വര്‍ഷം 2009, സൂപ്പര്‍ താരചിത്രങ്ങള്‍ക്കിടയിലേക്ക് പൂര്‍ണമായും പുതുമുഖങ്ങള്‍ അണിനിരന്ന ഒരു ചിത്രം പിറന്നു. കൂട്ടത്തിലെ മെലിഞ്ഞുവെളുത്ത്, കുറ്റിത്താടിയുള്ള, ഇടങ്കയ്യനായ ആലുവക്കാരന്‍ പയ്യന്‍ പിന്നെ തെന്നിന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരങ്ങളിലൊരാളായി വളര്‍ന്നു. സിനിമ നിര്‍മിച്ചു. അന്നിറങ്ങിയ ആ സിനിമയുടെ പേര് മലര്‍വാടി ആര്‍ട്‌സ് ക്ലബ്. നടന്റെ പേര് നിവിന്‍ പോളി.
മലര്‍വാടി ആര്‍ട്‌സ് ക്ലബിലെ റിബലായ രമേശനില്‍ നിന്നും വളരെ പെട്ടന്നായിരുന്നു വിനീത് ശ്രീനിവാസന്റെ തന്നെ തട്ടത്തിന്‍ മറയത്തിലെ പ്രണയപരവശനായ വിനോദിലേക്കുള്ള നിവിന്റെ പരകായ പ്രവേശം. പിന്നീടങ്ങോട്ട് മലയാള സിനിമയിലെ യുവനടന്മാരുടെ മുന്‍നിരയിലേക്കാണ് നിവിന്‍ കടന്നത്. പരാജയമറിഞ്ഞ ചിത്രങ്ങള്‍ വിരലിലെണ്ണാവുന്ന മാത്രം. ഓരോ ചിത്രങ്ങള്‍ കഴിയുന്തോറും മിനിമം ഗ്യാരണ്ടിയുള്ള നടനായി നിവിന്‍ വളര്‍ന്നു. ഓം ശാന്തി ഓശാനയിലെ ഗിരിയും 1983 യിലെ രമേശനും ബാംഗ്ലൂര്‍ ഡേയ്‌സിലെ കുട്ടനും വടക്കന്‍ സെല്‍ഫിയിലെ ഉമേഷും ആക്ഷന്‍ ഹീറോ ബിജുവിലെ ബിജു പൗലോസും നിവിന്‍ പോളിയെ ക്രൗഡ് പുള്ളര്‍ താരം എന്ന പദവിയിലെത്തിച്ചു. ഇതിനിടെ പുറത്തുവന്ന നേരവും പ്രേമവും അദ്ദേഹത്തെ കേരളത്തിന് പുറത്തും താരമൂല്യമുള്ള നടനാക്കി.
വിനീത് ശ്രീനിവാസനും ജൂഡ് ആന്തണിയും ജി.പ്രജിത്തും അല്‍ഫോണ്‍സ് പുത്രനും എബ്രിഡ് ഷൈനും പോലുള്ള യുവസംവിധായകരുടെ ചിത്രങ്ങളില്‍ മാത്രമായി ഒതുങ്ങി നിന്നില്ല നിവിന്‍ പോളി. ഇതിന് ഏറ്റവും വലിയ ഉദാഹരണമാണ് കരിയറിന്റെ തുടക്കകാലത്തില്‍ വന്ന സത്യന്‍ അന്തിക്കാട് ചിത്രം പുതിയ തീരങ്ങളും ജോഷിയുടെ സെവന്‍സും. ശ്യാമപ്രസാദിന്റെ ഇംഗ്ലീഷ്, ഇവിടെ, ഹേയ് ജൂഡ് എന്നീ ചിത്രങ്ങള്‍ നിവിനിലെ നടന്റെ മറ്റൊരു സാധ്യത കാട്ടിത്തന്നു. കന്നഡ സിനിമയിലെ മാറ്റത്തിന്റെ കാറ്റ് എന്ന് വിശേഷിപ്പിക്കാവുന്ന 'ഉളിദവരു കണ്ടാന്തെ' തമിഴിലേക്ക് പറിച്ചുനട്ടപ്പോള്‍ റിച്ചി എന്ന നായക കഥാപാത്രത്തെ അവതരിപ്പിക്കാന്‍ സംവിധായകന്‍ ഗൗതം രാമചന്ദ്രന് രണ്ടാമതൊരു പേര് ആലോചിക്കേണ്ടി വന്നില്ല.
2019-ലാണ് നിവിന്‍ പോളിയുടെ കരിയറില്‍ വന്‍ മാറ്റങ്ങള്‍ക്ക് വഴിയൊരുങ്ങിയത്. റോഷന്‍ ആന്‍ഡ്രൂസിന്റെ കായംകുളംകൊച്ചുണ്ണിയാണ് അതില്‍ ആദ്യത്തേത്. കേരളത്തിന്റെ എക്കാലത്തേയും പ്രിയപ്പെട്ട കള്ളനായി നിവിന്‍ പോളി എത്തിയപ്പോള്‍ മലയാളസിനിമ കണ്ട മഹാവിജയങ്ങളിലൊന്നായും അത് മാറി. ചുറ്റിനും കൂട്ടുകാര്‍ എന്ന തരത്തിലുള്ള കഥാപാത്രങ്ങള്‍ ചെയ്തിരുന്നെങ്കിലും ആ ഇമേജ് കൃത്യമായ ഇടവേളകളില്‍ ബ്രേക്ക് ചെയ്തു നിവിന്‍ പോളി. ചാപ്‌റ്റേഴ്‌സിലെ കൃഷ്ണകുമാര്‍, ഡാ തടിയായിലെ രാഹുല്‍ വൈദ്യര്‍, മിലിയിലെ നവീന്‍, ഇവിടെയിലെ ക്രിഷ് ഹെബ്ബാര്‍, മിഖായേലിലെ ടൈറ്റില്‍ റോള്‍ തുടങ്ങിയവ അവയില്‍ ചിലത് മാത്രം.
പക്ഷേ ഇതിനെല്ലാത്തിനും മേലെയായിരുന്നു 2018-ല്‍ പുറത്തിറങ്ങിയ ശ്യാമപ്രസാദിന്റെ ഹേയ് ജൂഡ്. അതുവരെ കണ്ട പ്രസരിപ്പുള്ള കഥാപാത്രങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തനായ ഉള്‍വലിഞ്ഞ പ്രകൃതക്കാരനായ ജൂഡ് നിവിന്റെ കൈകളില്‍ ഭദ്രമായിരുന്നു. പക്ഷേ 2019-ല്‍ പ്രകടനമികവുകൊണ്ട് പ്രേക്ഷകരെ ഞെട്ടിച്ചു നിവിന്‍. ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത മൂത്തോനിലൂടെ. അക്ബര്‍ ഭായ് എന്ന അധോലോക നായകനായുള്ള വേഷപ്പകര്‍ച്ച ഏത് വേഷവും ചെയ്യാവുന്ന ഒരു നടന്‍ എന്ന രീതിയില്‍ നിവിന്‍ എത്രമാത്രം വളര്‍ന്നിരിക്കുന്നു എന്ന് അടയാളപ്പെടുത്തുന്നതാണ്.
രാജീവ് രവിയുടെ തുറമുഖം, ലിജു കൃഷ്ണയുടെ പടവെട്ട് മുതലായ ചിത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങുന്നു. വ്യത്യസ്തമായതും കാമ്പുള്ളതുമായ കഥാപാത്രങ്ങള്‍ ഇനിയും ഈ നടനില്‍ നിന്നും സൃഷ്ടിക്കപ്പെടും.
Content Highlights: Nivin Pauly, Movies of Nivin Pauly, Nivin Pauly Carrer, Nivin Pauly Other Language Movies