അഞ്ഞൂറാനെയും ആനപ്പാറയില്‍ അച്ചമ്മയെയും രാമഭദ്രനെയും മായിന്കുട്ടിയെയുമൊന്നും മലയാളികള്‍ക്ക് ഒരിക്കലും മറക്കാനാവില്ല. പ്രണയവും സൗഹൃദവും കുടുംബവൈരവുമെല്ലാം ചിരിയുടെ അകമ്പടിയോടു കൂടി സിദ്ദിഖ്-ലാല്‍ കൂട്ടുകെട്ട് അവതരിപ്പിച്ചപ്പോള്‍ മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച ജനപ്രിയ ചിത്രങ്ങളിലൊന്നായി ഗോഡ് ഫാദര്‍ മാറുകയായിരുന്നു.
കച്ചവട സിനിമകളുടെ എല്ലാ ചേരുവകളും ചേര്‍ത്തിറക്കിയ ഈ ചിത്രം 1991 ലാണ് പുറത്തിറങ്ങിയത്. എന്‍.എന്‍. പിള്ള, മുകേഷ്, കനക, ഫിലോമിന, തിലകന്, ഇന്നസെന്റ്, ജഗദീഷ്, സിദ്ദിഖ്, ജനാര്ദനന്, ശങ്കരാടി തുടങ്ങി വലിയ താരനിരയാണ് ചിത്രത്തിലെ കഥാപാത്രങ്ങളായി നിറഞ്ഞാടിയത്.
ഇനി ഒരു സിനിമയ്ക്കും ഈ റെക്കോഡ് സാധ്യമല്ല- മുകേഷ്
കേരളത്തിന്റെ ചരിത്രത്തില്‍ ഒരു തിയ്യറ്ററില്‍ 417 ദിവസം തുടര്‍ച്ചയായി ഓടിയ ഒരു ചിത്രമാണ് ഗോഡ് ഫാദര്‍. ഇനി ഒരു സിനിമയ്ക്കും ഈ റെക്കോഡ് സാധ്യമല്ല. ഇനി അങ്ങനെ ഒരു സിനിമ ഉണ്ടാകാനും പ്രയാസമാണ്-മാതൃഭൂമി ന്യൂസിന് നൽകിയ അഭിമുഖത്തിൽ മുകേഷ് പറഞ്ഞു.
"ചെന്നൈയില്‍ വച്ച് ഗോഡ് ഫാദറിന്റെ പ്രത്യേക ഷോ സംഘടിപ്പിച്ചിരുന്നു. കെ ബാലചന്ദര്‍, സുഹാസിനി, മണിരത്നം തുടങ്ങിയവരാണ് ഷോയ്ക്ക് എത്തുമെന്ന് പറഞ്ഞിരുന്നു. ഷോയ്ക്ക് സുഹാസിനിയ്ക്ക് എന്തുകൊണ്ടോ എത്താന്‍ സാധിച്ചില്ല. എന്നാല്‍ മണിരത്നവും ബാലചന്ദര്‍ സാറും എത്തിച്ചേര്‍ന്നിരുന്നു.
സിനിമ കണ്ടതിന് ശേഷം ബാലചന്ദര്‍ സാര്‍ എന്റെ തോളില്‍ തട്ടി അഭിനന്ദിച്ചു. ഗോഡ്ഫാദര് ഒരു മികച്ച എന്റര്‍ടൈനറാണെന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാല്‍ മണിരത്നം ഒന്നും പറയാതെ ഷോ കഴിഞ്ഞു പോയി. അദ്ദേഹം ഒന്നും പറയാതിരുന്നത് എന്നെ ഏറെ വേദനിപ്പിച്ചു. ഇക്കാര്യം ഞാന്‍ സിദ്ദിഖിനോടും ലാലിനോടും പറഞ്ഞപ്പോള്‍ അവര്‍ക്കെല്ലാം സങ്കടമായി.
രണ്ട് ദിവസം കഴിഞ്ഞിട്ടും മണിരത്നം വിളിക്കുകയോ സിനിമയെപ്പറ്റി എന്തെങ്കിലും പറയുകയോ ചെയ്തില്ല. മൂന്നാമത്തെ ദിവസം ഞാന്‍ സുഹാസിനിയെ വിളിച്ചു. ഷോയ്ക്ക് എത്താന്‍ പറ്റാത്തതിന് ഖേദം പ്രകടിപ്പിച്ചാണ് സുഹാസിനി സംഭാഷണം ആരംഭിച്ചത്. അപ്പോള്‍ ഞാന്‍ സുഹാസിനിയോട് മണിരത്നം ചിത്രത്തെക്കുറിച്ച് അഭിപ്രായം പറയാതെ പോയതിനെക്കുറിച്ച് പറഞ്ഞു.
എന്നാല്‍ അപ്പോള്‍ സുഹാസിനി പറഞ്ഞ മറുപടി എന്നെ ഏറെ സന്തോഷിപ്പിച്ചു. ഗോഡ്ഫാദര് കണ്ടതുമുതല്‍ മണിരത്നം സിനിമയെക്കുറിച്ച് വീട്ടില്‍ ഏറെ വാചാലനായത്രെ. രാത്രി ഉറങ്ങാതിരുന്ന് അതിന്റെ വിശേഷങ്ങളാണ് അദ്ദേഹം പറഞ്ഞുകൊണ്ടിരുന്നത്. ഒരു യഥാര്‍ഥ എന്റര്‍ടൈനറാണ് ഗോഡ്ഫാദര് എന്നാണ് മണിരത്നം പറഞ്ഞത്.
പൊതുവെ അന്തര്മുഖനായതിനാലാണ് അദ്ദേഹം ഒന്നും പറയാതെ പോയതെന്ന് സുഹാസിനി പറഞ്ഞത്. ഇത്തരത്തിലുള്ള സിനിമകളാണ് എടുക്കേണ്ടത്. പാട്ടിന് പാട്ട്, തമാശയ്ക്ക് തമാശ, സ്റ്റണ്ട് എല്ല ചേരുവകളും അതിലുണ്ട്. ഇതാണ് മണിരത്നം രാത്രി മുഴുവൻ ഉറങ്ങാതിരുന്ന് പറഞ്ഞത്. ആ വാക്കുകള്‍ ഏറെ സന്തോഷിപ്പിച്ചു."
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..