Ajai Vasudev, Mammootty
മൂന്ന് സിനിമകള്‍, മൂന്നിനും മൂന്ന് വര്‍ഷത്തെ ഗ്യാപ്, മൂന്നിലും നായകന്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി, മൂന്നും ആരാധകരെ ആവേശം കൊള്ളിക്കുന്ന മാസ് ചേരുവയില്‍ ഒരുക്കിയത്. പറഞ്ഞുവരുന്നത് സംവിധായകന്‍ അജയ് വാസുദേവിനെക്കുറിച്ചാണ്. അസിസ്റ്റന്റ് ഡയറക്ടറായി സിനിമയിലെത്തി സംവിധാനം ചെയ്ത മൂന്നാമത്തെ ചിത്രം ഷൈലോക്ക് റിലീസിന് തയ്യാറെടുക്കുന്ന വേളയില്‍ അജയ് മാതൃഭൂമി ഡോട് കോമിനോട് പങ്കുവയ്ക്കുന്നത് മാസ് സിനിമകളോടുള്ള തന്റെ പ്രണയമാണ്. ഒപ്പം ഡാര്‍ക്ക് മെയ്ക്കപ്പിട്ട നെഗറ്റീവ് ടച്ചുള്ള ഹീറോ ബോസിനെക്കുറിച്ചും അജയ് മനസ് തുറക്കുന്നു
ഷേക്‌സ്പീരിയന്‍ വില്ലനും സിനിമയിലെ നായകനും
ഒരു മാസ് ഫാമിലി എന്റര്‍ടെയ്‌നര്‍ ആയി ഒരുക്കിയിരിക്കുന്ന ചിത്രമാണ് ഷൈലോക്ക്. സിനിമയിലെ നിര്‍മാതാക്കള്‍ക്ക് പണം പലിശയ്ക്ക് കൊടുക്കുന്ന ബോസ് എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ മമ്മൂക്ക എത്തുന്നത്. കൊടുത്ത പണം പലിശ സഹിതം തിരിച്ചു കിട്ടിയില്ലെങ്കില്‍ ബോസ് പ്രതികരിക്കുക വേറെ രീതിയിലാണ്.
ഷേക്സ്പിയര്‍ മാസ്റ്റര്‍പീസായ മര്‍ച്ചന്റ് ഓഫ് വെനീസിലെ ഷൈലോക്ക് എന്ന കഥാപാത്രം ഏറ്റവും ക്രൂരനായ പലിശക്കാരനാണ്. അതുകൊണ്ട് പോലീസുകാരും സിനിമാക്കാരും ബോസിന് നല്‍കിയിരിക്കുന്ന പേരാണ് ഷൈലോക്ക് എന്നത്.
Read More : കണ്ണേ കണ്ണേ... ; തരംഗമായി ഷൈലോക്കിലെ ഗാനം
സാധാരണ ഒരു കുടുംബം സിനിമയ്ക്ക് പോകാന്‍ ഉദ്ദേശിക്കുമ്പോള്‍ പാട്ടും ഫൈറ്റും കോമഡിയും ഒക്കെയുള്ള ഒരു കളര്‍ഫുള്‍ സിനിമയാകും തിരഞ്ഞെടുക്കുക. അങ്ങനെയുള്ള ഒരു ഫാമിലിക്ക് ഉറപ്പായും ഷൈലോക്കിനായി ടിക്കറ്റെടുക്കാം.
3 സിനിമ, 3 വര്‍ഷം, മമ്മൂക്ക, പിന്നെ മാസും
കരിയറിലെ മൂന്നു സിനിമകള്‍ തമ്മിലും മൂന്ന് വര്‍ഷത്തെ വ്യത്യാസമുണ്ടെന്നുള്ളത് പുതിയ അറിവായിരുന്നു. അത് ഞാന്‍ ശ്രദ്ധിച്ചിരുന്നില്ല. 2002-ല്‍ കല്യാണരാമനില്‍ അസിസ്റ്റന്റ് ഡയക്ടറായാണ് ഞാന്‍ സിനിമയില്‍ എത്തുന്നത്. ദിലീപേട്ടനാണ് എന്നെ സിനിമയിലേക്ക് കൊണ്ട് വരുന്നത്. പിന്നീട് ജോണി ആന്റണി, ഷാഫി സാര്‍, റോഷന്‍ ആന്‍ഡ്രൂസ്, ജോഷി സാര്‍, വൈശാഖ് എന്നിങ്ങനെ ഒരുപാട് പേരോടൊപ്പം അസിസ്റ്റന്റ് ഡയറക്ടറും അസ്സോസിയേറ്റ് ഡയറക്ടറുടെ ജോലി ചെയ്തിട്ടുണ്ട്.
സ്വതന്ത്ര സംവിധായകനാകുമ്പോള്‍ ആദ്യ സിനിമ മമ്മൂക്കയെ വച്ചേ ചെയ്യൂ എന്ന് ഞാന്‍ തീരുമാനിച്ചിരുന്നു. പക്ഷേ രണ്ടാമത്തെയും മൂന്നാമത്തെയും ചിത്രങ്ങള്‍ അങ്ങനെ യാദൃശ്ചികമായി സംഭവിച്ചു പോയതാണ്.
പിന്നെ ഓരോരുത്തര്‍ക്കും ഓരോ തരം സിനിമകളോടാണല്ലോ ഇഷ്ടം. ഞാന്‍ കാണാന്‍ ഏറ്റവുമധികം ഇഷ്ടപ്പെടുന്നത് മാസ് ചിത്രങ്ങളാണ്. അതുകൊണ്ട് തന്നെയാണ് മൂന്ന് മാസ് സിനിമകള്‍ ചെയ്തതും.
മമ്മൂട്ടി ആരാധകന്‍
ഒരു ആരാധകന്‍ എന്ന നിലയിലാണ് മമ്മൂക്കയെ ആദ്യം ഇഷ്ടപ്പെടുന്നത്. അങ്ങനെയാണ് സിനിമയാണ് കരിയര്‍ എന്ന് തന്നെ തീരുമാനിക്കുന്നത്. ചെയ്ത മൂന്ന് ചിത്രങ്ങളിലും മമ്മൂക്കയുടെ ഭാഗത്തു നിന്നും വലിയ പിന്തുണയാണ് ലഭിച്ചത്. വളരെയധികം എന്‍ജോയ് ചെയ്താണ് മമ്മൂക്ക ഷൈലോക്കിനായി ഡബ് ചെയ്തത്. അത് ആ കഥാപാത്രം അത്രയേറെ നന്നായത് കൊണ്ടാണെന്ന് തോന്നുന്നു. ഇനിയും അദ്ദേഹത്തിന്റെ കൂടെ ചിത്രങ്ങള്‍ ചെയ്യാന്‍ സാധിക്കട്ടെ എന്നേ ഉള്ളൂ .
മോഹന്‍ലാല്‍ ചിത്രം
സിനിമ കണ്ടുതുടങ്ങുന്ന കാലം മുതലേ നമ്മള്‍ കാണുന്നത് മമ്മൂക്കയുടെയും ലാലേട്ടന്റെയും ചിത്രങ്ങളാണ്. നല്ലൊരു സബ്ജക്ട് ഒത്തുവന്നാല്‍, അത് ലാലേട്ടന് ഇഷ്ടമായാല്‍ തീര്‍ച്ചയായും അദ്ദേഹത്തെ വച്ച് ഒരു പടം ഞാന്‍ ചെയ്യും. പിന്നെ എടുക്കാന്‍ പോകുന്നത് എന്ത് തന്നെയായാലും ഒരു മാസ് ചിത്രം തന്നെ ആയിരിക്കുമെന്നതില്‍ സംശയമില്ല.
Read More : ഷൈലോക്ക് തമിഴിലും, ടീസര്‍ കാണാം
സിനിമ കണ്ടാല്‍ വഴിതെറ്റില്ല
സിനിമ സമൂഹത്തെ തെറ്റായ രീതിയില്‍ സ്വാധീനിക്കുമെന്ന് തോന്നുന്നില്ല. എന്റര്‍ടെയ്ന്‍മെന്റിന് വേണ്ടിയാണ് നമ്മള്‍ സിനിമ കാണാന്‍ വരുന്നത്. സിനിമയെ സിനിമയായി കണ്ടുകഴിഞ്ഞാല്‍ ഒരു വിഷയവുമില്ല. കേരളത്തിലേത് പ്രബുദ്ധരായ ജനങ്ങളാണ്. അവര്‍ സിനിമയെ സിനിമയായി തന്നെ കാണുന്നവരാണ്. അതുകൊണ്ട് സിനിമ കണ്ട് ആരും വഴിതെറ്റുമെന്ന് തോന്നുന്നില്ല
Content Highlights : Mammootty Film Shylock Director Ajai Vasudev Interview Shylock Release malayalam movie
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..