2017-ല്‍ മലയാളസിനിമയില്‍ സംഭവിച്ച, ഏറെക്കുറെ നിശ്ശബ്ദമായ ഒരു കാര്യമുണ്ട്; നടന്‍ പൃഥ്വിരാജിന്റെ ഒരു പ്രസ്താവന, അദ്ദേഹംകൂടി നിര്‍മാണപങ്കാളിയായ ഓഗസ്റ്റ് സിനിമയുടെ ഗ്രേറ്റ് ഫാദര്‍ എന്ന മമ്മൂട്ടി സിനിമയുടെ കളക്ഷന്‍ ബൂമിനെ നിഷേധിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞ വാക്കുകള്‍.പിന്നീട് നാം കേള്‍ക്കുന്നത് അദ്ദേഹം ആ കമ്പനിയില്‍നിന്നും പിന്‍വാങ്ങി എന്നാണ്. തുടര്‍ന്ന് പൃഥ്വി പറയുന്നത് ഒരു ചിത്രത്തിന്റെ ബജറ്റ് അനുസരിച്ചല്ല ആ ചിത്രത്തിന്റെ മേന്മ അളക്കേണ്ടത് എന്നും, അത്തരം വലിയ ബജറ്റിലല്ല എന്റെ ശ്രദ്ധ എന്നുമാണ്.ആ പറഞ്ഞതിന് മലയാളി മനസ്സിലാക്കുന്ന അര്‍ഥം നല്ല കഥ, മൂല്യമുള്ള കലാസൃഷ്ടി, മികച്ച മേക്കിങ്, അത് അവശേഷിപ്പിക്കുന്ന കലാപരമായ അനുഭവം, സംസ്‌കാരം എന്നിവവെച്ചാണ് ഒരു സിനിമയെ അടയാളപ്പെടുത്തേണ്ടത് എന്നാണ്. പൃഥ്വി ഉദ്ദേശിച്ചതും അതുതന്നെയാകും.

എക്കാലവും സിനിമയില്‍ നിന്ന് ഒരു കലാസൃഷ്ടിയില്‍ നിന്ന് മനുഷ്യര്‍ പ്രതീക്ഷിക്കുന്നതും അതുതന്നെയാണ്. എന്റെ സിനിമകളില്‍ ഞാന്‍ സ്ത്രീവിരുദ്ധമായ സംഭാഷണങ്ങള്‍ പറയുകയില്ല എന്ന് അദ്ദേഹം നടത്തിയ സാമൂഹികപ്രാധാന്യമുള്ള  പ്രസ്താവനയോളംതന്നെ പ്രധാനമായ ഒരു കാര്യമാണ് ബജറ്റിനെക്കുറിച്ച് അദ്ദേഹം നടത്തിയതും. കാരണം മലയാള സിനിമ ഇന്ന് അതിന്റെ അഭിമാനം നിലനിര്‍ത്താന്‍ ശ്രമിക്കുന്നത്   ഊതിപ്പെരുപ്പിച്ച ബജറ്റിനെക്കുറിച്ച്   സംസാരിച്ചു   കൊണ്ടാണ്.
പുലിമുരുകന്‍ 150 കോടി ക്ലബ്ബില്‍ കയറി എന്നു പറയുമ്പോള്‍ ആരാധകര്‍ എന്തിനാണ് തൊട്ടടുത്ത മമ്മൂട്ടിപ്പടം 200 കോടി ക്ലബ്ബില്‍ കയറണം എന്ന് വിചാരിക്കുകയോ അഥവാ അത്തരമൊരു പ്രചാരണം അഴിച്ചുവിടുകയോ ചെയ്യുന്നത്?

സിബി കെ. തോമസ്-ഉദയകൃഷ്ണ കൂട്ടുകെട്ടിന്റെ മിക്കസിനിമകളിലും സ്ത്രീകള്‍ക്കെതിരായ പരാമര്‍ശങ്ങള്‍ ഉണ്ടായിട്ടുണ്ട്. 'മായാമോഹിനി'യും 'ശൃംഗാരവേലനു'മെല്ലാം ഉദാഹരണങ്ങളാണ്. ഇതിലൊക്കെ നായകനായ ഒരു നടന്റെ ഇപ്പോഴത്തെ അവസ്ഥ അറിയാമല്ലോ. ഇത്തരം സിനിമകള്‍ ഒരു സംസ്‌കാരമായി തീര്‍ന്നതാണ്, ആ നടന്റെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണം എന്നുവരെ കണക്കാക്കാവുന്നതാണ്.

'മാസ്റ്റര്‍പീസ്' എന്ന സിനിമയുടെ കൂടെ മമ്മൂട്ടി നില്‍ക്കുമ്പോള്‍ അദ്ദേഹം തന്റെ ആവേശകരവും അഭിമാനകരവുമായ അഭിനയ ഭൂതകാലത്തെ അപ്പാടെ റദ്ദ് ചെയ്യുകയാണ്. നമ്മുടെ മനസ്സിലെ മഹാബിംബമായ മമ്മൂട്ടി 'പുലിമുരുകനെ' തോല്‍പിക്കേണ്ടത് ഇങ്ങനെയൊരു പടം കൊണ്ടല്ല.

വടക്കന്‍വീരഗാഥയും തനിയാവര്‍ത്തനവും മതിലുകളും പൊന്തന്‍മാടയും വിധേയനും ഭൂതക്കണ്ണാടിയും പ്രാഞ്ചിയേട്ടനും  കൊണ്ടാണ്. മോഹന്‍ലാല്‍ കിരീടംകൊണ്ടും വാനപ്രസ്ഥംകൊണ്ടും മായാമയൂരംകൊണ്ടും വാസ്തുഹാരകൊണ്ടുമാണ് 'പുലിമുരുകനെ' തോല്‍പിക്കേണ്ടത്.

സൂപ്പര്‍ മെഗാതാരങ്ങള്‍ ആലോചിക്കേണ്ടത് വലിയ ബജറ്റുകള്‍ അല്ല, സാര്‍ഥകവും മഹത്ത്വവുമായ ജീവിതസന്ദര്‍ഭങ്ങളക്കുറിച്ചാണ്. അവരുടെ ചലച്ചിത്രാവിഷ്‌കാരങ്ങളെക്കുറിച്ചാണ്. ക്ഷണികമായ ഹീറോയിസത്തിന്റെ കമ്പക്കാര്‍ ആഘോഷങ്ങളിലല്ല. ഫാന്‍സ് നിങ്ങളൊക്കെ തളരുന്ന നിമിഷത്തില്‍ കൊഴിഞ്ഞുപോകുന്ന ശത്രുക്കള്‍ മാത്രമാണ്. നിങ്ങളുടെയൊക്കെ സിനിമകളും അഭിനയമുഹൂര്‍ത്തങ്ങളും കണ്ട ഞങ്ങള്‍ അങ്ങനെയല്ല. മികച്ച കലാകാരന്മാരായും മികച്ച മനുഷ്യരായും ഞങ്ങളുടെ ഹൃദയങ്ങളില്‍ കുടിയിരിക്കാന്‍ നിങ്ങള്‍കൂടി ഒന്ന് ഉത്സാഹിക്കണം. നിങ്ങളോടും നിങ്ങളുടെ സിനിമാനിര്‍മാതാക്കളോടും ഞങ്ങള്‍ക്ക് ഒന്നുകൂടി, ഗൗരവമായി സൂചിപ്പിക്കാനുണ്ട്. ഇന്ത്യപോലൊരു രാജ്യത്ത് അതിന്റെ തെക്കേയറ്റമായ കേരളത്തില്‍ ഇരുന്നുകൊണ്ട് 250 കോടി 500 കോടി 1000 കോടി എന്നൊക്കെ ബജറ്റ് വെച്ച് വീറുകാണിക്കുന്നത് വലിയൊരു സാമ്പത്തിക നഷ്ടംകൂടിയാണ്.

അത് ഇപ്പോഴും ദരിദ്രമായിരിക്കുന്ന ഈ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ വെല്ലുവിളിക്കുകയും ദരിദ്രനാരായണന്മാരുടെ മുഖത്തുനോക്കി കൊഞ്ഞനംകുത്തലുമാണ്. നോക്കൂ, നിങ്ങള്‍ നന്നായി ഒരാവിഷ്‌കാരം നടത്താത്ത, ഞങ്ങളെ കരയിപ്പിക്കാത്ത ചിന്തിപ്പിക്കാത്ത ഒരു സിനിമയും കോടികളുടെ പേരില്‍ ഞങ്ങള്‍ വിലവയ്ക്കുകയില്ല. മലയാളിക്കും മലയാള സിനിമാപ്രേക്ഷകനും ഒരു ഗുണവും ചെയ്യാത്തതാണ് ലാഭത്തിന്റെ ആഹ്ളാദം.

ദയവായി ഇനിയൊരു 'വെളിപാടോ' മാസ്റ്റര്‍പീസോ വരും മുന്‍പ് 'വടക്കന്‍വീരഗാഥ'യും 'കിരീട'വും പോലുള്ള മികച്ച സിനിമകള്‍ ഒന്നു റീ റിലീസ് ചെയ്യാമോ? കിരീടവും തനിയാവര്‍ത്തനവും കണ്ട് ഞങ്ങളുടെ കൊച്ചുമക്കള്‍ കരയട്ടെ.

ഞങ്ങള്‍ക്കത് സന്തോഷമാണ്. ഇതാണ് മക്കളേ നമ്മുടെ മമ്മൂട്ടിയും മോഹന്‍ലാലുമെന്ന് ഞങ്ങള്‍ക്ക് അഭിമാനത്തോടെ പറയണം. അവരില്‍ കഥാര്‍സിസ് സംഭവിക്കട്ടെ. മാസ്റ്റര്‍പീസിലെ സ്മിതടീച്ചറെക്കണ്ട് ഞങ്ങളുടെ മക്കള്‍ അധ്യാപികമാരുടെ അരക്കെട്ടിലേക്ക് നോക്കുന്നത് ഞങ്ങള്‍ക്ക് സഹിക്കില്ല അതുകൊണ്ടാണ്.

ഞങ്ങള്‍ക്ക് കോടികളുടെ കണക്കിനുപകരം ഭാവാവിഷ്‌കാരത്തിന്റെ അലകടല്‍ തരൂ. നിവര്‍ന്നുനിന്നാല്‍ അഭിനയത്തില്‍ നിങ്ങളെയൊക്കെ തോല്‍പിക്കാന്‍ ആര്‍ക്ക് കഴിയും!

Content Highlights: Mammootty mohanlal movies latest Malayalam Movies Super hits of Mammootty Mohanlal