ഒറ്റപ്പാലം: ഒരുപതിറ്റാണ്ടായി 'അമരാവതി'യും മലയാളത്തിന്റെ പ്രിയപ്പെട്ട സംവിധായകന്‍ ലോഹിതദാസും പിരിഞ്ഞിട്ട്. ഇപ്പോഴും ഒറ്റപ്പാലം ലക്കിടിയിലെ അകലൂരിലുള്ള അമരാവതി എന്ന വീട്ടില്‍ സിനിമയുടെ സാന്നിധ്യമുണ്ട്. 'തനിയാവര്‍ത്തനത്തില്‍' തുടങ്ങി 'നിവേദ്യ'ത്തില്‍ അവസാനിച്ച ലോഹിതദാസിന്റെ സിനിമയുടെ സാന്നിധ്യം.

മരിച്ചിട്ട് ഒരുപതിറ്റാണ്ട് തികയുന്ന വെള്ളിയാഴ്ച അദ്ദേഹത്തിന്റെ ഓര്‍മകള്‍തേടി ഭാര്യയും മക്കളും അമരാവതിയിലെത്തും. അദ്ദേഹത്തെ ഹൃദയത്തോടുചേര്‍ത്തിരുന്ന കുറച്ച് ആരാധകരും സുഹൃത്തുക്കളും സംവിധായകന്റെ പ്രിയപ്പെട്ട വീട്ടിലെത്തും -അദ്ദേഹമുറങ്ങുന്ന മണ്ണില്‍ ഒരു പുഷ്പം സമര്‍പ്പിക്കാന്‍... ആ പടിപ്പുരവാതിലില്‍ ഓര്‍മകളയവിറക്കി നില്‍ക്കാന്‍.

പല തിരക്കഥാ രചനകള്‍ക്കും അമരാവതി അദ്ദേഹത്തിന് തണലായി. മരിച്ചപ്പോള്‍ അന്ത്യവിശ്രമത്തിനും അമരാവതിതന്നെ മണ്ണൊരുക്കി. വെള്ളിയാഴ്ച ഭാര്യ സിന്ധുലോഹിതദാസും മക്കളായ ഹരികൃഷ്ണനും വിജയ്ശങ്കറും അകലൂരിലെ വീട്ടിലുണ്ടാകും; സംവിധായകന്റെ ഓര്‍മകളെ തേടിയെത്തുന്നവര്‍ക്ക് ഇലയിട്ട് ഭക്ഷണം നല്‍കാന്‍.

Content Highlights : director lohitadas house amaravathi