കൊട്ടാരക്കര : മമ്മൂട്ടി 70 പിന്നിടുമ്പോൾ താരത്തിന്റെ ഹിറ്റ് ചിത്രങ്ങളിലൊന്നായ വല്യേട്ടന് വെള്ളിയാഴ്ച 21 തികയുകയാണ്. മലയാള സിനിമയുടെ തന്നെ വല്യേട്ടനായി മമ്മൂട്ടിയെ പ്രതിഷ്ഠിച്ച ചിത്രത്തിലെ കഥാപാത്രങ്ങൾ കൊട്ടാരക്കരയിലുള്ളവരാണെന്ന കഥ അധികമാർക്കുമറിയില്ല. പ്രമുഖ വ്യവസായികുടുംബമായ അമ്പലക്കര തറവാട്ടിലെ സഹോദരങ്ങളുടെ കഥയാണ് വല്യേട്ടൻ എന്ന സിനിമയായി വികസിച്ചത്.

സിനിമ നിർമിച്ച ബൈജു അമ്പലക്കരയുടെയും അനിൽകുമാർ അമ്പലക്കരയുടെയും മൂത്തസഹോദരൻ ജയകുമാറി(കൊച്ചുകുട്ടൻ)നെയാണ് മമ്മൂട്ടി വല്യേട്ടനിലൂടെ ശ്രദ്ധേയമാക്കിയത്. സഹോദരങ്ങൾക്കുവേണ്ടി എന്തും ചെയ്യാൻ മുണ്ടും മടക്കിക്കുത്തി പുറപ്പെട്ടിരുന്ന ജയകുമാർ നാട്ടിലെ ഏതുപ്രശ്നത്തിലും സജീവമായിരുന്നു. ആരെയും കൂസാത്ത, എന്നാൽ കുടുംബത്തിനും സഹോദരങ്ങൾക്കുംവേണ്ടി ഏതു പ്രതിസന്ധിയിലും നിലകൊണ്ടിരുന്ന ജയകുമാർതന്നെയാണ് സിനിമയിലെ മമ്മൂട്ടിയെന്ന് ഇരുവരും പറയുന്നു. 2005-ൽ ജയകുമാർ മരിച്ചു.

വല്യേട്ടൻ പിറന്ന വഴി

ബൈജു അമ്പലക്കര 1991-ൽ 19-ാമത്തെ വയസ്സിലാണ് ആദ്യസിനിമയായ കിലുക്കാംപെട്ടി നിർമിക്കുന്നത്. സായികുമാറും ഷാജി കൈലാസും ജയറാമുമായുള്ള സൗഹൃദമാണ് സിനിമയിലേക്കിറങ്ങാൻ കാരണം. 2000-ത്തിലാണ് വല്യേട്ടൻ സിനിമയിറങ്ങുന്നത്. സിനിമയെടുക്കാൻ ഷാജി കൈലാസും രഞ്ജിത്തുമായി ധാരണയായി. അമ്പലക്കര കുടുംബത്തിന്റെതന്നെ കഥയെഴുതാൻ രഞ്ജിത്തിനോട്‌ നിർദേശിച്ചത് നടൻ സായികുമാറാണ്. മൂത്തജ്യേഷ്ഠൻ ജയകുമാർ പ്രത്യേക രീതിയായിരുന്നു. കോളേജിൽ പഠിക്കുമ്പോൾത്തന്നെ എന്തിനും തയ്യാറാകുന്ന പ്രകൃതക്കാരൻ. കായികതാരം, വിദ്യാർഥി യൂണിയൻ പ്രവർത്തകൻ. വീട്ടിൽ കൊച്ചുകുട്ടൻ എന്നായിരുന്ന വിളിപ്പേര്.

സിനിമയിൽ വല്യേട്ടന് അനുജന്മാർ മൂന്നാണ്. എന്നാൽ അമ്പലക്കരയിൽ ജയകുമാറിന് നാല് അനുജന്മാരുണ്ടായിരുന്നു. നാലാമൻ അമൃതലാൽ ഒൻപതാമത്തെ വയസ്സിൽ മരിച്ചു. മൂത്തയാൾ ജയകുമാറായി മമ്മൂട്ടി, രണ്ടാമൻ സുരേഷ്‌കുമാറായി സിദ്ധിഖ്, മൂന്നാമൻ അനിൽകുമാറായി സുധീഷ്, നാലാമൻ ബൈജുവായി വിജയകുമാർ എന്നിവർ സിനിമയിൽ കഥാപാത്രങ്ങളായി. സിനിമയിലെ സംഭവങ്ങൾ എഴുത്തുകാരന്റെ ഭാവനയാണെങ്കിലും കഥാപാത്രങ്ങളും കഥയുടെ കേന്ദ്രവും അമ്പലക്കരതന്നെ. സിനിമയിൽ മമ്മൂട്ടിയുടെ വാഹനമായ ബെൻസ് കാർ ബൈജുവിന്റേതായിരുന്നു. സിനിമ മമ്മൂട്ടിക്ക്‌ ഒരു ഹിറ്റും ഒപ്പം അമ്പലക്കര എന്ന പേരിന്റെ പ്രശസ്തിക്കും കാരണമായി.

വല്യേട്ടന്റെ രണ്ടാംവരവ്

വല്യേട്ടനുശേഷം ബൈജു അമ്പലക്കര പുതിയ സിനിമ നിർമിച്ചിട്ടില്ല. വല്യേട്ടന്റെ രണ്ടാംഭാഗം നിർമിക്കുന്നതിനുള്ള ആലോചന സജീവമാണെന്ന് ബൈജു പറയുന്നു. കലാമൂല്യമുള്ള സിനിമകളുടെ നിർമാണത്തിലേക്ക് അനിൽകുമാർ അമ്പലക്കര കടന്നു. ആകാശത്തിന്റെ നിറം, നടൻ, പേരറിയാത്തവർ, ഹേ ജൂഡ് തുടങ്ങിയവ. മികച്ച പരിസ്ഥിതിചിത്ര നിർമാതാവിനുള്ള കേന്ദ്ര പുരസ്കാരംവരെ അനിൽകുമാറിന്‌ ലഭിച്ചു.

content highlights : Mammootty movie valliettan celebrates 21 years Shaji Kailas Anil ambalakkara Baiju Ambalakkara