അജയ് ഗോവിന്ദ്, മടപ്പള്ളി യുണൈറ്റഡ് സിനിമയുടെ പോസ്റ്റർ | Photo: Special Arrangement
കോഴിക്കോട്ടുകാരൻ തയ്യാറാക്കിയ കോഴിക്കോടൻ പശ്ചാത്തലമുള്ള സിനിമ. പേരിൽപ്പോലും കോഴിക്കോടിന്റെ ഗ്രാമക്കാഴ്ചയുള്ള ചിത്രം. അതാണ് അജയ് ഗോവിന്ദ് തിരക്കഥയെഴുതി സംവിധാനം ചെയ്ത മടപ്പള്ളി യുണൈറ്റഡ്. കുട്ടികൾ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ 45 പുതുമുഖങ്ങളാണ് അണിനിരക്കുന്നത്. ഹരീഷ് പേരടിയേയും ശ്രീകാന്ത് മുരളിയേയും പോലുള്ള പ്രമുഖ താരങ്ങൾ വേറെയും. മടപ്പള്ളി യുണൈറ്റഡിന് പിന്നിലെ കഥ പറയുകയാണ് സംവിധായകൻ.
കുട്ടികൾക്കായി ഓഡിഷനും ശില്പശാലയും
നടനായ രാജേഷ് മാധവനാണ് സിനിമയുടെ കാസ്റ്റിങ് ഡയറക്ടർ. രാജേഷും ഞാനും ചേർന്നാണ് കോഴിക്കോട് വടകരയിൽവെച്ച് ഓഡിഷൻ നടത്തിയത്. ഈ മേഖലയിൽ നിന്നുള്ള ആളുകളാണ് പങ്കെടുക്കാനായി എത്തിയത്. കുട്ടികളുടെ ഓഡിഷൻ വടകര മടപ്പള്ളി സേ്കൂളിൽ വെച്ചാണ് നടത്തിയത്. 90 പേരോളം തിരഞ്ഞെടുക്കപ്പെട്ടു. പിന്നെ ഇവർക്കൊപ്പം രാജേഷ് ഒരു ശില്പശാല ചെയ്തിരുന്നു. ഓരോ ചെറിയ ഗ്രൂപ്പുകളായി തിരിച്ച് അവർക്കൊപ്പം ചിലവഴിക്കുകയും അവരെ വീണ്ടും ഷോർട്ട്ലിസ്റ്റ് ചെയ്ത് 15 പേരെ തിരഞ്ഞെടുക്കുകയുമാണ് ചെയ്തത്.
താരങ്ങൾക്കായി റിഹേഴ്സൽ
മുതിർന്ന താരങ്ങളെ റിഹേഴ്സലടക്കം ചെയ്യിപ്പിച്ചാണ് സിനിമയിലേക്കെത്തിച്ചത്. പലരും സ്റ്റേജ് ആർട്ടിസ്റ്റുകളാണ്. സിനിമയിൽ അച്ഛനമ്മമാരായി അഭിനയിച്ചത് നാടകത്തിൽ ഒരുമിച്ച് അഭിനയിച്ചവരാണ്.
നിർമാണച്ചെലവ് ഒരുകോടി രൂപയിൽ താഴെ മാത്രം
ഒരു കോടിയിൽ താഴെ മാത്രമാണ് നിർമാണച്ചെലവ്. സിനിമ യഥാർത്ഥ ഷൂട്ടിങ് തുടങ്ങന്നതിന് മുമ്പ് മൂന്ന് ദിവസം സാമ്പിൾ ഷൂട്ട് നടത്തിയിരുന്നു. അവരെങ്ങനെയാണ് ചെയ്യുന്നതെന്ന് നോക്കാൻ വേണ്ടി. പിന്നെ യഥാർത്ഥ ചിത്രീകരണം ഒറ്റ ഷെഡ്യൂളായാണ് ചെയ്തത്. ഏകദേശം 25 ദിവസം നീണ്ടു ചിത്രീകരണം.
സിനിമയിലെ വടകര സ്റ്റൈൽ
എഴുത്തുകാരി ഷാഹിന റഫീഖ് ആണ് സംഭാഷണങ്ങൾ എഴുതുന്നതിൽ ഏറെ സഹായിച്ചത്. പിന്നെ വടകരക്കാരനായ ജയകൃഷ്ണനായിരുന്നു സ്ക്രിപ്റ്റ് സൂപ്രവൈസർ. അദ്ദേഹമാണ് സംഭാഷണങ്ങളെല്ലാം വടകര സ്റ്റൈലിലേക്കാക്കിയത്. അഭിനേതാക്കളെല്ലാം ആ ചുറ്റുവട്ടത്തിൽ നിന്നായതുകൊണ്ട് ഭാഷാശൈലിയുടെ കാര്യത്തിൽ കൂടുതൽ ബുദ്ധിമുട്ടേണ്ടിവന്നില്ല. കോഴിക്കോട് മടപ്പള്ളി ബീച്ചും സ്കൂളുമൊക്കെ തന്നെയായിരുന്നു ലൊക്കേഷനും.

തിയേറ്ററിൽ കാണേണ്ട ചിത്രം
ഇതിന് മുന്നേ ഞാൻ ഒന്നു രണ്ട് ഇൻഡിപെൻഡന്റ് സിനിമകൾ ചെയ്തിരുന്നു. അതൊക്കെ ചെറിയ രീതിയിൽ തിയേറ്റർ റിലീസ് ചെയ്തിട്ടുണ്ടായിരുന്നു. നമ്മൾ സിനിമകളുണ്ടാക്കുന്നത് തിയേറ്ററിന് വേണ്ടിയാണല്ലോ. ഇതിലെ കുട്ടികളും അവരുടെ രക്ഷിതാക്കളുമെല്ലാം പ്രതീക്ഷിക്കുന്നത് തിയേറ്ററിൽ സിനിമ കാണാം എന്നാണ്. അതുകൊണ്ട് തന്നെ ആ നാട്ടുകാർക്ക് വേണ്ടിയാണ് സിനിമ തിയേറ്ററിൽത്തന്നെ ഇറക്കാം എന്നുകരുതിയത്. ഡയറക്റ്റ് ഓ.ടി.ടിയാണ് കുറച്ചുകൂടി എളുപ്പം. പക്ഷേ തിയേറ്ററിൽ സിനിമകണ്ട് ആളുകൾ അഭിപ്രായം പറയുമ്പോൾ അത് ഓ.ടി.ടിയിൽ കൊടുക്കാൻ നമ്മളെ കുറച്ചുകൂടി സഹായിക്കും. ചെറിയ സിനിമയാണെങ്കിലും തിയേറ്ററിൽ പ്രദർശിപ്പിച്ചു എന്ന വിശ്വാസം നേടാനാവും.
പ്രേക്ഷകരിലേക്കെത്തിക്കാൻ കൃത്യമായ ആസൂത്രണം
ഞാൻ ഹിന്ദിയിലാണ് ഇതിനുമുമ്പ് ജോലി ചെയ്തിരുന്നത്. രണ്ട് ദിവസം മുമ്പ് മുംബൈയിൽ ഈ സിനിമയുടെ പ്രീമിയർ ഉണ്ടായിരുന്നു. കുറേ സംവിധായകരും സിനിമാ പ്രവർത്തകരും അവിടെ വന്നിരുന്നു. ഡൽഹിയിൽ പ്രദർശനം സംഘടിപ്പിച്ചപ്പോഴും നൂറ് നൂറ്റമ്പത് പേർ വന്നിരുന്നു. കേരളത്തിൽ നല്ല പ്രതികരണമാണ് കിട്ടുന്നതെങ്കിൽ മറ്റ് സംസ്ഥാനങ്ങളിലെ തിയേറ്ററുകളിലും സിനിമയെത്തിക്കും. വെറുതേ നൂറോളം തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നതിന് പകരം കൃത്യമായ ആസൂത്രണത്തോടെയാണ് ചിത്രം ജനങ്ങളിലെത്തിക്കുക.
സിനിമ സ്കൂളുകളിലേക്ക്
സ്കൂളുകളെ സിനിമ കാണാൻ ക്ഷണിക്കാനും പദ്ധതിയുണ്ട്. കായിക വിദ്യാഭ്യാസം, ലിംഗ സമത്വം തുടങ്ങി നിരവധി വിഷയങ്ങൾ ഈ ചിത്രം ചർച്ച ചെയ്യുന്നുണ്ട്. നോക്കൂ നമ്മുടെ നാട്ടിൽ പലയിടത്തും കുട്ടികൾക്ക് കളിക്കാൻ എന്നുപറഞ്ഞ് സ്ഥലമില്ല. മടപ്പള്ളിയിൽ ഈ സിനിമയുടെ തിരക്കഥ എഴുതുന്ന സമയത്ത് റോഡിൽ കുട്ടികൾ ഫുട്ബോൾ കളിക്കുന്നതുകണ്ടു. നഗരവത്ക്കരണത്തിന്റെ ഭാഗമായി കെട്ടിടങ്ങൾ ഉണ്ടാക്കിയുണ്ടാക്കി പോകുമ്പോൾ കുട്ടികൾക്ക് കളിക്കാൻ സ്ഥലങ്ങളില്ലാതെ പോകുന്നു. സ്കൂളുകളിൽ ചിത്രം കാണിക്കാനായി വിദ്യാഭ്യാസ വകുപ്പ് വഴി നീങ്ങണമെന്നാണ് കരുതുന്നത്.
പുതിയ ചിത്രങ്ങൾ
പുതിയ സിനിമയുടെ തിരക്കഥ എഴുതി മറ്റുജോലികൾ നടത്തിക്കൊണ്ടിരിക്കുകയാണ്. നടീനടന്മാരെ നിശ്ചയിക്കാനുണ്ട്. ഹിന്ദി വെബ്സീരീസ് പൂർത്തിയാക്കി. അതിന്റെ ലൈൻ പ്രൊഡ്യൂസ് ആണ് ചെയ്തത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..