മേള രഘു. ഫോട്ടോ: സി.കെ.ജയകൃഷ്ണൻ
രാജ്കപൂറിന്റെ മേരാ നാം ജോക്കറിലെ വിഖ്യാതമായ ആ രംഗം മറക്കാനാവില്ല. ചിരിക്കുന്ന മുഖംമൂടിക്ക് പിറകില്‍ വിങ്ങിപ്പൊട്ടിക്കരയുന്ന രാജുവെന്ന കോമാളിയെ നമ്മള് പിന്നീട് പല ഭാഷകളിലായി, പല ദേശങ്ങളിലായി കണ്ടു. പക്ഷേ, രാജ്കപൂറും കമല്‍ഹാസനും ദിലീപുമെല്ലാം വെള്ളിത്തിരയില്‍ പല കാലങ്ങളിലായി മുഖംമൂടികള്‍ക്ക് കരഞ്ഞഭിനയിച്ച് കൈയടി നേടിയതുപോലെയായിരുന്നില്ല, ആള്‍ക്കൂട്ടം ആര്‍ത്തലച്ചു ചിരിക്കുമ്പോള്‍ റിങ്ങിലും പുറത്തും ചിരിക്കുന്ന മുഖംമൂടികള്‍ക്ക് പിന്നില്‍ കരയാന്‍ മാത്രമായിരുന്നു തമ്പിലെ കോമാളികളുടെ വിധി. സിനിമയിലെ പോലെ വൈകാരിക വിഷയങ്ങളായിരുന്നില്ല, അരപ്പട്ടിണിയും മുഴുപ്പട്ടിണിയുമൊക്കെയായിരുന്നു ആവര്‍ത്തിച്ചു വിരസമായ കോമാളിത്തരങ്ങള്‍ കൊണ്ട്, ചായംമാഞ്ഞുതുടങ്ങിയ ഈ മുഖംമൂടികള്‍ കൊണ്ട്പ അവര്‍ മറച്ചുകൊണ്ടിരുന്നതെന്നു മാത്രം. ഒരായുസ്സ് മുഴുവന്‍ ഇങ്ങനെ മുഖത്ത് ചായംതേച്ച് ചിരിപ്പിച്ചിട്ടും ശിഷ്ടകാലമത്രയും കരയാന്‍ മാത്രമായിരുന്നു തമ്പിലെ ഈ കോമാളികളുടെയെല്ലാം ദുര്‍വിധി.
തമ്പിലെ ഈ പ്രാരാബ്ധങ്ങള്‍ വിട്ട് കോടികള്‍ കിലുങ്ങുന്ന വെളളിത്തിരയിലേയ്ക്ക് ചേക്കേറിയ ഒരാളുണ്ടായിരുന്നു പണ്ട്. ചേര്ത്തലക്കാരന് ശശിധരന്. രാജ്യമെങ്ങും റിങ്ങുകളില്‍ നിന്ന് റിങ്ങുകളിലേയ്ക്ക് ഓടിനടന്ന് പൊട്ടിച്ചിരിപ്പിച്ച ഭാരത് സര്‍ക്കസിലെ പഴയ കോമാളി. സിനിമ അയാളെ പുതിയ പേരിട്ടുവിളിച്ചു. നായകനാക്കി പെരുമനല്കി. പക്ഷേ, നാലു പതിറ്റാണ്ടിനുശേഷം, കമല്‍ഹാസനും മമ്മൂട്ടിക്കും മോഹലാലിനുമെല്ലാമൊപ്പം അഭിനയിച്ച മേള രഘു എന്ന പഴയ നായകന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ അവസാനശ്വാസം വലിക്കുമ്പോള്‍ ഭാര്യയ്ക്കും മകള്‍ക്കും ശേഷിച്ചത് താങ്ങാനാവാത്ത ആശുപത്രി ബില്ലിന്റെ കുടിശ്ശികയും വീട്ടില്‍ കാത്തിരിക്കുന്ന കുറേ പ്രാരാബ്ധങ്ങളും മാത്രമായി. ഒരാഴ്ചയിലേറെയായി ആശുപത്രിയില്‍ ബോധരഹിതനായി രഘു കഴിയുമ്പോള്‍ ചികിത്സയ്ക്ക് പണം ഉണ്ടാക്കാനുളള നെട്ടോട്ടത്തിലായിരുന്നു പഴയ നായകന്റെ അശരണരായ ഈ ഭാര്യയും മകളും. അച്ഛന് ഗുരുതരാവസ്ഥയിലായതിനാല്‍ മകള്‍ ശില്പയുടെ വിവാഹം പോലും മാറ്റിവച്ചിരിക്കുകയായിരുന്നു.

മുഖംകാട്ടിയ സിനിമകളേക്കാള്‍ സംഭവബഹുലമായിരുന്നു മമ്മൂട്ടിയേക്കാള്‍ മുന്‍പ്, സിനിമയില്‍ നായകനായ രഘുവിന്റെ ജീവിതം. സ്കൂള്‍കാലം മുതല്‍ പഠനത്തേക്കാള്‍ കലയോടായിരുന്നു ശശിധരന് പഥ്യം. സ്കൂള്‍ നാടകങ്ങളിലായിരുന്നു തുടക്കം. ഒരുവിധം പത്താം ക്ലാസ് പാസായി. ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജില്‍ ചേര്‍ന്നപ്പോഴും മിമിക്രിയും മോണോ ആക്ടുമൊക്കെയായിരുന്നു മുഖ്യം. പഠിത്തം ഉഴപ്പിനടക്കുന്ന അക്കാലത്ത് പരിചയപ്പെട്ട ഒരു സര്‍ക്കസ് ബ്രോക്കറാണ് ജീവിതം വഴിതിരിച്ചുവിട്ടത്. കലയോടാണ് താത്പര്യമെങ്കില്‍ എന്തുകൊണ്ട് സര്‍ക്കസില്‍ ഒരു കൈ നോക്കിക്കൂടാ എന്ന അയാളുടെ ഓഫര്‍ ശശിധരന് നിരസിക്കാനായില്ല. രണ്ടാമതൊന്ന് ആലോചിച്ചില്ല. കോളേജ് പഠനം പാതിവഴയില്‍ ഉപേക്ഷിച്ച് വീട്ടുകാര്‍ പോലും അറിയാതെ നേരെ ഭാരത് സര്‍ക്കസിലേയ്ക്ക്. സര്‍ക്കസുകള്‍ സിനിമകളേക്കാള്‍ വലിയ പ്രതാപത്തോടെ വാഴുന്ന സുവര്‍ണകാലം. തമ്പിലെത്തിയ ശശിധരന് ശരിക്കും അന്തംവിട്ടു. വര്‍ണക്കൂടാരത്തിന് കീഴില്‍ വേറൊരു ലോകം. അസാമാന്യ മെയ്യഭ്യാസികളായ ട്രപ്പീസ് കലാകാരന്മാര്, ആജാനബാഹുക്കളായ ഫയല്വാന്മാര്, നിറയെ സുന്ദരമാര്‍, നര്‍ത്തകിമാര്‍, ജീപ്പുചാട്ടക്കാര്, കത്തിയേറുകാര് കോമാളികള്‍, നിറയെ മൃഗങ്ങള്‍. ഉയരക്കുറവ് അങ്ങനെ ആദ്യമായി വലിയ ഉയരമായി തോന്നി ശശിധരന്. കോമാളികള്ക്കൊപ്പം ചേര്‍ന്ന ശശിധരന് വൈകാതെ തന്നെ തമ്പുമായി ഇണങ്ങിച്ചേര്‍ന്നു. പഴയ മിമിക്രിയും മോണോ ആക്ടുമെല്ലാം തുണയ്ക്കെത്തി. ദിവസങ്ങള്‍ കൊണ്ടുതന്നെ തമ്പില്‍ നിറയുന്ന ആള്‍ക്കൂട്ടത്തെ കൈയിലെടുത്തു. പെട്ടന്നുതന്നെ കോമാളിക്കൂട്ടത്തിലെ രാജാവായി.
രാജ്യമെങ്ങും ഓടിനടക്കുന്ന കാലം. എന്നും നിറഞ്ഞ സദസ്സ്. നിറഞ്ഞ കൈയടി. കൈനിറയെ പണവും. കാലങ്ങള്‍ക്കുശേഷം ഒരു രാജാവിനെപ്പോലെയായിരുന്നു വീട്ടിലേയ്ക്കുള്ള ആദ്യത്തെ മടക്കം. അങ്ങനെ അന്നൊരിക്കല്‍ ഭാരത് സര്‍ക്കസ് കോഴിക്കോട്ടെത്തി. സാമാന്യം ഭേദപ്പെട്ട തിരക്കുണ്ട്. ഒരിക്കല്‍ ഷോയ്ക്കിടയിലെ ഇടവേളയില്‍ ഒരാള്‍ കാണാന്‍ വന്നു. ശശിധരന് ചെന്നു നോക്കുമ്പോള്‍ ഗേറ്റില്‍ കറുത്ത മെലിഞ്ഞൊരു അപരിചിതന്.
ഞാന്‍ നടന് ശ്രീനിവാസന്. നിങ്ങളെ സിനിമയിലേയ്ക്ക് ക്ഷണിക്കാനാണ് വന്നത്. നല്ല സിനിമയാണ്. നായകനാണ്.
രഘു ചുറ്റുമൊന്ന് നോക്കി. ഇയാള്‍ കളിയാക്കാന്‍ വന്നതാണോ.
'ഇത്രയും നടന്മാരുള്ളപ്പോള് ഞാന്‍ നായകനോ? ഒന്നു പോയേ. മാത്രവുമല്ല, സര്‍ക്കസ് നന്നായി പോകുന്ന സമയമാണിത്. എനിക്ക് ഒറ്റയ്ക്ക് ഒരു തീരുമാനമെടുക്കാനാവില്ല. മുതലാളി സമ്മതിക്കണം.
ഒഴികിഴിവുകൾ പലതും പറഞ്ഞ് ശ്രീനിവാസനെ മടക്കാന്‍ തന്നെയായിരുന്നു ശശിധരന്റെ ശ്രമം. പക്ഷേ, പോയി കണ്ട വെട്ടൂര്‍ പുരുഷന് അടക്കമുള്ളവരേക്കാള് തനിക്ക് മനസിന് പിടിച്ച ശശിധരനെ കൂടാതെ വെറുംകൈയോടെ മടങ്ങാന്‍ ശ്രീനവാസന് ഒരുക്കമായിരുന്നില്ല. നേരെ സര്‍ക്കസ് മാനേജരെ ചെന്നുകണ്ടു. പ്രതീക്ഷിച്ച മറുപടി തന്നെ അവിടെ നിന്നും.
'ഷോ നടക്കുമ്പോള്‍ പെട്ടന്ന് കോമാളി പോയാല്‍ എന്താണ് ചെയ്യുക. തമ്പിലെ ഏറ്റവും മികച്ച കോമാളിയാണിയാള്‍. നാളെ സര്‍ക്കസ് കാണാന്‍ എത്തുന്നവര്‍ ചോദിച്ചാല്‍ ഞാന്‍ എന്തു സമാധാനം പറയും. അതിന്റെ നഷ്ടം നിങ്ങള്‍ നികത്തുമെങ്കില് എനിക്ക് എതിര്‍പ്പില്ല.'
അങ്ങനെ ഷോയുടെ പൈസ കൊടുത്ത് ശ്രീനി ശശിധരനെ അവിടെ നിന്ന് കൊണ്ടുപോയി. കൂത്തുപറമ്പിനടുത്ത് മുത്തിയങ്ങയിലായിരുന്നു മേളയുടെ ചിത്രീകരണം. സെറ്റിലെത്തിയപ്പോള്‍ അമ്പരപ്പായിരുന്നു ശശിധരന്. അതുവരെ കാണാത്ത ആളും സന്നാഹങ്ങളും. മറ്റേതൊ ലോകത്തെത്തിയ അനുഭൂതി.
'ഇത്രയും വലിയ നടന്മാരുളളപ്പോള് ഞാന്‍ ഹീറോയോ.?'
അപ്പോഴും സംശയം വിട്ടൊഴിഞ്ഞിരുന്നില്ല. വെറുതെ ശ്രീനിവാസന്റെ വാക്ക് വിശ്വസിച്ചു ചാടിപ്പുറപ്പെട്ടതിന് സ്വയം പഴിച്ചു. പക്ഷേ, പിന്നെയെല്ലാം ക്ഷണനേരത്തിലായിരുന്നു. മേക്കപ്പ്മാന് വന്ന് അളവെടുക്കുന്നു. സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ കുറേ പടങ്ങളെടുത്തു. ക്യാമറാമാന് രാമചന്ദ്രബാബു മുഖത്ത് ക്യാമറവച്ചു. പെട്ടന്ന് തന്നെ ശശിധരന് വേറെ ആരോ മറ്റാരോ ആയി മാറി. പുതിയ രൂപത്തില്‍ അല്പം പരുങ്ങലോടെയാണ് ഹോട്ടലില്‍ സംവിധായകന്റെ മുന്നില്‍ നിന്നത്. ചാരുകസേരയില്‍ താടിയുഴിഞ്ഞ് അടിമുടി നോക്കി കെ.ജി. ജോര്‍ജ് പറഞ്ഞു:
'ഞാന്‍ നിങ്ങളെ ഏഷ്യയിലെ ഏറ്റവും ഉയരം കുറഞ്ഞ നായകനാക്കാന്‍ പോവുകയാണ്. ഈ സിനിമയിലെ ഗോവിന്ദന്‍കുട്ടി എന്ന നായകനെയാണ് നിങ്ങള്‍ അവതരിപ്പിക്കാന്‍ പോകുന്നത്. നാളെ ഷൂട്ടിങ് തുടങ്ങുകയാണ്'.

ശശിധരന് ഒന്നും മനസിലായില്ല. വിശ്വാസം വരാതെ ഒന്ന് സ്വയം നുള്ളിനോക്കുക വരെ ചെയ്തു. അങ്ങനെ ജീവിതത്തില്‍ ആദ്യമായി ക്യാമറയ്ക്ക് മുന്നില്‍ നായകനായ സര്‍ക്കസ് കോമാളിയാവാന്‍ മനസ് കൊണ്ട് ഒരുങ്ങി അനേകം കോമാളിവേഷങ്ങള്‍ ചെയ്ത് കൈയടി നേടിയ ശശിധരന്. അപ്പോള്‍ മറ്റൊരു പ്രശ്നം. ശശിധരന് എന്ന പേര് ഒരു വിഷയമാണ്. സംവിധായകരായ ഐ.വി.ശശിയും ശശികുമാറുമെല്ലാം തിളങ്ങിനില്‍ക്കുന്ന കാലം. അപ്പോള്‍ എന്തു ചെയ്യും. സംവിധായകന് തന്നെ പരിഹാരം കണ്ടു.
'ചെറിയ പേരാണ് നല്ലത്. നമുക്ക് ഇയാളെ രഘു എന്നു വിളിക്കാം. മേളയും രണ്ടക്ഷം, രഘുവിനും രണ്ടക്ഷരം.'
അങ്ങനെ ഒരൊറ്റ രാത്രി കൊണ്ട് ചേര്ത്തലക്കാരന് ശശിധരന് മേള രഘുവായി. ഏഷ്യയിലെ അന്നത്തെ ഏറ്റവും ഉയരം കുറഞ്ഞ നായകനായി.
സര്‍ക്കസിലെ തിളങ്ങുന്ന താരമായിരുന്നെങ്കിലും ക്യാമറയ്ക്ക് മുന്നില്‍ പതറിപ്പോകുമോ എന്നൊരു ആശങ്കയുണ്ടായിരുന്നു ഛായാഗ്രാഹകന്‍ രാമചന്ദ്രബാബു അടക്കമുള്ളവര്‍ക്ക്. പരിശീലനം കൊടുക്കേണ്ടിവരുമോ എന്നുവരെ ശങ്കിച്ചവരുണ്ട്. പക്ഷേ, കെ.ജി. ജോര്‍ജിന് മാത്രം കുലുക്കമില്ല.
'അങ്ങനെ ഒരുപാട് അഭിനയിക്കുകയൊന്നും വേണ്ട. അയാള്‍ സര്ക്കസുകാരനല്ലെ. അതുപോലെ തന്നെ വെറുതെ ബിഹേവ് ചെയ്താല്‍ മതി.'
അങ്ങനെ ഷോട്ട് റെഡി. സര്‍ക്കസിലെ കോമാളിയായ ഗോവിന്ദന്‍കുട്ടി വലിയ പണക്കാരനായി നാട്ടില്‍ തിരിച്ചെത്തുന്ന രംഗമായിരുന്നു ആദ്യം. കഴുത്തില്‍ മിന്നുന്ന മാലയും വിരലില്‍ പുലിനഖ മോതിരവുമൊക്കെയിട്ട് വലിയ പെട്ടിയുമായി ഗമയില്‍ വരുന്ന ഗോവിന്ദന്‍കുട്ടിയായി മാറാന്‍ വലിയ പാടുണ്ടായിരുന്നില്ല രഘുവിന്. എവിടെയൊക്കെയോ തന്റെ നിഴല്പ്പാടുകിടന്നതാവാം കാരണം. ഏറെയൊന്നും പണിപ്പെടാതെ തന്നെ ഷോട്ട് റെഡി. നാട്ടില്‍ പൊങ്ങച്ചക്കാരനായി നടക്കുന്ന ഭാഗമൊക്കെ അനായാസമായി രഘു അഭിനയിച്ച് ഫലിപ്പിച്ചു. പിന്നീട് ഭാര്യയ്ക്ക് സര്‍ക്കസിലെ ബൈക്ക് ചാട്ടക്കാരന് വിജയനുമായി മാനസിക അടുപ്പം വളരുന്നരംഗങ്ങള് എത്തുന്നതോടെയയിരുന്നു വെല്ലുവിളി. അവിടെയും രഘുവെന്ന പുതുമുഖം പതറിയില്ല. ഭാര്യയെ സംശയിക്കുന്ന ഭാഗങ്ങളും ഒടുവില്‍ ആത്മഹത്യ ചെയ്യാന്‍ തീരുമാനിക്കുന്ന തികച്ചും വെല്ലുവിളി നിറഞ്ഞ ഭാവതീവ്രമായ രംഗങ്ങളും തഴക്കംവന്ന നടന്മാരോട് കിടപിടിക്കുന്ന തരത്തില്‍ സ്വാഭാവികമായും കൈയടക്കത്തോടെയും തന്നെ രഘു ക്യാമറയ്ക്ക് മുന്നില്‍ അവതരിപ്പിച്ചു. തന്റെ കരിയറിലെ രണ്ടാമത്തെ പ്രധാന കഥാപാത്രത്തെ മാത്രം അവതരിപ്പിച്ച മമ്മൂട്ടിയുടെ വിജയനേക്കാള്‍ ശ്രദ്ധപിടിച്ചുപറ്റാനും രഘുവിന്റെ ഗോവിന്ദന്കുട്ടിക്കായി. മേളയ്ക്കൊപ്പംതന്നെ രഘുവും മലയാള സിനിമയുടെ സുവര്‍ണ ഏടില്‍ അങ്ങനെ ഇടം നേടി.
മേള സ്വപ്നതുല്യമായൊരു നേട്ടമായിരുന്നു രഘുവിന് സമ്മാനിച്ചതെങ്കിലും ജീവിതം നായകന് കരുതിവച്ചത് ആദ്യ സിനിമയിലെപ്പോലൊരു ആന്റി ക്ലൈമാക്സായിരുന്നു. കെ.ജി.ജോര്‍ജിന്റെ നായകനെ തേടി സിനിമാക്കാര് വരുമെന്ന് കരുതി രഘു കാത്തിരുന്നു. ഏതാനും മാസങ്ങള്‍ മറ്റ് ചെറിയ വേഷങ്ങള്‍ ചെയ്യരുതെന്ന കെ.ജി. ജോര്‍ജിന്റെ അഭ്യര്‍ഥനയുണ്ടായിരുന്നു. എന്നാല്‍, മാസങ്ങള്‍ കഴിഞ്ഞിട്ടും ആരും വന്നില്ല. മേളയോടെ അന്ന് സഹനടനായിരുന്ന മമ്മൂട്ടി തിരക്കുള്ള നടനായി. താരപദവിയിലേയ്ക്ക് ഓടിക്കയറിക്കൊണ്ടിരുന്നു.

അപ്പോഴും രഘുവിനെ തേടി ആരും വന്നില്ല. ഒടുവില്‍ വരുമാനംമുട്ടിയതോടെ സഹികെട്ട് രഘു തന്നെ അവസരം തേടിയിറങ്ങി. ആരുടെയൊക്കെയോ വാതിലില്‍ ചെന്നുമുട്ടി. കെഞ്ചിനോക്കി. ഉയരം കുറഞ്ഞ നായകനോട് പലരും മുഖം തിരിച്ചു. ചിലര്‍ വെറുതെ വാക്ക് കൊടുത്ത് മടക്കി. പതുക്കെ ജീവിതം ഒരു വലിയ ബാധ്യതയായി. കഷ്ടപ്പാടും വിശപ്പും വെല്ലുവിളിയായി. അങ്ങനെ ഒരു ദിവസം പഴയ തട്ടകത്തിലേയ്ക്ക് തന്നെ മടങ്ങാന്‍ തീരുമാനിച്ചു രഘു. പക്ഷേ, ഭാരത് സര്‍ക്കസിലും പ്രതികരണം വ്യത്യസ്തമായിരുന്നില്ല. സിനിമയിലൊക്കെ പോയി വലിയ കാശുണ്ടാക്കിയ ആളല്ലെ എന്ന പരിഹാസമായിരുന്നു ആദ്യ പ്രതികരണം. ഒടുവില്‍ കരഞ്ഞ് കഷ്ടപ്പാടിന്റെ കഥ നിവര്‍ത്തിയപ്പോള്‍ മാത്രമാണ് പഴയ കോമാളിയുടെ വേഷം വീണ്ടും പൊടിതട്ടിയെടുത്തു കൊടുത്തത്. പഴയ പ്രതിഫലമൊന്നും പ്രതീക്ഷിക്കേണ്ടെന്ന നിബന്ധനയും. നിവൃത്തികേട് കൊണ്ട് രഘു വഴങ്ങി. സങ്കടം പുറത്തുകാണിക്കാതെ ചിരിക്കുന്ന മുഖംമൂടിയിട്ട് പഴയതുപോലെ റിങ്ങില്‍ ആളുകളെ പൊട്ടിച്ചിരിപ്പിച്ചു. കോമാളിത്തരങ്ങള്‍ കാട്ടുന്നത് ഒരു സിനിമാനായകനാണെന്ന കണ്ട് ചിരിച്ചവരില്‍ പലരും അറിഞ്ഞുമില്ല.
അപ്പൊഴേയ്ക്കും കാറ്റ് മാറി വീശിത്തുടങ്ങിയിരുന്നു. സര്‍ക്കസിന്റെ പ്രതാപം അസ്തമിച്ചുതുടങ്ങുന്ന കാലം. പലപ്പോഴും പ്രതിഫലം മുടങ്ങി. ജീവിതം ശരിക്കും പ്രതിസന്ധിയിലായിത്തുടങ്ങി. അതിനിടയ്ക്ക് രഘു ഒരു വിവാഹവും കഴിച്ചിരുന്നു. ഒരു മകളുമായി. തമ്പില്‍ നിന്ന് കിട്ടുന്ന നാമമാത്രമായ സംഖ്യ ഉറമ്പ് അരിമണി പെറുക്കിവയ്ക്കുംപോലെ കൂട്ടിവച്ച് നാട്ടിലേയ്ക്ക് അയച്ചു. തമ്പില്‍ മുണ്ടുമുറുക്കിയുടുത്ത് കഴിഞ്ഞു. അതുകൊണ്ടാണ് മകളുടെ പഠിപ്പെല്ലാം നടന്നത്. പക്ഷേ, തമ്പിലെ സ്ഥിതി അനുദിനം മോശമായി വന്നു. പലപ്പോഴും പ്രതിഫലം കിട്ടാതായി. ഇരുന്നാല്‍ കിട്ടുന്നത് നക്കാപ്പിച്ച മാത്രം. ഭക്ഷണം പോലും മുടങ്ങുന്ന അവസ്ഥയായി. ഉത്തരേന്ത്യന്‍ നഗരങ്ങളിലൊക്കെ ചെന്ന് അങ്ങനെ പട്ടിണി കിടന്നും ആളുകളെ പൊട്ടിച്ചരിപ്പിക്കാനായിരുന്നു രഘു ഉള്‍പ്പടെയുള്ള ആളുകളുടെ യോഗം.
തമ്പിലെ ജീവിതം വഴിമുട്ടിയപ്പോള്‍ അങ്ങനെ രഘു കോമാളിയുടെ വേഷമഴിച്ച് വീണ്ടും നാട്ടിലേക്ക് തിരിച്ചു. അറിയാവുന്ന ജോലി കോമാളിത്തരങ്ങള്‍ കാട്ടുകയും അഭിനയിക്കുകയുമാണ്. പിന്നെയും പല സിനിമാക്കാരെയും പോയി കണ്ടു. പ്രതികരണം പഴയപടി തന്നെ. വളരെ കാലം കഴിഞ്ഞ് ചില വിളികള്‍ വന്നു. സര്‍ക്കസ് കൂടാരം പശ്ചാത്തലമായതുകൊണ്ട് കമാല്ഹാസന്റെ അപൂര്‍വ സഹോദരങ്ങളില്‍ കുറേ ഉയരം കുറഞ്ഞവര്‍ക്കൊപ്പം ഒരു കോമാളിവേഷം കിട്ടി. ഉയരക്കുറവു തന്നെ അത്ഭുതദ്വീപിലും തുണയായി. പിന്നെ ബെസ്റ്റ് ആക്ടറും ഒരു ഇന്ത്യന്‍ പ്രണയകഥയും. പഴയ മേള രഘു ജീവിച്ചിരിപ്പുണ്ടെന്ന് മാത്രം അറിയിക്കാന്‍ പോന്ന വേഷങ്ങള്‍.
അതിനിടയ്ക്ക് പല നാടകക്കാരെയും പോയി കണ്ടു രഘു. ഒടുവില്‍ ഫ്രാന്‍സിസ് ടി മാവേലിക്കരയാണ് തുണച്ചത്. കെ.പി.എ.സിക്ക് വേണ്ടി പുതിയതായി എഴുതുന്ന നാടകത്തില്‍ ഒരു വേഷമുണ്ടെന്ന് അദ്ദേഹം ഉറപ്പ് കൊടുത്തു. അങ്ങനെ പ്രമോദ് പയ്യന്നൂര്‍ സംവിധാനം ചെയ്ത ഇന്നലെകളുടെ ആകാശത്തില്‍ മോശമല്ലാത്തൊരു വേഷം കിട്ടി. തിരുവനന്തപുരത്തായിരുന്നു ആദ്യ വേദി. പിന്നെ ഇടയ്ക്ക് ചില സീരിയലുകള്‍. അപ്പോഴും നിത്യവൃത്തി ഒരു വലിയ ചോദ്യചിഹ്നമായിരുന്നു രഘുവിന്. ഗിന്നസ് പക്രുവെല്ലാം വലിയ താരമായി വിലസുന്ന കാലത്ത് രഘു എന്നൊരു നടന് ജീവിച്ചിരിപ്പുണ്ടെന്നു വരെ ആളുകള്‍ മറന്നുപോയതുപോലെയായിരുന്നു. രഘു അപ്പോഴും നാട്ടില്‍ പ്രരാരാബ്ധങ്ങള്ക്കിടയില് ചായക്കടയും പഴയ കൂട്ടുകാരുമായി തനി സാധാരണക്കാരനായി ജീവിതം തള്ളിനീക്കിപ്പോന്നു. രഘു പഴയ കാലത്തെ ഒരു വലിയ നടനാണെന്ന് കണ്ടുമുട്ടുന്നവരും മറന്നു. അങ്ങനെയിരിക്കെയാണ് ലോക്ഡൗണ്‍ കാലത്ത് ഒരു വിളിവരുന്നത്. ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തിലേയ്ക്ക്. നാരായണന് നായരുടെ ചായക്കടയിലെ സഹായി. അങ്ങനെ ഗോവിന്ദന് കുട്ടി മുതല്‍ രഘുവരെ ഏതാണ്ട് നാലു പതിറ്റാണ്ടിനിടയ്ക്ക് അര ഡസന്‍ സിനിമ കഷ്ടിച്ച് തികച്ചു കെ.ജി. ജോര്‍ജിന്റെ പഴയ നായകന്. ആമസോണില്‍ ഹിറ്റായി ഓടി ദൃശ്യം കൊണ്ടാരു ഗുണമുണ്ടായി. രഘു ജീവിച്ചരിപ്പുണ്ടെന്ന് ഒരിക്കല്‍ക്കൂടി ലോകമറിഞ്ഞു. ചിലരെങ്കിലും വീണ്ടും തിരിച്ചറിഞ്ഞു. പഴയ നായകന്റെ ജീവിതദുരിതം നേരിട്ടറിഞ്ഞു. ഒരു തിരിച്ചുവരവിന്റെ പ്രതീക്ഷ മെല്ലെ വീണ്ടും മൊട്ടിട്ടുതുടങ്ങി. അതിനിടയ്ക്കാണ് ഒരിക്കല്‍ക്കൂടി ജീവിതത്തില്‍ വിധിയുടെ ആന്റിക്ലൈമാക്സ്. വീട്ടില്‍ ബോധരഹിതനായി വീണ രഘു പിന്നെ കണ്ണു തുറന്നില്ല. ആഴ്ചകള്‍ നീണ്ടുനിന്ന ആശുപത്രിവാസത്തിനൊടുവില്‍ വേഷം അഴിച്ചുവച്ച് മടങ്ങി. മരണം മാത്രമല്ല, ജീവിതവും രഘുവിന് രംഗബോധമില്ലാത്ത, ഔചിത്യം തൊട്ടുതീണ്ടിയിട്ടില്ലാത്ത ഒരു കോമാളിയായിരുന്നല്ലോ.
Content Highlights: Malayalam Actor Mela Raghu Mammootty Mohanlal Kamal Hassan Dhrishyam2
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..