മ്മൂട്ടി ആരാധകര്‍ക്ക് മതിമറന്നാഹ്ലാദിക്കാം,ഒന്നു രണ്ടുമല്ല മെഗാസ്റ്റാറിന്റെ എട്ടുചിത്രങ്ങളാണ് ഒന്നിനുപുറകെ ഒന്നായി എത്തുന്നത്. വേഷത്തിലും രൂപത്തിലും ഭാവത്തിലുമെല്ലാം തികച്ചും വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളെയാണ്  മമ്മൂട്ടിയുടെ പുതിയവരവുകളെല്ലാം. ശ്യാംധര്‍, ഷാംദത്ത്, അജയ് വാസുദേവ്, പ്രിയദര്‍ശന്‍, ഒമര്‍ ലുലു, ഗിരീഷ്, ശരത്ത് സിന്ദിത്ത് എന്നിവരൊരുക്കുന്ന മലയാളചിത്രങ്ങളിലും റാം സംവിധാനം നിര്‍വഹിക്കുന്ന തമിഴ് ചിത്രത്തിലുമാണ് മമ്മൂട്ടി നായകനായെത്തുന്നത്.

പൃഥ്വിരാജിനെ നായകനാക്കി വിജയം കൊയ്ത ത്രില്ലര്‍ ചിത്രമായ സെവന്‍ത് ഡേയുടെ സംവിധായകന്‍ ശ്യാംധറിന്റെ ചിത്രത്തില്‍ കെ. രാജകുമാരന്‍ എന്ന ടീച്ചര്‍ ട്രെയിനിങ് ഇന്‍സ്ട്രക്ടറായായാണ് മമ്മൂട്ടി എത്തുന്നത്. നീനയെന്ന ചിത്രത്തിലൂടെ പ്രശസ്തയായ ദീപ്തി സതിയും ആശാ ശരത്തുമാണ് ചിത്രത്തിലെ നായികാകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദീപ്തി ഒരു ഐടി. പ്രൊഫഷണലായും ആശാ ശരത്ത് ഒരു ടീച്ചറുടെ വേഷത്തിലുമാണ് ചിത്രത്തിലെത്തുന്നത്. ഇവരോടൊപ്പം ഇന്നസെന്റ്, ദിലീഷ് പോത്തന്‍, ഹരീഷ് കണാരന്‍, സോഹന്‍ സീനുലാല്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. നവാഗതനായ രതീഷ് രവി തിരക്കഥയെഴുതിയ ചിത്രത്തിനായി വിനോദ് ഇല്ലമ്പള്ളി ഛായാഗ്രഹണം നിര്‍വഹിക്കുന്നു. യൂണിവേഴ്‌സല്‍ സിനിമാസിന്റെ ബാനറില്‍ ബി. രാകേഷ് നിര്‍മിക്കുന്ന ചിത്രം ഓണം റിലീസായി തിയേറ്ററുകളിലെത്തും. ഛായാഗ്രാഹകനായ  ഷാംദത്ത് ആദ്യമായി സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് സ്ട്രീറ്റ് ലൈറ്റ്. ചിത്രത്തില്‍ ഒരു പോലീസ് ഓഫീസറുടെ വേഷത്തിലാണ് മമ്മൂട്ടി നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കസബയ്ക്കുശേഷം മമ്മൂട്ടി വീണ്ടും പോലീസ് യൂണിഫോമില്‍ എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. പുതുമുഖമായ ഫവാസ് മുഹമ്മദ് തിരക്കഥയൊരുക്കുന്ന സ്ട്രീറ്റ് ലൈറ്റ് മമ്മൂട്ടിയുടെ പ്ലേഹൗസാണ് നിര്‍മിക്കുന്നത്. 

രാജാധിരാജയ്ക്കുശേഷം അജയ് വാസുദേവും മമ്മൂട്ടിയും വീണ്ടുമൊന്നിക്കുന്ന ചിത്രമാണ് മാസ്റ്റര്‍പീസ്. രാജാധിരാജയില്‍ ഒരു കുടുംബനാഥന്റെ വേഷമായിരുന്നെങ്കില്‍ മാസ്റ്റര്‍ പീസില്‍ ഒരു കോളേജ് പ്രൊഫസറുടെ വേഷത്തിലാണ് താരം എത്തുന്നത്. കോളേജ് പ്രൊഫസറുടെ വേഷത്തിലുള്ള മാസ്റ്റര്‍ പീസിലെ മമ്മൂട്ടിയുടെ ചിത്രങ്ങള്‍ ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. വലിയ കുഴപ്പക്കാരായ വിദ്യാര്‍ഥികള്‍ പഠിക്കുന്ന ഒരു കോളേജിലേക്ക് അതിലും കുഴപ്പക്കാരനായ പ്രൊഫസര്‍ എത്തുന്നതും തുടര്‍ന്നുണ്ടാകുന്ന രസകരമായ മുഹൂര്‍ത്തങ്ങളുമാണ് മാസ്റ്റര്‍പീസ് കൈകാര്യം ചെയ്യുന്നത്. ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന പ്രൊഫസര്‍ കഥാപാത്രത്തിന്റെ പേര് എഡ്ഡി എന്നാണ്. നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ തെന്നിന്ത്യന്‍ സുന്ദരി പൂനം ബജ്വയാണ് ചിത്രത്തിലെ നായിക. പോലീസ് ഉദ്യോഗസ്ഥരുടെ വേഷത്തില്‍ ഉണ്ണി മുകുന്ദന്‍, വരലക്ഷ്മി ശരത്കുമാര്‍ തുടങ്ങിയവരും ചിത്രത്തിലെത്തുന്നു. മാസ്റ്റര്‍ പീസിന്റെ മറ്റൊരു പ്രധാന ആകര്‍ഷണമാണ് സന്തോഷ് പണ്ഡിറ്റ് . വിനോദ് ഇല്ലമ്പള്ളി ക്യാമറയും, ദീപക് ദേവ് സംഗീതവും നിര്‍വഹിക്കുന്നു. 

പരസ്യസംവിധായകനായ ശരത്ത് സന്ദിത്ത് മമ്മൂട്ടിയെ നായകനാക്കി ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് പരോള്‍. ഒരു ഫാമിലി ത്രില്ലര്‍ പരിവേഷത്തോടെയെത്തുന്ന ചിത്രത്തില്‍ മിയയാണ് നായിക. ജയില്‍ വാര്‍ഡന്റെ വേഷത്തില്‍ ജൂബി നൈനാന്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. ആന്റണി ഡിക്രൂസ് എന്റര്‍ടെയ്ന്‍മെന്റിന്റെയും ജെ.ജെ. പ്രൊഡക്ഷന്റെയും ബാനറില്‍ ജൂഡ് സുധീറും ജൂബി നൈനാനും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിനായി തിരക്കഥ ഒരുക്കിയത് അജിത് പൂജപ്പുരയാണ്.

തങ്കമീങ്കള്‍ എന്ന ചിത്രത്തിലൂടെ പ്രശസ്തനായ സംവിധായകന്‍ റാം പുതുതായി ഒരുക്കുന്ന പേരന്‍പന്‍ എന്ന തമിഴ് ചിത്രത്തിലും മമ്മൂട്ടി നായകനായി എത്തുന്നു. അഞ്ജലിയും ബേബി സാധനയുമാണ് ചിത്രത്തിലെ നായികമാര്‍. തേനപ്പന്‍ പി.എല്‍. നിര്‍മിക്കുന്ന പേരന്‍പനുവേണ്ടി ഗാനങ്ങള്‍ ഒരുക്കുന്നത് പ്രശസ്ത സംഗീത സംവിധായകന്‍ യുവാന്‍ ശങ്കര്‍ രാജയാണ്. നാ. മുത്തുകുമാറിന്റെതാണ് ഗാനങ്ങള്‍. ചിത്രം ജൂലായില്‍ റിലീസിനൊരുക്കാനുള്ള തയ്യാറെടുപ്പിലാണ്.

ഷട്ടറെന്ന ചിത്രത്തിനുശേഷം ജോയ് മാത്യു കഥയും തിരക്കഥയും ഒരുക്കുന്ന ചിത്രമായ അങ്കിളിലും മമ്മൂട്ടിയാണ് നായകകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഗിരീഷാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ഇതോടൊപ്പം തിരക്കഥാകൃത്ത് സേതു ആദ്യമായി സംവിധാനം നിര്‍വഹിക്കുന്ന ചിത്രമായ കോഴിത്തങ്കച്ചനിലും മമ്മൂട്ടി നായകാനായെത്തുന്നു. കോമഡിയുടെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ടൈറ്റില്‍ കഥാപാത്രമായ കോഴിത്തങ്കച്ചനെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്.

ഹാപ്പി വെഡ്ഡിങ്ങിലൂടെ പ്രശസ്തനായ ഒമര്‍ ലുലു ചങ്ക്‌സിനു ശേഷം സംവിധാനം ചെയ്യുന്ന കോമഡി ചിത്രത്തിലും ഒപ്പമെന്ന സൂപ്പര്‍ ഹിറ്റ് സിനിമയ്ക്ക് ശേഷം പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലും മമ്മൂട്ടിയുടെ പേരുതന്നെയാണ് കേള്‍ക്കുന്നത്.