ലയാളസിനിമയ്ക്ക്‌ ഇത്‌ നിർബന്ധിത ഒഴിവുകാലമാണ്‌. അടഞ്ഞ  തിയേറ്ററുകൾക്കുമുന്നിൽ പകച്ചുനിൽക്കുന്നു സിനിമാലോകം. ഇനിയെന്ത്‌?

അതേസമയം, മൊബൈലിലും ലാപ്‌ടോപ്പിലും സ്മാർട്ട്‌ ടി.വി.യിലും ഹോം തിയേറ്ററിലും സിനിമകണ്ട്‌ രസിക്കുകയാണ്‌ പ്രേക്ഷകൻ. കൊറോണ എന്ന  ക്ഷണിക്കാതെവന്ന അതിഥിയെ ചെല്ലും ചെലവും കൊടുത്ത്‌ കുറച്ചുവർഷങ്ങൾ വീട്ടിൽതാമസിപ്പിക്കേണ്ടിവരുമെന്നാണ്‌ ലോകാരോഗ്യസംഘടനപോലും പറയുന്നത്‌. അതിനെല്ലാവരും മാനസികമായി തയ്യാറെടുക്കുകയും ചെയ്തിട്ടുണ്ട്‌. ഇനി വീട്ടിലിരുന്നു  സിനിമകാണാം എന്ന തീരുമാനത്തിൽ പ്രേക്ഷകൻ എത്തിയോ എന്നുമാത്രമേ  അറിയാനുള്ളൂ.

സിനിമാവ്യവസായം പ്രതിസന്ധിയിലാണ്‌. ഇതിനുമുമ്പൊന്നും ഇത്തരം ഒരു പ്രതിസന്ധി വ്യവസായം നേരിട്ടിട്ടില്ല. ഈ ഒഴിവുകാലം കഴിഞ്ഞ്‌ ആളും ആരവവും നിറഞ്ഞ തിയേറ്ററുകൾ സ്വപ്നം കാണുന്നവരുണ്ട്‌. അവർ കുറച്ചുകാലം കാത്തിരിക്കേണ്ടിവരും. ആ കാലത്തെ അതിജീവിക്കാനുള്ള ആരോഗ്യം മലയാള സിനിമാവ്യവസായത്തിനുണ്ടോ എന്നതാണ്‌ പ്രസക്തമായ ചോദ്യം.

ഉണ്ട്‌ എന്നാണ്‌ വ്യക്തമായ ഉത്തരം. എന്നാൽ, അതിന്‌ ചില കായകല്പചികിത്സകൾ വേണ്ടിവരും. ബന്ധപ്പെട്ടവർ അതിന്‌ തയ്യാറാകണം.

അടുത്ത സീറ്റിലിരിക്കുന്നവൻ തനിക്ക്‌ മഹാമാരി പകർന്നുതരുമോ എന്ന ഭീതിയോടെ സ്‌ക്രീനിലെ കോമഡി ആസ്വദിക്കാൻ കഴിയുമോ? കൊറോണയും സാമൂഹിക അകലവും വരുന്നതിനുമുമ്പേ പ്രേക്ഷകൻ സ്വന്തംനിലയ്ക്ക്‌ നടപ്പാക്കിയ പെരുമാറ്റച്ചട്ടം ആയിരുന്നു ‘തിയേറ്റർ അകലം’. ഇഷ്ടമായില്ലെങ്കിൽ സാമൂഹികമാധ്യമങ്ങൾവഴി  അവൻ ആഹ്വാനംചെയ്തുകളയും തിയേറ്റർ അകലം പാലിക്കാൻ. ഒരുപരിധിവരെ അത്‌ വിജയിക്കുകയുംചെയ്തിരുന്നു. അതുകൊണ്ട്‌ പുതിയ സാമൂഹിക അകലം  പാലിക്കൽ ‘ന്യൂജെൻ’ പ്രേക്ഷകന്‌ പുത്തരിയല്ല.

സ്മാർട്ട്‌ ഫോണിൽ നേരത്തേത്തന്നെ കുരുങ്ങിക്കിടക്കുന്ന ന്യൂജെൻ പ്രേക്ഷകൻ അടച്ചിടൽക്കാലത്ത്‌ ഫോണിൽ വിലയംപ്രാപിക്കുകയാണുണ്ടായത്‌. അതുകൊണ്ട്‌ ഒ.ടി.ടി. (ഓവർ ദി ടോപ്പ്‌) പ്ലാറ്റ്‌ഫോമിൽ പുതിയ സിനിമ റിലീസ്‌ ചെയ്താൽ ന്യൂജെൻ പ്രേക്ഷകന്‌ അത്‌ സ്വീകാര്യമാവുമെന്ന കാര്യത്തിൽ സംശയമില്ല.

പ്രശ്നം അതല്ല; കുടുംബസമേതം തിയേറ്ററിൽപോയി സിനിമകാണുന്ന പരമ്പരാഗത പ്രേക്ഷകർ ‘തിയേറ്റർ അകലം’ പാലിച്ചേക്കും എന്നതാണ്‌. കോറോണയെ ഭയക്കുന്ന സാധാരണക്കാരാണ്‌ അവർ. അവർ ഭയംകൂടാതെ കൂട്ടമായി തിയേറ്ററിലെത്തുന്ന സമയത്തുമാത്രമേ സിനിമാവ്യവസായം വീണ്ടും ശരിയായ അർഥത്തിൽ ചലിച്ചുതുടങ്ങൂ. കോറോണയ്ക്ക്‌ മുമ്പും ശേഷവും എന്നരീതിയിൽ മലയാള സിനിമാചരിത്രം വേർതിരിഞ്ഞുകഴിഞ്ഞു.

കോറോണയ്ക്ക്‌ കുറച്ചുമുമ്പ്‌ മൾട്ടിപ്ലക്സുകളിൽ ദുരൂഹസാഹചര്യത്തിൽ മരണമടയുന്ന സിനിമകളുടെ എണ്ണം ക്രമാതീതമായി വർധിച്ചിരുന്നു. ‘ടേബിൾ പ്രോഫിറ്റി’ന്റെ ലഹരിയിൽ മതിമറന്നുനടക്കുകയായിരുന്നു അപ്പോൾ സിനിമ. കരകയറാനാകാത്ത കുഴിയിലേക്ക്‌ അടുക്കുമ്പോഴുള്ള സൂചനകളും കണ്ടുതുടങ്ങിയിരുന്നു.

എന്നാൽ, ‘അയ്യപ്പനും കോശിയും’, ‘ട്രാൻസ്‌’, ‘വരനെ ആവശ്യമുണ്ട്‌’ എന്നീ ചിത്രങ്ങൾ വിവിധ പ്രേക്ഷകമേഖലകളെ ഒരുപോലെ തിയേറ്ററുകളിലേക്ക്‌ വൻതോതിൽ ആകർഷിച്ചു. വ്യവസായം ഉണർന്നു. വെക്കേഷനും വിഷു, ഈസ്റ്റർ അവധികളും ആഘോഷത്തിന്റെ തിരനോട്ടമാണ്‌ സിനിമയ്ക്ക്‌ നൽകിയത്‌. കോറോണ എല്ലാപ്രതീക്ഷകളും സ്വപ്നങ്ങളും തകർത്തു.

സിനിമ, കച്ചവടം മാത്രമല്ല അതൊരു കലാരൂപംകൂടിയാണ്‌. എന്നാൽ, മറ്റൊരു കലാരൂപവും ആവശ്യപ്പെടുന്നതിനെക്കാൾ മുതൽമുടക്ക്‌ ഇതിനാവശ്യമാണെന്ന്‌ മാത്രം. അതൊരു ചെറിയ വ്യത്യാസമല്ല. മുടക്കുമുതൽ തിരിച്ചുകിട്ടണമെന്ന്‌ കരുതുന്നത്‌ ഒരുതെറ്റുമല്ല. അപ്പോൾ കച്ചവടത്തിന്റെ സൂത്രവാക്യങ്ങൾ നിർമാതാക്കൾ അന്വേഷിക്കുന്നത്‌ സ്വാഭാവികം.

വൻതോതിലുള്ള തിയേറ്റർ കളക്‌ഷൻ ഉടനെയൊന്നും പ്രതീക്ഷിക്കാനാവാത്തതുകൊണ്ട്‌ മുടക്കുമുതൽ തിരിച്ചുപോരട്ടെ എന്ന ചിന്ത  മുന്നോട്ടുവരും. അവരുടെ മുന്നിൽ ഒ.ടി.ടി. എന്ന വാതിൽ തുറക്കുകയാണ്‌.

ചെറിയ ചിത്രങ്ങൾ ആ വഴിക്ക്‌ സഞ്ചരിക്കും. അത്‌ തടയാതിരിക്കുന്നതാണ്‌ സിനിമാ വ്യവസായത്തിന്റെ ഭാവിക്ക്‌ നല്ലത്‌. വൻകിട ചിത്രങ്ങൾ തിയേറ്റർ തുറക്കുന്ന മുറയ്ക്ക്‌ പ്രേക്ഷകർക്ക്‌ മുന്നിലെത്തട്ടെ. ബിഗ്‌ സ്‌ക്രീനിൽ കാണേണ്ട ‘ദൃശ്യവിസ്മയം’ പതുക്കെപ്പതുക്കെയാണെങ്കിലും ലാഭം കൊണ്ടുവരും.

ഇതൊരു ‘പരിവർത്തനകാല’മാണ്‌. പൂർത്തിയായ ചെറിയ ചിത്രങ്ങൾ ഒ.ടി.ടി. പ്ലാറ്റ്‌ഫോമിലെത്തുമെന്ന്‌ ഉറപ്പ്‌. വരുന്ന ഓണക്കാലമാണ്‌ വൻചിത്രങ്ങളുടെ പ്രതീക്ഷ. വൻചിത്രങ്ങളുടെ വിദേശവിപണിയുടെ അവസ്ഥ മോശമാണ്‌. അതും ആ ചിത്രങ്ങളുടെ നിർമാതാക്കളുടെ ഉറക്കംകെടുത്തും. ഓണക്കാലത്തോ അതിനുമുമ്പോ തിയേറ്റർ തുറക്കുമെന്ന വിശ്വാസത്തിലാണ്‌ പ്രേക്ഷകരും.

പരിവർത്തനകാലത്തിൽ പുതിയ ചിത്രങ്ങളുടെ നിർമാണത്തെക്കുറിച്ചുള്ള ചർച്ചകൾ സജീവമാണ്‌. ചെറിയ ചിത്രങ്ങൾ തുടങ്ങാൻ കഴിയുമെന്ന പ്രതീക്ഷയിലാണ്‌ നിർമാതാക്കൾ. ഒ.ടി.ടി.യാണ്‌ ലക്ഷ്യം എന്നത്‌ സംശയമില്ല. പക്ഷേ, ചെറിയ ബജറ്റിൽ ചിത്രംതീർക്കാൻ പ്രധാന തടസ്സം താരങ്ങളുടെ പ്രതിഫലമാണെന്ന ഒരു ധാരണ പൊതുവേ സിനിമാരംഗത്തുണ്ട്‌. വൻപ്രതിഫലം വാങ്ങുന്ന താരങ്ങളെ ചെറിയ ചിത്രങ്ങളിൽനിന്ന്‌ മാറ്റിനിർത്തുകയാണ്‌ അതിന്റെ പ്രധാന പ്രതിവിധി. എന്നാൽ, രണ്ടും മൂന്നും നാലും നിരകളിലുള്ള അഭിനേതാക്കളുടെ പ്രതിഫലവും ചെറിയ ചിത്രങ്ങൾക്ക്‌ താങ്ങാവുന്നതിനെക്കാൾ വളരെ ഉയർന്നതാണെന്നാണ്‌ നിർമാതാക്കൾ ചാനൽചർച്ചകളിൽ പറയുന്ന അഭിപ്രായങ്ങളിൽനിന്ന്‌ മനസ്സിലാക്കേണ്ടത്‌. അങ്ങനെയെങ്കിൽ അഭിനേതാക്കൾ വിട്ടുവീഴ്ചയ്ക്ക്‌ തയ്യാറാവണം. അത്‌ സിനിമയുടെ നിലനിൽപ്പിനുവേണ്ടി ചെയ്യുന്ന അനിവാര്യമായ കടമയായി കണ്ടാൽമതി.

മഹാമനുഷ്യനായ പ്രേംനസീർ പണ്ട്‌ ഒരുഅഭിമുഖത്തിൽ പറഞ്ഞത്‌ ഓർക്കുന്നു:  ‘‘സിനിമയുടെ വർണശബളിമയിൽ നിൽക്കുന്നവരെക്കുറിച്ചല്ല, ആരാലും അറിയപ്പെടാത്ത, സിനിമകൊണ്ട്‌ ജീവിതം മുന്നോട്ടുകൊണ്ടുപോകുന്ന കുറെ ചെറിയ മനുഷ്യരുണ്ട്‌. അവരെക്കുറിച്ചാണ്‌ ഞാൻ ഓർക്കുന്നത്‌. അതുകൊണ്ടുതന്നെ കച്ചവടസിനിമയെന്നോ ഫോർമുല ചിത്രങ്ങളെന്നോ ആക്ഷേപിക്കുന്ന സിനിമകളിൽ ഞാൻ അഭിനയിക്കും. എങ്കിലേ ആ മനുഷ്യരുടെ വീടുകളിൽ തീപുകയൂ’’.

കുറഞ്ഞത്‌ ഒരു വ്യാഴവട്ടക്കാലമെങ്കിലും ഏകവ്യക്തിയധിഷ്ഠിത വ്യവസായം (വൺമാൻ ഇൻഡസ്‌ട്രി) എന്നനിലയിൽ മലയാളസിനിമയെ നിലനിർത്തിയ നടനാണ്‌ പറഞ്ഞതെന്ന്‌ ന്യൂജെൻ അഭിനേതാക്കൾ അറിയണം. ആറുമാസം ഒറ്റസിനിമയും ഇല്ലാതിരുന്നാൽ ജീവിതം സുഗമമായി മുന്നോട്ടുകൊണ്ടുപോകാൻ കഴിയുന്ന എത്ര മക്കൾ ‘അമ്മ’യ്ക്കുണ്ടെന്ന്‌ ‘അമ്മ’യും കണക്കെടുക്കണം. ആ നിമിഷം, മലയാളസിനിമയുടെ പ്രതിസന്ധിയും തീരും. ‘വിദ്യകൊണ്ട്‌ പ്രബുദ്ധരാകുവിൻ, സംഘടനകൊണ്ട്‌ ശക്തരാകുവിൻ’ എന്ന്‌ പഠിപ്പിച്ച ആചാര്യൻ ജനിച്ച മണ്ണാണിത്‌. സംഘടിതശക്തി തെളിയിക്കേണ്ടത്‌ ശക്തനെ മുട്ടുകുത്തിച്ചുകൊണ്ടുമാത്രമല്ല, വഴിമുട്ടിനിൽക്കുന്ന ഭൂരിപക്ഷത്തെ കൈകൊടുത്ത്‌ ഉയർത്തിക്കൊണ്ടുമാവാം.

ചെറിയസിനിമകൾ ധാരാളമായി നിർമിക്കപ്പെടണം. ഒ.ടി.ടി. പ്ലാറ്റ്‌ഫോം ലക്ഷ്യംവെച്ചുതന്നെ ആയിക്കോട്ടെ. അതൊരിക്കലും തിയേറ്റർ വ്യവസായത്തെ ബാധിക്കില്ല. ‘ദൃശ്യവിസ്മയങ്ങൾ’ കാണാൻ തീർച്ചയായും പ്രേക്ഷകർ തിയേറ്ററിലെത്തും.

Content Highlights: Malayala Cinema Before and after Covid 19 Pandemic, lock down theater crisis