മലൈക്കോട്ടൈ വാലിബൻ പോസ്റ്റർ, റോണക്‌സ് | photo: special arrangements
മോഹന്‍ലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ഒന്നിക്കുന്ന 'മലൈക്കോട്ടൈ വാലിബ'ന്റെ ഫസ്റ്റ് ലുക്ക് പുറത്തുവന്നത് മുതല്‍ സോഷ്യല്‍ മീഡിയയില്‍ ആരാധകരുടെ ആഘോഷമാണ്. ഞെട്ടിക്കുന്ന ലുക്കില്‍ മോഹന്‍ലാല്‍ അവതരിച്ചതോടെ പ്രതീക്ഷ പതിന്മടങ്ങായി. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് മറ്റൊരു പകര്‍ന്നാട്ടത്തിനും പ്രേക്ഷകര്‍ കൈയടിച്ചിരുന്നു, നൂറ് വയസുകാരനായ ഇട്ടൂപ്പായി വിജയരാഘവന്‍ എത്തിയപ്പോള്‍. ഈ കഥാപാത്രങ്ങളെയൊക്കെ അണിയിച്ചൊരുക്കിയതിന്റെ പിന്നില്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റായ റോണക്‌സ് സേവ്യറിന്റെയും സംഘത്തിന്റെയും അഹോരാത്ര കഷ്ടപ്പാടിന്റെ കൂടി കഥയുണ്ട്.
2019-ല്‍ ജയസൂര്യ പ്രധാന വേഷത്തിലെത്തിയ 'ഞാന്‍ മേരിക്കുട്ടി' എന്ന ചിത്രത്തിലൂടെ മികച്ച മേക്കപ്പ് ആര്‍ട്ടിസ്റ്റിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം സ്വന്തമാക്കിയ റോണക്‌സ് സേവ്യര്‍ ഇന്ന് വളരെയധികം തിരക്കുള്ള കലാകാരനാണ്. മുന്‍നിര താരങ്ങളുടേത് ഉള്‍പ്പടെ നിരവധി ചിത്രങ്ങളിലാണ് റോണക്‌സ് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. ടൊവിനോ നായകനായെത്തുന്ന നീലവെളിച്ചം, അജയന്റെ രണ്ടാം മോഷണം, കുഞ്ചാക്കോ ബോബന്റെ ചാവേര്‍, ജയസൂര്യയുടെ കത്തനാര്‍, ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന കിങ് ഓഫ് കൊത്ത തുടങ്ങിയ ചിത്രങ്ങളുടെയൊക്കെ മേക്കപ്പ് കൈകാര്യം ചെയ്യുന്നത് റോണക്‌സാണ്.
സൂപ്പര്‍താര ചിത്രങ്ങളെക്കുറിച്ചും സിനിമയിലെ മേക്കപ്പ് എന്താണെന്നും അതിന്റെ പ്രാധാന്യത്തെക്കുറിച്ചും തുറന്നുപറയുകയാണ് റോണക്‌സ് സേവ്യര്‍. മാതൃഭൂമി ഡോട്ട്‌കോമിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലായിരുന്നു റോണക്‌സിന്റെ പ്രതികരണം.
മുഖത്ത് മേക്കപ്പിന്റെ പ്രോഡക്ട് വാരിയിടുന്ന പഴയ രീതിയല്ല ഇന്ന്
പണ്ട് ഫിലിം ക്യാമറ ഉപയോഗിച്ചിരുന്ന സമയത്ത് അഭിനേതാക്കള്‍ക്ക് ധാരാളമായി മേക്കപ്പ് ഇടുമായിരുന്നു. മേക്കപ്പ് ചെയ്ത് ക്യാരക്ടറിലേയ്ക്ക് എത്തിക്കുക എന്ന രീതിയായിരുന്നു അന്ന്. എന്നാല്‍, ഡിജിറ്റലായതിന് ശേഷം മേക്കപ്പില്‍ ഒരുപാട് മാറ്റം വന്നു. ഇപ്പോള്‍ മലയാള സിനിമയ്ക്ക് റിയലിസ്റ്റിക് പരിവേഷം ലഭിച്ചിട്ടുണ്ട്. ക്യാരക്ടറിന് അനുസരിച്ചുള്ള മേക്കപ്പാണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്. കഥാപാത്രം ആവശ്യപ്പെടുന്നത് മാത്രം മതി എന്ന രീതിയാണ് സ്വീകരിക്കുന്നത്.
ഇന്ന് മേക്കപ്പ്മാന് അര്‍ഹിക്കുന്ന പ്രാധാന്യം ലഭിക്കുന്നുണ്ട്. കഥാപാത്രത്തെ എങ്ങനെ മികച്ച രീതിയില്‍ അവതരിപ്പിക്കാമെന്ന് അണിയറ പ്രവര്‍ത്തകര്‍ മേക്കപ്പ്മാനുമായി ചര്‍ച്ച ചെയ്യുന്നുണ്ട്. കഥാപാത്രത്തെ ചെറുപ്പമാക്കാന്‍ വേണ്ടുന്ന മേക്കപ്പ് ചെയ്യുക, പ്രായമാക്കാന്‍ വേണ്ടുന്ന കാര്യങ്ങള്‍ ചെയ്യുക തുടങ്ങി കഥാപാത്രം ആവശ്യപ്പെടുന്നത് ഓവറാക്കാതെ ചെയ്യാനാണ് ശ്രദ്ധിക്കുന്നത്. കഥാപാത്രത്തിന്റെ മേക്കോവറിന് വേണ്ട നിര്‍ദ്ദേശങ്ങള്‍ അഭിനേതാക്കള്‍ക്ക് നല്‍കും. മുടിയും താടിയും നീട്ടി വളര്‍ത്തുക, ഭാരം ക്രമീകരിക്കുക തുടങ്ങിയ കാര്യങ്ങള്‍ നേരത്തെ ഇവരുമായി ചര്‍ച്ച ചെയ്യും. കഥാപാത്രത്തിന് വേണ്ടി ആര്‍ട്ടിസ്റ്റിനെ ഒരുക്കും. ചില കല്യാണത്തിന് ഒക്കെ കാണുന്നത് പോലെ മുഖത്ത് മേക്കപ്പിന്റെ പ്രോഡക്ട് വാരിയിടുന്ന രീതി ഇന്ന് സിനിമയില്‍ ഇല്ല. പണ്ട് ഈ രീതിയായിരുന്നു. പഴയ സിനിമയും ഇന്നത്തെ സിനിമയും കാണുമ്പോള്‍ ഈ വ്യത്യാസം മനസിലാകും.
ആ നേട്ടം മമ്മൂക്ക ചിത്രത്തിലൂടെ
എന്റെ പെങ്ങളെ കല്യാണം കഴിച്ചത് ഒരു മേക്കപ്പ് ആര്‍ട്ടിസ്റ്റാണ്. രാജു കട്ടപ്പന എന്നറിയപ്പെടുന്ന ജോസഫ് സെബാസ്റ്റ്യന്‍ മുഖേനയാണ് ഞാന്‍ ഈ മേഖലയില്‍ എത്തുന്നത്. പെങ്ങളും അമ്മയും വഴികാട്ടികളായി. 2002-ല്‍ ബിജു വര്‍ഗീസ് സംവിധാനം ചെയ്ത സീരിയലിലൂടെയാണ് ഞാന്‍ തുടക്കം കുറിക്കുന്നത്. മൂന്ന് വര്‍ഷം സീരിയലുകളില്‍ പ്രവര്‍ത്തിച്ചു. പിന്നീട് ജനാര്‍ദ്ദനന്‍ സാറിന്റെ പേഴ്‌സണല്‍ അസിസ്റ്റന്റായി മൂന്ന് വര്‍ഷം നിന്നു. അതിന് ശേഷം മേക്കപ്പിനെക്കുറിച്ച് കൂടുതല്‍ പഠിച്ചു. രഞ്ജിത്ത് അമ്പാടിയോടൊപ്പം കമ്പനി മേക്കപ്പ് ആര്‍ട്ടിസ്റ്റായി ആറ് വര്‍ഷം വര്‍ക്ക് ചെയ്തതാണ് കരിയറിലെ വഴിത്തിരിവായത്.
'കിങ് ആന്റ് കമ്മീഷണര്‍' സിനിമയുടെ ഷൂട്ടിങ് നടക്കുന്ന സമയത്ത് മമ്മൂക്ക ആദ്യമായി പ്രൊഡക്ഷന്‍ ചെയ്യുന്ന പടത്തില്‍ സ്വതന്ത്ര മേക്കപ്പ്മാനായി വര്‍ക്ക് ചെയ്യാമോ എന്ന് ചോദിച്ചു. ഞാന്‍ നേരത്തെ ജോര്‍ജ് ഏട്ടനോട് ഈ താത്പര്യം അറിയിച്ചിരുന്നു. അവര്‍ ആലോചിച്ച ശേഷം എന്നോട് ചോദിക്കുകയായിരുന്നു. അങ്ങനെ 'ജവാന്‍ ഓഫ് വെള്ളിമല' എന്ന മമ്മൂക്ക ചിത്രത്തിലൂടെ ഞാന്‍ സ്വതന്ത്ര മേക്കപ്പ്മാനായി. എന്ത് ചെയ്യണം എന്ത് ചെയ്യണ്ട എന്നൊക്കെ ഈ ചിത്രത്തിലൂടെ മനസിലാക്കി.
മുടി വടിച്ച് ഇന്ദ്രൻസിന് വിഗ്ഗ്
പലപ്പോഴും കഥാപാത്രത്തിന്റെ ശരീരത്തില്‍ ഇല്ലാത്ത ചില കാര്യങ്ങള്‍ മേക്കപ്പിലൂടെ കൂട്ടിച്ചേര്‍ക്കേണ്ടി വരും. 30 മുപ്പത് വയസുള്ള ആളെ 80 വയസുള്ള ആളാക്കുമ്പോള്‍ തൊലിയില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ വേണ്ടി വരും. മുഖത്തിന്റെ രൂപം മാറ്റണം. ആദ്യം ഇതിനായി ഡിജിറ്റല്‍ സ്‌കെച്ച് ചെയ്യും. പിന്നീട് സിലിക്കോണ്‍ ഉപയോഗിച്ച് മാറ്റം വരുത്തേണ്ട ഭാഗങ്ങള്‍ ഉണ്ടാക്കും. ഇതിനെയാണ് പ്രോസ്തറ്റിക് മേക്കപ്പ് എന്ന് പറയുന്നത്. ഉദാഹരണത്തിന് ഒരാള്‍ക്ക് മൂക്കിന് നീളം വേണമെങ്കില്‍ നമ്മള്‍ അധികം വേണ്ടത് പ്രത്യേകം ചെയ്‌തെടുക്കും. എന്റെ വര്‍ക്കില്‍ പ്രോസ്തറ്റിക് ചെയ്യാന്‍ പുറത്തുനിന്നുള്ള പ്രത്യേക ആളില്ല. ഞാന്‍ തന്നെയാണ് ഇത് ചെയ്‌തെടുക്കാറുള്ളത്. ഞങ്ങളുടെ ടീമില്‍ കുറച്ചുപേരെ ഇതിനായി നിയോഗിച്ചിട്ടുണ്ട്. ഒന്നിലധികം സിനിമ വരുമ്പോള്‍ സഹായികളെ ഓരോയിടത്തായി വിന്യസിക്കുകയാണ് പതിവ്.
.jpg?$p=9ea3b0f&&q=0.8)
ഒരു കഥാപാത്രം ഭംഗിയാവണമെങ്കില്‍ ആര്‍ട്ടിസ്റ്റിന്റെ പൂര്‍ണമായ സഹകരണം വേണം. കഥാപാത്രത്തിന് വേണ്ടി നല്ല രീതിയില്‍ സഹകരിക്കുന്ന ഒരുപാട് ആര്‍ട്ടിസ്റ്റുകളുണ്ട്. കഥാപാത്രത്തിന് വേണ്ടി ചിലപ്പോള്‍ മെലിയേണ്ടി വരും, തടി വെക്കേണ്ടി വരും. ചിലപ്പോള്‍ മുടി വടിക്കേണ്ടി വരും. ആര്‍ട്ടിസ്റ്റുകളുടെ ഭാഗത്ത് നിന്നും നല്ല സഹകരണമാണ് പലപ്പോഴും ഉണ്ടാകാറുള്ളത്. 'ഹോം' എന്ന സിനിമയില്‍ ഇന്ദ്രന്‍സ് ചേട്ടന് ആ ലുക്ക് വരുത്താനായി മുടി വടിക്കേണ്ടി വന്നിരുന്നു. പിന്നീട് അതിന് മുകളില്‍ വിഗ്ഗ് വെക്കുകയായിരുന്നു.
ഒരുപാട് കഥാപാത്രങ്ങള്‍ അടുപ്പിച്ച് ചെയ്യുന്ന ആര്‍ട്ടിസ്റ്റുകള്‍ വ്യത്യസ്തമായ ലുക്ക് പരീക്ഷിക്കാന്‍ ഞങ്ങളോട് ആവശ്യപ്പെടും. നേരത്തെ വിളിച്ച് കഥാപാത്രം എന്താണെന്ന് പറയും. നേരത്തെ ചെയ്ത പടത്തിലെ ലുക്കില്‍നിന്നു വ്യത്യസ്തമായത് വേണമെന്ന് ആവശ്യപ്പെടും. ഞാന്‍ സംവിധായകനുമായി ചര്‍ച്ച ചെയ്ത് കൃത്രിമത്വം ഇല്ലാത്ത ഒരു ലുക്ക് ഒരുക്കും. സംവിധായകന്റെ അഭിപ്രായം അനുസരിച്ച് തീരുമാനം എടുക്കും.
ചെറിയ പടമെന്നോ വലുതെന്നോ ഇല്ല, നല്ല രീതിയില്‍ ചെയ്യുകയാണ് പ്രധാനം
മേക്കപ്പിന് സാധ്യതയുള്ള ചിത്രങ്ങളാണ് സാധാരണയായി കൂടുതലായും തിരഞ്ഞെടുക്കാറുള്ളത്. വിളിക്കുന്ന ചിത്രങ്ങള്‍ക്ക് വേണ്ടിയെല്ലാം വര്‍ക്ക് ചെയ്യാന്‍ ശ്രമിക്കാറുണ്ട്. വലിയ പടമെന്നോ ചെറിയ പടമെന്നോ നോക്കാറില്ല. നല്ല രീതിയില്‍ വര്‍ക്ക് ചെയ്യണം എന്നേ ഉള്ളു. ആദ്യം കഥ കേള്‍ക്കും. പിന്നീട് സംവിധായകനുമായി ചര്‍ച്ച നടത്തും. പ്രധാന ആര്‍ട്ടിസ്റ്റുകളുടെ അഭിപ്രായവും കൂടി കേട്ടതിന് ശേഷമാണ് അന്തിമ ഡിസൈനിലേയ്ക്ക് എത്തുന്നത്. ചില താരങ്ങള്‍ക്ക് പേഴ്‌സണല്‍ മേക്കപ്പ്മാന്‍ ഉണ്ടാകാറുണ്ട്. ഒന്നുകില്‍ ഇവരുമായി നേരിട്ടോ അല്ലെങ്കില്‍ സംവിധായകന്‍ മുഖേനയോ ബന്ധപ്പെടും. എന്നിട്ട് ഒരു ലുക്ക് ചെയ്ത് കൊടുക്കും. ബാക്കി അവര്‍ പിന്തുടരും.
പ്രോസ്തറ്റിക് മേക്കപ്പ് ഉപയോഗിക്കുമ്പോള്‍ കൂടുതല്‍ സമയം വേണ്ടി വരും. പൂക്കാലത്തില്‍ വിജയരാഘവന്‍ ചേട്ടന്റെ മേക്കപ്പിനായി ദിവസവും നാല് മണിക്കൂറോളം വേണ്ടി വന്നു. 'ജെല്ലിക്കെട്ടി'ലെ ആദിമമനുഷ്യര്‍ക്ക് മേക്കപ്പ് ചെയ്യാന്‍ ഒരുപാട് സമയം വേണ്ടിവന്നു. ഇത്തരം സ്‌പെഷ്യല്‍ വര്‍ക്കുകള്‍ കൃത്യതയോടെ ചെയ്യാന്‍ ഒരുപാട് സമയം എടുക്കും. ചില ദിവസങ്ങളില്‍ നല്ല രീതിയില്‍ കിട്ടും. ചിലപ്പോള്‍ നല്ല രീതിയില്‍ വരില്ല. അങ്ങനെ വരുമ്പോള്‍ നമ്മള്‍ അത് ക്ലീന്‍ ചെയ്ത് വീണ്ടും ഉപയോഗിക്കും. അങ്ങനെയാകുമ്പോള്‍ പിന്നെയും സമയം വേണ്ടി വരും.
മേക്കപ്പ് ഇടുന്നത് പോലെ തന്നെ സൂക്ഷിച്ച് ചെയ്യേണ്ടതാണ് മേക്കപ്പ് റിമൂവല്‍. ശ്രദ്ധിച്ച ചെയ്തില്ലെങ്കില്‍ അത് സ്‌കിന്നിനെ ബാധിക്കും. പെട്ടെന്ന് വലിച്ചൂരിയാല്‍ തൊലിയില്‍ മുറിവുണ്ടാകാനും ഇന്‍ഫെക്ഷന്‍ ഉണ്ടാകാനും സാധ്യതയുണ്ട്. അതുകൊണ്ട് റിമൂവല്‍ ഒക്കെ ഉപയോഗിച്ച് സാവധാനമാണ് മേക്കപ്പ് അഴിക്കുന്നത്. പ്രോസ്തറ്റിക് മേക്കപ്പിനായി ഇപ്പോള്‍ ഉപയോഗിക്കുന്നതെല്ലാം ഇറക്കുമതി ചെയ്യുന്നതാണ്. ഇത് സ്‌കിന്‍ അലര്‍ജി ഉണ്ടാക്കില്ല.
തിരക്കഥ പൂര്‍ത്തിയാക്കി കാസ്റ്റിങ്ങിലേയ്ക്ക് കടക്കുമ്പോള്‍ ഞങ്ങളുടെ ജോലി തുടങ്ങും
ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയാക്കി കാസ്റ്റിങ്ങിലേയ്ക്ക് കടക്കുമ്പോഴാണ് മേക്കപ്പ് ആര്‍ട്ടിസ്റ്റിനെ ആവശ്യമായി വരിക. ഇന്നയാള്‍ കഥാപാത്രത്തിന് യോജിച്ചതാണോ എന്നൊക്കെ ചിലര്‍ നമ്മളോട് അഭിപ്രായം ചോദിക്കും. ചില സംവിധായകര്‍ക്ക് ഇന്നയാള്‍ തന്നെ മതിയെന്ന വ്യക്തമായ ധാരണയുണ്ടാകും. അത് ഉറപ്പിച്ച ശേഷം എങ്ങനെ കഥാപാത്രത്തിന്റെ ലുക്കിലേയ്ക്ക് ആര്‍ട്ടിസ്റ്റിനെ കൊണ്ടുവരാമെന്ന് ഞങ്ങളോട് ചോദിക്കും. ചിലര്‍ ഏത് ലുക്കില്‍ കൊണ്ടുവരാമെന്ന് ചോദിക്കുമ്പോള്‍ ചിലര്‍ അവരുദ്ദേശിക്കുന്ന ലുക്കില്‍ എങ്ങനെ എത്തിക്കാമെന്ന് അന്വേഷിക്കും. ഈ ഘട്ടത്തിലാണ് ഞങ്ങളുടെ ജോലി ആരംഭിക്കുന്നത്.
മേക്കപ്പ് ആര്‍ട്ടിസ്റ്റ് എന്നത് ഒരിക്കലും ജോലിയായി മാത്രം കാണരുത്. ഒരു കലാകാരന്റെ കഴിവുകൂടി ഇതിന് വേണം. മനസ് കൊണ്ടും തലകൊണ്ടും പ്രവര്‍ത്തിക്കണം. ഈ മേഖലയില്‍ എത്താന്‍ ആഗ്രഹമുള്ള ഒരുപാട് ആളുകളുണ്ട്. ആത്മാര്‍ഥമായി വര്‍ക്ക് ചെയ്യണം എന്നാണ് ഇവരോട് പറയാന്‍ ഉള്ളത്. ജോലി എന്നതിലുപരി ഇഷ്ടത്തോടെ വര്‍ക്ക് ചെയ്യണം. പൈസയ്ക്ക് വേണ്ടിയാണെന്ന് കരുതരുത്.
ഒരു വര്‍ക്ക് ഏറ്റെടുത്താല്‍ അത് ആത്മാര്‍ഥതയോടെ നന്നായി ചെയ്യണം എന്ന് ചിന്തിക്കുന്ന ആളാണ് ഞാന്‍. എന്റെ ഈ ചിന്തയാണ് എനിക്ക് സംസ്ഥാന അവാര്‍ഡ് നേടിത്തന്നതെന്ന് ഞാന്‍ വിശ്വസിക്കുന്നു. ചെറിയ ആര്‍ട്ടിസ്റ്റിന്റെ കൂടെ ആണെങ്കിലും വലിയ ആര്‍ട്ടിസ്റ്റിന്റെ കൂടെ ആണെങ്കിലും നന്നായി ചെയ്യണമെന്നാണ് ആഗ്രഹം.
ആദ്യം നിശ്ചയിച്ച മേക്കപ്പ്മാന്‍ മാറിയതോടെ അവസാന നിമിഷം ചിത്രത്തിലെത്തി
അനില്‍ രാധാകൃഷ്ണന്‍ മേനോന്‍ സംവിധാനം ചെയ്ത 'ലോര്‍ഡ് ലിവിങ്‌സ്റ്റണ്‍ 7000 കണ്ടി' എന്ന കുഞ്ചാക്കോ ബോബന്‍ ചിത്രമായിരുന്നു ആദ്യത്തെ ചാലഞ്ചിങ് വര്‍ക്ക്. ഒരുപാട് ഗെറ്റപ്പുകളുള്ള, പ്രോസ്തറ്റിക്കിന്റെ സാധ്യത ധാരാളമുള്ള ചിത്രമായിരുന്നു അത്. ആ സമയത്ത് പ്രോസ്തറ്റിക്കിനെക്കുറിച്ച് ചെറിയ ധാരണ മാത്രമേ ഉണ്ടായിരുന്നുള്ളു. ഓണ്‍ലൈനില്‍ നിന്നുള്ള വിവരങ്ങളും വീഡിയോയും കണ്ടാണ് അന്ന് പഠിച്ചത്. ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് മനസിലാക്കി ആവശ്യമായ സാധനങ്ങള്‍ പുറത്തുനിന്ന് വരുത്തിയാണ് ആ സിനിമ ചെയ്തത്.
ജയസൂര്യ പ്രധാന വേഷത്തിലെത്തിയ 'ഞാന്‍ മേരിക്കുട്ടിയാണ്' ശ്രമകരമായ ജോലി വേണ്ടിവന്ന മറ്റൊരു ചിത്രം. ഷൂട്ടിന് കുറച്ച് നാളുകള്‍ മുന്‍പാണ് എന്നെ വിളിക്കുന്നത്. നേരത്തെ നിശ്ചയിച്ചിരുന്ന മേക്കപ്പ് ആര്‍ട്ടിസ്റ്റ് എന്തോ കാരണം കൊണ്ട് മാറി. വെറും രണ്ട് ദിവസം കൊണ്ടാണ് മേരിക്കുട്ടിയുടെ ലുക്ക് ഡിസൈന്‍ ചെയ്ത് കൊടുത്തത്.
.jpg?$p=8a7b7b1&&q=0.8)
മായാമോഹിനി പോലൊരു പെണ്‍വേഷം ദിലീപേട്ടന്‍ ചെയ്ത് ഹിറ്റാക്കി വെച്ചിട്ടുണ്ടല്ലോ എന്നാണ് ഞാന്‍ ആദ്യം ചിന്തിച്ചത്. വീണ്ടുമൊരു പെണ്‍വേഷം ചെയ്യുമ്പോള്‍ നീളമുള്ള മുടി ഉപയോഗിച്ചാല്‍ ആവര്‍ത്തനമാകും. നീളമുള്ള മുടി ഒഴിവാക്കണമെന്ന് എനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. ഷോര്‍ട്ട് ഹെയര്‍ ഡിസൈന്‍ ചെയ്ത് കാണിച്ചപ്പോള്‍ അവര്‍ക്ക് ഓക്കെയായി. ടെസ്റ്റ് മേക്കപ്പ് ചെയ്ത് നോക്കി. ജയേട്ടന്റെ വീട്ടില്‍ വെച്ചാണ് ആദ്യം മേക്കപ്പ് ട്രൈ ചെയ്തത്. അദ്ദേഹത്തിന് അപ്പോള്‍ തന്നെ ഓക്കെയായിരുന്നു. 'ഞാന്‍ മേരിക്കുട്ടി'യിലൂടെ 2019-ല്‍ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും ലഭിച്ചു.
നാല് മണിക്കൂറോളം മേക്കപ്പ്, സമ്മാനം സ്വര്‍ണമോതിരം
'പൂക്കാല'ത്തില്‍ വിജയരാഘവന്‍ ചേട്ടന്‍ പ്രായം കുറഞ്ഞ കഥാപാത്രമായും എത്തുന്നുണ്ട്. 40 വയസുള്ള ലുക്കും 100 വയസുള്ള ലുക്കും ചിത്രത്തിലുണ്ട്. കടുത്ത വെല്ലുവിളിയായിരുന്നു ഈ സിനിമ. ഒരുപാട് കഷ്ടപ്പെടേണ്ടി വന്നിട്ടുണ്ട്. പ്രായമായ സമയത്ത് ശരീരത്തിലുള്ള മാറ്റങ്ങള്‍ കൃത്യമായി പിന്തുടരണം. മുടിയുടെ കാര്യത്തിലൊക്കെ നല്ല ശ്രദ്ധ വേണം. പ്രായമായ കഥാപാത്രം ചെയ്ത ശേഷം 60 വര്‍ഷങ്ങള്‍ക്ക് മുന്‍പ് എങ്ങനെയായിരിക്കും എന്ന് ചിന്തിക്കണം. പ്രായമായപ്പോള്‍ മുഖത്തുള്ള മാറ്റങ്ങളുടെ തുടക്കം 40-ാം വയസിലായിരിക്കും. അതൊക്കെ ശ്രദ്ധിക്കണം. 40-ാം വയസിലെ മാനസികാവസ്ഥ, ജോലി, സ്വഭാവം, കുടുംബം ഒക്കെ പരിഗണിച്ച് വേണം മേക്കപ്പ് ചെയ്യാന്‍. ഉദാഹരണത്തിന് പ്രശ്‌നങ്ങള്‍ ഒന്നുമില്ലാത്ത ഒരാള്‍ ചിലപ്പോള്‍ നീറ്റ് ആയിരിക്കും. പ്രാരാബ്ദങ്ങളും പ്രശ്‌നങ്ങളും ഒക്കെയുള്ളയാള്‍ ചിലപ്പോള്‍ ഡള്ളായിരിക്കും. അത് പരിഗണിച്ച് വേണം ചെയ്യാന്‍. ഒരുപാട് ദിവസം ചിന്തിക്കാന്‍ തന്നെ വേണ്ടി വന്നേക്കാം. ഒരുപാട് ട്രയല്‍ ഒക്കെ നോക്കണം.
.png?$p=0f6b5d9&&q=0.8)
വിജയ രാഘവന്‍ ചേട്ടന്റെ ഭാര്യയായി കെ.പി.എ.സി. ലീല ചേച്ചിയെ മാറ്റണമായിരുന്നു. വിജയരാഘവന്‍ ചേട്ടന്റെ മേക്കപ്പ് ആയിരുന്നു കൂടുതല്‍ വെല്ലുവിളി. നന്നായി ചെയ്യാനായി എന്നാണ് വിശ്വാസം. വിജയരാഘവന്‍ ചേട്ടന്‍ ഒരുപാട് സഹായിച്ചിട്ടുണ്ട്. എന്നെ ഇടയ്്ക്കിടയ്ക്ക് വിളിക്കും. പല കാര്യങ്ങളും ചര്‍ച്ച ചെയ്യും. ജീവിതത്തിലെ വലിയൊരു കഥാപാത്രമാണ് പൂക്കാലത്തിലേതെന്നും അത് നല്ല രീതിയില്‍ ചെയ്യണമെന്നും പറഞ്ഞു. ഈ കഥാപാത്രം എങ്ങനെ വരുമെന്ന് അദ്ദേഹത്തിന് ടെന്‍ഷന്‍ ഉണ്ടായിരുന്നു. ഷൂട്ടിങ് പുരോഗമിക്കവെ വിജയേട്ടന്‍ എനിക്ക് ഒരു സ്വര്‍ണമോതിരം സമ്മാനമായി തന്നു. നല്ല രീതിയില്‍ മേക്കപ്പ് ചെയ്ത് കൊടുത്തതിന്റെ സന്തോഷമാണ് സമ്മാനത്തിലൂടെ അദ്ദേഹം പ്രകടിപ്പിച്ചത്. എനിക്കും വളരെയധികം സന്തോഷമായി.
മേക്കപ്പിലെ തെറ്റ് തീയേറ്ററില്‍ പ്രേക്ഷകന്‍ വിളിച്ച് പറഞ്ഞു, ശ്രദ്ധ കൂടി
പീരിയഡ് സിനിമ ചെയ്യുമ്പോള്‍ കാലഘട്ടം പഠിക്കേണ്ട ആവശ്യമുണ്ട്. ആ സമയത്തെ ആളുകളുടെ ജീവിതരീതി ഒക്കെ പഠിച്ച് ചെയ്യേണ്ടി വരും. 'തുറമുഖം' ചെയ്യുമ്പോള്‍ കൃത്രിമമായ വിഗ്ഗ് ഒന്നും വേണ്ടെന്ന് രാജീവ് ഏട്ടന്‍ നേരത്തെ പറഞ്ഞിരുന്നു. കാസ്റ്റ് ചെയ്യുന്ന സമയത്ത് ആളുകളോട് മുടി ഒക്കെ എങ്ങനെ വേണമെന്ന് നിര്‍ദ്ദേശം നല്‍കി. വരമീശ ആയിരിക്കും ഷൂട്ട് തീരും വരെ പരിപാലിക്കണം എന്നൊക്കെ നിര്‍ദ്ദേശം നല്‍കിയിരുന്നു. ചിലപ്പോള്‍ പെട്ടെന്ന് ആരെയെങ്കിലും കാസ്റ്റ് ചെയ്യുമ്പോള്‍ മാത്രമേ ഇതില്‍ മാറ്റം വരികയുള്ളു.
പിന്നണിയില്‍ പ്രവര്‍ത്തിക്കുന്ന ആളുകളെ പ്രേക്ഷകര്‍ അധികം തിരിച്ചറിയാറില്ല. ഇപ്പോള്‍ കുറച്ച് മാറ്റം വരുന്നുവെന്ന് മാത്രം. പ്രേക്ഷകര്‍ എല്ലാം നന്നായി ശ്രദ്ധിക്കുന്നുണ്ട്. ഒരിക്കല്‍ തീയേറ്ററില്‍ ഇരുന്ന സിനിമ കാണുന്ന സമയത്ത് മേക്കപ്പിലെ ഒരു തെറ്റ് പ്രേക്ഷകന്‍ വിളിച്ച് പറയുന്നത് കേട്ടു. അതിലൂടെയൊക്കെയാണ് ഞാനും തെറ്റ് ചെയതാല്‍ ചീത്തപ്പേര് കേള്‍ക്കേണ്ടി വരുമെന്ന തിരിച്ചറിവുണ്ടാകുന്നത്. സിനിമ കാലാകാലം നിലനില്‍ക്കും. എന്റെ കാലശേഷവും സിനിമ കാണുന്നവര്‍ക്ക് കുറ്റം പറയാന്‍ ഇടവരരുത്. ഈ ചിന്ത വന്ന ശേഷമാണ് കൂടുതല്‍ ശ്രദ്ധിച്ച് ചെയത് തുടങ്ങിയത്. മേക്കപ്പ് ഒരിക്കലും ചില്ലറക്കാര്യമല്ല. വളരെയധികം ശ്രദ്ധ വേണം. സെറ്റില്‍ വെച്ച് കൃത്യമായ തീരുമാനം എടുക്കണം. ഷൂട്ട് കഴിഞ്ഞാല്‍ പിന്നെ ഒന്നും ചെയ്യാനാകില്ല. എല്ലാത്തിലും ഉള്ളത് പോലെ മേക്കപ്പിലും റിസ്‌ക് ഒരുപാടുണ്ട്.
വിജയ് സേതുപതിയുടെ ലുക്കിനായി നാല് ദിവസം
അന്യഭാഷയില്‍നിന്ന് ഒരുപാട് വിളികള്‍ വരുന്നുണ്ട്. മറ്റ് ഭാഷകളില്‍ സ്‌പെഷ്യല്‍ മേക്കപ്പിനും ക്യാരക്ടര്‍ മേക്കപ്പിനും ഒക്കെ പ്രാധാന്യം കൊടുത്ത് തുടങ്ങിയത് ഇപ്പോഴാണ്. അവിടെ മേക്കപ്പ്മാനെ ഒന്നും അധികം ആരും അറിയില്ല. ടൈറ്റിലില്‍ പലപ്പോഴും പേര് പോലും വരാറില്ല. മലയാള സിനിമയിലാണ് നമുക്ക് വില കിട്ടുന്നത്. 'റോണക്‌സ് സേവ്യര്‍' എന്ന പേരെങ്കിലും ടൈറ്റിലില്‍ വരുമല്ലോ. തമിഴില്‍ നിന്ന് ഒരുപാട് വിളി വരുന്നുണ്ട്.
കന്നഡയില്‍ രാജ് ബി. ഷെട്ടിയുടെ 'ഗരുഡഗമന ഋഷഭവാഹന' എന്ന ചിത്രത്തില്‍ വര്‍ക്ക് ചെയ്തു. അദ്ദേഹത്തോടൊപ്പം മൂന്ന് നാല് പടങ്ങള്‍ ചെയ്തു. 'സൂപ്പര്‍ ഡീലക്‌സി'ല്‍ വിജയ് സേതുപതിയുടെ ലുക്ക് ഞാനാണ് ചെയ്തത്. ഓണ്‍ലൈനില്‍ ഞാന്‍ ഇട്ട വര്‍ക്ക് കണ്ടിട്ടാണ് എന്നെ അവര്‍ വിളിച്ചത്. ആദ്യം വേറൊരു മേക്കപ്പ് ആര്‍ട്ടിസ്റ്റിനെ വെച്ച് ചെയ്തിട്ട് ശരിയായിരുന്നില്ല. അതിന് ശേഷമാണ് എന്നെ വിളിച്ചത്. ട്രയല്‍ കാണിച്ചപ്പോള്‍ അവര്‍ക്ക് ഓക്കെയായി. നാല് ദിവസം കൊണ്ട് സ്‌കെച്ച് ചെയ്തുകൊടുത്തു. വിജയ് സേതുപതിയുടെ സ്‌പെഷ്യല്‍ ഗെറ്റപ്പ് മാത്രമാണ് സിനിമയില്‍ ഞാന്‍ ചെയ്തത്.
മമ്മൂക്ക എല്ലാം ശ്രദ്ധിക്കും, നല്ലതല്ലെങ്കില്‍ വഴക്ക് പറയും
മമ്മൂക്കയോടൊപ്പവും ടൊവിനയോടൊപ്പവുമാണ് ഏറ്റവും കൂടുതല്‍ ഞാന്‍ വര്‍ക്ക് ചെയ്തിട്ടുള്ളത്. മമ്മൂക്കയുടെ മിക്ക പടങ്ങളിലും ഇപ്പോള്‍ വര്‍ക്ക് ചെയ്യുന്നുണ്ട്. അദ്ദേഹത്തോടൊപ്പം വര്‍ക്ക് ചെയ്യാന്‍ എനിക്ക് ഇഷ്ടമാണ്. ചെയ്യുന്ന വര്‍ക്ക് നല്ലതല്ലെങ്കില്‍ അപ്പോള്‍ വിളിച്ച് മമ്മൂക്ക വഴക്ക് പറയും. പുള്ളി ഭയങ്കര അപ്‌ഡേറ്റഡ് ആണ്. പുള്ളിയെക്കുറിച്ച് പറയാന്‍ പോലും നമ്മള്‍ ആളല്ല. അദ്ദേഹത്തോടൊപ്പം വര്‍ക്ക് ചെയ്യുമ്പോള്‍ കൂടുതല്‍ പെര്‍ഫക്ട് ആക്കുവാനേ നോക്കാറുള്ളു. പെര്‍ഫക്ട് അല്ലാതെ ടേക്ക് പോയാല്‍ അപ്പോള്‍ വഴക്ക് കിട്ടും. പണ്ടത്തെ പരിപാടി ഇപ്പോള്‍ നടക്കില്ലെന്നും നീറ്റ് ആയിരിക്കണം എന്നും പറയും. നല്ല വിഗ്ഗ് ഒക്കെ ഉപയോഗിക്കണമെന്ന് നിര്‍ദ്ദേശിക്കും. എല്ലാം ശ്രദ്ധിക്കുന്നയാളാണ് മമ്മൂക്ക.
എന്റെ ടീമും എന്റെ കൂട്ടുകാരുമാണ് എനിക്ക് പൂര്‍ണ പിന്തുണയുമായി കൂടെയുള്ളത്. അവരുമായി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാറുണ്ട്. എനിക്ക് തെറ്റ് പറ്റുമ്പോള്‍ അവര്‍ ശകാരിക്കാറുണ്ട്. എനിക്ക് 20 പേരടങ്ങുന്ന ടീമുണ്ട്. ഒറ്റയ്ക്ക് എനിക്കൊന്നും ചെയ്യാന്‍ പറ്റില്ല. സിനിമയില്‍ എല്ലാം ടീം വര്‍ക്കാണ്. ഒരേസമയം നാല് പടം ഇപ്പോള്‍ ചെയ്യുന്നുണ്ട്. 130 പടം വരെ ഞാന്‍ എണ്ണി. എത്ര പടം ചെയ്‌തെന്ന കൃത്യമായ എണ്ണം ഓര്‍മയില്ല.
വര്‍ക്ക് ചെയ്ത് കഴിഞ്ഞിട്ട് ഇതിലും നന്നാക്കാമായിരുന്നു എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. വിഗ്ഗുകള്‍ റെഫറന്‍സ് കൊടുത്താണ് ചെയ്യിക്കാറ്. ചിലപ്പോള്‍ പ്രതീക്ഷിച്ച പോലെ നന്നാവില്ല. അങ്ങനെ ആവര്‍ത്തിക്കരുതെന്ന് തോന്നിയ തെറ്റുകള്‍ ഒരുപാട് വന്നിട്ടുണ്ട്. അമേരിക്കന്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റായ ക്രിസ്ത്യന്‍ ടെന്‍സ്ലീയുടെ വര്‍ക്കുകള്‍ ഇഷ്ടമാണ്. അയാള്‍ ഉപയോഗിക്കുന്ന പ്രോഡക്ടുകള്‍ വരെ അദ്ദേഹമാണ് ഉണ്ടാക്കുന്നത്.
കറുത്തയാളെ മേക്കപ്പ് ചെയ്ത് വെളുപ്പിക്കുക എന്ന രീതി ഇന്നില്ല
വര്‍ക്ക് ചെയ്യാന്‍ ഏറ്റവും ചലഞ്ചിങ് ഫാന്റസിയാണ്. റിയലിസ്റ്റിക് എളുപ്പത്തില്‍ ചെയ്യാം. ആളുകളെ നേരത്തെ വിളിച്ച് പറഞ്ഞ് ആവശ്യമുള്ള ലുക്കിലേയ്ക്ക് എത്തിക്കാം. പക്ഷേ ഫാന്റസിയാണെങ്കില്‍ നമ്മള്‍ ക്രിയേറ്റ് ചെയ്യണം. നമ്മുടേയോ സംവിധായകന്റെയോ ക്രിയേഷന്‍ ആയിരിക്കും അത്. ചിലര്‍ വ്യക്തമായി പറഞ്ഞുതരും. ചിലര്‍ നമ്മളോട് ചെയ്തുതരാന്‍ ആവശ്യപ്പെടും.
കറുത്തയാളെ മേക്കപ്പ് ചെയ്ത് വെളുപ്പിക്കുക എന്ന രീതി പണ്ട് ഉണ്ടായിരുന്നു. ഇപ്പോള്‍ അങ്ങനെയാന്നുമില്ല. ഇന്ന് കാസ്റ്റിങ്ങിലൂടെ തന്നെ സംവിധായകന്‍ ഉദ്ദേശിക്കുന്നയാളെ തിരഞ്ഞെടുക്കുന്നു. കഥാപാത്രത്തിന്റെ സ്‌കിന്‍ ടോണ്‍ മനസില്‍ കണ്ടാണ് മേക്കപ്പ് ചെയ്യുന്നത്. ചിലപ്പോള്‍ കഥാപാത്രം അനുസരിച്ച് സ്‌കിന്‍ ടോണ്‍ ഡള്ളാക്കേണ്ടി വരും. 'അജയന്റെ രണ്ടാം മോഷണത്തില്‍' ടൊവിനോയുടെ ഒരു കഥാപാത്രത്തിന്റെ സ്‌കിന്‍ ടോണ്‍ ഡാര്‍ക്ക് ആക്കിയിരുന്നു. ഈ ചിത്രത്തില്‍ മൂന്ന് ഗെറ്റപ്പിലാണ് ടൊവിനോ എത്തുന്നത്. ഇതിലെ ലുക്കിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് തന്നെ ഒരുപാട് സമയം എടുത്തു.

ഒരുമിച്ച് ഷൂട്ടിങ് ഒഴിവാക്കാന്‍ ഞാന്‍ ആദ്യമേ നിര്‍ദ്ദേശിച്ചിരുന്നു. മൂന്ന് ഗെറ്റപ്പ് ഉള്ളതിനാല്‍ തന്നെ സ്വാഭാവികമായ ലുക്ക് കിട്ടാന്‍ പ്രയാസമായിരുന്നു. ഒരുപാട് വിഗ്ഗിന്റെ ആവശ്യം വരും. ചിത്രത്തിലുടനീളം ഇത് സാധ്യമല്ല. പ്രേക്ഷന് വിഗ്ഗാണെന്ന് മനസിലാകും. അതിനാല്‍ ഒരു കഥാപാത്രം പൂര്‍ത്തിയാക്കി മറ്റൊന്നിലേയ്ക്ക് പോകാമെന്ന് തീരുമാനിച്ചു. ആദ്യം താടിയും മീശയും ഉള്ള കഥാപാത്രം ചെയ്തു. ഇതിനായി താടിയൊക്കെ വളര്‍ത്തിച്ചു. പിന്നാലെ താടി കുറഞ്ഞ കഥാപാത്രം ചെയ്തു. ഒടുവില്‍ മൂന്നാമത്തേതില്‍ എത്തി. ഈ രീതിയാണ് നല്ലത്. നല്ല പ്രയത്‌നം വേണം. തല്ലുമാലയിലും ഇതുപോലെയായിരുന്നു. ഒരാളുടെ പലഘട്ടത്തിലുള്ള കഥയായിരുന്നല്ലോ. കൃത്യമായി ചാര്‍ട്ട് ചെയ്ത് നാച്ചുറലായി ചെയ്യുന്നതാണ് നല്ലത്. മുടിയും താടിയും ഒക്കെ ഒട്ടിച്ച് ചെയ്യുന്നതിനെക്കാള്‍ നല്ലത് ഇതാണ്. പ്രേക്ഷകര്‍ പൈസ മുടക്കി കാണുമ്പോള്‍ അതിന്റേതായ ക്വാളിറ്റി നമ്മള്‍ കൊടുക്കണം. ചുരുങ്ങിയ സമയം കൊണ്ട് കഥാപാത്രത്തിലേയ്ക്ക് മാറാന്‍ സാധിക്കുന്നയാളാണ് ടൊവിനോ.
വാലിബന്റെ ലുക്ക് ഞെട്ടിക്കും, പ്രതീക്ഷിക്കുന്നത് കിട്ടും
താരങ്ങളുടെ ലുക്ക് പുറത്ത് പോകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കും. റെഫറന്‍സിനായി ഞങ്ങള്‍ ഫോട്ടോസ് എടുക്കുമെങ്കിലും ഇത് പുറത്ത് പോകില്ല. ഫസ്റ്റ് ലുക്ക് ഉള്‍പ്പടെ മാര്‍ക്കറ്റിങ് അനുസരിച്ച് പുറത്ത് വിടേണ്ടവയാണ്. രഹസ്യസ്വഭാവമുള്ളതിനാല്‍ അതീവ ശ്രദ്ധ വേണം. എല്ലാവരുടെ കൈയിലും ഫോണ്‍ ഉള്ളതിനാല്‍ ഇത് പ്രയാസമാണ്. പക്ഷേ അത് ഞങ്ങളുടെ ഉത്തരവാദിത്വമാണ്.
ലിജോ ചേട്ടന്റെ ഒരു ഫാന്റസിയാണ് 'മലൈക്കോട്ടൈ വാലിബന്‍'. ഒരുപാട് ഗെറ്റപ്പും കഥാപാത്രങ്ങളും ഉള്ള ചിത്രമാണ്. വ്യത്യസ്തമായ ലുക്കുകളായിരുന്നു ചിത്രത്തില്‍ വേണ്ടത്. ലിജോ ചേട്ടനും മോഹന്‍ലാല്‍ സാറും ഒരുമിക്കുമ്പോള്‍ പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നതെന്തോ അത് കിട്ടുമെന്നാണ് എന്റെ പ്രതീക്ഷ. ലാലേട്ടന്റെ ലുക്ക് എന്തായാലും പ്രേക്ഷകരെ ഞെട്ടിക്കും. ലിജോ ചേട്ടനോടൊപ്പം വര്‍ക്ക് ചെയ്യുക എന്നത് ആഗ്രഹമായിരുന്നു. മലയാള സിനിമയെ വേറൊരു തലത്തില്‍ എത്തിച്ചയാളാണ് അദ്ദേഹം. പുള്ളി വ്യക്തമായ ഐഡിയ തരും. നമ്മളത് ചെയ്ത് കൊടുത്താല്‍ മതി.
.jpg?$p=8a6554b&&q=0.8)
ജയസൂര്യയുടെ 'കത്തനാര്‍' ഒരു പ്രത്യേക കാലഘട്ടത്തില്‍ നടക്കുന്ന ചിത്രമാണ്. ആ കാലഘട്ടം അനുസരിച്ച് വേണം ചെയ്യാന്‍. വി.എഫ്.എക്‌സിന്റെ സാധ്യത ഒരുപാട് ഉള്ള ചിത്രമാണ്. വി.എഫ്.എക്‌സ് ആര്‍ട്ടിസ്റ്റുകള്‍ സെറ്റില്‍ത്തന്നെ കാണും. അവരുമായി നിരന്തരം ചര്‍ച്ച നടത്താറുണ്ട്. ദുല്‍ഖറിനൊപ്പം ഒരുപാട് പടങ്ങള്‍ ചെയ്തിട്ടുണ്ട്. തീവ്രം, കുറുപ്പ് തുടങ്ങിയ ചിത്രങ്ങളിലൊക്കെ ഒരുമിച്ച് വര്‍ക്ക് ചെയ്തിട്ടുണ്ട്. നീലവെളിച്ചം, ചാവേര്‍, കിങ് ഓഫ് കൊത്ത, ആര്‍.ഡി.എക്‌സ് തുടങ്ങിയവയാണ് പുതിയ ചിത്രങ്ങള്‍.
Content Highlights: malaikottai valiban kathanar pookkalam thuramukam movie makeup man ronex xavier
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..