ഗോത്രപാരമ്പര്യത്തിന്റെ പാറക്കല്ലുരഞ്ഞുണ്ടായ പാട്ടുകനലിന്റെ പേരുകൂടിയാണ് നഞ്ചിയമ്മ


ബി.കെ. ഹരിനാരായണൻഏറ്റവും നല്ല ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം നഞ്ചിയമ്മയ്ക്ക് ലഭിച്ചപ്പോൾ നെറ്റിചുളിച്ചവരുണ്ടായിരുന്നു. അട്ടപ്പാടിയുടെ ഈ മകൾക്ക് സംഗീതബോധമുണ്ടോ എന്നായിരുന്നു പലരുടെയും സംശയം. എന്നാൽ, നഞ്ചിയമ്മ പൊടുന്നനെ ഒരു പാട്ടുകാരിയായതല്ല എന്നകാര്യം അവരുടെ ജീവിതം പഠിച്ചാലറിയാം. പാട്ട് അവരുടെ രാപകലുകളുടെ ഭാഗമായിരുന്നു; ജീവിതത്തിന്റെ താളവും ശ്രുതിയുമായിരുന്നു. അതാണ് പ്രശസ്ത ഗാനരചയിതാവായ ലേഖകൻ ഈ കുറിപ്പിലൂടെ വ്യക്തമാക്കുന്നത്

നഞ്ചിയമ്മ | ഫോട്ടോ: അരുൺ കൃഷ്ണൻകുട്ടി | മാതൃഭൂമി

"അയ്യാ നീ കേട്ടാൽ കേൾക്ക്
കേൾക്കില്ലെങ്കിൽ വിട്
ഞാൻ നിന്നെ പാടാതെ അടങ്ങില്ലയ്യാ...
ആടുന്നതും പാടുന്നതും
പറയുന്നതും കേൾക്കുന്നതും
നടക്കുന്നതും ചിരിക്കുന്നതും
സരസ സമ്മേളനമയ്യാ..."

വചനകവികളിൽ പ്രധാനിയായ അക്കമഹാദേവിയുടെ വചനങ്ങളാണിത് (വിനയ ചൈതന്യയുടെ പരിഭാഷ). എ.ഡി. പന്ത്രണ്ടാം നൂറ്റാണ്ടിന്റെ മധ്യത്തിലാണ് അക്ക ജീവിച്ചിരുന്നത്. അധികാരത്തിനെ, വ്യവസ്ഥിതികളെ, ജാതിയെ എതിർത്ത് ഇടതൂർന്ന മുടികളെ ഉടയാടയാക്കി, പക്ഷിമൃഗാദികളോടു മിണ്ടി, ഹൃദയത്തിലെഴുതിയ വചനങ്ങൾ ഉറക്കെപ്പാടി, തന്റെ സർവസ്വമായ ചന്നമല്ലികാർജ്ജുനനെ (പരമശിവനെ) തേടി, മറ്റൊന്നിനെക്കുറിച്ചും ചിന്തിക്കാതെ പ്രയാണംചെയ്ത പെൺമയുടെ കരുത്താണ് അവർ. ഷിമോഗയിലെ മലനാട്ടിൽ ഒരു ഉൾഗ്രാമത്തിലാണ് അക്ക ജനിച്ചത്. അവർ ജീവിച്ച കന്നഡദേശത്തിന്റെ ഇങ്ങേ അതിർത്തിയിൽ, നീലഗിരിയുടെ ചുറ്റുപാടുകളിൽ, പന്ത്രണ്ടാം നൂറ്റാണ്ടിൽ ഭരണം നടത്തിയിരുന്നത് ഇരുളരായിരുന്നു. അവരുടെ ആസ്ഥാനഭൂമികയിലൊന്നായിരുന്നു അട്ടപ്പാടി. അവിടെയാണ്, ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ മറ്റൊരക്ക ജീവിക്കുന്നത്. മഹാദേവിയെപ്പോലെ, തന്റെ മനസ്സിൽ ഉരുക്കഴിച്ചുണ്ടാക്കിയ വചനങ്ങൾ പാടി, ആടുമാടുകളെ മേച്ച്, കാടിനോടും മനുഷ്യരോടും മിണ്ടി, കാലത്തിന്റെ മലമ്പാതകൾ താണ്ടി, തെളിമയുള്ള പുഞ്ചിരിയേകി, അക്ക ഉയരങ്ങൾ കീഴടക്കുകയാണ്‌.

ഇരുളന്റെ വാഴ്‌വ്‌പാട്ട്

ഉയിരും (ജീവൻ) തുയിരും (ദുഃഖം) ഈണത്തിന്റെ നേർത്ത കാട്ടുവള്ളികൾകൊണ്ട് ഇഴപിരിക്കാനാവാത്തവിധം ചേർത്തുകെട്ടിയതാണ് ഇരുളരുടെ പാട്ടുകൾ. നീലഗിരിയുടെ ചുറ്റുവട്ടമാണ് ഇരുളരുടെ ആരൂഢഭൂമി. കോയമ്പത്തൂർ നഗരം സ്ഥാപിച്ച കോവൻ ഇരുളരാജാവായിരുന്നു. പുനം കൃഷിക്കാരായിരുന്നു ഇരുളന്മാർ. കൃഷിയെ പാട്ടുപോലെത്തന്നെ സഞ്ചാരമാക്കിയവർ. മണ്ണിന്റെയും മനുഷ്യന്റെയും ഉർവരതയിൽ അടിയുറച്ച് വിശ്വസിക്കുന്നവർ. അഞ്ചോ ആറോ വർഷത്തോളം ഒരിടത്ത് കൃഷിചെയ്താൽ അടുത്തസ്ഥലത്തേക്ക് മാറും. വീണ്ടും ഇരുപതോ മുപ്പതോ കൊല്ലം കഴിയുമ്പോൾ ഇവിടേക്കുതന്നെ തിരിച്ചുവരും. അതാണവരുടെ കൃഷിരീതി. പുങ്കര്, കുടകർ, കൽക്കട്ടി, വെള്ളക, ദേവണർ തുടങ്ങി ഏഴ് കുലങ്ങളും ഉപകുലങ്ങളുമുള്ള, ഇരുളരുടെ ഓരോ അണുവിലും സംഗീതമായിരുന്നു. ജനനത്തിനും മരണത്തിനും തിരണ്ടുകല്യാണത്തിനും വിത്തിറക്കാനും വിളവെടുക്കാനുമൊക്കെ അവർക്ക് പാട്ടുകളുണ്ട്. കൃഷിപ്പാട്ടുകളെക്കുറിച്ച് പറഞ്ഞപ്പോൾ, തന്റെ നാവിൻതുമ്പിലുള്ള, പരമ്പരാഗതമായ ‘ചീരപ്പാട്ട്’ ഈണത്തിൽ പാടിത്തന്നു നഞ്ചിയമ്മ.

"കാക്കേ ഡാഗേ പങ്കിത്താളാനേ-
കാരമടേ ബങ്കളത്തേ കെട്ടിത്താളനേ"

ഇരുളഭാഷയ്ക്ക് ലിപിയില്ല. വാമൊഴിയായി പകർന്നുപോരുന്നതാണ്. എഴുപത് ശതമാനം തമിഴ് വാക്കുകളും മുപ്പത് ശതമാനം കന്നഡവാക്കുകളുമാണ് ഈ ഭാഷയിലുള്ളത്. അട്ടപ്പാടി പ്രദേശത്ത് ഓരോ ഊരിലും ദിവസവും രാത്രി അത്താഴത്തിനുശേഷം എല്ലാ അംഗങ്ങളും ഒത്തുചേരും. തീകത്തിച്ച് അതിനുചുറ്റും വട്ടത്തിൽ ഇരിക്കും. പാടാനറിയുന്നവർ പാടിത്തുടങ്ങും മറ്റുള്ളവർ ഏറ്റുപാടും ചിലർ നൃത്തംചെയ്യും. കുട്ടികൾ വയസ്സായവരിൽനിന്ന് പാട്ടുമൊഴികളും മീട്ടും പഠിച്ചെടുക്കും, പിന്നെ രാത്രിയുടെ ഏതോയാമത്തിൽ നിലാവിനൊപ്പം ഉറങ്ങിവീഴും.

‘‘കൃഷിയില്ലാതായതോടെ, വിത്തുപാട്ടുകളും വിളവെടുപ്പു പാട്ടുകളും ഇല്ലാതായി. മറ്റു ചടങ്ങുകളുടെ പാട്ടുകളും തലമുറകൾ മാറിവന്നതോടെ നഷ്ടപ്പെട്ടു. ഇപ്പോൾ മരണച്ചടങ്ങുകളുടെ പാട്ടുകളാണ് ഏറ്റവും കൂടുതൽ ശേഖരിക്കപ്പെടുകയും പാടുകയും ചെയ്യുന്നത്. ഭൂമിയിൽനിന്ന് മരണം ഇല്ലാതാവുന്നില്ലല്ലോ, അതുകൊണ്ടാവും’’ -കവിയും എഴുത്തുകാരനും ഗവേഷകനും നഞ്ചിയമ്മയുടെ ജീവിതകഥാപുസ്തകകാരനുമായ വി.എച്ച്. ദിരാർ പറഞ്ഞു. ഊരുകളിൽ ഒരാൾ മരിച്ചാൽ, പിറ്റേന്ന് വൈകീട്ടേ ശവം മറവുചെയ്യൂ. അതുവരെ രാത്രിയും പകലും പാട്ടും നൃത്തവും ചേർന്ന അനുഷ്ഠാനങ്ങളാണ്. ‘സപ്പറം’ എന്നു പേരുള്ള ഒരു മുളംകുടിലുണ്ടാക്കി, അതിൽ മൃതദേഹംവെച്ചാണ് ചടങ്ങുകൾ നടക്കുക. ‘സാവാട്ടം’ എന്നാണ് ഈ ചടങ്ങുകൾക്ക് പറയുക. അടിയന്തരനാളിലും (കഞ്ചിച്ചീര്) പാട്ടും നൃത്തവും ഉണ്ടാവും. മരണസംബന്ധിയായ ഒട്ടേറെ പാട്ടുകളുണ്ട് ഇരുളവിഭാഗങ്ങൾക്കിടയിൽ. ഇത്തരം ചടങ്ങുകളിൽ, ഊരിലെ എല്ലാവരും പങ്കെടുക്കും. പൊറെ, ദവിൽ, ജാൽറ, കൊഗൽ, മങ്കെ (മുളങ്കുഴൽപോലെ ഒന്ന്) തുടങ്ങിയവയാണ് ഇരുളരുടെ പാട്ടിന്റെ അകമ്പടിവാദ്യങ്ങൾ. മരണത്തിന്റെ ‘മൗന’ക്കുഴൽ മീട്ടി, ഉടൽ ‘പൊറെ’യാക്കി, ചങ്കുപൊട്ടി, ഇരുളർ ജീവിതത്തെ പാടിയുണർത്തുമ്പോൾ, വാനവരും മണ്ണും മരവും മാനും മയിലും അതിലേക്ക് ലയിച്ചുചേരുന്നു. ഈ പാട്ടിന്റെ ശ്രുതിയെ പ്രപഞ്ചം അതിന്റെ ആധാരശ്രുതിയാക്കുന്നു. ഇരുളിനെ മൊഴികൊണ്ട് വെളിച്ചമാക്കുകയാണ് ഇരുളർ. ആ ഗോത്രപാരമ്പര്യത്തിന്റെ പാറക്കല്ലുരഞ്ഞുണ്ടായ പാട്ടുകനലിന്റെ പേരുകൂടിയാണ് നഞ്ചിയമ്മ.

ആലങ്കണ്ടി പുതൂരിലെ പാട്ടുപെണ്ണ്

കേരള-തമിഴ്‌നാട് അതിർത്തിയിൽ ആനക്കട്ടിയിൽനിന്ന് പത്തുപന്ത്രണ്ട് കിലോമീറ്റർ പോയാൽ കൊങ്ങരപ്പളം എന്ന ചെറുപുഴയുടെ അപ്പുറത്താണ് നഞ്ചിയമ്മ ജനിച്ച ഊര്. ആലങ്കണ്ടി പുതൂർ എന്ന ഈ സ്ഥലം ഇന്ന് തമിഴ്‌നാട്ടിലാണ്. നാലോ അഞ്ചോ വയസ്സുള്ളപ്പോൾ, പാട്ടുകാരിയായ മുത്തശ്ശിയിൽനിന്ന് കേട്ടുപഠിച്ചാണ് പാടാൻ തുടങ്ങിയത്. മരണമായാലും വിത്തിറക്കലായാലും പാട്ടെവിടെയുണ്ടോ അവിടെ നഞ്ചിയമ്മയുണ്ടാകും. വീട്ടുകാർ ഇങ്ങനെ പോകുന്നതിനെ എതിർത്തെങ്കിലും അതൊന്നും അവൾക്ക് വിഷയമായിരുന്നില്ല. പാട്ട് ആ കുട്ടിയുടെ ശ്വാസമിടിപ്പായിരുന്നു. ഒരോ പാട്ടും ഹൃദയത്തിലേക്ക് ചേർത്തുവെച്ച്‌, ഇമ്പത്തിൽ പാടി, അതിനിടയ്ക്ക് സ്വന്തമായ ഈണത്തിൽ പാട്ടുകെട്ടാൻ തുടങ്ങി. എഴുത്തും വായനയും അറിയാത്തതിനാൽ അത് മനസ്സിൽ കുറിച്ചിട്ടു. പന്ത്രണ്ടോ, പതിമ്മൂന്നോ വയസ്സ് പ്രായമുള്ളപ്പോൾ നഞ്ചപ്പനെ കല്യാണം കഴിച്ച് അടപ്പാടിയിലെ ‘നക്കുപ്പതിപിരിവ്’ എന്ന സ്ഥലത്തേക്കെത്തി. അക്കാലത്ത് അവിടം മുഴുവൻ കാടായിരുന്നത്രേ . അന്നു തുടങ്ങിയതാണ് ആടുമാടുമേയ്ക്കൽ. പാട്ടുപോലെത്തന്നെ ഈ മിണ്ടാപ്രാണികളും നഞ്ചിയമ്മയുടെ ജീവിതത്തിന്റെ ഭാഗമാണ്. ഹൃദയത്തിൽ പാട്ടും താളവുമുള്ളയാളായിരുന്നു നഞ്ചിയമ്മയുടെ ഭർത്താവ് നഞ്ചപ്പൻ. പാട്ടിനൊപ്പിച്ച് മികവോടെ ‘പൊറെ’ വായിച്ചിരുന്ന പക്കമേളക്കാരൻകൂടിയായിരുന്നു അയാൾ. മരണാനന്തരച്ചടങ്ങുകളുടെ (അടിയന്തരം) ഭാഗമായി ഊരുകളിൽ കൂത്തുകൾ നടക്കുമായിരുന്നു. തുടർച്ചയായി നാലും അഞ്ചും ദിവസം രാത്രിയിലാണ് കൂത്തുകൾ നടക്കുക. ഹരിശ്ചന്ദ്രൻകൂത്ത്, രാമർകൂത്ത്, കോവിലൻ കൂത്ത് തുടങ്ങിയ ഈ കൂത്തുകൾക്കെല്ലാം നാടകസ്വാഭാവമാണ്. ചെന്തമിഴാണ് ഇതിലെ സാഹിത്യഭാഷ, രാഗബദ്ധമാണ് ആലാപനം. ഹാർമോണിയവും തബലയുമൊക്കെയാണ് പക്കമേളത്തിന്. നഞ്ചിയമ്മയുടെ ജ്യേഷ്ഠനായ കാളി, ഹരിശ്ചന്ദ്രൻകൂത്തിലെ അഭിനേതാവായിരുന്നു. പാട്ടും അറിയാമായിരുന്നു അയാൾക്ക്. അക്കാലത്ത് സ്ത്രീകൾക്ക് ഇത്തരം കൂത്തുകളിൽ അഭിനയിക്കാനോ പാടാനോ ഉള്ള അനുവാദമുണ്ടായിരുന്നില്ല. പക്ഷേ, നഞ്ചിയമ്മ ഹരിശ്ചന്ദ്രൻകൂത്തിലെ പാട്ടും പാട്ടുരീതികളും അഭ്യസിച്ചിരുന്നു. ഹരിശ്ചന്ദ്രൻകൂത്തിനെപ്പറ്റി പറഞ്ഞപ്പോൾ അമ്മ പാടി

"വേലി വേലാ സുത്താ പോവ്‌തേ നമ്മടെ പെണ്ണാട്...
വേലാങ്കോയാ തിഞ്ചാ പോവ്‌തേ..."

ആസാദ് കലാസംഘം

മനസ്സുകൊണ്ട് സദാസമയവും പാട്ടുനെയ്യുമ്പോഴും പാടുമ്പോഴും നഞ്ചിയമ്മ അങ്ങനെ വേദികളിൽ പാടിയിരുന്നില്ല. ഒരുപക്ഷേ, ലജ്ജകൊണ്ടാവണം. അങ്ങനെയിരിക്കേ 2004-ൽ അഹാഡ്‌സ് ആദിവാസിസ്ത്രീകളുടെ ഒരു കൂട്ടായ്മ സംഘടിപ്പിച്ചു. ആ വേദിയിൽ നഞ്ചിയമ്മ പാടി. അവിടെ കൂടിയിരിക്കുന്നവരുടെയെല്ലാം മനസ്സിലേക്ക് ഒരു മഴ പെയ്യിക്കുംപോലെ.

‘അട്ടപ്പാടി ദേവാ... മല്ലീശ്വരാ...’

അഹാഡ്‌സിന്റെ അസി. ഡയറക്ടറായിരുന്ന വി.എച്ച്. ദിരാറും പഴനിസാമിയും ആ പാട്ട് കേട്ടവരാണ്. നർത്തകനും അഭിനേതാവും ഒക്കെയാണ് പഴനിസാമി. പല സിനിമകളിലും വേഷമിട്ടിട്ടുണ്ട്. അയ്യപ്പനും കോശിയും എന്ന സിനിമയിൽ ഫൈസൽ എന്ന കഥാപാത്രമായെത്തിയതും പഴനിസാമി തന്നെ. ആ വേദിയിൽവെച്ച്, തന്റെ നേതൃത്വത്തിൽ രൂപവത്‌കരിച്ച ആസാദ് കലാസംഘത്തിലേക്ക്, പഴനിസാമി ബന്ധുകൂടിയായ നഞ്ചിയമ്മയെ ക്ഷണിക്കുന്നു. പതിയെ ആ സംഘത്തിന്റെ പ്രധാനഗായികയായി നഞ്ചിയമ്മ മാറുന്നു. കേരളത്തിനകത്തും പുറത്തുമുള്ള വേദികളിൽ തനിക്ക് പകർന്നുകിട്ടിയതും താൻ കൊരുത്തുകെട്ടിയതുമായ പാട്ടുകൾ കേരളത്തിനകത്തും പുറത്തുമുള്ള വേദിയിൽ അവർ പാടുന്നു. ദ്രാവിഡനിധിയായ, ഈ നാട്ടുമൊഴിപ്പാട്ടുകളെ സംരക്ഷിക്കാനും പ്രചരിപ്പിക്കാനുമായി നഞ്ചിയമ്മ നടത്തിയ യാത്രകളാണ് 2010-ലെ ഫോക്‌ലോർ അവാർഡിന് അവരെ അർഹയാക്കിയത്. ഇതിനിടയിൽ ‘വെളുത്ത രാത്രികൾ’ എന്നൊരു സിനിമയിലും നഞ്ചിയമ്മ പാടി.

നാട് മെച്ച് നെനച്ചിടവേ ദൈവമകളേ...

ഇരുളരുടെയും മറ്റും പരമ്പരാഗതമായ പാട്ടുകളും ആസാദ് കേന്ദ്രത്തിന്റെ പാട്ടുകളും പഴനിസ്വാമി സംവിധായകൻ സച്ചിയെ കേൾപ്പിച്ചു. അതെല്ലാം അദ്ദേഹത്തിന് ഇഷ്ടപ്പെട്ടു

‘‘ഇതുപോലത്തെ രീതിയിലും ഭാഷയിലുമുള്ള, എന്നാൽ ഇത്ര ദ്രുതത്തിലല്ലാത്ത, നേർത്ത ഒരുനോവ് എവിടെയോ കിടക്കുന്ന ഒരു താരാട്ടുപാട്ട് നമുക്കീ സിനിമയ്ക്കായി വേണം, പഴയതുപോലെ തോന്നുന്നത് എന്നാൽ, പുതിയത്’’

-പഴനിസ്വാമി ഈ ആവശ്യം നഞ്ചിയമ്മയെ അറിയിക്കുന്നു. ‘‘ചെയ്യാം പക്ഷേ, ഇത്തിരി സമയം കിട്ടുമോ’’ -എന്നായി നഞ്ചിയമ്മ. സംവിധായകൻ സമയം അനുവദിക്കുന്നു.

പിന്നെ ഊണിലും ഉറക്കത്തിലും ആടുമേക്കാൻ കാടുകേറുമ്പോഴുമൊക്കെ നഞ്ചിയമ്മയുടെ മനസ്സിൽ ഈ പാട്ടിനെക്കുറിച്ചുള്ള ചിന്തമാത്രമായിരുന്നു. അങ്ങനെ വരികൾ വന്നു. എഴുത്തും വായനയുമറിയാത്ത അവർ അത് മനസ്സിന്റെ ഏടിൽ കുറിച്ചിട്ടു. ആട്ടുപറ്റങ്ങളുമായി വൈകീട്ട് തിരിച്ചെത്തി, മകളുടെ ഫോണിൽനിന്ന് പഴനിസ്വാമിയെ വിളിച്ച് പാടിക്കേൾപ്പിച്ചു. അയാൾ അത് റെക്കോഡുചെയ്ത് സംവിധായകൻ സച്ചിയെ കേൾപ്പിച്ചു. അദ്ദേഹത്തിന് ഇഷ്ടപ്പെട്ടു. അതിനുശേഷം നഞ്ചിയമ്മയുടെ ശബ്ദത്തിൽ എറണാകുളത്തെ സ്റ്റുഡിയോയിൽവെച്ച് പാട്ടുകൾ റെക്കോഡ് ചെയ്യപ്പെട്ടു. സംഗീതസംവിധായകൻ ജേക്‌സ് ബിജോയ്‌യുടെ മികവുറ്റ സംഗീതപരിചരണത്തിലൂടെ ആ പാട്ടുകൾ ലോകം മുഴുവൻ കേട്ടു. പിന്നീടു സംഭവിച്ചത് ചരിത്രമാണ്.

"നാട് മെച്ച് നെനച്ചിടാവേ ദൈവമകളേ
നമക്ക് ചീമേ മെച്ച് പേസിനതോ ദൈവമകളേ"

പുരസ്‌കാരപ്രഖ്യാപനത്തിനുശേഷം അമ്മയ്ക്കുചുറ്റും ആൾക്കൂട്ടവും തിരക്കുമാണ്.

എന്തുതോന്നുന്നു എന്ന് ചോദിച്ചപ്പോൾ

‘ആളുകൾ ഓരോന്ന് ചോദിക്കുന്നു, പറയുന്നു. സന്തോഷംതന്നെ’ എന്നായിരുന്നു മറുപടി. പിന്നെ മഴക്കാറിനെ മറച്ച് തെളിഞ്ഞുനിൽക്കുന്ന അട്ടപ്പാടിയിലെ ആകാശംപോലെ ചിരിച്ചു. പിന്നെ ഭവാനിപ്പുഴപോലെ തിരക്കിലേക്ക്‌ ഒഴുകിപ്പോയി

കടപ്പാട്: നഞ്ചിയമ്മ, പഴനിസ്വാമി, വി.എച്ച്. ദിരാർ, സജിത രാധ എന്നിവരുമായുള്ള സംസാരം. ദിരാർ എഴുതിയ ‘നഞ്ചിയമ്മ എന്ന പാട്ടമ്മ’ എന്ന പുസ്തകം

Content Highlights: lyricist bk harinarayanan about national award winner singer nanjiyamma, ayyappanum koshiyum movie

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
swapna suresh

2 min

നിരോധിത സാറ്റലൈറ്റ് ഫോണുമായി കേരളത്തിലെത്തിയ യുഎഇ പൗരനെ രക്ഷിക്കാന്‍ മുഖ്യമന്ത്രി ഇടപെട്ടു- സ്വപ്‌ന 

Aug 8, 2022


manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022


rohit sharma

1 min

ഏഷ്യ കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; കോലി തിരിച്ചെത്തി, ബുംറയില്ല

Aug 8, 2022

Most Commented