sukrutham എം.ടി. വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ഹരികുമാര്‍ സംവിധാനം ചെയ്ത് ചന്ദ്രകാന്ത് ഫിലിംസിന്റെ ബാനറില്‍ അറ്റ്ലസ് രാമചന്ദ്രന്‍ നിര്‍മ്മിച്ച്, മമ്മൂട്ടി ജീവന്‍ നല്‍കിയ സുകൃതം എന്ന ചലച്ചിത്ര കാവ്യം അഭ്രപാളിയില്‍ വിസ്മയം തീര്‍ത്തിട്ട് 2019 ഡിസംബര്‍ 22 ന് കാല്‍ നൂറ്റാണ്ട് പിന്നിടുന്നു. 

മികച്ച മലയാള ചിത്രം, മികച്ച സംഗീതം എന്നിവയ്ക്ക് 1995ലെ ദേശീയ അവാര്‍ഡ് നേടിയ ഈ ചിത്രം ഇന്നും മലയാളി നെഞ്ചോട് ചേര്‍ത്തു വച്ചിരിക്കുന്ന അപൂര്‍വ്വം ചിത്രങ്ങളില്‍ ഒന്നാണ്. ബോംബെ രവിയും ജോണ്‍സണും ചേര്‍ന്നാണ് ചിത്രത്തിന് സംഗീതം ഒരുക്കിയത്.

'കടലിന്നഗാഥമാം നീലിമയില്‍' എന്നു തുടങ്ങുന്ന സുകൃതത്തിലെ ഗാനം ഇന്നും ശ്രോതാക്കളുടെ ഹരമാണ്. മികച്ച സംവിധായകനുള്ള 1995 ലെ രാമു കാര്യാട്ട് അവാര്‍ഡും ചിത്രം നേടിയിരുന്നു. മികച്ച കഥാകൃത്ത്, മികച്ച സംവിധായകന്‍, മികച്ച ചിത്ര സംയോജകന്‍ എന്നിവര്‍ക്കുള്ള സംസ്ഥാന അവാര്‍ഡും ചിത്രം സ്വന്തമാക്കി. ജി. മുരളി ആയിരുന്നു എഡിറ്റര്‍. ഏറ്റവും നല്ല ചിത്രം, നല്ല നടന്‍, സംവിധായകന്‍, തിരക്കഥാകൃത്ത് ഛായാഗ്രാഹകന്‍ എന്നിവയ്ക്കുള്ള ക്രിട്ടിക്സ് അവാര്‍ഡും ചിത്രം സ്വന്തമാക്കി. 

വേണു ആയിരുന്നു ഈ സുന്ദര ചിത്രത്തിന് ഛായാഗ്രാഹണം നിര്‍വ്വഹിച്ചത്. മികച്ച ചിത്രം, മികച്ച സംവിധായകന്‍, മികച്ച നടന്‍ എന്നിവര്‍ക്കുള്ള ഫിലിം ഫെയര്‍ അവാര്‍ഡും സുകൃതത്തിന് പൊന്‍തിളക്കം നല്‍കി. പ്രായഭേദമന്യേ മലയാളി നെഞ്ചേറ്റിയ, വീണ്ടും വീണ്ടും കണ്ട, ഇന്നും കാണാന്‍ കൊതിക്കുന്ന, ഈ ചിത്രം ഹരികുമാര്‍ എന്ന സംവിധായകന്റെ ഏറ്റവും മികച്ച കലാസൃഷ്ടികളില്‍ ഒന്നായിരുന്നു എന്ന് നിസ്സംശയം പറയാം!

മലയാളികളെ ചിന്തിപ്പിച്ച, കണ്ണു നനയിച്ച ഒരു അപൂര്‍വ്വ ചലച്ചിത്ര ഭാഷ്യം ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറം എത്തി നില്‍ക്കുമ്പോള്‍ ആ ചിത്രത്തിന്റെ അരങ്ങിലും, അണിയറയിലും പ്രവര്‍ത്തിച്ച ഒരുപാട് പേര്‍ നമ്മളെ വിട്ടു പോയിരിക്കുന്നു. 

sukruthamശിവജി, നരേന്ദ്രപ്രസാദ്, ഒടുവില്‍ ഉണ്ണിക്കൃഷ്ണന്‍, ജോണ്‍സണ്‍, ബോംബെ രവി, ഒ.എന്‍.വി, ഇന്ത്യന്‍ എന്ന് വിളിപ്പേരുള്ള രാമന്‍കുട്ടി വാര്യര്‍, ഗൗതമിയുടെ ശബ്ദ ഭാഷ്യത്തിലൂടെ ഇന്നും ജീവിക്കുന്ന ആനന്ദവല്ലി, തുടങ്ങിയ ഒരുപിടി അതുല്യ പ്രതിഭകള്‍! തിയറ്ററുകള്‍ നിറഞ്ഞോടി, പ്രേക്ഷകര്‍ രണ്ടു കയ്യും നീട്ടി സ്വീകരിച്ച ഈ ചിത്രം പേരുപോലെ തന്നെ മലയാളത്തിന്റെ സുകൃതം തന്നെയായിരുന്നു. മമ്മൂട്ടിയുടെ ഏറ്റവും മികച്ച കഥാപാത്രങ്ങളില്‍ ഒന്ന്. എം.ടി.യുടെ ഏറ്റവും മികച്ച തിരക്കഥകളില്‍ ഒന്ന്. മദ്രാസ് ഫിലിം ഫാന്‍സ് അസോസിയേഷന്‍ അവാര്‍ഡ്, മദ്രാസ് സിനിമ എക്സ്പ്രസ് അവാര്‍ഡ്, ചിത്രഭൂമി അവാര്‍ഡ്, കേരളകൗമുദി റീഡേഴ്സ് ക്ലബ്ബ് അവാര്‍ഡ്, തുടങ്ങിയവയും സുകൃതം സ്വന്തമാക്കിയിരുന്നു. 

പുലി വരുന്നേ പുലി, അയനം, ആമ്പല്‍പ്പൂവ്, എഴുന്നള്ളത്ത്, എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടി നില്‍ക്കുന്ന സമയത്താണ് ഹരികുമാര്‍ സുകൃതം സംവിധാനം ചെയ്യുന്നത്. സുകൃതം ഹിറ്റായി നില്‍ക്കുന്ന അവസരത്തിലാണ് സംവിധായകന്‍ ഹരികുമാറിന്റെ പുതിയ വീട് പണി പൂര്‍ത്തീകരിച്ചത്. വീടിന് ഒരു പേരിടുന്നതിനായി മലയാളത്തിന്റെ കാരണവരും, പേരിടല്‍ രംഗത്തെ മുടിചൂടാ മന്നനും ആയ തിക്കുറിശ്ശിയെ സമീപിച്ചപ്പോള്‍ മറ്റൊന്നും ആലോചിക്കാതെ പറഞ്ഞത് സുകൃതം എന്നാണ്. ഒ.എന്‍.വി.യുടെ അഭിപ്രായം തേടിയപ്പോള്‍ അദ്ദേഹം പറഞ്ഞതും സുകൃതം എന്നു തന്നെ. രണ്ട് മഹാപ്രതിഭകളും പരസ്പരം അറിയാതെ പറഞ്ഞ ആ പേരുള്ള വീട്ടിലാണ് ഇന്നും സംവിധായകന്‍ താമസിക്കുന്നത്. മനസുഖവും മനശാന്തിയും നിറഞ്ഞ ഇരുപത്തഞ്ച് വര്‍ഷങ്ങള്‍ ആ വീട്ടില്‍ പിന്നിടുമ്പോള്‍, മലയാളിയുടെ സ്വകാര്യ അഹങ്കാരങ്ങളില്‍ ഒന്നായ സുകൃതവും കാല്‍ നൂറ്റാണ്ട് തികയ്ക്കുന്നു.

content highlights: malayalam film sukrutham, 25 years, ,mammootty harikumar mt vasudevan nair,atlas ramachandran