മമ്ത മോഹൻദാസ് | ഫോട്ടോ: www.facebook.com/mamtha.mohandas
മസാല ചേർത്ത ഫേക്ക് ന്യൂസുകളെ ജനങ്ങൾക്ക് ഇഷ്ടമാണെന്നും അത് പ്രചരിപ്പിക്കുന്നതിൽ ആനന്ദം കണ്ടെത്തുന്ന ഒരു വിഭാഗം സമൂഹത്തിലുണ്ടെന്നും നടി മമ്ത മോഹൻ ദാസ്. ഇപ്പോൾ ഏറ്റവും അടുത്ത് ഓട്ടോ ഇമ്മ്യൂണിന്റെ പ്രശ്നം വന്നപ്പോൾ തന്റേതെന്ന് പറഞ്ഞ് ഇന്റർനെറ്റിൽ കൈയുടെയും കാലിന്റെയും ഒരുപാട് ചിത്രങ്ങൾ പ്രചരിച്ചിരുന്നു. ഇന്റർനെറ്റിൽ പ്രചരിക്കുന്ന ആ ചിത്രങ്ങൾ പക്ഷേ തന്റേതായിരുന്നില്ലെന്നും മമ്ത പറഞ്ഞു. മാതൃഭൂമി ഡോട്ട് കോമിന് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു മമ്തയുടെ പ്രതികരണം.
ആ കൈയും കാലുമൊന്നും എന്റേതായിരുന്നില്ല
എന്റെ കരിയർ തുടങ്ങുമ്പോൾ മുതൽതന്നെ ഫേക്ക് ന്യൂസുകൾക്ക് ഇരയായിരുന്നു. ഞാൻ ചെയ്ത ഒരു ചിത്രത്തെ നെഗറ്റീവായി പബ്ലിസിറ്റി ചെയ്യുകയും അത് എന്നെ പേഴ്സണലി ബാധിക്കുകയും ചെയ്തിരുന്നു. പിന്നെ എനിക്ക് സുഖമില്ലാതായപ്പോൾ ഞാൻ പറഞ്ഞതല്ലാതെ അതിനൊപ്പം കുറച്ചുകൂടി മസാലകൾ ചേർത്ത് വേണ്ടാത്ത വാർത്തകൾ പ്രചരിപ്പിച്ചു. എല്ലാവരോടും എല്ലാ കാര്യവും പറയാൻ താല്പര്യമില്ലായിരുന്നു. പക്ഷേ അസുഖത്തെക്കുറിച്ച് മറ്റുള്ളവരുമായി പങ്കുവെക്കേണ്ടുന്ന സാഹചര്യം വന്നപ്പോൾ അസുഖത്തെക്കുറിച്ച് ഏറ്റവും കുറച്ചു കാര്യങ്ങൾ മാത്രമാണ് പൊതുജനങ്ങളോട് പറയാൻ താൽപര്യപ്പെട്ടിരുന്നത്. പക്ഷേ അതിനൊപ്പം കുറേ മസാലകളും ചേർത്തായിരുന്നു വാർത്തകൾ പ്രചരിപ്പിച്ചത്.
ഒരു വാർത്തയുടേയും തലക്കെട്ടുകൾ ഒരിക്കലും പോസിറ്റീവ് ആയിട്ടല്ല ഉണ്ടാവുക. തലക്കെട്ട് കണ്ട് വാർത്ത വായിക്കാനായി ലിങ്ക് ക്ലിക്ക് ചെയ്യുമ്പോൾ അതിനോട് ഒരു ബന്ധവും ഇല്ലാത്ത വാർത്തകളാണ് നമുക്കു മുന്നിലെത്തിക്കൊണ്ടിരിക്കുന്നത്. ഓരോ തലക്കെട്ടുകളും ഓരോ ഇരയെ സമൂഹത്തിൽ സൃഷ്ടിക്കുന്നുണ്ട്. ഇപ്പോൾ ഏറ്റവും അടുത്ത് ഓട്ടോ ഇമ്മ്യൂണിന്റെ പ്രശ്നം വന്നപ്പോൾ എന്റേതെന്ന് പറഞ്ഞ് ഇന്റർനെറ്റിൽ കൈയുടെയും കാലിന്റെയും ഒരുപാട് ചിത്രങ്ങൾ പ്രചരിച്ചിരുന്നു. പക്ഷേ അതൊന്നും എന്റേതായിരുന്നില്ല. എന്റെ കൈയും എന്റെ കാലും എന്നു പറഞ്ഞാണ് ചിത്രങ്ങൾ പ്രചരിപ്പിച്ചത്. ഇത് കാണുന്ന ജനങ്ങൾ വിചാരിക്കുന്നത് അയ്യോ ഇങ്ങനെ ആയോ എന്നൊക്കെയാണ്. ഈ ചിത്രങ്ങൾ പ്രചരിക്കുന്നതിന് പിന്നാലെ കുറേ ആൾക്കാർ കുറേ സിമ്പതി മെസ്സേജുകൾ അയക്കാൻ തുടങ്ങി. എന്നാൽ എനിക്ക് അതിന്റെയൊന്നും ആവശ്യമില്ല. ഇത്തരത്തിൽ ഒരുപാട് സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.
മീഡിയയിൽ ഒന്നുമല്ലാതെ തന്നെ ആൾക്കാർ പരസ്പരം അങ്ങോട്ടുമിങ്ങോട്ടും ഇതുപോലെ ഫേക്ക് ആയ വാർത്തകൾ പറയാറുണ്ട്. ഞാനിപ്പോൾ അടുത്തൊരു തമിഴ് സിനിമ ചെയ്യുന്നുണ്ട്. അപ്പോഴാണ് ഇങ്ങനെ ഒരു കാര്യം കൂടി കേട്ടത്. ഏതോ ഒരു സിനിമയ്ക്ക് വേണ്ടി എന്നെ നോക്കിയപ്പോഴാണ് മമ്ത ഇപ്പോൾ വർക്ക് ചെയ്യുന്നില്ലെന്നും വിവാഹം കഴിച്ച് സെറ്റിൽഡ് ആയി എന്നും മാനേജർസ് തമ്മിൽ പറയുകയായിരുന്നുവെന്ന കാര്യം അറിയുന്നത്. അസുഖമാണെന്നും ഇപ്പോൾ വർക്ക് ചെയ്യുന്നില്ല എന്നുമൊക്കെ ആൾക്കാർ പരസ്പരം പറഞ്ഞു പരത്തുകയാണ്. ഇതിനെയെല്ലാം പ്രയോജനപ്പെടുത്തുന്ന കുറേ ആൾക്കാരുണ്ട്. അവർ ഇതിനെയെല്ലാം ആസ്വദിക്കുകയാണ്. ഇത്തരത്തിൽ പ്രചരിപ്പിക്കുന്ന വാർത്തകളുടെ ഒരു ഭാഗം സ്വാദുള്ളതാണെങ്കിൽ മറ്റേത് വളരെ കയ്പേറിയതാണ്. ഇതിന്റെ ദോഷം അനുഭവിക്കേണ്ടി വരുന്ന വലിയൊരു വിഭാഗമുണ്ട് എന്ന കാര്യം പലരും മനസിലാക്കുന്നില്ല.
ലൈവ് ഇസ് ഓൾ എബൗട്ട് ഫേക്ക് ന്യൂസ്
ഫേക്ക് ന്യൂസ് പ്രമേയമാക്കി വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലൈവ്. ന്യൂസിനെ കുറിച്ചാണ് ലൈവ് എന്ന സിനിമ ചർച്ച ചെയ്യുന്നത്. വാർത്തകൾ ഉണ്ടാക്കുകയും അത് എല്ലാവരിലേക്കും എത്തിക്കുകയും ചെയ്യുന്നുണ്ട്. അതിൽ നല്ലതും ചീത്തയുമായ വാർത്തകൾ ഉണ്ടാകും. പക്ഷേ തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുകയും അതിനെ പ്രയോജനപ്പെടുത്തുകയും ചെയ്യുന്ന ചിലരുണ്ട്. അതിന്റെ ഇരകളാക്കപ്പെടുന്നവരും കുറേ പേരുണ്ട്. അവരെല്ലാം നിശബ്ദരുമാണ്. ഇത്തരത്തിൽ ഇരയാക്കപ്പെടുന്ന മിക്ക ആൾക്കാരും മിണ്ടാതിരിക്കുകയാണ് പതിവ്. അങ്ങനെയൊരു സാഹചര്യം ഇതിലെ കഥാപാത്രത്തിനു ഉണ്ടാവുകയും അതിനെ ചുറ്റിപ്പറ്റി നടക്കുന്ന സംഭവങ്ങളുമാണ് ലൈവ് എന്ന ചിത്രത്തിലൂടെ പറയുന്നത്. ചിത്രത്തിന്റെ കഥ തിരക്കഥാകൃത്തായ സുരേഷ് ബാബു ഒരു വൺ ലൈൻ ആയി ചിത്രത്തിന്റെ കഥ പറഞ്ഞപ്പോൾ തന്നെ ഭയങ്കര ആകാംക്ഷയായിരുന്നു. പിന്നീട് വി കെ പിയുമായി സംസാരിക്കുകയും ചെയ്തു. ഫൈനൽ സ്ക്രിപ് റ്റിനെക്കാൾ നന്നായാണ് സിനിമ വന്നിട്ടുള്ളത്. സൗബിൻ, പ്രിയ തുടങ്ങി നല്ലൊരു ടീമിനൊപ്പം ലൈവ് ചെയ്യാൻ സാധിച്ചു എന്ന സന്തോഷവും ഉണ്ട്.
ലൈവായിട്ടുള്ള കഥാപാത്രങ്ങളാണ് ലൈവിലേത്
ലൈവിലെ ഓരോ കഥാപാത്രങ്ങൾക്കും അവരുടേതായ സ്വരൂപമുണ്ട്. സൗബിൻ ചെയ്തിരിക്കുന്ന കഥാപാത്രം സമൂഹത്തിലെ നോർമൽ മിഡിൽ ക്ലാസുകാരനായ ഒരു വ്യക്തിയുടേതാണ്. അയാളിലേക്ക് വാർത്തകളെത്തുന്നതുപോലെയാണ് മറ്റെല്ലാവരിലേക്കും വാർത്തകൾ എത്തുന്നത്. അയാൾ ആ വാർത്തകൾ പ്രചരിപ്പിക്കുന്നത് പോലെയാണ് മറ്റെല്ലാവരും ആ വാർത്തകൾ പ്രചരിപ്പിക്കുന്നത്. അവർക്ക് അതിനെക്കുറിച്ച് ചിന്തിക്കേണ്ടതിന്റെ ആവശ്യമില്ല. ചിലർ ഫേക്ക് ന്യൂസുകളെ ആസ്വദിക്കുന്നവരുണ്ട്. അല്ലാത്തവരുമുണ്ട്. എന്നാൽ ചില ആൾക്കാർ ഇതിനെക്കുറിച്ച് ചിന്തിച്ചിട്ട് തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നതിൽ നിന്നും പിന്മാറാറുണ്ട്. അല്ലാത്തവരും ഉണ്ട്. ഇത്തരം എല്ലാത്തരം ആൾക്കാരേയും പ്രതിനീധികരിക്കുന്നുണ്ട് ചിത്രത്തിൽ. സ്ത്രീ കഥാപാത്രങ്ങളാണ് ചിത്രത്തിൽ ഏറ്റവും പോസിറ്റീവ് ആയി നിലകൊള്ളുന്നത്. പ്രിയ വാര്യരും ഞാനുമാണ് പ്രധാനപ്പെട്ട രണ്ട് സ്ത്രീ വേഷങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. സ്ത്രീകൾക്ക് ചിത്രം ഹൃദയസ്പർശി ആകും എന്നാണ് കരുതുന്നത്.
ഫുൾ എനർജറ്റിക് ആയ സംവിധായകൻ
വി കെ പ്രകാശ് എന്ന സംവിധായകനൊപ്പം വർക്ക് ചെയ്യണം എന്ന് നേരത്തെ ആഗ്രഹം ഉണ്ടായിരുന്നു. മയൂഖത്തിനുശേഷം ഒരു പരസ്യത്തിനു വേണ്ടി ഓഡിഷൻ കൊടുത്തിരുന്നു. പക്ഷേ വിളിച്ചിരുന്നില്ല. അദ്ദേഹത്തോടൊപ്പം വർക്ക് ചെയ്യാൻ ഒരുപാടുകാലം എനിക്ക് കാത്തിരിക്കേണ്ടി വന്നു. നമ്മുടെ ചുറ്റും എല്ലാവർക്കും മടുത്ത ഒരു എനർജിയാണ്. പക്ഷേ വി കെ പിയോട് ഫോണിൽ സംസാരിക്കുമ്പോൾ തന്നെ അദ്ദേഹത്തിന്റെ ഒരു എനർജി ലെവൽ വേറെയാണെന്ന് മനസ്സിലാകും. വർക്കിനോട് അത്രയും താല്പര്യത്തോടെ നിൽക്കുന്നവർ ഇൻഡസ്ട്രിയിൽ വളരെ കുറവാണ്. ഇന്ന് എടുക്കാൻ പോകുന്ന ഷോട്ട്സിനെക്കുറിച്ച് ചിന്തിക്കുകയോ ടെൻഷൻ അടിക്കുന്നതായോ കണ്ടിട്ടില്ല. ചെറിയൊരു പരസ്യചിത്രം ചെയ്യുന്നതുപോലെയാണ് അദ്ദേഹം സെറ്റിൽ പെരുമാറാറുള്ളത്. ഇതുപോലെയുള്ള നൂറെണ്ണം എടുത്തിട്ടുണ്ട്, എന്നത് പോലെയാണ് അദ്ദേഹം ഉണ്ടാകാറുള്ളത്. പക്ഷേ ഓരോ ഷോട്ടും അദ്ദേഹം വിശദമായി പരിശോധിക്കാറുണ്ട്.
അദ്ദേഹത്തിന് എന്താണ് വേണ്ടതെന്ന് കൃത്യമായി പങ്കുവെക്കാറുമുണ്ട്. ഇങ്ങനെയുള്ള പെരുമാറ്റം എല്ലാ സംവിധായകരിൽ നിന്നും ഉണ്ടാകാറില്ല. അടുത്ത അഞ്ച് സിനിമ അദ്ദേഹത്തോടൊപ്പം ചെയ്താലും ആ എനർജി അദ്ദേഹത്തോടൊപ്പം ഉണ്ടാകുമെന്നാണ് കരുതുന്നത്. വളരെ ആരോഗ്യപരമായ അന്തരീക്ഷമാണ് വി കെ പിയുടെ സെറ്റിലുള്ളത്. അദ്ദേഹത്തിന്റെ കൂടെ അസിസ്റ്റന്റായി നിന്നവരൊക്കെ എത്രയോ നല്ല സംവിധായകരായി മാറി. എത്ര എക്സ്പീരിയൻസ് ഉണ്ടെങ്കിലും എനിക്ക് തോൽവിയെ ഭയമാണ്. അതുകൊണ്ട് എടുക്കുന്ന ഓരോ സിനിമയും നന്നാക്കാനായി ശ്രമിക്കുമെന്ന് വി കെ പി പറയാറുണ്ട്. ഇത്രയും സിനിമകളൊക്കെ ചെയ്തതുകൊണ്ട് വലിയ ആളാണെന്ന ഭാവമൊന്നും അദ്ദേഹത്തിനില്ല.
ഫേക്ക് ന്യൂസുകളുടെ പ്രതികരിക്കാറില്ല, ജനങ്ങൾക്ക് ആ മസാല ഇഷ്ടമാണ്
ഫേക്ക് ന്യൂസുകളോട് പ്രതികരിക്കാറില്ല. പ്രതികരിച്ചു കഴിഞ്ഞാൽ അത് മറ്റൊരു വാർത്തയാകും. ഏകദേശം പത്ത് വർഷം മുന്നേയുള്ള ഒരു കാര്യം അടുത്തിടെ നൽകിയ അഭിമുഖത്തിൽ പറഞ്ഞതിന് പിന്നാലെ അതിന്റെ സ്ക്രീൻഷോട്ട് മറ്റും എടുത്ത് സോഷ്യൽ മീഡിയയിൽ വെറുതെ ഇട്ട് പ്രചരിപ്പിക്കുകയാണ്. മാധ്യമങ്ങൾ എന്താണെന്ന് അറിയാം. വാർത്തകൾ നമ്മളെപ്പറ്റിയാണെങ്കിലും വേദനിക്കുന്നത് നമ്മൾ ആയിരിക്കില്ല. നമ്മളെ ചുറ്റിപ്പറ്റി നിരവധി പേരുണ്ട്. അവരാണ് ശരിക്കും വേദനിക്കുന്നത്. അച്ഛനും അമ്മയ്ക്കുമൊന്നും ഇത്തരം ഫേക് ന്യൂസുകളെ സഹിക്കാനുള്ള മാനസികാവസ്ഥ ഉണ്ടായിരിക്കില്ല. തിരുത്തിയ വാർത്തകൾക്ക് ഒരിക്കലും ശ്രദ്ധ കിട്ടാറില്ല. കാരണം ജനങ്ങൾക്ക് ഫേക്ക് ന്യൂസും അതിന്റെ മസാലകളും ഇഷ്ടമാണ്.
Content Highlights: mamtha mohandas about fake newses, mamtha mohandas interview, live malayalam movie
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..