കൊല്ലം പരവൂര്‍ സ്വദേശികളായ വിദ്യ-വൃന്ദാ സഹോദരിമാര്‍ക്ക് കബഡി വെറും കളിയല്ല. ജീവവായുവാണ്. ബി.എ യ്ക്ക് പഠിച്ചു കൊണ്ടിരിക്കുന്ന ഇരുവരും ഏഴാം ക്ലാസ്സില്‍ പഠിക്കുന്ന കാലം മുതലേ കബഡി പരിശീലിച്ച് കളിച്ചു തുടങ്ങി. ഇവര്‍ക്ക് കബഡിയോട് അഭിനിവേശമുണ്ടാവാന്‍ കാരണക്കാരന്‍ അവരുടെ അമ്മാവന്‍ ,കേരള സ്റ്റേറ്റ് കബഡി കളിക്കാരന്‍ സുകേഷാണ് .ഇരുവരും ചെറുപ്പം തൊട്ടേ കബഡി കളിച്ച് സബ് ജൂനിയര്‍, സീനിയര്‍ കബഡി മത്സരങ്ങളില്‍ പങ്കെടുത്ത് വിജയം നേടി ഇന്ന് ലോകമെമ്പാടുമുള്ള കബഡിപ്രേമികളുടെ ശ്രദ്ധയാകര്‍ഷിച്ചിരിക്കയാണ്.

പതിനഞ്ചില്‍പരം ദേശീയ കബഡി മത്സരങ്ങളില്‍ പങ്കെടുത്ത ഈ ഇരട്ട സഹോദരിമാര്‍ ഏഷ്യന്‍ ഗെയിംസില്‍ അവസാന ക്യാമ്പ് വരെ പങ്കെടുത്തു എന്നതും ശ്രദ്ധേയം. കേരള സര്‍ക്കാര്‍ സ്‌പോര്‍ട്‌സ് കൗണ്‍സിലും ഇവരെ അകമഴിഞ്ഞു പ്രോത്സാഹിപ്പിക്കുന്നു.

അപ്രതീക്ഷിതമായാണ് തമിഴിലെ പ്രശസ്ത സംവിധായന്‍ സുശീന്ദ്രന്‍ സംവിധാനം ചെയ്ത കെന്നഡി ക്ലബ് എന്ന സിനിമയില്‍ അഭിനയിക്കാന്‍ ക്ഷണം ലഭിച്ചത്. ആദ്യം മടിച്ചെങ്കിലും പിന്നീട് കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഇരുവരും സമ്മതിക്കുകയായിരുന്നു .

Kollywood

'കെന്നഡി ക്ലബിലെ ഞങ്ങള്‍ അഭിനയിച്ച രംഗങ്ങള്‍ സ്‌ക്രീനില്‍ കണ്ടപ്പോള്‍ ഞങ്ങള്‍ക്ക് തന്നെ വിശ്വസിക്കാനായില്ല. സിനിമയുടെ ട്രെയിലര്‍ കണ്ടിട്ട് കൂട്ടുകാരും അഭ്യുദയകാംഷികളും  അഭിനന്ദിക്കുമ്പോള്‍ സന്തോഷവും അഭിമാനവുമുണ്ട്. ഈ അഭിനന്ദനങ്ങള്‍ക്കെല്ലാം അവകാശികള്‍ ഞങ്ങളുടെ മാതാപിതാക്കള്‍ ബീനാ ,വിമലേശന്‍  അമ്മാവന്‍ സുകേഷ് എന്നിവരാണ്.

സുശീന്ദ്രന്‍ സാറിന്റെ സംവിധാനത്തില്‍ തമിഴ് സിനിമയുടെ ബ്രാന്മാവ് ഭാരതിരാജാ സാറിനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു. കൂടാതെ നായകന്‍ ശശികുമാര്‍ സാര്‍ ഞങ്ങളെ  പ്രോത്സാഹിപ്പിച്ചു. കെന്നഡി ക്ലബില്‍ അഭിനയിച്ചു എന്നതിനേക്കാള്‍ ഒരു കൂട്ടുകുടുംബമായി ജീവിച്ചു എന്ന് പറയുന്നതാവും ശരി. ഈ സിനിമ കബഡിയെയും അതിന്റെ മഹത്വത്തേയും വലിയ രീതിയില്‍ ജനങ്ങളിലേക്ക് എത്തിക്കുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു-അവർ പറഞ്ഞു.

Kollywood

ശശികുമാര്‍ നായകനായി അഭിനയിക്കുന്ന 'കെന്നഡി ക്ലബി'ല്‍ ആദ്യന്തം നിറഞ്ഞു നില്‍ക്കുന്ന ശ്രദ്ധേയ കഥാപാത്രങ്ങളാണ് വിദ്യയുടേതും വൃന്ദയുടേതും. ഭാരതിരാജ കബഡി കോച്ചായി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പുതുമുഖം മീനാക്ഷി രാജേന്ദ്രനാണ് നായിക. കെന്നഡി ക്ലബ് ആഗസ്ത് 15 ന് പ്രദര്‍ശനത്തിനെത്തും.

Content Highlights : Malayali Kabadi Players And Sisters To debut in Tamil Cinema Kennedy Club