റന്‍സി അസാധുവാക്കിയത് ഉള്‍പ്പെടെയുള്ള സാമ്പത്തികപരിഷ്‌കരണ നടപടികള്‍ ഒട്ടും ബാധിക്കാത്ത വ്യവസായം ഏതെന്ന ചോദ്യത്തിന് പെട്ടെന്ന് നല്‍കാവുന്ന മറുപടി സിനിമ എന്നാവും. വിവിധ ഇന്ത്യന്‍ ഭാഷകളിലുള്ള ബിഗ് ബജറ്റ് സിനിമകള്‍ പ്രദര്‍ശനശാലകളില്‍നിന്ന് ഉണ്ടാക്കുന്ന വരുമാനമാണ് ഇതിന് കാരണം. ആയിരത്തിന്റെയും അഞ്ഞൂറിന്റെയും കറന്‍സികള്‍ അസാധുവാക്കിയശേഷം രാജ്യത്തുണ്ടായ സാമ്പത്തികമാന്ദ്യം നിലനില്‍ക്കുമ്പോഴാണ് ആമിര്‍ ഖാന്റെ പുതിയ ഹിന്ദി ചിത്രം, ദംഗല്‍ റിലീസായത്. മാന്ദ്യം ഈ സിനിമയുടെ കളക്ഷനെ ബാധിക്കുമെന്ന ആശങ്ക ഉണ്ടായിരുന്നു. എന്നാല്‍ ഗുസ്തിയില്‍ രാജ്യാന്തരതലത്തില്‍ ഇന്ത്യക്കുവേണ്ടി നേട്ടങ്ങള്‍ സമ്മാനിച്ച ഫോഗട്ട് സഹോദരിമാരുടെയും അവരുടെ വളര്‍ച്ചയ്ക്കായി ജീവിതമര്‍പ്പിച്ച പിതാവിന്റെയും ജീവിതകഥ ആവിഷ്‌കരിച്ച ഈ ചിത്രം റിലീസ് ദിവസം തൊട്ടുതന്നെ സകല റെക്കോഡുകളും തകര്‍ത്ത് മുന്നേറുകയായിരുന്നു. 

രാജ്യമെമ്പാടുമുള്ള പ്രദര്‍ശനശാലകളില്‍നിന്ന് ഇതിനകം 750 കോടിയോളം  ദംഗല്‍ സമ്പാദിച്ചു കഴിഞ്ഞെന്നാണ് കണക്ക്. നിലവില്‍ ഏറ്റവും കൂടുതല്‍ പണം വാരിയ ഇന്ത്യന്‍ സിനിമയെന്ന റെക്കോഡ് ആമിര്‍ ഖാന്റെതന്നെ പി കെയ്ക്കാണ്. വിദൂരഗ്രഹത്തില്‍നിന്ന് ഭൂമിയിലെത്തിയ 'മനുഷ്യ'ന്റെ കഥ പറയുന്ന പി കെ 792 കോടിയാണ് നേടിയത്. ഈ റെക്കോഡ് ദംഗല്‍ മറികടക്കുമെന്നു തന്നെയാണ് പ്രതീക്ഷ. ഇതു കഴിഞ്ഞാല്‍ ഏറ്റവും നേട്ടമുണ്ടാക്കിയ ഇന്ത്യന്‍ സിനിമ തെലുങ്കിലും തമിഴിലുമായി 2015-ല്‍ റിലീസ് ചെയ്ത ബാഹുബലിയാണ്. ഏകദേശം 650 കോടി രൂപയാണ് ബാഹുബലി തിയേറ്ററുകളില്‍നിന്ന് നേടിയത്. 

2015-ല്‍ റിലീസ് ചെയ്ത സല്‍മാന്‍ ഖാന്റെ ഭജ്രംഗി ഭായ്ജാന്‍ 626 കോടിയും 2013-ല്‍ റിലീസ് ചെയ്ത ധൂം ത്രീ 585 കോടിയും കളക്റ്റ് ചെയ്തിരുന്നു. 2016-ല്‍ റിലീസ് ചെയ്ത സല്‍മാന്‍ ഖാന്റെ തന്നെ സുല്‍ത്താനാണ് 500 കോടി പിന്നിട്ട മറ്റൊരു ഇന്ത്യന്‍ സിനിമ. 584 കോടിയിലധികമാണ് സുല്‍ത്താന്‍ നേടിയത്. 

ഹിന്ദി സിനിമകളും തമിഴിലും തെലുങ്കിലുമായി റിലീസ് ചെയ്ത ബാഹുബലിയും കഴിഞ്ഞാല്‍ ഏറ്റവും നേട്ടമുണ്ടാക്കിയത് തമിഴ് സിനിമകളാണ്. കഴിഞ്ഞവര്‍ഷം റിലീസ് ചെയ്ത രജനീകാന്തിന്റെ കബാലി 350 കോടിയും 2010-ല്‍ റിലീസ് ചെയ്ത രജനിയുടെതന്നെ യന്തിരന്‍ 289 കോടിയുമാണ് നേടിയത്. വിക്രത്തിന്റെ ഐ (2015) 240 കോടിയും കമല്‍ ഹാസന്റെ സിനിമകളായ വിശ്വരൂപം (2013) 220 കോടിയും ദശാവതാരം (2008) 200 കോടിയും നേടിയെന്നാണ് കണക്ക്. തെലുങ്കില്‍ ബാഹുബലി കഴിഞ്ഞാല്‍ നേട്ടമുണ്ടാക്കിയ സിനിമ മഹേഷ്ബാബുവും ശ്രുതി ഹാസനും അഭിനയിച്ച് 2015-ല്‍ പുറത്തിറങ്ങിയ ശ്രിമന്തുഡു ആണ്. കഴിഞ്ഞ വര്‍ഷം ഇറങ്ങിയ ബാലകൃഷ്ണ-മോഹന്‍ലാല്‍ ചിത്രം ജനതാഗാരേജ് 135 കോടി രൂപ നേടി.

പുലിമുരുകന്‍ എഫക്റ്റ്

ഹിന്ദിയും തമിഴും തെലുങ്കും കഴിഞ്ഞാല്‍ കൂടുതല്‍ പണം വാരുന്ന സിനിമകള്‍ മലയാളത്തിലാണ്. കഴിഞ്ഞവര്‍ഷം മലയാളത്തെ നൂറുകോടി ക്ലബ്ബിലെത്തിച്ച പുലിമുരുകന്‍ 152 കോടി നേടിയെന്നാണ് കണക്ക്. പക്ഷേ, മറ്റ് മലയാളം സിനിമകള്‍ പുലിമുരുകന്റെ ഏറെ പിന്നിലാണ്. 2013-ല്‍ പുറത്തിറങ്ങിയ ദൃശ്യം 75 കോടിയും കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഒപ്പം 63 കോടിയും നേടി. പ്രേമം (60 കോടി), ടു കണ്‍ട്രീസ് (55 കോടി), എന്നു നിന്റെ മൊയ്തീന്‍, ബാംഗ്ലൂര്‍ ഡെയ്‌സ് (50 കോടി വീതം) എന്നിവയാണ് 50 കോടി ക്ലബ്ബില്‍ ഇടംനേടിയ മറ്റ് മലയാള സിനിമകള്‍.  കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്ത മറാത്തി സിനിമയായ സൈറാതും നൂറുകോടി ക്ലബ്ബിലുണ്ട്. താഴ്ന്ന ജാതിക്കാരനായ യുവാവും ഉയര്‍ന്നജാതിയില്‍ പെട്ട പെണ്‍കുട്ടിയും തമ്മിലുള്ള പ്രണയത്തിന്റെ കഥ പറയുന്ന ഈ സിനിമ 110 കോടിയാണ് നേടിയത്.