പ്രകാശ് സാരംഗ്, മാളികപ്പുറം സിനിമയുടെ പോസ്റ്റർ | ഫോട്ടോ: www.facebook.com/profile.php?id=100077901532258, www.facebook.com/IamUnniMukundan
സ്വാമി അയ്യപ്പൻ സിനിമയ്ക്കുവേണ്ടി 1975-ൽ യേശുദാസ് ‘ഹരിവരാസനം’പാടുമ്പോൾ കൊട്ടാരക്കര പുത്തൂർ സ്വദേശി പ്രകാശിന് ആറ് വയസ്സ്. സംഗീതാഭിരുചിയുള്ള ആ കുട്ടിയും അന്ന് അന്നത്തെ ഹിറ്റുകളിലൊന്നായിരുന്ന ഹരിവരാസനം മൂളിപ്പാടി നടന്നു. 47 വർഷങ്ങൾക്കിപ്പുറം ഹരിവരാസനം ഒരു സിനിമയ്ക്കുവേണ്ടി വീണ്ടും റെക്കോഡ് ചെയ്തു. പാടാൻ അവസരം ലഭിച്ചത് പ്രകാശ് ബി. എന്ന പഴയ ആറു വയസ്സുകാരന്.
മാളികപ്പുറം എന്ന സമീപകാല ഹിറ്റ് സിനിമ അവസാനിക്കുമ്പോൾ കേൾക്കുന്ന ആ ഹരിവരാസനം ഒരുവിസ്മയം പോലെ ഓർക്കാനാണ് പത്തനംതിട്ട സാംരംഗിലെ സ്റ്റാർ ഗായകനായ പ്രകാശ് സാരംഗ് എന്ന അന്നത്തെ ബി.പ്രകാശിന് ഇഷ്ടം. ഹരിവരാസനം തന്റെ കൂടി മേൽവിലാസത്തിൽ ആസ്വാദകരിലേക്കെത്തുന്നതിനെ അയ്യപ്പനിയോഗമായും ഈ കലാകാരൻ കാണുന്നു.
അപ്രതീക്ഷിതമായിട്ടാണ് മാളികപ്പുറം സിനിമയുടെ നിർമാതാക്കളിൽ ഒരാളായ ആന്റോ ജോസഫിന്റെ വിളി എത്തിയത്. ആയിരത്തോളം ഗായകരിൽ നിന്നാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ഇദ്ദേഹത്തിലേക്ക് എത്തിയത്. ഒരിക്കൽപോലും പിന്നണി ഗാനരംഗത്തു പ്രവർത്തിക്കാൻ ഒരുശ്രമവും നടത്തിയിട്ടില്ലാത്ത അദ്ദേഹം ആദ്യമായിട്ടാണ് സിനിമയിൽ പാടുന്നത്.
20 വർഷമായി സാരംഗിനു വേണ്ടി നാലായിരത്തിലേറെ വേദികളിൽ പാട്ടുപാടി. പത്തനംതിട്ടയോടും ഇവിടുത്തെ ട്രൂപ്പിനോടും അത്രമേൽ അടുപ്പം ഉണ്ടായതുകൊണ്ട് ഇവിടം വിട്ട് എവിടേക്കും പോകാൻ മനസ്സ് അനുവദിച്ചില്ല.
ഗിറ്റാർ പഠിക്കാനുള്ള കമ്പവുമായി പ്രശസ്ത ഗിറ്റാറിസ്റ്റ് മുളവന രാധാകൃഷ്ണന്റെ അടുത്ത് എത്തിയതാണ് വലിയ വഴിത്തിരിവായത്. പ്രകാശിന്റെ പാടാനുള്ള സ്വതസിദ്ധമായ കഴിവ് തിരിച്ചറിഞ്ഞ അദ്ദേഹം തിരുവനന്തപുരം ജൂപിറ്റർ എന്ന ട്രൂപ്പിലേക്കാണ് പ്രകാശിനെ എത്തിച്ചത്. 90-കളുടെ അവസാനത്തിൽ മുപ്പതാം വയസ്സിൽ സംഗീതത്തെ പറ്റി ശാസ്ത്രീയമായി ഒരു അറിവുമില്ലാതെ ഗാനമേള രംഗത്തേക്ക് കടന്ന് വന്നത് ജന്മസിദ്ധമായ കഴിവ് മാത്രം കൈമുതലാക്കിയാണ്.
അവിടെനിന്നും അടൂർ മെലഡി ട്രൂപ്പിൽ പാടിക്കൊണ്ടിരിക്കുന്ന കാലത്താണ് സാരംഗിന്റെ മാനേജർ ഫിറോസ് ഇദ്ദേഹത്തിന്റെ ‘മഞ്ഞക്കിളിയുടെ മൂളിപ്പാട്ട്’ എന്ന ഗാനം ആലപിച്ചത് റെക്കോഡിലൂടെ കേൾക്കാൻ ഇടയായി. അന്ന് സാരംഗിലേക്ക് വിളിച്ചതാണ്. പിന്നെ ഇത്രയും കാലവും അവിടം വിട്ടുപോയിട്ടില്ല.ശാസ്ത്രീയമായി സംഗീതം അഭ്യസിച്ചിട്ടില്ലാത്ത പ്രകാശ് ഏറ്റവും കൂടുതൽ ആലപിച്ചിട്ടുള്ളത് യേശുദാസിന്റെ രാഗസാന്ദ്രമായ ഗാനങ്ങളാണ്. ഭാര്യ ഗീതയും മകൾ ഗൗരിയും അടങ്ങുന്നതാണ് പ്രകാശിന്റെ കുടുംബം.
Content Highlights: malikappuram movie harivarasanam song, singer prakash sarang, ranjin raj music director
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..