വേഗം കൂടി.

പൊറോട്ട അടിയോടടി

ആ മാരത്തോണ്‍ ഓട്ടത്തിന്റെ അവസാനലാപ്പില്‍ എതിരാളികളെ ബഹുദൂരം പിന്തള്ളിയ സന്തോഷത്തില്‍ ഞങ്ങള്‍ ഫിനിഷിങ്ങ് പോയിന്റിലേക്ക് നീങ്ങി. പക്ഷേ പണി പാളി. അവിടെയെത്തിയപ്പോള്‍ ആടുമില്ല, പൂടയുമില്ല. നേരത്തെ എത്തിയവര്‍ പൊറോട്ട മൊത്തം ഫിനിഷാക്കിക്കളഞ്ഞു. എങ്കിലും അബ്ദുള്‍ക്ക കൈവിട്ടില്ല. ഒരാള്‍ക്ക് നീണ്ടുനിവര്‍ന്നു കിടക്കാവുന്ന പൊറോട്ടക്കല്ലിന്റെ അടിയിലേക്ക് അദ്ദേഹം വീണ്ടും തീകൊളുത്തി. ആ പുക കണ്ടാവും അടുത്ത ബസ്റ്റോപ്പില്‍ യുദ്ധത്തിലായിരുന്ന രണ്ട് ഖദര്‍ ധാരികള്‍ (യുദ്ധം ചതുരംഗക്കളത്തിലായിരുന്നു) കളി വിട്ട് ചായ്പിലേക്ക് വന്നു. അല്ലെങ്കിലും ഈ പൊറോട്ടയുടെ മണമടിച്ചാല്‍ കൂളിമാടുള്ളവര്‍ക്കൊന്നും ഇരിപ്പുറയ്ക്കാറില്ല.

അബ്ദുള്‍ക്ക കൈയില്‍നിന്ന് വിടാന്‍ ഭാവമില്ലാത്ത മൈദയെ എണ്ണ പുരട്ടി മയക്കി. കുഴച്ചുവെച്ച മൈദ രണ്ട് മിനിട്ട് ഇരിക്കട്ടെ. അതൊന്ന് സോഫ്റ്റാവും അദ്ദേഹം കല്‍പിച്ചു. 'അല്ല, ഈ പൊറോട്ട തിന്നുന്നത് ആരോഗ്യത്തിന് കേടല്ലേ കിട്ടിയ ഗ്യാപ്പില്‍ ഒരു സംശയം ചൂടാക്കി വിട്ടു. അതുകേട്ടതും അബ്ദുള്‍ക്ക മൂക്കത്ത് വിരല്‍ വെച്ചു. 'ഞാന്‍ 20 കൊല്ലായി ദിവസം രണ്ട് പൊറോട്ട കഴിക്കുന്നു. എനിക്കിതുവരെ ഒരു കുഴപ്പോം ഇല്ല.' ഹോട്ടലില്‍ മായം ചേര്‍ക്കാത്ത ഏകഭക്ഷണം പൊറോട്ടയാണെന്നും അദ്ദേഹം സ്ഥാപിച്ചു. ബേക്കറിയുണ്ടാക്കുന്നത് 99 ശതമാനവും മൈദയിലാണ്. അതില്‍ യീസ്റ്റൊക്കെ ചേര്‍ക്കുന്നു. പൊറോട്ടയിലാണെങ്കില്‍ മൈദ മാത്രം. വിശ്വസിച്ച് കഴിക്കാം. എന്നിട്ടുമെന്തിനാ എന്റെ കുട്ടിയെ ഇങ്ങനെ സംശയിക്കുന്നതെന്ന മട്ടില്‍ അബ്ദുള്‍ക്ക താടിക്ക് കൈകൊടുത്തു.

'നന്നായി വേവണം. അധ്വാനിക്കുന്നവരുടെ ദേശീയ ഭക്ഷണമാണിത്. ഒരു പാവം ചങ്ങായി' അദ്ദേഹം ചിരിക്കുന്നു. അടുപ്പത്തുനിന്ന് വെന്തുവന്ന പൊറോട്ട മേശപ്പുറത്തുവീണു. മൃദുലഭാവത്തിലേക്ക് മാറിയ പൊറോട്ടയ്ക്ക് കൂട്ടായി കൂന്തള്‍ ചെമ്മീന്‍, അയല, കടുക്ക എന്നിവ നിരന്നു. മാമുക്കയുടെ നാക്ക് പൊന്നായി. രുചിയുടെ കടലില്‍ ഞങ്ങള്‍ മുങ്ങിപ്പോയി.

ചോറും മീനും

യാത്ര വീണ്ടും നഗരത്തിലേക്കാണ്. കോഴിക്കോടിന്റെ തിരക്കുകള്‍ വകഞ്ഞുമാറ്റി ഫറോക്കിലെ ഓട്ടുകമ്പനികള്‍ക്കിടയിലൂടെ പാഞ്ഞു. കടലുണ്ടിയാണ് ഞങ്ങളുടെ അടുത്ത ലക്ഷ്യം. ആ കര തൊടും മുന്നേ മാമുക്ക നീട്ടിവിളിച്ചു ബാലേസ്‌നാാാ... പണ്ട് സായികുമാറിനെ വിളിച്ച അതേ വിളി. പക്ഷേ വിളികേട്ടു വന്നത് കടലുണ്ടിയുടെ സ്വന്തം ബാലേട്ടനാണെന്ന് മാത്രം. ആള് സ്വല്‍പം ചൊടിപ്പിലാണ്. 'വല്യ ചെമ്പല്ലി ഇണ്ടായിനു. ങ്ങള് എന്ത് പണിയാ എടുത്തത്. ഇത്തിരി മുന്നേ വിളിക്കേണ്ടായിനോ' വിരുന്നുകാരെ ശരിക്കും ഊട്ടിയില്ലെങ്കില്‍ സങ്കടപ്പെടുന്ന കക്ഷിയാണ് ഈ ബാലേട്ടന്‍.

ചെമ്പല്ലി, തിരുത, അമൂറ്, ഏരി, ഞെണ്ട്, കോര, കടലുണ്ടിപ്പുഴയിലുള്ള സകലമീനും ബാലകൃഷ്ണന്റെ കടയിലേക്ക് കയറിപ്പോരും. ഈ മീനുതേടി നാടായ നാട്ടില്‍ നിന്നെല്ലാം മീന്‍ കൊതിയന്‍മാരുമെത്തും. കടലുണ്ടി പാലം കയറുന്നതിന് തൊട്ടു മുമ്പാണ് നാടന്‍ ഊണ് എന്ന ചെറിയ ബോര്‍ഡ്. അത് കണ്ടുപിടിക്കാന്‍ ഒരെളുപ്പ വഴിയുണ്ട്. മൂക്കൊന്ന് വിടര്‍ത്തി നോക്കിയാല്‍ മതി. മീന്‍ പൊരിക്കുന്ന മണം പിടിച്ചെടുത്ത് കടയിലേക്ക് വെച്ചടിക്കാം.

കുറെ വര്‍ഷങ്ങള്‍ കഴിഞ്ഞു ബാലകൃഷ്ണന്‍ ഇതുതുടങ്ങിയിട്ട്. മുമ്പേ കയറിന്റെ പണിയായിരുന്നു. ഡോളറിന് മൂല്യം കുറഞ്ഞപ്പോ കയര്‍ കയറ്റുമതി കുറഞ്ഞു. വെറുതെയിരിക്കുന്ന കെട്ടിയോനെ കണ്ടപ്പോള്‍ ദമയന്തിയുടെ തലയില്‍ ഒരു ബള്‍ബ് കത്തി. 'മ്മക്കൊരു ഊണു പീട്യാ തുടങ്ങ്യാ ലോ.' അന്ന് അടുക്കളയിലേക്ക് ഇറങ്ങിയതാണ് രണ്ടുപേരും. ഇന്നിപ്പോ തിരക്കോട് തിരക്കായി നേരത്തെയെത്തുന്ന ഭാഗ്യവാന്‍മാര്‍ക്ക് ബാല കൃഷ്ണന്റെ ചോറ് തിന്നാം, മീനും കൂട്ടാം.

'ചൂട് മീനിനേ ടേസ്റ്റുണ്ടാവൂ. തണുത്താല്‍ രുചി പോയി വാചകവുമായി ദമയന്തി തന്നെ രംഗത്തെത്തി. 'ഓള് രുചിയുള്ള ഭക്ഷണം ഉണ്ടാക്കും ബാലകൃഷ്ണന്റെ സര്‍ട്ടിഫിക്കറ്റ്. പിന്നെ മൂപ്പത്തി വിട്ടില്ല. വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക്, കറിവേപ്പില, തക്കാളി, കുരുമുളക്, പെരുഞ്ചീരകം എന്നിവ ചേര്‍ത്തരച്ച് മീനിനുമേല്‍ പുരട്ടി ചട്ടിയിലിട്ട് പൊരിച്ചുതന്നു.മാമൂക്കയുടെ വയറുനിറഞ്ഞു. ഞങ്ങളുടെയും. ഊണുകഴിഞ്ഞപ്പോള്‍ ഒരു ഉച്ചയുറക്കം ആയാലോ എന്ന മട്ടിലാണ് ഇക്ക. ഉറക്കത്തിനായി ഞങ്ങള്‍ വീണ്ടുമൊരു മക്കാനിപ്പാട്ട് പാടി.

'ഉണക്കപ്പുളി വിറക്
ഇളക്കി പത്തിരി
വറുത്തെടുക്കണ പാത്തുമ്മ
ഇറച്ചി വെച്ചൊരു ചാറും പത്തിരീം
എടുത്ത് നീ തരി ചേലില്..'

(2015 നവംബര്‍ രണ്ടാംലക്കം ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ചത്)

Content Highlights: mamukkoya actor passed away in Kozhikode, legendary actor of Malayalam cinema, comedian

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
The Godfather movie Marlon Brando Al Pacino marks 50 year Francis Ford Coppola

4 min

കുടുംബബന്ധങ്ങളുടെ, കുടിപ്പകയുടെ 'ഗോഡ്ഫാദര്‍' അഞ്ച്‌ പതിറ്റാണ്ടിലേക്ക്

Feb 19, 2022


apsara theatre

4 min

അപ്‌സരയിലെ സ്‌ക്രീനിൽ നിന്ന് ഒരു മാരക ബൗൺസർ;ഓർമ്മകളുടെ തിരശ്ശീലയിൽ നിന്ന് മായ്ച്ചു കളയാനാകാത്ത കാഴ്ച

May 30, 2023


Actor Sudheesh
Premium

9 min

ടൈപ്പ് കാസ്റ്റിങ്ങിന്റെ ഭീകരത നേരിട്ടു, അച്ഛന്റെ വാക്കാണ് പിടിച്ചു നിര്‍ത്തിയത് | സുധീഷുമായി അഭിമുഖം

May 27, 2023

Most Commented