വധിക്കാലം ആഘോഷമാക്കാന്‍ ബിഗ് ബജറ്റ് ചിത്രങ്ങള്‍ ഒരുങ്ങി, മോഹന്‍ലാലിന്റെ ലൂസിഫറും മമ്മൂട്ടിയുടെ മധുരരാജയുമാണ് കൂട്ടത്തില്‍ പ്രേക്ഷക പ്രതീക്ഷയേറയുള്ള ചിത്രങ്ങള്‍. ഒരു ലാല്‍ ആരാധകന്റെ ആവേശത്തോടെയാണ് പൃഥ്വിരാജ് ലൂസിഫര്‍ എന്ന ചിത്രം സംവിധാനം ചെയ്തത്. എന്നും തിയേറ്ററുകള്‍ ഇളക്കിമറിക്കാറുള്ള മോഹന്‍ലാലിന്റെ ദേവാസുരഭാവം തന്നെയാണ് ലൂസിഫറിന്റെയും കരുത്ത്. അങ്ങനെയാണ് ദൈവത്തിനും സാത്താനും പ്രിയപ്പെട്ടവനായ ലൂസിഫര്‍ അവതാരമെടുത്തത്.

ഈ പൊളിറ്റിക്കല്‍ ത്രില്ലറില്‍ സ്റ്റീഫന്‍ നെടുമ്പള്ളി എന്ന കഥാപാത്രമായാണ് ലാല്‍ എത്തുന്നത്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ചിത്രത്തിന് മുരളി ഗോപിയാണ് തിരക്കഥ. മഞ്ജുവാര്യര്‍ വീണ്ടും മോഹന്‍ലാലിന്റെ നായികയായെത്തുന്ന ചിത്രത്തില്‍ വിവേക് ഒബ്റോയ്, ടൊവിനോ തോമസ്, ഇന്ദ്രജിത്ത്, സച്ചിന്‍ കടേക്കര്‍, കലാഭവന്‍ ഷാജോണ്‍, സിജോയ് വര്‍ഗീസ്, സായ് കുമാര്‍, സുനില്‍ സുഖദ, ഫാസില്‍, വി.കെ. പ്രകാശ്, ബൈജു സന്തോഷ്, ബാല, ശിവജി ഗുരുവായൂര്‍, മാല പാര്‍വതി, സാനിയ ഇയ്യപ്പന്‍ എന്നിവരാണ് പ്രധാനതാരങ്ങള്‍.

രാജയുടെ രണ്ടാം വരവ് 

പേരമ്പ്, യാത്ര എന്നീ അന്യഭാഷാ ചിത്രങ്ങളിലൂടെ മമ്മൂട്ടി എന്ന നടന്റെ അതുല്യപ്രകടനം ഏറ്റെടുത്ത മലയാളികള്‍ കാത്തിരിക്കുന്ന ആഘോഷ ചിത്രമാണ് മധുരരാജ. പുലിമുരുകനുശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഉദയകൃഷ്ണയുടേതാണ് തിരക്കഥ.
പോക്കിരിരാജയിലെ കരുത്തനായ രാജ, നടേശന്‍ ഭരിക്കുന്ന പാണന്‍ തുരുത്ത് എന്ന സാങ്കല്പിക ഗ്രാമത്തിലെ പ്രശ്‌നപരിഹാരത്തിനായാണ് ഇത്തവണ എത്തുന്നത്. മധുരരാജയ്‌ക്കൊപ്പം ചിന്നരാജയും കൂട്ടിനുണ്ട്. പീറ്റര്‍ ഹെയ്നിന്റെ കിടിലന്‍ ആക്ഷന്‍സീനുകള്‍ ചിത്രത്തിന്റെ ഹൈലൈറ്റ്സാകും.
ആക്ഷന്‍, കോമഡി, പ്രണയം എന്നിവ ചേര്‍ത്തൊരുക്കുന്ന ചിത്രത്തില്‍ മമ്മൂട്ടിയ്‌ക്കൊപ്പം തമിഴ്താരം ജയ്, ജഗപതി ബാബു, കരാട്ടെ രാജ, നെടുമുടി വേണു, വിജയരാഘവന്‍, സിദ്ദിഖ്, സന്തോഷ് കീഴാറ്റൂര്‍, നരേന്‍, നോബി, അനുശ്രീ, അന്ന രേഷ്മരാജന്‍, ഷംനാകാസിം, തെസ്നിഖാന്‍, ബാലചന്ദ്രന്‍ ചുളളിക്കാട്, കൈലാഷ്, ബിജുക്കുട്ടന്‍, സലീംകുമാര്‍, അജു വര്‍ഗീസ്, ബിജുക്കുട്ടന്‍, കലാഭവന്‍ ഷാജോണ്‍, എന്നിവരും അഭിനയിക്കും. ഒരു ഗാനസീനില്‍ സണ്ണിലിയോണും അഭിനയിക്കുന്നു. സംഗീതം-ഗോപി സുന്ദര്‍, ഛായാഗ്രഹണം-ഷാജി കുമാര്‍. നെല്‍സന്‍ ഐപ്പ് സിനിമാസിന്റെ ബാനറില്‍ നിര്‍മിക്കുന്ന ചിത്രത്തിന് മുപ്പത് കോടിയാണ് ബഡ്ജറ്റ്.

പ്രണയനായകനായി ദുല്‍ഖര്‍

movies

ഒന്നരവര്‍ഷത്തെ ഇടവേളയ്ക്കുശേഷം ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തുന്ന മലയാളചിത്രമാണ് ഒരു യമണ്ടന്‍ പ്രേമ കഥ. നവാഗതനായ ബി.സി. നൗഫല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ലല്ലു എന്ന നാട്ടിന്‍പുറത്തുകാരനായാണ് ദുല്‍ഖര്‍ എത്തുന്നത്. മകുടിത്തുരുത്തിലെ ഈ ചെറുപ്പക്കാരന്‍ സംഗീതസംവിധായകന്‍ ജോണ്‍സണ്‍മാഷിന്റെ വലിയ ആരാധകനാണ്. ഒരുപാട് നൊസ്റ്റാള്‍ജിയ മനസ്സില്‍ സൂക്ഷിക്കുന്ന ചെറുപ്പക്കാരന്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളാണ് ചിത്രത്തിന് വിഷയം.

സലീംകുമാര്‍, സൗബിന്‍സാഹിര്‍, ദിലീഷ് പോത്തന്‍, വിഷ്ണു ഉണ്ണികൃഷ്ണന്‍, രണ്‍ജി പണിക്കര്‍, ഹരീഷ് കണാരന്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, ബിബിന്‍ജോര്‍ജ്, ബൈജു, നിഖില വിമല്‍, സംയുക്താമേനോന്‍, രശ്മിബോബന്‍, മോളി കണ്ണമ്മാലി എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.
ആന്റോജോസഫും സി.ആര്‍. സലിമും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. സംഗീതം-നാദിര്‍ഷ, ഛായാഗ്രഹണം-പി. സുകുമാര്‍.

ഷാജിമാരുടെ കഥ

movies

നാദിര്‍ഷ തന്റെ മൂന്നാമത്തെ ചിത്രമായ മേരാ നാം ഷാജി എന്ന ചിത്രത്തിലൂടെ കേരളത്തില്‍ മൂന്ന് ഭാഗത്തായി ജീവിക്കുന്ന മൂന്ന് ഷാജിമാരുടെ കഥ പറയുന്നു. ഹാസ്യത്തിന് പ്രാധാന്യം നല്‍കി ഒരുക്കുന്ന ചിത്രത്തില്‍  ബിജുമേനോന്‍, ആസിഫ് അലി, ബൈജു സന്തോഷ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്നു. നിഖിലവിമല്‍, മൈഥിലി, സുരഭി എന്നിവരാണ് നായികമാര്‍. സാദിഖ്, ഗണേഷ്, ശ്രീനിവാസന്‍, ടിനിടോം, ജാഫര്‍ ഇടുക്കി, രഞ്ജിനി ഹരിദാസ് എന്നിവരാണ് താരങ്ങള്‍.

എമില്‍ മുഹമ്മദ് സംഗീതം നിര്‍വഹിച്ച നാല് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. ദിലീഷ് പൊന്നന്‍, ഷാനിഖാദര്‍ എന്നിവരുടെ കഥയ്ക്ക് ദിലീഷ് പൊന്നനാണ് തിരക്കഥ, സംഭാഷണം നിര്‍വഹിച്ചത്. ഛായാഗ്രഹണം- വിനോദ് ഇല്ലമ്പിള്ളി.യൂണിവേഴ്സല്‍ സിനിമയുടെ ബാനറില്‍ ബി. രാകേഷാണ് നിര്‍മിക്കുന്നത്.

ഉയരെ

movies

മനു അശോകന്‍ സംവിധാനം ചെയ്യുന്ന ഉയരെ പ്രദര്‍ശനത്തിനെത്തുന്നു. പല്ലവി എന്ന പെണ്‍കുട്ടിയുടെ പോരാട്ടങ്ങളുടെയും അതിജീവനത്തിന്റെയും കഥ പറയുന്ന ചിത്രത്തില്‍  പല്ലവിയായി പാര്‍വതി വേഷമിടുന്നു. ആസിഫ് അലി, ടൊവീനോ തോമസ്, സിദ്ദിഖ്, പ്രേംപ്രകാശ്, പ്രതാപ് പോത്തന്‍ എന്നിവരും ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളാകുന്നു. ബോബ്-സഞ്ജയ് ടീമിന്റേതാണ് തിരക്കഥ. എസ് ക്യൂബ് ഫിലിംസിന്റെ ബാനറില്‍ ഷെനുഗ, ഷെഗ്ന, ഷെര്‍ഗ എന്നിവര്‍ ചേര്‍ന്നാണ് ഉയരെ നിര്‍മിക്കുന്നത്. സംഗീതം-ഗോപി സുന്ദര്‍, ഛായാഗ്രഹണം-മുകേഷ് മുരളീധരന്‍, എഡിറ്റിങ്-മഹേഷ് നാരായണന്‍, കല-ദിലീപ് നാഥ്.

അതിരന്‍

movies

ഫഹദ് ഫാസിലും സായ് പല്ലവിയും ഒന്നിക്കുന്ന ചിത്രമാണ് അതിരന്‍. നവാഗതനായ വിവേക് കഥ എഴുതി സംവിധാനം ചെയ്യുന്നചിത്രത്തില്‍ അതുല്‍കുല്‍ക്കര്‍ണി, പ്രകാശ് രാജ്, രണ്‍ജി പണിക്കര്‍,അജയ് നടരാജന്‍, ശാന്തി കൃഷ്ണ, സുരഭി, ലിയോണ ലിഷോയ്, പി. ബാലചന്ദ്രന്‍, നന്ദു, ബൈജു, വിജയ് മേനോന്‍, രമാദേവി എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. ഇടവേളയ്ക്കുശേഷം സെഞ്ച്വറി നിര്‍മാണരംഗത്ത് മടങ്ങി വരുന്നചിത്രമാണിത്.

വൈറസ്

movies

നിപ പനിയുടെ പശ്ചാത്തലത്തില്‍ ആഷിഖ് അബു സംവിധാനം ചെയ്ത വൈറസ് ചിത്രീകരണം പൂര്‍ത്തിയായി റിലീസിനൊരുങ്ങുന്നു. രേവതി, റിമകല്ലിങ്കല്‍, പാര്‍വതി, കുഞ്ചാക്കോബോബന്‍, ആസിഫ് അലി, ടൊവിനോ തോമസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ഒ.പി.എം. നിര്‍മിക്കുന്ന ചിത്രത്തിന് മുഹ്സിന്‍ പെരാരി, സുഹാസ്, ഷറഫ് എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ. ഛായാഗ്രഹണം - രാജീവ് രവി.  

Content Highlights: malayalam movie releases summer vacation, lucifer, madhuraraja, oru yamandan premakadha, mohanlal, mammootty, uyare, virus, athiran