Photo: V.P.Praveen Kumar, facebook|thottappan
കായലിന്റെ ആഴങ്ങളില്‍ തന്റെ കടലോളമുള്ള സങ്കടങ്ങളെ കഴുകിക്കളഞ്ഞ തൊട്ടപ്പന്റെ സാറ കൊച്ചിലൂടെ പ്രിയംവദ കവര്‍ന്നത് പ്രേക്ഷകഹൃദയമാണ്. ഏറെ പ്രശംസ നേടിയ ആദ്യസിനിമയ്ക്കുശേഷം പ്രിയംവദ വീണ്ടുമെത്തുകയാണ് തീര്‍ത്തും മോഡേണായി. ദീലിപിന്റെ സഹോദരന് അനൂപ് ആദ്യമായി സംവിധാനം ചെയ്യുന്ന തട്ടാശ്ശേരിക്കൂട്ടത്തിലെ നായികാ കഥാപാത്രം പ്രിയംവദയ്ക്ക് സ്വപ്നസാക്ഷാത്കാരം കൂടിയാണ്. പ്രശസ്ത നര്‍ത്തകി പല്ലവി കൃഷ്ണന്റെ മകളായ പ്രിയംവദയ്ക്ക് സിനിമയ്ക്കൊപ്പം ചിലങ്കയുടെ താളവും കാലുകളില്‍ ഭദ്രം. നാട് കൊറോണ ഭീതിയില്‍ നില്ക്കുമ്പോള് അതിനെയെല്ലാം നമ്മള് അതിജീവിക്കും എന്ന ഉറച്ചബോധ്യത്തോടെ പുതിയ സിനിമാ വിശേഷങ്ങളെക്കുറിച്ച് പ്രിയംവദ സംസാരിച്ചുതുടങ്ങി.
അഭിനയക്കൂട്ടം
ദിലീപ് സാര്‍ നിര്‍മിച്ച് അദ്ദേഹത്തിന്റെ സഹോദരനായ അനൂപ് ആദ്യമായി സംവിധാനംചെയ്യുന്ന സിനിമയാണ് തട്ടാശ്ശേരിക്കൂട്ടം. ചിത്രത്തില്‍ നായികാ കഥാപാത്രമാണ് ഞാന്‍ ചെയ്യുന്നത്. അര്ജുന് അശോകനാണ് ചിത്രത്തില്‍ നായകന്. ഞാന്‍ സ്ക്രീനില്‍ മാത്രം കണ്ട ഒരുകൂട്ടം ആളുകളുടെകൂടെ ഒന്നിച്ച് അഭിനയിക്കാനായി എന്നത് തന്നെയാണ് തട്ടാശ്ശേരിക്കൂട്ടം നല്കുന്ന സന്തോഷം. സിദ്ദിഖ് സാര്‍, വിജയരാഘവന് സാര്‍ അങ്ങനെ മുതിര്‍ന്ന അഭിനേതാക്കളുടെ കൂടെ അഭിനയിക്കാനും അവരുടെ പ്രകടനം കാണാനും കഴിഞ്ഞു. സന്തോഷ് ഏച്ചിക്കാനം സാറാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. എല്ലാവര്ക്കും ഒരുപോലെ ആസ്വദിക്കാന്‍പറ്റുന്ന കുടുംബചിത്രമായിരിക്കും തട്ടാശ്ശേരിക്കൂട്ടം.
ആതിര മോഡേണാണ്
തൊട്ടപ്പനിലെ സാറ വളരെ നാടനായിട്ടുള്ള കഥാപാത്രമായിരുന്നു. അതിന്റെ നേരെ വിപരീതദിശയില്‍ നില്ക്കുന്ന കഥാപാത്രമാണ് തട്ടാശ്ശേരിക്കൂട്ടത്തിലെ ആതിര. തൊട്ടപ്പന് എന്ന സിനിമയ്ക്കുമുമ്പേ ഞങ്ങള്‍ക്ക് ഒരു അഭിനയക്കളരിയുണ്ടായിരുന്നു. ജയപ്രകാശ് കുളൂര്‍, രഘുനാഥ് പലേരി, ഗോപന് ചിദംബരം തുടങ്ങി പ്രമുഖര്‍ വന്ന് ക്ലാസെടുത്തു. കൊച്ചി ഭാഷ എനിക്ക് തീരെ അറിയില്ലായിരുന്നു. എന്നാല്‍, ക്യാമ്പ് കഴിയുമ്പോഴേക്കും ഞാനൊരു കൊച്ചിക്കാരിയായിമാറി. തോണി തുഴയാനൊക്കെ പഠിക്കുന്നത് ആ സമയത്താണ്. അവിടെ തുരുത്തില് അനിതച്ചേച്ചിയുടെ വീട്ടില്‍ താമസിച്ചാണ് ഞാന്‍ തൊട്ടപ്പനിലെ സാറയാകാന്‍ ഓരോ കാര്യങ്ങളും പഠിച്ചെടുത്തത്. തൊട്ടപ്പനിലെ എന്റെ പ്രകടനം കണ്ടാണ് അനൂപേട്ടന് വിളിക്കുന്നത്. കൊച്ചിയിലായിരുന്നു തട്ടാശ്ശേരിക്കൂട്ടത്തിന്റെ പ്രധാന ലൊക്കേഷന്‍. വളരെ മോഡേണായിട്ടുള്ള ആതിര എന്ന കഥാപാത്രമാണ് ചിത്രത്തില്‍ എനിക്ക്. ഗ്ലാമറസ് ആയിട്ടുള്ള റോളായതിനാല്‍ വേഗത്തില്‍ റിലേറ്റ് ചെയ്യാന്‍ പറ്റി. നമ്മളൊക്കെ ജീവിതത്തില്‍ പതിവായിക്കാണുന്ന ഒരു കഥാപാത്രമാണ് ആതിരയുടേത്.
ഇനി പോലീസ്
തട്ടാശ്ശേരിക്കൂട്ടത്തിനുശേഷം 'ഇടി മഴ കാറ്റ്?' എന്ന സിനിമ ചെയ്തു. ബംഗാളി-മലയാളം മിക്സ് സിനിമയാണ് അത്. അതില്‍ ഒരു പോലീസ് കഥാപാത്രമാണ് ഞാന്‍ ചെയ്യുന്നത്. ആദ്യമായാണ് പോലീസ് കഥാപാത്രം ചെയ്യുന്നത്. ചെമ്പന്‍ വിനോദ്, ശ്രീനാഥ് ഭാസി, സെന്തില്‍ സാര്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍ ചെയ്യുന്നത്. നവാഗതനായ അമ്പിളി എസ്. രംഗനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പാലക്കാട്, തൃശ്ശൂര്‍, തിരുവനന്തപുരം, മലപ്പുറം, പശ്ചി മബംഗാള്‍ എന്നീ സ്ഥലങ്ങളെ പ്രതിനിധാനം ചെയ്യുന്ന അഞ്ച് കഥാപാത്രങ്ങളിലൂടെയാണ് ചിത്രത്തിന്റെ കഥ മുന്നോട്ടുപോകുന്നത്. നവാഗതനായ പ്രശാന്ത് കാനത്തൂര്‍ സംവിധാനം ചെയ്യുന്ന സ്റ്റേഷന് 5 എന്ന സിനിമയാണ് ഇപ്പോള്‍ ചെയ്യുന്നത്. അട്ടപ്പാടിയാണ് പ്രധാന ലൊക്കേഷന്‍. തികച്ചും വ്യത്യസ്തമായ കഥാപാത്രമാണ് അതിലേത്.
ബംഗാള്‍ ടു കേരള
ബംഗാളി ഭാഷ നന്നായി അറിയാവുന്ന ഒരാളാണ് ഞാന്‍. കാരണം അമ്മ ബംഗാളിയാണ്. ഞങ്ങള്‍ പരസ്പരം ബംഗാളിയിലാണ് സംസാരിക്കുന്നത്. അച്ഛന് കെ.കെ. ഗോപാലകൃഷ്ണന് മലയാളിയാണ്. തൃശ്ശൂര്‍ പൂങ്കുന്നത്താണ് ഇപ്പോള്‍ താമസിക്കുന്നത്. സിനിമ കൂടാതെ മോഡലിങ്ങും ഇഷ്ടമാണ്. 2019-ലെ മിസ് റെയ്ന ഇന്റര്‍ കോണ്‍ണ്ടിനന്റല്‍ ഇന്ത്യ മത്സരത്തിലെ വിജയിയായിരുന്നു. അമ്മ നര്‍ത്തകിയായതിനാല്‍ ചെറുപ്പംമുതല്‍ ഒരു ആര്‍ട്ടിസ്റ്റിന്റെ ജീവിതം കണ്ടാണ് ഞാന്‍ വളര്‍ന്നത്. കുഞ്ഞായിരുന്നപ്പോള്‍തന്നെ ഒരു ആര്‍ട്ടിസ്റ്റാകണമെന്ന ആഗ്രഹം എന്റെ മനസ്സില്‍ കയറി. ഒരു ഘട്ടത്തില്‍ എന്താകണം എന്നത് സംബന്ധിച്ച് ഒരു തീരുമാനത്തില്‍ എത്താന്‍ എനിക്ക് കഴിഞ്ഞില്ല. ഡോക്ടര്‍ ആകണമെന്ന് ഞാന്‍ ആഗ്രഹിക്കുകയാണെങ്കില്‍ ഒരുപക്ഷേ, എനിക്ക് അത് സാധിച്ചേക്കും, എന്ജിനിയറാകണമെങ്കില് അതും സാധിച്ചേക്കാം. എന്നാല്‍, അതിനേക്കാളും എന്റെ മനസ്സ് ഇഷ്ടപ്പെട്ടത് സിനിമയെയാണെന്ന് മനസ്സിലാക്കി. ഒരു നടിയായിക്കഴിഞ്ഞാല്‍ ജീവിതത്തില്‍ പല കഥാപാത്രങ്ങള്‍ ചെയ്യാന്‍ സാധിക്കും. വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്യാനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്.
നൃത്തവും പ്രിയം
അമ്മ പല്ലവി കൃഷ്ണന് തന്നെയാണ് നൃത്തത്തിലെ ഗുരു. ചെറുപ്പം മുതല്‍ തന്നെ ശാസ്ത്രീയ നൃത്തം പഠിക്കുന്നുണ്ട്. മോഹിനിയാട്ടവും ഭരതനാട്യവും രണ്ടും ചെയ്യാറുണ്ട്. എന്നാല്‍ സിനിമയോടാണ് എന്റെ പാഷന്. ഒരുപാട് കൊതിച്ച് നേടിയ സ്വപ്നമാണ് സിനിമ. ഒരു നടി എന്ന നിലയില്‍ ഞാന്‍ ചെയ്യുന്ന കഥാപാത്രത്തെ ആളുകള്‍ എങ്ങനെ നോക്കിക്കാണുന്നു, അവര്‍ എങ്ങനെ സ്വീകരിക്കുന്നു എന്നതിനാണ് പ്രാധാന്യം നല്‍കുന്നത്. മലയാള സിനിമയില്‍ ഒരുപാട് പുത്തന്‍ പരീക്ഷണങ്ങള്‍ നടക്കുന്ന സമയത്ത് തന്നെ അരങ്ങേറാന്‍ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു.
Content Highlights: Malayalam Actress Priyamvadha Thottappan Thattasseri Koottam Dileep Anoop
soorajt1993@gmail.com
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..