മാഫിയ ശശി, ബാബു ആന്റണിയും മാഫിയ ശശിയും ഒരു സിനിമയുടെ ചിത്രീകരണത്തിൽ നിന്നുള്ള രംഗം
1995-കളിലാണ് ശശിധരന് എന്ന സ്റ്റണ്ട് മാസ്റ്റര്‍, ധര്‍മേന്ദ്ര നായകനാകുന്ന ബോളിവുഡ് സിനിമ 'മാഫിയ'യുടെ സംഘട്ടനം ചെയ്യാന്‍ മുംബൈയിലേക്ക് വണ്ടി കയറിയത്. സുരേഷ് ഗോപി നായകനായ 'മാഫിയ' എന്ന ചിത്രത്തിന്റെ ഹിന്ദി റീമേക്കായിരുന്നു ഈ ചിത്രം. അല്‍പ്പം പരിഭ്രമത്തോടെയാണ് ധര്‍മ്മേന്ദ്ര എന്ന മഹാനടനെ ശശിധരന് സമീപിച്ചത്. ഓരോ രംഗങ്ങളായി ചിത്രീകരിക്കുമ്പോഴും കൃത്യതയോടെ സ്റ്റണ്ട് ചെയ്യുന്ന ഈ യുവാവിനെ ധര്‍മ്മേന്ദ്ര വളരെ കാര്യമായി ശ്രദ്ധിച്ചു. ഒടുവില്‍ സ്നേഹത്തോടെ വിളിച്ചു: മാഫിയ ശശി, നിനക്ക് ഈ പേര് നന്നായി ചേരും.
അന്ന് മുതല്‍ ശശിധരന്, മാഫിയ ശശി എന്ന പേരില്‍ അറിയപ്പെട്ടു. മൂപ്പത് വര്‍ഷം നീണ്ട കരിയറില്‍ ഇന്നദ്ദേഹം ദേശീയ പുരസ്കാരത്തിന്റെ തിളക്കത്തില്‍ നില്‍ക്കുകയാണ്. സച്ചി സംവിധാനം ചെയ്ത 'അയ്യപ്പനും കോശിയും' എന്ന ചിത്രത്തിലൂടെ. തന്റെ കര്‍മ്മമണ്ഡലത്തില്‍ ഇനിയും ഒരുപാട് ദൂരം യാത്ര ചെയ്യാനുണ്ടെന്ന് പുരസ്കാരം വലിയ പ്രോത്സാഹനമാണെന്നും മാഫിയ ശശി പറയുന്നു.
'അയ്യപ്പനും കോശിയും' ദേശീയ പുരസ്കാരവും
ഈ പുരസ്കാരം ഒരിക്കലും എനിക്ക് മാത്രമായി ലഭിച്ച ഒരു അംഗീകാരമല്ല. എല്ലാം സച്ചി സാറിന്റെ കഴിവ്. ഞാന്‍, രാജശേഖര്‍, സുപ്രീം സുന്ദര്‍ ഞങ്ങള്‍ മൂന്നു പേരും ചേര്‍ന്നാണ് സ്റ്റണ്ട് ചെയ്തത്. സച്ചി പറയുന്ന കാര്യങ്ങള്‍ അതേ പോലെ അദ്ദേഹത്തിന് ആവശ്യമുള്ള രീതിയില്‍ ഒരുക്കി കൊടുക്കുകയാണ് ചെയ്തത്. മികച്ച, തിരക്കഥ, സംവിധാനം, അഭിനയം എല്ലാം ഒത്തു വരുമ്പോഴാണ് ഒരു സിനിമ നന്നായി തോന്നുന്നത്. ഇതില്‍ ഏതെങ്കിലും ഒരു ഘടകം മോശമായാല്‍ നമ്മള് എത്ര നന്നായി സ്റ്റണ്ട് ചെയ്തിട്ടും കാര്യമില്ല. എന്റെ അനുഭവമാണ് ഞാന്‍ പറയുന്നത്. 'അയ്യപ്പനും കോശിയും' ഒരു കംപ്ലീറ്റ് പാക്കേജ് ആയിരുന്നു. പൃഥ്വിരാജും ബിജു മേനോനും ഫ്ളക്സിബിള്‍ ആയ അഭിനേതാക്കളാണ്. നല്ല അര്‍പ്പണബോധമുള്ളവര്‍. അവരെ സ്റ്റണ്ട് ചെയ്യിക്കാന്‍ വലിയ ബുദ്ധിമുട്ടൊന്നുമില്ലായിരുന്നു. നാടന്‍ തല്ലാണ് വേണ്ടിയിരുന്നത്. വളരെ സ്വാഭാവികമായ ഒന്ന്. ഇരയും വേട്ടക്കാരനും മല്ലടിക്കുന്ന പോലെ. മണ്ണിലും പാടത്തെ ചളിയിലുമെല്ലാം ഉരുണ്ട് വളരെ അധ്വാനിച്ചാണ് ബിജുവും രാജുവും അത് ചെയ്തത്. ഈ അംഗീകാരം വലിയ പ്രോത്സാഹനമാണ്, ഞങ്ങള്‍ക്ക് അഭിമാനമുണ്ട്.
അനിയന് വേണ്ടി സിനിമാ ലൊക്കേഷനില്‍ ചുറ്റിനടന്നു, ഒടുവില്‍ നടനായി
.jpg?$p=1990e2a&w=610&q=0.8)
കണ്ണൂരാണ് എന്റെ സ്വദേശം. അച്ഛന് പുതിയവീട്ടില്‍ ബാലന്, അമ്മ സരസ്വതി. എനിക്ക് പഠനത്തില്‍ വലിയ താല്പര്യമൊന്നുമുണ്ടായിരുന്നില്ല. എന്നാല്‍, സ്പോര്‍ട്സ് വലിയ ഇഷ്ടമായിരുന്നു. മദ്രാസിലായിരുന്നു ഞങ്ങള്‍. എന്റെ പഠനത്തില്‍ അച്ഛന് വലിയ ആശങ്കയുണ്ടായിരുന്നു. അതിനാല്‍ എന്നെ ചെന്നൈയില്‍ നിന്ന് നാട്ടിലേക്ക് പഠിക്കാനായി പറഞ്ഞയച്ചു. കണ്ണൂര്‍ ചിറയ്ക്കല്‍ രാജാ സ്കൂളില്‍ ചേര്‍ന്നു. അവിടെ പഠിക്കുന്ന കാലത്താണ് കളരിയോടു താല്പര്യം തോന്നുന്നത്. കുറച്ച് കാലം കളരി പഠിച്ചതിന് ശേഷം വീണ്ടും മദ്രാസിലേക്ക് തന്നെ തിരികെ പോന്നു. അനിയന് ദിനചന്ദ്രന് സിനിമയില്‍ വലിയ താല്പര്യമായിരുന്നു. അവനൊപ്പം സിനിമാ സെറ്റിലെല്ലാം ചുറ്റിത്തിരിയും. ഒടുവില്‍ എനിക്കും അഭിനയിച്ചാല്‍ കൊള്ളാമെന്നുതോന്നി. ഹരിഹരന് സാര്‍ സംവിധാനം ചെയ്ത 'പൂച്ചസന്യാസി'യില്‍ ഒരു ചെറിയ വേഷം ചെയ്തു. പിന്നെ സിനിമ തന്നെയായി എന്റെ ലോകം. ആദ്യം ചെറിയ ഗുണ്ടവേഷങ്ങള് ചെയ്തു. അതിനു ശേഷം സംഘട്ടന സഹായിയായി. ഒടുവില്‍ സ്വതന്ത്രമായി സറ്റണ്ട് ചെയ്യാന്‍ ആരംഭിച്ചു.
അടി കൊണ്ടും കൊടുത്തും 30 വര്‍ഷം
ആദ്യകാലത്ത് സ്റ്റണ്ട് ചെയ്യുന്നവര്‍ക്ക് പുരസ്കാരങ്ങളൊന്നുമില്ല. നമ്മള് ഒരുപാട് അടി കൊടുക്കും കൊള്ളും. അതിനുള്ള പ്രതിഫലം വാങ്ങും. ഒരു പുരസ്കാരം ലഭിച്ചുവെങ്കില്‍ എന്നൊക്കെ അന്ന് തോന്നിയിട്ടുണ്ടെങ്കിലും അതിനുള്ള സാഹചര്യം അന്നുണ്ടായിരുന്നില്ല. അധികം വര്‍ഷങ്ങളായില്ല സംഘട്ടന സംവിധായകന് പുരസ്കാരം നല്കാന് തുടങ്ങിയിട്ട്. അംഗീകാരം വൈകിയെത്തിയെന്ന തോന്നലൊന്നും എനിക്കില്ല. ഇനിയും ഒരുപാട് ദൂരം മുന്നോട്ട് പോകാനുണ്ട്. ശരീരം അനുവദിക്കുവോളം ഈ ഫീല്‍ഡില്‍ തന്നെ ഞാനുണ്ടായിരിക്കും. സ്റ്റണ്ട് ഒരാള്‍ക്ക് ഒറ്റയ്ക്ക് ചെയ്യാന്‍ സാധിക്കുന്നതല്ല. അതൊരു കൂട്ടായ്മയുടെ വിജയമാണ്. പലരുടെയും അധ്വാനത്തിന്റെയും വിയര്‍പ്പിന്റെയും ഫലമാണ്. നല്ല സഹായികള്‍ ഇല്ലെങ്കില്‍ ഒരിക്കലും നന്നായി ചെയ്യാന്‍ സാധിക്കുകയില്ല.
വിസ്മയിപ്പിച്ചത് ബിബിന്‍ ജോര്‍ജ്ജ്
ഏറ്റവും നന്നായി സംഘട്ടനം ചെയ്യുന്ന താരം ആരാണെന്ന് പറയാനാകില്ല. മമ്മൂക്ക, ലാലേട്ടന്, സുരേഷേട്ടന്, ജയറാമേട്ടന് ഇവരെല്ലാം നന്നായി ഫെറ്റ് ചെയ്യുന്നവരാണ്. പുതിയ തലമുറയില്‍ പൃഥ്വിരാജും നിവിന്‍ പോളി തുടങ്ങിയവരെല്ലാം നന്നായി ചെയ്യും. അതില്‍ എടുത്ത് പറയേണ്ടത് ബിബിന്‍ ജോര്ജ്ജിനെക്കുറിച്ചാണ്. ഒരു കാലിന് സ്വാധീനക്കുറവുള്ള നടനാണ് ബിബിന്‍. പക്ഷേ, എത്ര വേദനയെടുത്താലും അദ്ദേഹം നന്നായി പരിശ്രമിച്ച് ഫൈറ്റ് നന്നാക്കും. പലപ്പോഴും അത്ഭുതം തോന്നിയിട്ടുണ്ട്.
സ്റ്റണ്ടിലെ റിയലിസവും അമാനുഷികതയും
.jpg?$p=79c0b37&w=610&q=0.8)
ഓരോ കാലത്തിനും അതനുസരിച്ചുള്ള സംഘട്ടന ശൈലിയാണ്. വിദേശ സിനിമകളുടെ സ്വാധീനമെല്ലാം പഴയ സിനിമകളില്‍ കാണാന്‍ സാധിക്കും. 1970, 80, 90 കാലഘട്ടങ്ങളിലെല്ലാം അല്‍പ്പം അതിശയോക്തി നിറഞ്ഞ സംഘട്ടനമാണ് പ്രേക്ഷകര്‍ക്ക് സ്വീകാര്യമായിരുന്നത്. കുറച്ച് കാലം കഴിഞ്ഞപ്പോള്‍ റിയലിസ്റ്റിക്കായ നാടന്‍തല്ല് വലിയ ട്രെന്‍ഡായി മാറി. ഇന്നും മാസ് ചിത്രങ്ങളില്‍ റിയാലിറ്റി വിട്ടുതന്നെയാണ് സ്റ്റണ്ട് ചെയ്യുന്നത്. എങ്കില്‍ മാത്രമേ സ്ക്രീനില്‍ അത് കാണാന്‍ രസമുണ്ടായിരിക്കൂ.
പണ്ടത്തെ അപേക്ഷിച്ച് ഇന്ന് ഒരുപാട് സുരക്ഷാ സംവിധാനങ്ങളുണ്ട്. അതുകൊണ്ടു തന്നെ റിസ്ക് കുറവാണ്. റിസ്ക് ഒട്ടുമില്ലെന്ന് ഒരിക്കലും പറയില്ല. 'കോളിളക്കം' സിനിമയില്‍ ജയന് സാര്‍ എടുത്ത റിസ്ക് ഒന്ന് ആലോചിച്ചു നോക്കൂ. അതിസാഹസികമായ ഹെലികോപ്റ്റര്‍ രംഗം ചിത്രീകരിക്കുന്നതിനിടെ അതിദാരുണമായാണ് അദ്ദേഹം മരിച്ചത്. ഇന്ന് അങ്ങനെ സംഭവിക്കില്ല. ചെറിയ പരിക്കുകളൊക്കെ സംഭവിക്കാറുണ്ടെങ്കില്‍ ഒരിക്കലും ഗുരുതരമാകില്ല.
അഭിനയവും ആസ്വദിക്കുന്നു
അഭിനയിച്ചാണ് സിനിമയില്‍ തുടക്കം കുറിച്ചത്. സ്റ്റണ്ട് ചെയ്യുന്നതിനോടൊപ്പം തന്നെ സിനിമയില്‍ ചെറിയതാണെങ്കില്‍ ശ്രദ്ധക്കപ്പെടുന്ന വേഷങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞതില്‍ അതിയായ അഭിമാനമുണ്ട്. ഒരുപാട് സിനിമകളില്‍ മാഫിയ ശശിയായി തന്നെയാണ് അഭിനയിച്ചത്. 'ഷൈലോക്ക്', 'ബെസ്റ്റ് ആക്ടര്‍', 'ചിറകൊടിഞ്ഞ കിനാവുകള്‍' എല്ലാം വളരെ ആസ്വദിച്ചു ചെയ്ത സിനിമകളാണ്. അഭിനയിക്കാനും ഇഷ്ടമാണ്.
കയ്യിലെ കരിവളകള്‍
.jpg?$p=430c1f1&w=610&q=0.8)
പന്ത്രണ്ട് വര്‍ഷത്തിലേറെയായി കരിവള എന്റെ കയ്യില്‍ കയറിയിട്ട്. റബ്ബര്‍ വളകളാണിവ. ആദ്യം ഒന്നോ രണ്ടോ വളകളാണ് ഇട്ടത്. പിന്നീട് എണ്ണം കൂട്ടി. അങ്ങനെ ഇപ്പോഴത് എന്റെ ഐഡന്റിറ്റിയുടെ ഭാഗമായി.
പുതിയ സിനിമകള്‍
ഒരുപാട് സിനിമകള്‍ ഇനി റിലീസ് കാത്തിരിക്കുന്നു. സംവിധായകന് ജൂഡ് ആന്റണിയുടെ ചിത്രത്തിലാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. മമ്മൂട്ടിയും ബി. ഉണ്ണികൃഷ്ണനും ഒന്നിക്കുന്ന ചിത്രം, നിവിന്‍ പോളി ചിത്രം, മോഹന്‍ലാലിന്റെ 'ഓളവും തീരവും' തുടങ്ങിയ സിനിമകള്‍ ചെയ്യുന്നുണ്ട്. ജോഷി സാറിന്റെ 'പാപ്പനാ'ണ് ഏറ്റവും പുതിയ റിലീസ്.
കുടുംബം
പണ്ടു മലയാള സിനിമയുടെ കേന്ദ്രം ചെന്നൈ ആയിരുന്നല്ലോ. ഞാന്‍ അന്ന് അവിടെ കൂടിയതാണ്. ഇപ്പോഴും അവിടെയാണ് താമസം. ശ്രീദേവിയാണ് ഭാര്യ. സന്ധ്യ, സന്ദീപ് എന്നിവരാണ് മക്കള്‍.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..