മാല പാർവതി | ഫോട്ടോ: കെ.കെ. സന്തോഷ്/മാതൃഭൂമി
നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെതിരായ ലൈംഗിക പീഡന ആരോപണവുമായി ബന്ധപ്പെട്ട് അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ പരാതി പരിഹാര സമിതി (ഐ.സി.സി)യില്നിന്ന് മാല പാര്‍വതി രാജിവെച്ചിരുന്നു. വിജയ് ബാബുവിനെ അമ്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍നിന്ന് പുറത്താക്കണമെന്ന ഐസിസിയുടെ ശുപാര്‍ശ അംഗീകരിക്കാത്ത സാഹചര്യത്തിലായിരുന്നു രാജി. വിജയ് ബാബു സ്വമേധയാ മാറിനില്‍ക്കുക എന്നത് അച്ചടക്ക നടപടിയല്ലെന്നും ഐസിസിയെ നോക്കുകുത്തിയാക്കുന്നതാണ് ഇതെന്നും മാലാ പാര്‍വതി ആരോപിച്ചിരുന്നു. ഈ സാഹചര്യത്തില്‍ തന്റെ രാജിയെക്കുറിച്ചും ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെക്കുറിച്ചും തുല്യവേതനം അടക്കമുള്ള കമ്മിറ്റി ശുപാര്ശയേക്കുറിച്ചുമെല്ലാം മാലാ പാര്‍വതി മാതൃഭൂമി ഡോട് കോമിനോട് പ്രതികരിക്കുന്നു.
ഐസിസിയുടെ ശുപാര്‍ശ ഉണ്ടായിട്ടും വിജയ് ബാബുവിനെതിരേ നടപടിയെടുക്കാന്‍ തയ്യാറാവാത്തത് എന്തുകൊണ്ടാണെന്നാണ് കരുതുന്നത്? അമ്മ വിജയ് ബാബുവിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന് കരുതുന്നുണ്ടോ?
ഐസിസി ശുപാര്‍ശ ചെയ്തതുപോലെ വിജയ് ബാബു എക്സിക്യൂട്ടീവ് കൗണ്‍സിലില്‍നിന്ന് മാറിയല്ലോ എന്നാണ് അവര്‍ പറയുന്നത്. ഒരാള്‍ സ്വയം മാറിനില്‍ക്കുന്നതും മാറ്റിനിര്‍ത്തുന്നതും തമ്മില്‍ വ്യത്യാസമുണ്ട്. വിജയ് ബാബുവിനെതിരേ ലുക്ക് ഔട്ട് നോട്ടീസ് നിലനില്‍ക്കുന്നുണ്ട്. ഐസിസി മെമ്പര്‍ ആയിരുന്നുകൊണ്ട് അത്തരമൊരു തീരുമാനത്തെ അംഗീകരിക്കാന്‍ കഴിയില്ല. ഒരുപാട് ഉത്തരവാദിത്വങ്ങളുള്ള ഒരു സ്ഥാനത്തിരുന്നുകൊണ്ട് ചെയ്യാനാവാത്ത കാര്യമാണ്. മാധ്യമങ്ങളടക്കം സൂക്ഷ്മമായി നിരീക്ഷിക്കുന്ന ഒരു സംഗതിയാണത്. മനസ്സുകൊണ്ടുപോലും അങ്ങനെയുള്ള ആളുടെ കൂടെനില്ക്കാന് ആഗ്രഹിക്കുന്നില്ല. അതുകൊണ്ടാണ് രാജിവെച്ചത്. വിജയ് ബാബു റേപ്പ് ആരോപണത്തില്‍ കുറ്റാരോപിതന് മാത്രമായിരിക്കാം. എന്നാല്‍ പരാതിക്കാരിയുടെ പേര് പറയുന്നത് എല്ലാവരും കണ്ടതാണ്. അതില്‍ ആക്ഷന്‍ എടുക്കാതിരിക്കാന്‍ സാധിക്കില്ല.
മാലാ പാര്‍വതി ഐസിസിയില്‍ നിന്ന് രാജിവെക്കുകയും അമ്മയില്‍ തുടരുകയും ചെയ്യുന്നത് ഇരട്ട നിലപാടല്ലേ? അങ്ങനെയെങ്കില്‍ അമ്മയില്‍നിന്നും രാജിവെക്കുകയല്ലേ വേണ്ടത്?
നിയമപരമായ ഒരു സ്ഥാനത്ത് ഇരുന്നുകൊണ്ട് ചെയ്യാന്‍ സാധിക്കാത്ത കാര്യം ചെയ്യേണ്ടിവരുന്നതുകൊണ്ടാണ് ഐസിസിയില്‍നിന്ന് രാജിവെച്ചത്. അമ്മയില്‍ ഞാന്‍ പ്രത്യേകിച്ച് ഉത്തരവാദിത്വങ്ങളൊന്നും വഹിക്കുന്നില്ലല്ലോ?
അമ്മ എന്ന സംഘടന പലപ്പോഴും സ്ത്രീവിരുദ്ധ നിലപാടുകള്‍ പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്നുണ്ടല്ലോ. പിന്നെന്തുകൊണ്ട് അമ്മയില്‍ത്തന്നെ തുടരുന്നു?
സ്ത്രീവിരുദ്ധത എന്നത് അമ്മ എന്ന സംഘടനയിലോ സിനിമാ മേഖലയിലോ മാത്രമുള്ള ഒരു കാര്യമല്ലല്ലോ. അത് സമൂഹത്തില്‍ എല്ലാ മേഖലകളിലുമുണ്ട്, ഇടതുപക്ഷ പാര്‍ട്ടികളില്‍ അടക്കം ഉണ്ട്. സംവാദങ്ങളിലൂടെയും ഇടപെടലുകളിലൂടെയും വേണം അതിന് മാറ്റംവരുത്താന്‍. നമ്മള് കേരളത്തില്‍ത്തന്നെയല്ലേ ജീവിക്കുന്നത്. സ്ത്രീവിരുദ്ധത നിലനില്ക്കുന്നു, സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ നടക്കുന്നു എന്നതുകൊണ്ട് കേരളത്തില്‍നിന്ന് പോകാം എന്ന് നമ്മള് തീരുമാനിക്കുമോ? ഇവിടെത്തന്നെ നിന്ന് മാറ്റം വരുത്തുകയാണ് വേണ്ടത്. അതുകൊണ്ടുതന്നെ നില്ക്കുന്ന സ്ഥലം ഉപേക്ഷിച്ചുപോകാന്‍ ഞാന്‍ തയ്യാറല്ല.
അമ്മ മാത്രമല്ല, കേരളത്തിലെ മിക്കവാറും എല്ലാ സ്ഥാപനങ്ങളും സ്ത്രീവിരുദ്ധമായ നിലപാടുകള്‍ സ്വീകരിക്കുന്നുണ്ട്. അത്തരം പ്രശ്നങ്ങള്‍ ഉള്ളപ്പോള്‍ത്തന്നെ അമ്മ എന്ന സംഘടന ചെയ്യുന്ന നല്ലകാര്യങ്ങളെ കാണാതിരിക്കാന്‍ കഴിയില്ല. പ്രായമായ ആര്‍ട്ടിസ്റ്റുകള്‍ക്ക് ഒരുപാട് സഹായങ്ങള്‍ നല്‍കുന്നുണ്ട്. കോവിഡ് കാലത്തൊക്കെ കുട്ടികളെ ഏറ്റെടുക്കുകയും വീടുവെച്ച് കൊടുക്കുകയും വിദ്യാഭ്യാസം ഏറ്റെടുക്കുകയും ഒക്കെ ചെയ്യുന്നു. അങ്ങനെയൊക്കെ ചെയ്യുന്ന ഒരു സംഘടനയ്ക്ക് ഞാനായിട്ട് എതിരെ നില്‍ക്കില്ല.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് വിവിധ കോണുകളില്‍നിന്ന് ആവശ്യം ഉയര്‍ന്നിട്ടും സര്‍ക്കാര്‍ തയ്യാറാവുന്നില്ല. പകരം, തുല്യ വേതനം അടക്കം റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങളെക്കുറിച്ച് ഇപ്പോള്‍ പറയുന്നത്?
സ്ത്രീകള്‍ക്ക് ഒരുപാട് അതിക്രമങ്ങള്‍ സിനിമയില്‍ നേരിടേണ്ടിവരുന്നുണ്ടെന്നും അതിന്റെ പശ്ചാത്തലം എങ്ങനെയാണ് ഒരുങ്ങുന്നതെന്നും എങ്ങനെ സ്ത്രീകള്‍ക്ക് സുരക്ഷിതരാകാമെന്നുമുള്ള കാര്യങ്ങളില്‍ ഒരു പഠനറിപ്പോര്‍ട്ട് ആയിരുന്നു പ്രതീക്ഷിച്ചിരുന്നത്. ഒരു സംവാദം ഉണ്ടാകുമെന്നും സ്ത്രീകള്‍ക്ക് സുരക്ഷിതമായ ഒരു അന്തരീക്ഷം സൃഷ്ടിക്കാന്‍ ഇത് ഉപകരിക്കുമെന്നും പ്രതീക്ഷിച്ചിരുന്നു. പക്ഷേ, കമ്മിറ്റിയുടെ ശുപാര്‍ശകള്‍ കാണുമ്പോള്‍ കാര്യങ്ങളൊന്നും വ്യക്തമാകുന്നില്ല. വിപണിയെ കേന്ദ്രീകരിച്ചുള്ള സിനിമ വ്യവസായത്തില്‍ തുല്യവേതനം പോലുള്ള കാര്യങ്ങള്‍ എങ്ങനെ നടപ്പാക്കുമെന്ന് വ്യക്തമല്ല.
'എന്നു നിന്റെ മൊയ്തീന്' എന്ന ചിത്രത്തില്‍ പാര്‍വതി തിരുവോത്തിനേക്കാള് കുറഞ്ഞ പ്രതിഫലമാണ് ടൊവിനോ തോമസ് വാങ്ങിയത്. എന്നാല്‍ ഇപ്പോള്‍ ടൊവിനോ പാർവതിയേക്കാള്‍ കൂടുതല്‍ വാങ്ങുന്നു. ബ്രാന്ഡിന്റെയും സ്റ്റാര്‍ വാല്യുവിന്റെയും മാര്‍ക്കറ്റിന്റെയും അടിസ്ഥാനത്തിലാണ് സിനിമയില്‍ പ്രതിഫലം. വേതനം നിശ്ചയിക്കാനായി സിനിമാ താരങ്ങളെ ഗ്രേഡുകളാക്കി തിരിക്കാനാവില്ലല്ലോ. ഇനി, മിനിമം വേതനം നിശ്ചിക്കാം എന്നുവെച്ചാല്‍ അത് ഗുണത്തേക്കാള്‍ ദോഷമായിരിക്കും. നിലവില്‍, സംസാരിച്ച് തുക നിശ്ചയിച്ചാണ് ഒരു സിനിമയില്‍ അഭിനയിക്കാന്‍ തീരുമാനിക്കുന്നത്. സിനിമയില്‍ ഇത്തരം നിര്‍ദേശങ്ങള്‍ എങ്ങനെ പ്രാവര്‍ത്തികമാകും എന്നുകൂടി വ്യക്തമാക്കണം.
നടിമാരുടെ സാഹചര്യം കേരളത്തിലേതില്‍നിന്ന് വ്യത്യസ്തമാണോ തമിഴിലും തെലുങ്കിലുമൊക്കെ? എന്താണ് അനുഭവം?
ഓഡിഷനിലൂടെയാണ് മറ്റു ഭാഷകളിലെ സിനിമയിലേക്കെത്തുന്നത്. സൗഹൃദങ്ങളുടെ പേരിലോ പരിചയത്തിന്റെ പേരിലോ അല്ല തമിഴിലും തെലുങ്കിലുമൊക്കെ അവസരങ്ങള്‍ ലഭിച്ചിട്ടുള്ളത്. കാസ്റ്റിങ് ഏജന്‍സികളുടെ ഓഡിഷനില്‍ പങ്കെടുത്ത്, കാര്യങ്ങള്‍ കൃത്യമായി ഉള്‍പ്പെടുത്തിയ കരാറുകള്‍ ഉണ്ടാക്കിയാണ് പോകുന്നത്. ഏത് നിലവാരത്തിലുള്ള ഹോട്ടലുകളിലായിരിക്കും താമസിക്കുന്നത്, അവർ ചെയ്തുതരുന്ന സൗകര്യങ്ങള്‍ എന്തൊക്കെ, യാത്രാമാര്‍ഗങ്ങള്‍ എന്തായിരിക്കും തുടങ്ങി എല്ലാ കാര്യങ്ങളും കരാറില്‍ ഉണ്ടായിരിക്കും. വളരെ പ്രൊഫഷണല്‍ ആയിട്ടുള്ള ഒരു രീതിയാണത്. അതുകൊണ്ടുതന്നെ കാര്യങ്ങള്‍ വളരെ സുതാര്യമാണ്. തമിഴിലും തെലുങ്കിലുമൊക്കെ എല്ലാ സിനിമകളിലും അങ്ങനെയൊക്കെ ആണോ എന്നറിയില്ല. ഞാന്‍ ചെയ്ത സിനിമകളൊക്കെ അങ്ങനെയായിരുന്നു.
നിലപാടുകള്‍ എടുക്കുന്നവര്‍ക്ക് മലയാള സിനിമയില്‍ തിരസ്കാരങ്ങള്‍ അനുഭവിക്കേണ്ടിവരുന്നു. മാലാപാര്‍വതി അങ്ങനെയൊരു നിലപാട് സ്വീകരിച്ചിരിക്കുകയാണ് ഇപ്പോള്‍?
മലയാളത്തില്‍ ഒരുപാട് കാലമായി മാറ്റിനിര്‍ത്തപ്പെടല്‍ അനുഭവിക്കുന്ന ആളാണ് ഞാന്‍. 'ഹാപ്പി സര്‍ദാര്‍' എന്ന ചിത്രത്തിനു ശേഷം സ്വന്തമായി, എന്റെ പണംകൊണ്ട് ഒരു കാരവന് എടുത്തതുകൊണ്ട് എന്നെ പിന്നീട് ആരും അഭിനയിക്കാന്‍ വിളിക്കാറില്ല. ഏറെക്കാലമായി അത് തുടരുകയാണ്. ഭീഷ്മ എന്ന ചിത്രത്തില്‍ മാത്രമാണ് അടുത്തിടെ വിളിച്ചത്. സിനിമയില്‍ ഏതെങ്കിലും വ്യക്തികള്‍ക്ക് നമ്മളെ സഹായിക്കാന്‍ കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. അതിന് പരിമിതിയുണ്ട്. ജോലി അറിയുന്നവര്‍ക്ക്, കഴിവുള്ളവര്‍ക്ക് തിരസ്കാരം നേരിടേണ്ടിവരില്ല. എന്നെപ്പോലെ ഇടത്തരം നടിമാര്‍ക്കാണ് ചിലപ്പോള്‍ ഒഴിവാക്കലുകള്‍ അഭിമുഖീകരിക്കേണ്ടിവരുന്നത്.
വിജയ് ബാബു വിഷയത്തില്‍ നിലപാട് സ്വീകരിച്ചതോടെ സാമൂഹ്യമാധ്യമങ്ങളില്‍ ഒരുപാട് ആക്രമണം നേരിടുന്നുണ്ടല്ലോ?
കുടുംബത്തെ അധിക്ഷേപിച്ചുകൊണ്ടുവരെ ഒരുപാട് ആക്രമണങ്ങള്‍ ഉണ്ടാവുന്നുണ്ട്. അതൊക്കെ അവഗണിക്കുകയാണ്. പറയുന്നവര്‍ പറയട്ടെ. അത്തരക്കാര്‍ക്ക് എന്നെയോ, അനിക്ക് അവരെയോ മനസ്സിലാക്കാന്‍ കഴിയില്ല. ഓരോരുത്തരം വ്യത്യസ്ത സാഹചര്യങ്ങളില്‍ വളര്ന്നുവന്നവരാണല്ലോ. പിന്നെന്തിന് വഴക്കിന് പോകണം? അവര്‍ക്ക് എന്തുവേണമെങ്കിലും പറയാം. ഞാന്‍ മരിച്ചുപോയി എന്നുപറഞ്ഞ് ആരോ പ്രചരിപ്പിച്ചപ്പോള്‍ ഞാന്‍ കേസുകൊടുത്തിരുന്നു. ആ വാര്‍ത്ത ജോലിയെ ബാധിച്ചപ്പോഴായിരുന്നു അത്. ഇംഗ്ലീഷ് അടക്കമുള്ള മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതോടെ മറ്റു ഭാഷകളില്‍ അടക്കം സിനിമകള്‍ നഷ്ടപ്പെട്ടു. അതുകൊണ്ടാണ് അന്ന് പ്രതികരിച്ചത്. അല്ലെങ്കില്‍ അത്തരത്തില്‍ പ്രതികരിക്കുന്ന ആളല്ല ഞാന്‍.
Content Highlights: Maala parvathi, Amma, Vijay babu, Sexual Abuse Case, Justice Hema Committee Report
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..