-
മലയാളത്തിന്റെ മണ്ണിനെയും മനസ്സിനെയുമറിഞ്ഞ തിരക്കഥാകൃത്ത് ലോഹിതദാസ് വിടവാങ്ങിയ ദിവസമാണ് ജൂൺ 28. ഈ ഭൂമിയിൽ നിന്നുമാത്രമല്ല, ഒരുപാട് സൗഹൃദങ്ങളിൽ നിന്നു കൂടിയാണ് പതിനൊന്ന് വർഷം മുമ്പ് ലോഹിതദാസ് ഒന്നുംപറയാതെ ഇറങ്ങിപ്പോയത്. ആ സൗഹൃദങ്ങളിൽ ശേഷിപ്പുള്ളവർ ഇപ്പോഴും ആ കാലത്തെ ഓർത്തുവെക്കുന്നു; ഒരു നൊമ്പരമായി ഉള്ളിൽ കൊണ്ടുനടക്കുന്നു. ലോഹിയുടെ പ്രിയപ്പെട്ട ഒരു കൂട്ടുകാരന്റെ കുറിപ്പാണിത്
ഓർമിക്കൽ നിരർഥകമായ ഒരു അനുഷ്ഠാനമാണ്. ആരു കേൾക്കാൻ? ആരു കാണാൻ? ആരെപ്പറ്റി പറയുന്നുവോ അവർ എന്നേക്കുമായി പോയി. ആരു കേൾക്കണമോ അവർക്ക് ഈ ശോകഗാനമൊന്നും ആവശ്യമില്ല!
ലോഹിയുടെ യാത്രകൾ സാധാരണതന്നെ, ഇങ്ങനെയാണ്. രാവിലെ എഴുന്നേറ്റ് ഷൊർണൂർ ഗസ്റ്റ്ഹൗസിൽനിന്ന് ആരോഗ്യം നന്നാക്കാനൊരു നടത്തമുണ്ട്. അങ്ങ് പൈങ്കുളംവരെയോ അതിനപ്പുറമോ എത്തും. തിരിച്ചുവരുമ്പോൾ വിശന്നുവലഞ്ഞ് ഒരു നാടൻ ചായക്കടയിൽ കയറി മൃഷ്ടാന്നം ഭക്ഷിക്കും. ഒരു പിശുക്കുമില്ല. നടന്നതിനെന്തു ഗുണമെന്നു ചോദിച്ചാൽ ഒരു ചിരിമാത്രം മറുപടി. തിരിച്ചു ഷൊർണൂരിലെത്താൻ നേരമില്ല. പിന്നെ, ഒരു സിഗരറ്റൊക്കെ കൊളുത്തി ഒരിരിപ്പ്. നാട്ടുകാരുടെ വർത്തമാനം കേൾക്കൽ. അതിൽനിന്നൊക്കെ കഥയുടെ ‘പൊരി’കൾ കിട്ടും ലോഹിക്ക്. അതൊക്കെയാണ് പുള്ളിയുടെ മോഹങ്ങൾ.
ഏതുയാത്രയിലും വെളുപ്പാൻകാലത്തെ നടപ്പിൽ പറയാൻ ഒരു നായകനുണ്ടാവും, തുടങ്ങുമ്പോൾ. അതു ചിലപ്പോൾ ഞാനാവും മുരളിയാവും. സത്യനാവും, സിബിയാകും, രവിയേട്ടനാകും, ജോൺസണാകും. പിടിച്ചുപിടിച്ച് അങ്ങ് ആകാശംവരെയെത്താൻ ഒരു നല്ലതുടക്കം മതി. ആരുടെയും ദോഷം പറച്ചിലല്ല. ഗുണംവരാൻ എന്തൊക്കെവേണം എന്നതാണ് വിഷയം. ചില സിനിമകൾ-കഥകൾ-പുസ്തകങ്ങൾ ഒക്കെ. വാസുവേട്ടൻ, പപ്പേട്ടൻ, ഭരതേട്ടൻ ഇങ്ങനെ നല്ലവരുടെ നന്മ കണ്ണുനിറയുംവരെ പറയും. എല്ലാവർക്കുമറിയുന്ന കഥയാണെങ്കിൽ... മനഃകാവിൽ കൊട്ടുതുടങ്ങും. സുന്ദരമായിരുന്നു ആ കാലം; ആ ഷൊർണൂർ. എനിക്ക് ലോഹിയെവിട്ട് എങ്ങുംപോകാൻ മനസ്സില്ലായിരുന്നു. സന്ധ്യകഴിയുമ്പോൾ എന്നോട് കോഴിക്കോട്ടേക്ക് തിരിച്ചോളാൻ പറയും. താൻ നാട്ടിലുള്ളപ്പോൾ ‘ദേവിയുടെ അവിടെ’ ‘വരവു’വെച്ചേ പറ്റൂ. ഒന്നിനുമല്ല. അങ്ങനെയെങ്കിൽ പുള്ളിക്കും വീട്ടിൽ പോണം. അത്രതന്നെ!
ലോഹിയുടെ വിദേശയാത്രകളിൽ മൂന്നുപ്രാവശ്യം ഞാൻ കൂടെയുണ്ടായിരുന്നു. ഫ്ലൈറ്റിൽ കയറിയാൽ ഉറക്കം- ഇറങ്ങുംവരെ. അങ്ങോട്ടുമിങ്ങോട്ടും. ഗൾഫിൽ മസ്കറ്റ്, ഇബ്ര, സലാല, ഷാർജ, ദുബായ്, അബുദാബി. പ്രോഗ്രാമുകളുടെ വിജയത്തിന് സ്വന്തം പങ്ക് ഗംഭീരമാക്കുകയുംചെയ്യും. എപ്പോഴും എന്നോട് ഒരു വല്യേട്ടന്റെ റോളാണ് ലോഹിക്ക്, പ്രായത്തിൽ ഞാനാണു മുമ്പനെങ്കിലും.
ഫ്ലൈറ്റിൽ, നല്ല കൊച്ചു മദ്യക്കുപ്പികൾ വിതരണമുണ്ടായി, ഫസ്റ്റ് ക്ലാസിൽ. കുപ്പി തിരിച്ചുംമറിച്ചും നോക്കുന്നത് കണ്ടപ്പോൾ എേന്നാടൊരു താക്കീത്. ‘‘കാര്യമൊക്കെ കൊള്ളാം. കുടി ആകാശത്തുതന്നെ നിർത്തുമെങ്കിൽമാത്രം. തനിക്ക് എന്തുതുടങ്ങിയാലും അതിന്റെ മാക്സിമമാണല്ലോ?’’ എനിക്കങ്ങനെ ഒരു ഉദ്ദേശ്യമേയില്ലെന്ന് ഞാനും പറഞ്ഞുനിർത്തി.
മസ്കറ്റിലെ ഹോട്ടൽ മുഴുവൻ പുറംചുമരുകളും ഹാർഡ്ബോർഡാണത്രേ. മുരളിയും ലോഹിയും ഞാനും ഒരുമിച്ചാണ് എവിടെയും താമസം. കമ്യൂണിസ്റ്റുകാരനാണെങ്കിലും മുരളി ഉറച്ച ഭക്തനായിരുന്നു. ബക്കറ്റുകൊണ്ട് വെള്ളമൊഴിച്ചുകുളിച്ച് ഉച്ചത്തിൽ ജപവുമൊക്കെയായി കുളിഘോഷം. മുരളിയിറങ്ങുമ്പോൾ കൂടെ വെള്ളം തുടച്ചുകളയാൻ ജോലിക്കാരും കയറും. ലോഹിയുടെ വഴക്കുമുണ്ടാവും.
മൂകാംബിക യാത്രകൾ എത്രവട്ടമായിരുന്നു! എന്നിലൂടെയാണ് അമ്മയുടെ തൃപ്പാദത്തിൽ എത്തിയത്. ഞാൻ പറഞ്ഞ അനുഭവങ്ങൾ നിശ്ശബ്ദമായി കേട്ടിരിക്കും. പിന്നെ ദാസേട്ടൻ. പൊതുവേ ഞങ്ങൾക്കെല്ലാം ആരാധനാ പുരുഷൻ ദാസേട്ടൻതന്നെ. യാത്രകളിൽ ദൂരംതാണ്ടുവാൻ പാട്ടുകൾ പ്രധാനവിഷയമാണ്. അതിനിടയിൽ ചെമ്പൈയുടെയും എന്റെ അച്ഛന്റെയും കാര്യങ്ങളും വരും. ചെമ്പൈയുടെ തൃക്കൈകൊണ്ടാണ് എനിക്ക് ഗുരുവായൂരിൽ അന്നപ്രാശനം നടന്നതെന്നു പറഞ്ഞപ്പോൾ, വണ്ടിനിർത്തി കുറച്ചുനേരം ധ്യാനം. ‘‘അദ്ദേഹം തനിക്ക് സംഗീതവും സാഹിത്യവുമാണ് ആ ചോറിൽ ചാലിച്ചു തന്നിട്ടുണ്ടാവുക’’-എന്റെ ലോഹിയുടെ കമന്റും. ഇത്തിരി സ്നേഹക്കണ്ണീരും കഴിഞ്ഞേ വണ്ടിവിടൂ.
മൂകാംബിക യാത്രയിൽ ഒരു കാവിയും ചുമലിൽ കാവിത്തോർത്തും സാദാ ഷർട്ടുംമാത്രം. വണ്ടി എവിടെയും നിർത്തും. ഒരു ലജ്ജയുമില്ലാതെ വഴിയരികിൽ മൂത്രവിസർജനം. ഞങ്ങൾ മുരളിയും ഉണ്ണിയും ഞാനും ബഹളംകൂട്ടും. അതൊട്ടും കേട്ടഭാവമില്ല, മൂപ്പർക്ക്. മൂകാംബികയിലെത്തിയാലും ഊണ് കേമമാകണം. നല്ല വാഴയില, ചൂടുചോറ്, അടികളുടെ മഠത്തിലെ സാദാ സാമ്പാറും ഉപ്പിലിട്ടതും അമ്മയുടെ ദർശനത്തോടൊപ്പംതന്നെ പ്രധാനം.
‘‘ഊണിനാണോ വന്നത്? എന്നാൽ ഞങ്ങൾ പതുക്കെവിടാം’’ മുരളി പറയും. ‘‘ഏതെങ്കിലും മലയാളിയില്ലാതിരിക്കില്ല കൂട്ടിന്. നിങ്ങൾ തിരക്കാണെങ്കിൽ വിട്ടോ’’. പിന്നെയൊരു കെട്ടിപ്പിടിത്തം. ഒത്തുചേരൽ- കുടജാദ്രി കയറ്റം. എന്തൊരു രസമായിരുന്നു, ലോഹീ...
എന്നെ എവിടെ കണ്ടാലും ശരീരസൗഖ്യത്തെപ്പറ്റി ഒരു വിശകലനമുണ്ടാവും; ഉപദേശവും. ഈ പറയുന്നയാൾക്കാണെങ്കിൽ ഒരു കൺട്രോളുമില്ല, ഒന്നിനും. മുരളിയോട് ശരീരംസൂക്ഷിക്കാൻ എപ്പോഴും മുന്നറിയിപ്പാണ്. നടനാണ്... അതും നായകനടൻ! എടോ സുരേഷ് ഗോപിയും മറ്റും കണ്ടോ. നിങ്ങൾ രണ്ടുപേരുംകൂടി ഒരു സിനിമയിൽ വന്നാലോ? മുരളി ശോഷിച്ച് പ്രായാധിക്യം തോന്നുന്ന അവസ്ഥയൊന്നും ലോഹിക്ക് സഹിക്കില്ല.
ശബരിമലയാത്രയിൽ മിക്കപ്പോഴും സുന്ദർദാസിന്റെ വീട്ടിലാവും കെട്ടുനിറ. മലകയറ്റം എല്ലാവർക്കും കഠിനംതന്നെ. സത്യൻ കൂടെയുള്ളപ്പോൾ ഒരു കൂസലുമില്ലാതെ നടക്കുന്നതു കാണാം. ശബരിമലയിലെത്തിയാൽ പിന്നെ ഒരക്ഷരം പ്രാപഞ്ചികമില്ല. അയ്യനയ്യൻ മാത്രം. ഉണ്ണിയും കുഞ്ഞുണ്ണിയും കൂടെയുണ്ടെങ്കിൽ പിന്നെ വേറൊന്നും ചിന്തിക്കാനില്ല, ലോഹിക്ക്.
ലോഹിയുടെ യാത്രപറയാത്ത യാത്രയെക്കുറിച്ചുകൂടി പറഞ്ഞുനിർത്താം.
കമലിന്റെ ആഗതൻ എന്ന ചിത്രം... എറണാകുളത്ത് കമ്പോസിങ്. കമൽ, ഔസേപ്പച്ചൻ, ഞാൻ ഒരു ഫ്ലാറ്റീൽ. ലിസി ഹോസ്പിറ്റലിലേക്ക് നടന്നുപോകാവുന്ന ദൂരംമാത്രം. രാവിലെ 10 മണിക്കടുത്ത് ആരോ ഫോണിൽ വിളിച്ചു. ‘‘നമ്മുടെ ലോഹിപോയി’’. എന്ത്? എവിടെ? എന്തുപറ്റി? ഒന്നുമറിയാതെ ഞാൻ തേങ്ങി. ലിസിയിലാണെന്നറിഞ്ഞ് ഞങ്ങളൊക്കെ അവിടേക്ക് പാഞ്ഞു. ലോഹി ഒരസുഖവുമില്ലാത്തരാെളപ്പോലെ കിടക്കുന്നു. ശരീരത്തിന്റെ ചൂടുമാറീട്ടില്ല. ഇങ്ങനെ പെട്ടെന്ന് സംഭവിക്കാനുള്ള കാരണവും രോഗവിവരവുമൊക്കെ പിന്നീട് സാധാരണപോലെയറിഞ്ഞു.
ഒരുകാര്യം വേദനയോടെ ബോധ്യമായി. ‘‘എന്റെ ലോഹി ഇനിയില്ല’’. മുരളിയെ വിളിച്ചു. ‘‘ഞാൻ അങ്ങോട്ടില്ല. ഞാൻ വന്നാൽനിങ്ങൾ എന്നെയുംകൂടി എടുക്കേണ്ടിവരും’’. ഭയപ്പെടുത്തുന്ന മറുപടി. ഒന്നുമൊന്നും കേൾക്കാൻവയ്യാതെ വയറുകത്തി ഞാൻ എങ്ങോട്ടോ നടന്നു.
Content Highlights: Lohithadas Death Anniversary Kaithapram Damodaran Namboothiri writes about director
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..