കോവിഡിനെ പോലെ മലയാള സിനിമാലോകത്ത് അനുദിനം കോടികളുടെ നഷ്ടം പെരുകുന്നു. മലയാള സിനിമയിൽ ചിത്രീകരണം പൂർത്തിയായി റിലീസ് കാത്തിരിക്കുന്നത് സൂപ്പർ താരങ്ങളൂടേതടക്കം നാൽപതു സിനിമകളാണ്. ചിത്രീകരണം പൂർത്തിയാക്കേണ്ട ചിത്രങ്ങളുടെ കണക്കെടുത്താൽ അത് രണ്ട് ഡസൻ വരും.

മാർച്ച് മാസത്തിൽ റിലീസ് ചെയ്യേണ്ട ചിത്രമായിരുന്നു മോഹൻലാലിനെ നായകനാക്കി നൂറുകോടി ബജറ്റിൽ ആൻറണി പെരുമ്പാവൂർ നിർമ്മിച്ച മരയ്ക്കാർ അറബിക്കടലിലെ സിംഹം. ആ ചിത്രത്തിൻ്റെ റിലീസ് അഞ്ചുമാസം നീണ്ടുപോയപ്പോൾ ആ കണക്കിൽ മാത്രം നിർമാതാവിന് മൂന്നു കോടി നഷ്ടമായെന്ന് നിർമ്മാതാവ് ആൻ്റണി പെരുമ്പാവൂർ പറയുന്നു. അങ്ങനെ റിലീസ് ചെയ്യാത്ത മൊത്തം സിനിമകളുടെ നഷ്ടക്കണക്കെടുത്താൽ, കോവിഡ് മഹാമാരി വിതച്ചത് കോടികളുടെ നഷ്ടമാണ്.ഈ സ്ഥിതി മുന്നോട്ട് പോയാൽ പല നിർമാതാക്കളും തീരാക്കടത്തിലാകും. പെട്ടിയിൽ കിടക്കുന്ന ചിത്രങ്ങൾ തിയ്യറ്ററിലെത്തി സൂപ്പർഹിറ്റായാൽ തന്നെ ആ നഷ്ടം നികത്താൻ കഴിയില്ല.

കോവിഡ് കാലം നീണ്ടുപോയപ്പോൾ വിഷുവിന് റിലീസ് ചെയ്യേണ്ട ചിത്രങ്ങൾക്ക് പ്രതീക്ഷ ഓണക്കാലമായിരുന്നു. എന്നാൽ ആ പ്രതീക്ഷയ്ക്ക് മങ്ങലേൽക്കുന്ന സാഹചര്യത്തിലാണ് നമ്മൾ കടന്നുപോകുന്നത്.

പാതിവഴിയിൽ നിന്നുപോയ സിനിമകൾ പൂർത്തിയാക്കണമെങ്കിൽ വാതിൽപുറ ചിത്രീകരണം നടക്കണം. എന്നാൽ ഈ പ്രത്യേക സാഹചര്യത്തിൽ അതിന് അനുമതിയില്ല. സിനിമക്കാരുടെ ഇഷ്ട ലൊക്കേഷനുകൾ പലതും ഇപ്പോൾ കണ്ടയ്ൻമെൻ്റ് സോണുകളാണ്.

കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് സാമൂഹ്യ അകലം പ്രാപിച്ച്, 50 പേരെ മാത്രം ഉൾപ്പെടുത്തി സിനിമ തുടങ്ങാൻ സർക്കാരിനെയും സംഘടനയുടെയും അനുമതിയുണ്ട്. എന്നാൽ ഇന്നത്തെ സാഹചര്യത്തിൽ 50 അംഗങ്ങളെ വെച്ച് ഒരു സിനിമ തുടങ്ങാൻ ബുദ്ധിമുട്ടാണ്. വിശ്വാസത്തിൻ്റെ ലോകത്തിലെ നമ്മുടെ സിനിമക്കാർ കർക്കിടകമാസത്തിൽ പുതിയ ചിത്രങ്ങൾ തുടങ്ങാൻ സാധ്യതയില്ല. സിനിമാ വ്യവസായത്തിൻ്റെ ഭാവി അനിശ്ചിതമായ സാഹചര്യത്തിൽ പുതിയ ചിത്രങ്ങൾ തുടങ്ങി കോടികൾ മുടക്കിയിടുന്നതിനു പകരം തുടങ്ങിയിട്ടവ പൂർത്തിയാക്കാനാണ് ശ്രദ്ധിക്കേണ്ടത്. സംഭവിച്ചതെല്ലാം നല്ലതിനെന്ന് കരുതുക. കരുതലോടെ മുന്നോട്ട് പോകുക.
എല്ലാ പ്രതിസന്ധികളെയും മറികടക്കുന്നത് വരെ ക്ഷമയോടെ കാത്തിരിക്കാം.

Content Highlights :Malayalam Movies releases Crisis Covid 19 lockdown Maarakkar Arabikkadalinte Simham