അതുകൊണ്ടാണ് പുതിയ തലമുറ ആ പാട്ടുകളെല്ലാം ഇപ്പോഴും ആലപിക്കുന്നത്


ടി. വിഷ്ണു

പുതിയ തലമുറ ആഗ്രഹിക്കുന്ന പാട്ടുകളാണ് തങ്ങള്‍ ചെയ്യുന്നതെന്ന് പലരും പറഞ്ഞു. പുതിയ തലമുറയുടെ ആസ്വാദനശീലത്തെ ചിലര്‍ കൃത്രിമമായി സൃഷ്ടിച്ചെടുക്കുകയാണ് ചെയ്തത്.

ഫോട്ടോ : ശ്രീകേഷ് എസ്.

ണ്ട് പതിറ്റാണ്ടിനുശേഷം മലയാളസിനിമാ ഗാനശാഖയിലേക്ക് ഒരു ദേശീയ അംഗീകാരം വന്നെത്തിയിരിക്കുന്നു, പ്രഭാവര്‍മ്മയിലൂടെ. 'കോളാമ്പി' എന്ന ചിത്രത്തിലെ ഗാനരചനയിലൂടെയാണ്‌ പ്രഭാവര്‍മ്മയ്ക്ക് മികച്ച ഗാനരചയിതാവിനുള്ള ദേശീയ അവാര്‍ഡ് ലഭിച്ചത്. ഒരു ചെമ്പനീര്‍ പൂവിറുത്ത് മലയാളിയെ ആസ്വാദനത്തിന്റെ വേറിട്ട വഴികളിലേക്ക് നടത്തിയ പ്രഭാവര്‍മ്മ കോളാമ്പിയിലെ ഗാനത്തെപ്പറ്റിയും, സിനിമാഗാനരചനയില്‍ നേരിട്ട വെല്ലുവിളികളെപ്പറ്റിയും മാറിയ സിനിമാസംഗീതത്തെപ്പറ്റിയും നിലപാടുകള്‍ വ്യക്തമാക്കുന്നു. വളരെ അപ്രതീക്ഷിതമായി ലഭിച്ച അവാര്‍ഡില്‍ സന്തോഷമുണ്ടെന്ന് പറഞ്ഞാണ് അദ്ദേഹം തുടങ്ങിയത്. ശരിയായ ആസ്വാദകനിലേക്ക് ഒരു പാട്ട് എത്തിച്ചേരുമ്പോഴാണ് അതിന് പൂര്‍ണ്ണത സംഭവിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു. മികച്ച ഗാനരചയിതാവിനുള്ള ദേശീയ പുരസ്‌കാരം സ്വന്തമാക്കിയ പ്രഭാവര്‍മ്മ സംസാരിച്ചു തുടങ്ങുന്നു:

'വളരെ യാദൃച്ഛികമായാണ് അവാര്‍ഡ് ലഭിച്ചത്. അവാര്‍ഡ് ലഭിക്കുന്നതിലൂടെ സാഹിത്യകൃതി സഫലമാകുന്നുവെന്ന് ഞാന്‍ കരുതുന്നില്ല. മേല്‍വിലാസം വെക്കാത്ത കവറില്‍ ഇട്ട് അയക്കുന്ന കത്തുപോലെയാണ് എഴുത്ത്. നമ്മള്‍ ഉദ്ദേശിക്കുന്ന ആളിലേക്ക് കത്ത് എത്തുന്നുവെന്ന് അറിയുമ്പോഴുണ്ടാകുന്ന സന്തോഷം വലുതാണ്. കവിതയായാലും പാട്ടായാലും സമാനഹൃദയമുള്ള ഒരാളിലേക്ക് എത്തുമ്പോഴാണ് അത് പൂര്‍ണമാകുന്നത്. എല്ലാവരും എന്റെ പാട്ട് ആസ്വദിക്കണമെന്ന് ഒരു നിര്‍ബന്ധവുമില്ല.'

'എന്റെ പാട്ടിന് കാതോര്‍ക്കുന്ന ഒരാള്‍ ലോകത്തെവിടെയോ ഉണ്ടെന്ന ചിന്തയാണ് എന്നെ നയിക്കുന്നത്. ഞാന്‍ മുമ്പ് എഴുതിയ 'ഒരു ചെമ്പനീര്‍ പൂവിറുത്തു' എന്ന ഗാനം ആ സിനിമയേയും സിനിമാസന്ദര്‍ഭത്തെയും മറികടന്ന് എല്ലാ മലയാളികളും സ്വീകരിച്ചു. പുതിയ കാലത്തെ കുട്ടികള്‍ പോലും ആ പാട്ട് പാടാന്‍ തിരഞ്ഞെടുക്കുന്നു. ഞാന്‍ എഴുതുന്നത് ഏറ്റുവാങ്ങാന്‍ ആളുണ്ടെന്നാണ് അതില്‍നിന്നെല്ലാം വ്യക്തമാകുന്നത്. പിന്നിട്ട ജീവിതത്തിലേക്ക് നോക്കുമ്പോള്‍ എന്തൊക്കെയോ ചെയ്തു എന്ന തോന്നലുണ്ട്. ഇപ്പോള്‍ കിട്ടിയ അംഗീകാരവും അതിന്റെ ഏറ്റവും പുതിയ തെളിവാണ്. സന്തോഷം മാത്രം!'

prabha varma

കോളാമ്പിയിലെ ഗാനം എഴുതുന്ന ഘട്ടത്തില്‍ നേരിട്ട വെല്ലുവിളികൾ

'മുമ്പ് പാട്ടെഴുതുമ്പോള്‍ നേരിട്ട പല വെല്ലുവിളികളും കോളാമ്പിയിലെ പാട്ടെഴുതുമ്പോഴും നേരിട്ടിരുന്നു. പ്രണയവും ദുഃഖവും ഇഴചേര്‍ന്നു വരുന്ന ഗാനമാണ് ചിത്രത്തിലേത്. വ്യത്യസ്തമായ ഭാവങ്ങളുള്ള ഗാനങ്ങള്‍ എഴുതുക എന്ന വെല്ലുവിളിയായിരുന്നു എന്റെ മുമ്പിലുണ്ടായിരുന്നത്. എഴുത്തുകാരന്റെ ക്രിയേറ്റിവിറ്റിക്ക് മുമ്പില്‍ സംഗീതസംവിധായകന്റെ ക്രിയേറ്റിവിറ്റി എടുത്തുവെക്കുന്ന വെല്ലുവിളിയായിരുന്നു. കോളാമ്പിയില്‍ അത് വിജയകരമായി പൂര്‍ത്തിയാക്കാന്‍ എനിക്ക കഴിഞ്ഞു. ഒരേ മീറ്ററില്‍ ഒരു പ്രണയഗാനവും ശോകഗാനവും എഴുതുക എന്ന വെല്ലുവിളി വിജയിക്കുകയായിരുന്നു. 'കോളാമ്പി'യിലെ കഥാഗതിക്ക് ഇണങ്ങുന്ന, കഥാസന്ദര്‍ഭത്തിലെ ഭാവത്തെ തീവ്രതരമാക്കുന്നതിലോ ഈ പാട്ട് വിജയിച്ചുവെന്നാണ് ഈ അംഗീകാരത്തിലൂടെ മനസിലാകുന്നത്.'

കവിത തന്നെയാണ് തന്നെ എപ്പോഴും സംതൃപ്തിപ്പെടുത്തുന്നതെന്ന് പറയുന്നു അദ്ദേഹം. എങ്കില്‍പോലും ഒരു ചട്ടക്കൂടിനുള്ളില്‍നിന്ന് സിനിമയ്ക്കുവേണ്ടി എഴുതുന്നതിന്റെ സന്തോഷവും വലുതാണെന്ന് കൂട്ടിച്ചേര്‍ക്കുന്നു :

'കവിതയിലൂടെയും പാട്ടെഴുത്തിലൂടെയും ലഭിക്കുന്ന സംതൃപ്തി വ്യത്യസ്തമാണ്. കവിത തരുന്ന സംതൃപ്തി തന്നെയാണ് എനിക്ക് പ്രധാനം. വളരെ വിശാലമായ ഒരു ആകാശത്തെയാണ് കവിത തുറന്നിടുന്നത്. ഭാവനയുടെ, പദങ്ങളുടെ വ്യത്യസ്തമായ ഒരു അനുഭവം അത് പകരുന്നു. പാട്ടെഴുത്ത് ഒരു കുടത്തിലെ ആകാശമാണ്. സിനിമയിലെ ഇതിവൃത്തം, അതിലെ ഒരു മുഹൂര്‍ത്തത്തിന് വേണ്ടിയാണ് പാട്ടെഴുതുന്നത്. എന്നാല്‍ അതിനെയെല്ലാം മറികടന്ന് പാട്ടിന് അതിന്റേതായ ഒരു സ്വത്വം കൈവരുന്ന സന്ദര്‍ഭത്തില്‍ സന്തോഷമുണ്ടാകാറുണ്ട്, സംതൃപ്തി ലഭിക്കാറുണ്ട്. സ്ഥിതിയിലെ പാട്ട് അങ്ങനെയായിരുന്നു. ആ സിനിമയെ മറന്നാലും, സന്ദര്‍ഭത്തെ മറന്നാലും പാട്ടിനെ മറക്കാന്‍ ആര്‍ക്കും കഴിയില്ലെന്നതാണ് സത്യം. പാട്ടിന് വ്യത്യസ്തമായ നിലനില്പ് കൈവരുന്ന ചില സന്ദര്‍ഭങ്ങളാണ് അതെല്ലാം.'

മലയാളഗാനശാഖയ്ക്ക് ഇടക്കാലത്ത് അപചയം സംഭവിച്ചുവെന്നും പുതിയ തലമുറയുടെ ആസ്വാദനശീലങ്ങളെ നിര്‍മിച്ചെടുത്തതാണ് മറ്റൊരു സംഗതിയെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

'വയലാര്‍, ഒ.എന്‍.വി. കുറുപ്പ്, യൂസഫലി കേച്ചേരി എന്നിവര്‍ക്ക് ശേഷം, രണ്ടു പതിറ്റാണ്ട് കഴിഞ്ഞാണ് മലയാള സിനിമാഗാനശാഖയിലേക്ക് ദേശീയ പുരസ്‌കാരം കടന്നുവരുന്നത്. ശരിക്കും രണ്ടര അവാര്‍ഡേ മലയാളത്തിന് ലഭിച്ചിട്ടുള്ളൂ. 1999-ല്‍ യൂസഫലി കേച്ചേരി മറ്റൊരാളുമായിട്ടാണ് അവാര്‍ഡ് പങ്കിട്ടത്. എന്തുകൊണ്ട് അതിനുശേഷം സിനിമാഗാനങ്ങള്‍ക്ക് ദേശീയതലത്തില്‍ അംഗീകാരം ലഭിച്ചില്ല എന്നത് ആലോചിക്കേണ്ടതാണ്. ഭാഷയുടെ പോരായ്മയോ ഗാനശാഖയുടെ സമ്പന്നതയിലുണ്ടായ പോരായ്മയോ അല്ല കാരണം. മലയാളഗാനശാഖയില്‍ സംഭവിച്ച മാറ്റങ്ങള്‍ ഒരു കാരണമാകാം. ഭാഷാനൈപുണ്യം, പദങ്ങളുടെ വിന്യാസം എന്നിവയെല്ലാം പാട്ടെഴുത്തില്‍ പ്രധാനപ്പെട്ടതാണ്.

വയലാറും ഭാസ്‌കരന്‍ മാഷും ഒ.എന്‍.വി.യുമെല്ലാം അതില്‍ വിജയിച്ചവരാണ്. സംഗീതസംവിധാനത്തില്‍ വലിയ പ്രാവീണ്യമുള്ളവരുടെ അഭാവവും മലയാളത്തില്‍ ഒരുകാലത്ത് ഉണ്ടായിരുന്നു. പുതിയ തലമുറ ആഗ്രഹിക്കുന്ന പാട്ടുകളാണ് തങ്ങള്‍ ചെയ്യുന്നതെന്ന് പലരും പറഞ്ഞു. പുതിയ തലമുറയുടെ ആസ്വാദനശീലത്തെ ചിലര്‍ കൃത്രിമമായി സൃഷ്ടിച്ചെടുക്കുകയാണ് ചെയ്തത്. പുതിയ കുട്ടികള്‍ റിയാലിറ്റി ഷോകളില്‍ പാടാന്‍ തിരഞ്ഞെടുക്കുന്ന പാട്ടുകള്‍ പഴയതുതന്നെയാണ്. ഭാവാത്മകമായ ഗാനങ്ങളെ ഇഷ്ടപ്പെടുന്നവരാണ് പുതിയ തലമുറ. അത്തരം അഭിപ്രായങ്ങള്‍ക്ക് ഒരര്‍ഥവുമില്ല. പക്ഷേ എന്തുകൊണ്ടോ നമ്മുടെ ഗാനങ്ങള്‍ ശബ്ദമയമായിപ്പോകുന്നു. ഗാനശാഖയുടെ അപചയത്തിന് ഇങ്ങനെ പല കാരണങ്ങളുണ്ടെന്നാണ് ഞാന്‍ മനസിലാക്കുന്നത്. കാക്കോഫോണിയന്‍ രീതിയിലുള്ള സംഗീതമാണ് ഇപ്പോള്‍ കൂടുതലായി സംഭവിക്കുന്നത്. എനിക്ക് ലഭിച്ചിരിക്കുന്ന അംഗീകാരം ഭാഷയ്ക്കുള്ള, മലയാളഗാനശാഖയ്ക്കുള്ള അംഗീകാരമായി ഞാന്‍ കാണുന്നു.'

മലയാള സിനിമാഗാനങ്ങള്‍ ഇനിയും കൂടുതല്‍ അംഗീകാരങ്ങളിലേക്ക് ഉയര്‍ന്നുവരുമെന്ന പ്രതീക്ഷയായിരുന്നു അദ്ദേഹത്തിന്റെ വാക്കുകളില്‍. മലയാളകവിതയ്ക്കും സിനിമാഗാനശാഖയ്ക്കും ഒരുപിടി നല്ല രചനകള്‍ സമ്മാനിക്കാന്‍ അദ്ദേഹം തുടരുക തന്നെ ചെയ്യും.

Content highlights : malayalam poet and song writer prabha varma interview

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
pinarayi

'എന്തും പറയാമെന്നോ, മനസ്സില്‍ വെച്ചാ മതി, മകളെ പറഞ്ഞാല്‍ കിടുങ്ങുമെന്ന് കരുതിയോ'

Jun 28, 2022


r b sreekumar
EXCLUSIVE

7 min

'മോദി വീണ്ടും ജയിക്കും,എനിക്ക് പേടിയില്ല'; അറസ്റ്റിന് തൊട്ടുമുമ്പ് ആര്‍.ബി ശ്രീകുമാറുമായുള്ള അഭിമുഖം

Jun 28, 2022


India vs Ireland 2nd t20 Dublin

2 min

അയര്‍ലന്‍ഡ് വിറപ്പിച്ചുവീണു, രണ്ടാം ട്വന്റി 20 യിലും വിജയിച്ച് പരമ്പര നേടി ഇന്ത്യ

Jun 28, 2022

Most Commented