പ്രശസ്ത സംവിധായകനായിരുന്ന ലോഹിതദാസിന്റെ പന്ത്രണ്ടാം ചരമവാർഷിക ദിനത്തിൽ അദ്ദേഹത്തെ ഓർക്കുകയാണ് പ്രൊഡക്ഷൻ എക്സിക്യൂട്ടീവും സഹായിയും ആയിരുന്ന അരവിന്ദൻ നെല്ലുവായ്

2007-ൽ നിവേദ്യം എന്ന സിനിമയുടെ ചിത്രീകരണവും കഴിഞ്ഞ് ചെറുതുരുത്തിയിലെ റെസ്റ്റ്ഹൗസിൽ നിന്ന് ലോഹിയേട്ടനും ഞാനും ഒരുമിച്ചാണ് യാത്ര ചെയ്തത്. അദ്ദേഹം എന്നെ തൃശ്ശൂരിൽ ഇറക്കി ആലുവക്ക് പോകുകയായിരുന്നു. യാത്രപറയുമ്പോൾ അദ്ദേഹം സിനിമയെല്ലാം റിലീസ് ആയതിനുശേഷം തൃശ്ശൂരിലേക്ക് എഴുത്തിന്റെ വഴികളുമായി വീണ്ടും വരുമെന്ന് പറഞ്ഞിരുന്നു.

പിന്നീട് നിവേദ്യം സിനിമയുടെ റിലീസിന് ശേഷം മാസങ്ങൾക്കു ശേഷം ഒരു ദിവസം കറന്റ് ബുക്സിന്റെ മാനേജർ കെ.ജെ.ജോണി എന്നെ വിളിക്കുകയുണ്ടായി. തൃശ്ശൂരിലെ കാസിനോ ഹോട്ടലിൽ ലോഹിയേട്ടൻ എത്തിയിട്ടുണ്ടെന്നും നേരിട്ട്  വന്ന് അദ്ദേഹത്തെ കാണണമെന്നും എന്നോട്  പറഞ്ഞു.നിർദേശപ്രകാരം കാസിനോവിൽ ചെല്ലുകയും ലോഹിയേട്ടനെയും ജോണിയേട്ടനെയും കാണുകയും ചെയ്തു.

ഭൂതകണ്ണാടി എന്ന തിരക്കഥ പുസ്തകരൂപത്തിൽ ഇറക്കുന്നതിനെപ്പറ്റി സംസാരിക്കുകയും അതിനുവേണ്ടി തൃശ്ശൂരിലെ എല്ലാ സുഹൃത്തുക്കളെയും അറിയിക്കണമെന്നുള്ള ദൗത്യം എന്നെ ഏല്പിക്കുകയായിരുന്നു. അതൊരു പുതിയ തുടക്കം ആയിരുന്നു. തൃശ്ശൂരിലെ ഏറ്റവും കൂടുതൽ സൗഹൃദം ഉള്ളവരെ കാണാനും നേരിൽ സംസാരിക്കാനും കഴിഞ്ഞത് ലോഹിയേട്ടനെ സംബന്ധിച്ച് വലിയൊരു ആത്മവിശ്വാസത്തിന് തുടക്കം കുറിക്കുകയായിരുന്നു.

നിവേദ്യം എന്ന സിനിമ ലോഹിയേട്ടന്റെ ജീവിതത്തിലെ തിരിച്ചറിവുകൾക്ക് വേദിയായി. തന്റെ ജീവിതഗന്ധിയായ കഥകൾ സൃഷ്ടിച്ചതും തന്നെ തേടിയെത്തിയതും തന്റെ സഞ്ചാരങ്ങളിലൂടെയായിരുന്നു എന്നത് വീണ്ടും ഓർമപ്പെടുത്തലുകളായി. തന്നെ തേടിവന്ന സാധാരണക്കാരുടെ ജീവിതാംശങ്ങൾ തന്റെ കഥാരചനക്ക് സഹായകമായിരുന്നു എന്ന തോന്നൽ ലോഹിയേട്ടനെ ഉണർത്തി.

അതുകൊണ്ട് തന്നെ ആ പഴയ ജീവിതതാളങ്ങൾ നേടിയെടുക്കാൻ ഏറ്റവും വളക്കൂറുള്ളത് വടക്കുനാഥന്റെ മണ്ണിലാണെന്ന് ലോഹിയേട്ടന് അറിയാമായിരുന്നു.

പത്രപ്രവർത്തകനായ ജയൻ ശിവപുരത്തിന്റെ സുഹൃത്തുക്കൾ വഴിയാണ് കുട്ടനെല്ലൂരിലെ ഹിൽ ഗാർഡനിൽ ഒരു നല്ല വീട് വാടകക്ക് കിട്ടിയത്. തന്റെ തിരക്കഥാരചനക്ക് ഏറ്റവും ഉത്തമമായ പുതിയ ഒരിടം കിട്ടിയത് ലോഹിയേട്ടന്റെ മനസ്സിന് ഏറെ സന്തോഷം നൽകിയിരുന്നു. തന്റെ ഉറ്റ സുഹൃത്തുക്കളായ ജോണിയും ജയൻ ശിവപുരവും ഞാനും ഒരുമിച്ച് തന്റെ ചുറ്റുവട്ടത്തുള്ളത് ആ സ്ഥലം തിരഞ്ഞെടുക്കാൻ കാരണമായി.

 ലോഹിയേട്ടൻ തന്റെ ജീവിതത്തിലെ പുതിയ ഒരു ദിശാബോധം സൃഷ്ടിക്കുകയായിരുന്നു.
വെളുപ്പിന് എഴുന്നേറ്റുള്ള സവാരിയും വഴിവക്കിലെ ചായക്കടയിൽ നിന്ന് ചായ വാങ്ങി കുടിച്ചും തന്റെ സിനിമാപ്രേമികളുമായി സംവദിച്ചും പുതിയൊരു കാഴ്ചപ്പാടിന്റെ ദിശയിലേക്ക് മാറിയിരുന്നു. വർഷങ്ങൾക്ക് മുൻപ് സിനിമയിൽ തിരക്കേറുന്ന സമയം ഷൊർണ്ണൂർ റെസ്റ്റ് ഹൗസിൽ സ്ഥിരമായിരുന്ന് എഴുത്ത് നടത്തിയിരുന്നപ്പോൾ കാലത്ത് എഴുന്നേറ്റ് ഇത്തരം സവാരി നടത്തിയതിന്റെ ഓർമ്മകൾ ലോഹിയേട്ടനിലുണ്ടായിരുന്നു.അന്ന് കണ്ടുമുട്ടിയിരുന്ന പല മുഖങ്ങളും പിന്നീട് അദ്ദേഹത്തിന്റെ സിനിമയിലെ കഥാപാത്രങ്ങളായി. ഭീഷ്‌മർ എന്ന ചിത്രത്തിന്റെ തിരക്കഥ പൂർണമാക്കി തയ്യാറാക്കുക എന്ന ദൗത്യം വളരെ കഠിനമായിരുന്നു. ഈ സിനിമ അദ്ദേഹത്തിന്റെ ചലച്ചിത്ര ജീവിതത്തിൽ ഒരു നാഴികക്കല്ലായി മാറണമെന്നുള്ള ദൃഢനിശ്ചയം ഉണ്ടായിരുന്നു.

ഒരു ദിവസം ലോഹിയേട്ടന്റെ നിർദേശപ്രകാരം കുട്ടനെല്ലൂരിലെ ഹിൽ ഗാർഡനിൽ എത്തിയപ്പോൾ ഒരു ചെറുപ്പക്കാരൻ ലോഹിയേട്ടന്റെ മുൻപിൽ ഇരിക്കുന്നുണ്ടായിരുന്നു. ലോഹിയേട്ടന്റെ സംസാരങ്ങൾ ശ്രദ്ധിച്ചുകൊണ്ടിരുന്നത് ഇന്നത്തെ പ്രശസ്ത നടൻ ഉണ്ണിമുകുന്ദൻ. ഭീഷ്‌മർ എന്ന സിനിമയിൽ മോഹൻലാൽ എന്ന മഹാനാടനോടൊപ്പം ശ്രദ്ധേയമായ കഥാപാത്രം നൽകി ഒരു നായകനെ മലയാള സിനിമക്ക് സമ്മാനിക്കാനുള്ള ദൃഢനിശ്ചയത്തിലായിരുന്നു അന്ന് അദ്ദേഹം. ആകാരഭംഗികൊണ്ടും മുഖശ്രീകൊണ്ടും നടനുതുകുന്ന ശരീരശാസ്ത്രം ഉണ്ണിമുകുന്ദനിൽ അദ്ദേഹം കണ്ടിരുന്നു. ആ സ്വപ്‌നങ്ങൾ പരിപൂർണ്ണമാവാതെയാണ് ലോഹിയേട്ടൻ വിടചൊല്ലിയത്.

തൃശ്ശൂരിലെ പകലുകളെല്ലാം ലോഹിയേട്ടന് തിരക്കുപിടിച്ചതായിരുന്നു. അതുകൊണ്ട് തന്നെ കെ. ജെ.ജോണിയും ജയൻ ശിവപുരവും പിന്നെ ഞാനും സായാഹ്നങ്ങളിൽ അദ്ദേഹത്തോടൊപ്പം ചിലവിട്ട ധന്യനിമിഷങ്ങൾ വേദനയോടു കൂടി മാത്രമേ  ഇന്ന് ഓർക്കാൻ കഴിയുകയുള്ളൂ.

ഒട്ടനവധി ആളുകൾ ലോഹിയേട്ടനെ അന്വേഷിച്ചു എങ്ങനെയൊക്കെയോ അവിടെയും എത്തുമായിരുന്നു.  എഴുത്തിന്റെ വഴികൾ പലദിവസങ്ങളിലും ലോഹിയേട്ടനിൽ നിന്ന് അകന്നു പോയിട്ടുണ്ട്. ഒരാൾ തന്നെ തേടിവന്നാലോ തന്നെ വിളിച്ചാലോ മുഖം കൊടുക്കാതെ മാറിനിൽക്കുന്ന സ്വഭാവം ലോഹിയേട്ടന് ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ എഴുത്തിന്റെ വിഘ്‌നങ്ങൾ തുടർന്ന് കൊണ്ടേയിരുന്നു. ചിലരുടെ വാക്കുകളും പ്രവൃത്തികളും ഒരു പരിധിവരെ അദ്ദേഹത്തെ അലോസരപ്പെടുത്തിയിരുന്നു.

അത്തരം സംസാരങ്ങൾക്കു ശേഷം ലോഹിയേട്ടൻ നീണ്ട മൗനത്തിൽ അകപ്പെടുകയും അതുവരെ കാണാത്ത ആളാവുകയും പതിയെ ഒരു കുട്ടിയെപോലെ നിസ്സംഗനായിരിക്കുന്നതും കാണാമായിരുന്നു.
 തൃശ്ശൂരിലെ എഴുത്തിന്റെ ദിനങ്ങളിലെ സായാഹ്നസമയങ്ങളിൽ അദ്ദേഹം സാഹിത്യ അക്കാദമിയുടെയും സംഗീത നാടക അക്കാദമിയുടെയും പരിപാടികൾ ദർശിക്കാൻ മറന്നിരുന്നില്ല. ഒരു സാധാരണക്കാരനെപ്പോലെ ചിലപ്പോഴൊക്കെ എന്നെയും കൂട്ടി ആ പരിസരങ്ങളിലൂടെ നടക്കുമായിരുന്നു. തന്റെ മനസ്സിലെന്നും ഒരു സാഹിത്യകാരനെയും നാടകക്കാരനെയും അദ്ദേഹം ഊട്ടി വളർത്തിയിരുന്നു.

തന്റെ സിനിമാജീവിത തിരക്കുകൾക്കിടയിൽ നഷ്ടപ്പെട്ടുപോയ എന്തിനോതേടിയുള്ള ഒരു പുറപ്പാടായി എനിക്ക് പലപ്പോഴും അനുവപ്പെട്ടിട്ടുണ്ട്. കണ്ടും കേട്ടും മതിവരാതെ വീണ്ടും വീണ്ടും ജീവിതങ്ങളുടെ കഥയിലേക്ക് ഇറങ്ങിച്ചെല്ലുവാൻ വെമ്പുന്ന ഒരു മനസ്സ് ലോഹിയേട്ടനിൽ പ്രകടമായിരുന്നു. ഭീഷ്‌മർ എന്ന സിനിമയുടെ തിരക്കഥയുടെ പൂർണ രൂപമായാൽ അതിന്റെ ചിത്രീകരണം തുടങ്ങുവാനുള്ള തയ്യാറെടുപ്പുകളിൽ പ്രശസ്ത നിർമാതാവായ ജോണിസാഗരിക പൂർണ്ണമനസ്സോടെ തയ്യാറായിരുന്നു. അദ്ദേഹം ഇടക്ക് വരുമായിരുന്നു. സിനിമയെ കുറിച്ചുള്ള ചർച്ചകൾക്ക് ശേഷം പുറംലോകമായി ലോഹിയേട്ടനെയും കൊണ്ട് വണ്ടിയിൽ യാത്ര ചെയ്യുമായിരുന്നു.

എല്ലാം കഴിഞ്ഞ് യാത്രയാകുമ്പോൾ മാത്രം എഴുത്തിനെ കുറിച്ചൊന്നു ചോദിക്കും. അതിന് ഒരു പുഞ്ചിരി മാത്രം മറുപടി നൽകി യാത്രയാക്കും.

അതുപോലെതന്നെ തന്റെ പ്രിയ മിത്രം സത്യൻ അന്തിക്കാടിന്റെ ഇടയ്ക്കുള്ള സന്ദർശനം ലോഹിയേട്ടന്റെ മനസ്സിന് ആനന്ദം നൽകുന്നതായിരുന്നു. തൃശ്ശൂരിലെ സൗഹൃദങ്ങൾക്ക് ലോഹിയേട്ടന്റെ സിനിമയിൽ വലിയ പ്രതീക്ഷയുണ്ടായിരുന്നു. ആ ഇടക്കാണ് സംവിധായകനായ മധുപാൽ  മറ്റൊരു ചലച്ചിത്രത്തിന്റെ കാര്യവുമായി തൃശ്ശൂരിൽ എത്തുന്നത്. ചില സായന്തനങ്ങളിൽ മധുപാലും മറ്റു സുഹൃത്തുക്കളും സാഹിത്യകാരൻ സി. വി. ബാലകൃഷ്ണനും എത്തുന്നത് ലോഹിയേട്ടന് സന്തോഷങ്ങൾ നൽകിയ ധന്യനിമിഷങ്ങളായിരുന്നു. ഇങ്ങനെയൊക്കെയാണെങ്കിലും ഭീഷ്‌മർ എന്ന് പറയുന്ന ചലച്ചിത്രത്തിന്റെ പൂർണ്ണതയിലേക്കുള്ള പ്രതീക്ഷകൾക്ക് ചില വിഘ്‌നങ്ങൾ ഉണ്ടായിരുന്നു.

ജോണി സാഗരികയെ സംബന്ധിച്ചിടത്തോളം തന്റെ ജീവിതത്തിലെ ഉത്തമമായ ഒരു കലാസൃഷ്ടിക്ക് വേദിയൊരുക്കുക എന്ന ലക്ഷ്യം തന്നെയായിരുന്നു മുന്നിൽ. പല പ്രശ്നങ്ങളെയും പ്രതിബന്ധങ്ങളെയും തരണം ചെയ്യുവാൻ ലോഹിയേട്ടൻ ഏറെ പരിശ്രമിച്ചിരുന്നു.

ഞാൻ അവസാനമായി ലോഹിയേട്ടനെ കാണുന്നത് 2009 മെയ് മാസത്തിലാണ്. എന്റെ പ്രിയ സുഹൃത്ത് സതീഷ് ബട്ടർഫ്‌ളൈ ഒരു നിർമാണ കമ്പനി ആരംഭിക്കുകയും ചെയ്തപ്പോൾ ആ പ്രൊഡക്ഷൻ ഹൗസിന്റെ ഉദ്ഘാടനം 2009 ജൂൺ 28 ന് വൈകീട്ട് തൃശൂർ ലുലു കൺവെൻഷൻ സെന്ററിൽ സിനിമാ സാംസ്‌കാരിക പ്രവർത്തകരുടെ സാന്നിദ്ധ്യത്തിൽ മുഖ്യ അതിഥിയായി ലോഹിയേട്ടനെ ക്ഷണിക്കാൻ വേണ്ടിയാണ് തിരക്കഥാകൃത്ത് ഗോവിന്ദ് വിജയനെയും സതീഷ് ബട്ടർഫ്‌ളൈയെയും കൂട്ടി അവിടെ എത്തിയത്. ഞാൻ 6 മാസങ്ങൾക്ക് ശേഷമാണ് അദ്ദേഹത്തെ പിന്നീട് നേരിൽ കാണുന്നത്.

 എന്റെ കുട്ടികളുടെ ചലച്ചിത്രത്തിന്റെ പോസ്റ്റ്‌ പ്രൊഡക്ഷനുമായി ബന്ധപ്പെട്ട് കുറച്ച് തിരിക്കായാതിനാൽ ലോഹിയേട്ടന്റെ അടുത്തേക്ക് എത്താൻ കഴിഞ്ഞില്ല. അതിന്റെ ഒരു നീരസം മുഖത്ത് പ്രകടമായിരുന്നു. അന്ന് കാണുമ്പോൾ  അദ്ദേഹം വളരെ ക്ഷീണിതനായി തടിയെല്ലാം കുറഞ്ഞ ഒരു അവസ്ഥയിലായിരുന്നു. അന്ന് എന്നെ മാറ്റിനിർത്തി അരവിന്ദന്റെ സാമീപ്യം ഇവിടെ ഇല്ലാത്ത സമയത്ത് അരവിന്ദനെകുറിച്ച് തെറ്റായി വ്യാഖ്യാനങ്ങൾ ഒരു വ്യക്തി ലോഹിയേട്ടനോട് നടത്തിയതിനെക്കുറിച്ച് എന്നോട് ചോദിച്ചു. അതിന്റെ സത്യാവസ്ഥ ഞാൻ ബോധ്യപ്പെടുത്തി. അപ്പോൾ എന്റെ പുറത്ത് തട്ടി സ്വതസിദ്ധമായ ശൈലിയിൽ ഒരു ചിരി തൂകി. ശാരീരിക അവസ്ഥയെക്കുറിച്ചു ചോദിച്ചപ്പോൾ വൈറൽ ഫീവർ വന്നെന്നും റെസ്റ്റ് വേണമെന്നും വീട്ടിലേക്ക് പോകാനുള്ള തയ്യാറെടുപ്പാണെന്നും പറഞ്ഞു.

എന്നോടൊപ്പം ക്ഷണിക്കാൻ വന്നവരോട് എന്തുതന്നെയായാലും പരിപാടിയിൽ പങ്കെടുക്കുമെന്ന് ലോഹിയേട്ടൻ തന്നെ അറിയിച്ചു. എന്നാൽ ആ പരിപാടിയിൽ പങ്കെടുക്കാമെന്ന് പറഞ്ഞ ദിവസമാണ് ലോഹിയേട്ടൻ മരണപ്പെടുന്നത്. " എന്റെ രചനകളിൽ എത്തിച്ചേരുന്ന കഥാപാത്രങ്ങളേ .... നിങ്ങളെ ഞാൻ കൈയൊഴിയില്ല... ഇനിയും ജന്മമുണ്ടെങ്കിൽ എന്റെ മനസ്സിൽ കഥാപാത്രങ്ങളായി നിങ്ങളെ ഞാൻ പ്രതീക്ഷിച്ചിരിക്കും... " എന്നായിരുന്നു ലോഹിയേട്ടൻ മന്ത്രിച്ചത് എന്ന് തോന്നി എനിക്ക്.

വിധിയുടെ വൈചിത്രം എന്നേ പറയാൻ കഴിയൂ, ലോഹിയേട്ടൻ മരിച്ചിട്ട് ഒരു വ്യാഴാവട്ടമാകുന്നു.