'അച്ഛന്‍ മരിച്ച് രണ്ടാമത്തെ ദിവസമാണ് ആ ഗാനം ഞാന്‍ ചിട്ടപ്പെടുത്തിയത്'


എച്ച് ഹരികൃഷ്ണന്‍

'എല്ലാ വേര്‍പാടുകള്‍ക്കും ഒരേ ഗ്രാമറാണുള്ളത്. അച്ഛനുമായുള്ള എന്റെ വേര്‍പാടിന്റെ സംഗീതമായിരുന്നു അത്.'

-

(ഇന്ന് മലയാളികളുടെ പ്രിയ സംഗീത സംവിധായകന്‍ എം ജയചന്ദ്രന്റെ ജന്മദിനം. 1995ല്‍ ചന്ത എന്ന ചിത്രത്തിനു വേണ്ടി സംഗീതം നല്‍കിക്കൊണ്ടാണ് എം ജയചന്ദ്രന്റെ സിനിമാപ്രവേശം. രജപുത്രന്‍, നാറാണത്ത് തമ്പുരാന്‍, നഗരവധു, വാല്‍ക്കണ്ണാടി, ബാലേട്ടന്‍, ഗൗരീശങ്കരം, വെള്ളിനക്ഷത്രം, അകലെ, സത്യം, മാമ്പഴക്കാലം, പെരുമഴക്കാലം തുടങ്ങി 2019ല്‍ പുറത്തിറങ്ങിയ മാമാങ്കം വരെ എത്തി നില്‍ക്കുന്നു, ഈ സംഗീതജ്ഞന്റെ സംഗീത സപര്യ. ദേവരാജന്‍ മാസ്റ്ററുടെ ശിഷ്യനായിരുന്ന ജയചന്ദ്രന്‍ 1992ല്‍ വസുധ എന്ന ചിത്രത്തില്‍ പാടിയിട്ടുമുണ്ട്. നിരവധി ആല്‍ബങ്ങള്‍ക്കും ടിവി സീരിയലുകള്‍ക്കും അദ്ദേഹം സംഗീതം നിര്‍വഹിച്ചിട്ടുണ്ട്. 2015ല്‍ എന്നു നിന്റെ മൊയ്തീനിലെ പാട്ടിനാണ് ആദ്യ ദേശീയ പുരസ്‌കാരം ലഭിച്ചത്. എട്ടു തവണ സംസ്ഥാന പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.)

കാത്തിരുന്ന് കാത്തിരുന്ന്... സിനിമയില്‍ മൊയ്തീനും കാഞ്ചനമാലയും അനുഭവിച്ച വിരഹവേദനയാണ് ഈ ഗാനം അവതരിപ്പിച്ചത്. എം.ജയചന്ദ്രന് ദേശീയ പുരസ്‌കാരം നേടിക്കൊടുത്ത ഗാനം. എന്നാല്‍ അച്ഛന്റെ മരണത്തെ തുടര്‍ന്ന് ഒരു മകനുണ്ടായ വേര്‍പാടിന്റെ വേദന കൂടിയാണ് ഈ സംഗീതത്തിന് പറയാനുള്ളത്.

സംഗീതലോകത്തേക്ക് തന്നെ കൈപിടിച്ച് കയറ്റിയ അച്ഛന്‍ മധുസൂധനന്‍ നായരുടെ മരണം നടന്ന് രണ്ടാമത്തെ ദിവസമാണ് ജയചന്ദ്രന്‍ ഈ ഗാനം ചിട്ടപ്പെടുത്തിയത്. എല്ലാ വേര്‍പാടുകള്‍ക്കും ഒരേ വ്യാകരണം തന്നെയാണെന്ന് അദ്ദേഹം പറയുന്നു. എം. ജയചന്ദ്രന്‍ മാതൃഭൂമി ഡോട്ട് കോമിനോട് ഓര്‍മകള്‍ പങ്കുവെച്ചപ്പോള്‍...

അച്ഛന്‍ പകര്‍ന്നു തന്ന ജീവിതപാഠങ്ങള്‍?

ആത്മാര്‍ഥതയോടെ ജീവിക്കാന്‍ പഠിപ്പിച്ചത് അച്ഛനാണ്. പെരുമാറ്റത്തിലും ജോലിയിലുമെല്ലാം നാം നമ്മോട് സത്യസന്ധരായിരിക്കണമെന്ന് സ്വന്തം ജീവിതത്തിലൂടെ അദ്ദേഹം കാട്ടിത്തന്നു. അച്ഛന് ഒരിക്കലും അമിതമായ ആഗ്രഹങ്ങള്‍ ഉണ്ടായിരുന്നില്ല. ലളിതമായ ജീവിതമാണ് നയിച്ചിരുന്നത്. തന്റെ ആദര്‍ശങ്ങള്‍ എല്ലാ കാലത്തും നിലനിര്‍ത്തുവാനും അദ്ദേഹത്തിന് സാധിച്ചു.

മക്കള്‍ക്കുവേണ്ടി പണം വാരിക്കോരി ചിലവാക്കിയിരുന്നില്ല. എന്നാല്‍ പഠിക്കാനും എഴുതാനുമുള്ള സാധനങ്ങള്‍ക്ക് ഈ നിയന്ത്രണം ബാധകമായിരുന്നില്ല. ധാരാളം റിക്കാഡുകളും കാസറ്റുകളും വാങ്ങുമായിരുന്നു. മക്കള്‍ പത്രം വായിക്കണമെന്ന് നിര്‍ബന്ധമായിരുന്നു. അതുപോലെ ദിവസവും ഒരു മണിക്കൂര്‍ സംഗീതവും അഭ്യസിക്കണം.

അച്ഛന്റെ പ്രവര്‍ത്തികളുടെ അര്‍ഥം കുട്ടിക്കാലത്ത് മനസിലാക്കുവാന്‍ എനിക്ക് സാധിച്ചിരുന്നില്ല. അതിനാല്‍ പലപ്പോഴും അദ്ദേഹത്തോട് പരിഭവം തോന്നിയിരുന്നു. അവസാനകാലത്താണ് അച്ഛനെ എനിക്ക് മനസ്സിലാക്കാന്‍ സാധിച്ചത്. എന്തുകൊണ്ട് അച്ഛന്‍ അങ്ങനെ ചെയ്തു എന്ന കുട്ടിക്കാലത്തെ ചോദ്യങ്ങള്‍ക്ക് വളരെ വൈകിയാണ് ഉത്തരം കണ്ടെത്താനായത്.