അമരാവതിയിൽ ഇപ്പോഴും അദ്ദേഹം കഥ എഴുതുന്നുണ്ടാകുമോ?


സതീഷ് കരീപ്പാടത്ത്

ആദ്യ കാഴ്ചയില്‍ അല്ല അദ്ദേഹത്തിന്റെ കഥാപാത്രങ്ങള്‍ക്കിടയില്‍ അനുരാഗം മൊട്ടിടുന്നത് അടുത്തറിയുമ്പോള്‍ അകക്കാമ്പില്‍ നിന്നും വരുന്നതാണ്.

-

രണ്ട കാറ്റ് കരിമ്പനത്തലപ്പുകളിൽ കലപിലകൂട്ടുന്ന പാലക്കാടൻ ഗ്രാമങൾ മഴപെയ്ത് തണുത്തിരിക്കുന്നു. നനഞ്ഞ മണ്ണിന്റെ ഗന്ധം നിറഞ്ഞ അന്തരീക്ഷം, എങ്ങും പുതുനാമ്പുകൾ കിളിർത്തു വന്നിരിക്കുന്നു. ഇരുവശവും പൊന്തവളർന്നു തുടങിയ വഴിയിലൂടെ അകലൂരിലെ ആ വീടിന്റെ പടിക്കൽ മനസ്സുകൊണ്ട് ചെന്നു നിന്നു. മുൻ വാതിൽ പൂട്ടിയിട്ടിരിക്കുകയാണ്. ഒരു പക്ഷെ ആരുടേയും ശല്യമില്ലാതെ നാളെ നമുക്ക് മുമ്പില്‍ അവതരിപ്പിക്കാനുള്ള കഥാപാത്രളെ ഉപദേശിച്ചും സാന്ത്വനപ്പെടുത്തിയും തർക്കിച്ചും സഹതാപത്തോടെ പെരുമാറിയും തന്റെ താടിയുഴിഞ്ഞുകൊണ്ട് അദ്ദേഹം അകത്തെവിടെയെങ്കിലും ഉണ്ടാകുമോ?

ഒരു വാട്സാപ്പ് മെസേജിൽ / ഫേസ്ബുക്ക് പോസ്റ്റിൽ പോലും തകർന്ന് പോകുന്നത്ര ദുർബലമായ കുടുംബ ബന്ധങ്ങളും സൗഹൃദങ്ങളും ഉള്ള ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. അന്നേ വരെ ഉണ്ടായിരുന്ന സ്നേഹവും സൗഹൃദവും എല്ലാം എത്ര പെട്ടെന്ന് ഇല്ലാതാകുന്നു. പരസ്പര വിശ്വാസത്തിലും സ്നേഹത്തിലും ഊന്നി ക്കൊണ്ട് നിലനിന്ന മനുഷ്യബന്ധങ്ങൾ അനുദിനം ദുർബലമാകുന്നു. വാട്സാപ്പിലെ പരസ്പര സംഭാഷണങ്ങളില്‍ നിന്നും അടര്‍ത്തിയെടുത്ത ഒരു ചെറു ശകലം മതി ഇക്കലത്ത് അതുവരെയുള്ള എല്ലാ മൂല്യങ്ങളേയും റദ്ദു ചെയ്തുകൊണ്ട് ഒരാളെ ഒരു സമൂഹം മൊത്തം ഭഷ്ട്കല്പിച്ച് മാറ്റി നിര്‍ത്തുവാന്‍. ബന്ധങ്ങള്‍ എന്നെന്നേക്കുമായി വിഛേദിക്കപ്പെടുവാന്‍. ടെക്നോളജി ആധ്യപത്യം ഉറപ്പിച്ചതോടെ ആത്മാർത്ഥത അന്യവൽക്കരിക്കപ്പെടുന്നു, ഒറ്റപ്പെടുന്നവരും നഷ്ടപ്പെടുന്നവരും വർദ്ധിച്ചു കൊണ്ടിരിക്കുന്നു.

സ്വയം പരാജയപ്പെട്ടുകൊണ്ട് ബന്ധങ്ങളെ വിളക്കിച്ചേർക്കാൻ, ഒറ്റപ്പെട്ടു പോകുന്നവരെ ചേർത്തു നിർത്താനും ശ്രമിക്കുന്ന അനേകം മനുഷ്യരെ നമുക്കായി സൃഷ്ടിച്ച ലോഹിതദാസ് എന്ന തിരക്കഥാകൃത്ത് വിട പറഞ്ഞിട്ട് പതിനൊന്ന് വർഷമാകുമ്പോഴേക്കും എന്തുമാത്രം മാറ്റങ്ങളാണ് നമ്മുടെ സമൂഹത്തിലും സിനിമയിലും സംഭവിച്ചിരിക്കുന്നത് എന്ന് ചിന്തിച്ചാൽവലിയ അമ്പരപ്പാണ് ഉളവാകുക.

മനസ്സ് തുറന്ന് സംസാരിക്കാന്‍, കുടുംബ പ്രശ്നങ്ങള്‍ സങ്കീര്‍ണ്ണമാകും മുമ്പ് പറഞ്ഞ് സ്നേഹത്തെ ഊട്ടിയുറപ്പിക്കുവാന്‍ പക്ഷപാതിത്വമില്ലാതെ ഇടപെടുവാന്‍ ആളുകള്‍ ഇല്ലാതെ പോകുന്നു. പരസ്പരം പഴിചാരിയും ആക്രമിച്ചും ജീവിതം നരകതുല്യമാക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്ന,
ബന്ധങ്ങള്‍ തകര്‍ന്ന് മലയാളി മനസ്സുകള്‍ അതിവേഗം ഡിപ്രഷനിലേക്കും ചിക്ത്സകളിലേക്കും എത്തുന്ന ഇക്കാലത്ത് ലോഹി ചിത്രങ്ങളിലേക്ക് ഒരു പിന്‍ നോട്ടം ആവശ്യമാണ്.

വന്‍ വിജയമായ മിക്ക സിനിമകളുടേയും അവസാനഫ്രെയിമില്‍ വിജയിയായി നില്‍ക്കുന്ന നായകരാണ് നമുക്ക് കണ്ടു ശീലം എന്നാല്‍ ലോഹി തദാസ് ചിത്രങ്ങളില്‍ ക്ലൈമാക്സ് പലപ്പോഴും അങ്ങിനെയാകാറില്ല. പരാജയപ്പെട്ടവരാണ് തൻ്റെ നായകരിൽ അധികവും എന്ന് അദ്ദേഹം തന്നെ പല തവണ പറഞ്ഞിട്ടുണ്ട്. അവർ എല്ലാം തോറ്റു പോയത് മനുഷ്യത്വവും സ്നേഹവും ആത്മാർത്ഥതയും നീതിബോധവും മുറുകെ പിടിച്ചത് കൊണ്ടാണ്.

ആർക്കെങ്കിലും വേണ്ടി ജീവിക്കുമ്പോഴല്ലേ ജീവിതമാകൂ എന്ന് കൗരവരിലെ ആൻ്റണി (മമ്മൂട്ടി ) ജയിലിൽ നിന്നും പുറത്തിറങ്ങുമ്പോൾ ഉദ്യോഗസ്ഥനോട് പറയുന്നത് ആ നായകൻ്റെ മാത്രമല്ല ലോഹിയുടെ മിക്ക നായകരുടേയും മനോഭാവമാണ്. അതെ ജീവിതം ബന്ധുക്കൾക്കും സഹജീവികൾക്കും സമൂഹത്തിനും വേണ്ടി ത്യജിച്ചവരാണ്, ആസ്വാദകരിലേക്ക് അതിൻ്റെ എല്ലാ തീവ്രതയോടെയും സന്നിവേശിപ്പിക്കപ്പെട്ടതാണ്. ആ നിലക്ക് അവർ എല്ലാം വിജയിച്ചവരുമാണ്. അതിനാലാണ് സേതുമാധവനും മേലേടത്ത് രാഘവൻ നായരും എല്ലാം മുപ്പത് വർഷത്തിനിപ്പുറവും മലയാളി മനസ്സിൽ ജീവിക്കുന്നത്. അത്തരം മനുഷ്യര്‍ സമൂഹത്തില്‍ കുറഞ്ഞു കൊണ്ടിരിക്കുകയാണ്, സിനിമകളിലും. .

ഏതു വിധേനയും വിജയങ്ങള്‍ കൈപ്പിടിയിലൊത്തുക്കാനുള്ള നെട്ടോട്ടമാണെങ്ങും. ചില തോറ്റുകൊടുക്കലുകളിലും വിജയങ്ങള്‍ ഉണ്ട് എന്ന് തിരിച്ചറിയുവാനാകാത്ത, ചെറിയ തോല്‍‌വികളെ പോലും അതിജീവിക്കാനാകാതെ തകര്‍ന്നു പോകുകയും മുന്‍‌പിന്‍ ചിന്തിക്കാതെ ആത്മഹതയിലേക്ക് എടുത്തു ചാടുന്ന തലമുറയാണ് വളര്‍ന്നു വരുന്നത് എന്നത് വേദനാജനകമാണ്. ഈഗോയ്ക്ക് പുറകെ പോയി ഓരോ വിജയങ്ങൾ നേടുമ്പോഴും അതിനായി അറിയാതെ അനവധി തോൽവികൾ നമുക്ക് സംഭവിക്കുന്നുണ്ട്. രണ്ടു പേർ തമ്മിൽ ഈഗോ ഉണ്ടായാൽ അതിൽ തോൽക്കുന്നവനാണ് വിജയി എന്ന ഒരു പഴമൊഴി ഓര്‍ക്കുന്നത് നന്ന്.

ജീവിതവഴികളില്‍ നിന്നും അഭ്രപാളികളിലേക്ക്

അടച്ചിട്ട മുറികളിൽ ഇരുന്ന് സഷ്ടിച്ച വയല്ല ജീവിതങ്ങളുടെ ഇടവഴികളിലൂടെ കണ്ടും കേട്ടും പറഞ്ഞും നടന്ന് പോയപ്പോൾ ലഭിച്ച അനുഭവങ്ങളിൽ നിന്നും ആ മനുഷ്യൻ കണ്ടെടുത്ത കഥകളും കഥാപാത്രങ്ങളുമാണ് അമ്പതിലധികം തിരക്കഥകളായി മാറിയത്. അപരിചിതരായ കഥാപാത്രങ്ങളും സന്ദർഭങ്ങളും അവയിലൊന്നിലും നമുക്ക് കാണാനാവില്ല.അച്ചൂട്ടിയും, സേതുമാധവനും, ഹൈദ്രോസും, ഭാനുവും, സീതയും, ചിനുവും, കുഞ്ഞമ്മാമയും അങ്ങിനെ ലോഹിതദാസ് സ്യഷ്ടിച്ച കഥാപാത്രങ്ങളിൽ ഏതാണ്ട് എല്ലാവരും നമ്മുടെ പരിസരങ്ങളിൽ ഉള്ളവരോ നമുക്കൊപ്പം ജീവിക്കുന്നവരോ കേട്ടറിവുള്ള്ളവരോ ആണെങ്കിലും അതു നേരിട്ട് മനസ്സിലാക്കാൻ നമുക്കാകുന്നില്ല. അവരെ കണ്ടെടുത്ത് മനസ്സിൻ്റെ മൂശയിൽ പരുവപ്പെടുത്തി അക്ഷരങ്ങളിലൂടെ , അപാളിയിലേക്ക് പകർത്തി കാണിക്കേണ്ടി വന്നു. നമുക്ക് അപരിചിതരായ മനുഷ്യരെയോ
സന്ദർഭങ്ങളോ കണ്ടെടുക്കാൻ സാധിക്കുകയില്ല.

തീക്ഷണമായ അനുഭവങ്ങളുടെയും ഒറ്റപ്പെടലിൻ്റെയും വിഷാദത്തിൻ്റെയും ദാരിദ്രത്തിൻ്റെയും നാൾവഴികളിലൂടെ കടന്ന് പോയ, വിവിധ തരക്കാരായ മനുഷ്യജീവിതങ്ങളുടെ സന്തോഷങ്ങളും വിങ്ങലുകളും ഉയർച്ച താഴ്ചകളും അടുത്തറിഞ്ഞ ഒരു കാലം ലോഹിതദാസിനുണ്ട്. തീയേറ്ററിൻ്റെ ഇരുളിൽ പ്രേക്ഷകനും സിനിമയും ഒന്നാകുന്നതിൻ്റെ ഇന്ദ്രജാലം ആ അനുഭവക്കരുത്തിൻ്റെ പിൻബലം തന്നെയാണ്.

പറഞ്ഞതൊക്കെയും കൂടുമ്പ ബന്ധങ്ങളെ പറ്റിയാണെങ്കിലും പ്രമേയങ്ങളില്‍ വൈവിധ്യം നിലനിര്‍ത്തിയിരുന്നു. സര്‍ക്കസുകാരുടേയും, ലൈംഗികത്തൊഴിലാളികളുടേയും തമ്പുരാക്കന്മാരുടേയും കരുവാന്റെയും ആശാരിയുടേയും മൂശാരിയുടേയും മുക്കുവരുടേയുമെല്ലാം ജീവിതങ്ങള്‍ ലോഹിതദാസിന്റെ രചനകളില്‍ നിറഞ്ഞു.

ലളിതമായ സംഭാഷണങ്ങള്‍

നായക സങ്കല്പങ്ങളുടെ പരിപൂര്‍ണ്ണത എന്ന ടാഗ്‌ലൈനുകളോടെ ത്രെസിപ്പിക്കുന്ന നെടുനീളന്‍ വാചകങ്ങളും ഘോര സംഘട്ടനങ്ങളും നിറഞ്ഞ ചിത്രങ്ങള്‍ അടക്കിവാണ കാലത്ത് സ്വാഭാവികമായ സംഭാഷണങ്ങള്‍ കൊണ്ട് മലയാ‍ളിയുടെ ഹൃദയത്തെ സ്പര്‍ശിക്കുന്ന മാന്ത്രികനായിരുന്നു ലോഹിതദാസ്.

എല്ലാ മൗനങ്ങളും സമ്മതങ്ങളല്ല,ചില നിശബ്ദതക്ക് ആരവങ്ങളേക്കാൾ മുഴക്കമുണ്ട്, ചില തേങ്ങലകൾക്ക് ഗർജ്ജനങ്ങളേക്കാൾ കരുത്തുണ്ട് എന്ന് ആദ്യ തിരക്കഥ മുതല്‍ അദ്ദേഹം തെളിയിച്ചു. മലയാള തിരക്കഥകളില്‍ ലക്ഷണമൊത്ത അനേകം എണ്ണം അദ്ദേഹം രചിച്ചവയില്‍ ഉണ്ടെങ്കിലും തിരക്കഥകള്‍ക്ക് സംസ്ഥാന ദേശീയ പുരസ്കാരങ്ങള്‍ വളരെ കുറച്ചേ ലഭിച്ചുള്ളൂ എന്നത് വൈരുധ്യമായി നിലനില്‍ക്കുന്നു.

വള്ളുവനാടന്‍ ഭാഷയും കാഴ്ചയും നിറഞ്ഞത് ലോഹിതദാസ് ചിത്രങ്ങളിലൂടെ ആണ് എന്ന് ഇടക്കാലത്ത് വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ അമരത്തിലൂടെയും, മൃഗയയിലൂടെയുമെല്ലാം കഥാപാത്രങ്ങളുടെ ഭാഷാശൈലിയിലും അനുയോജ്യമായ മാറ്റം വരുത്തുവാന്‍ അദ്ദേഹം ശ്രദ്ധിച്ചിരുന്നു.

പ്രണയത്തിന്റെ വേറിട്ട കാഴ്ചകള്‍

ആദ്യ കാഴ്ചയില്‍ അല്ല അദ്ദേഹത്തിന്റെ കഥാപാത്രങ്ങള്‍ക്കിടയില്‍ അനുരാഗം മൊട്ടിടുന്നത് അടുത്തറിയുമ്പോള്‍ അകക്കാമ്പില്‍ നിന്നും വരുന്നതാണ്. പറയാതെ അടക്കി വച്ച പ്രണയത്തിന്റെ നിഴലാട്ടങ്ങള്‍ നോട്ടങ്ങളിലൂടെയാകാം അവതരിപ്പിക്കുന്നത്. ചിലപ്പോള്‍ ദേഷ്യത്തിലൂടെയും പ്രണയം പറയാതെ പറയുന്നത് കാണാം, മഹായാനത്തിലെ രാജമ്മയുടെ പ്രണയം അത്തരത്തില്‍ ഒന്നാണ്. കെട്ടു കാഴ്ചയുടെ പിന്‍ ബലം ഇല്ലാതെ പരസ്പരം മനസ്സിലാക്കിക്കൊണ്ടുള്ള പ്രണയങ്ങള്‍ക്കാണ് ഈടുള്ളൂ എന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. പ്രണയിക്കുന്നവര്‍ വിവാഹത്തിലൂടെ തമ്മില്‍ ഒന്നായില്ലെങ്കിലും പരസ്പരം ഉള്ളില്‍ സൂക്ഷിക്കുന്ന പ്രണയത്തിന്റെയും കരുതലിന്റെയും ആഴവും പരപ്പും
സരോജിയും വിദ്യാധരനും നമുക്ക് കാണിച്ചു തരുന്നു. കഥാപാത്രങ്ങളുടെ നോട്ടത്തിലൂടെ പോലും പ്രണയ നൊമ്പരങ്ങളുടെ തീവ്രത ഒരു തരിപോലും നഷ്ടപ്പെടുത്താതെ പ്രേക്ഷകരിലേക്ക് എത്തിക്കുവാന്‍ അനായാസമായ ഒരു കൈയടക്കം അദ്ദേഹത്തിനുണ്ടായിരുന്നു.

വ്യക്തിത്വം ഉള്ള സ്ത്രീ കഥാപാത്രങ്ങള്‍

സ്ത്രീകളുടെ ഉടൽ സൗന്ദര്യത്തിൻ്റെ ഭ്രമാത്മകതളിലല്ല ലോഹി മറിച്ച് അവരുടെ വ്യക്തിത്വത്തിന്റെ വിവിധ ഭാവങ്ങളിലൂടെ പ്രക്ഷക മനസ്സില്‍ സ്ഥാപിച്ചു. കന്മദത്തിലെ ഭാനുവിനെയും, കസ്തൂരി മാനിലെ പ്രിയം വദയെയും പോലെ ജീവിതത്തിലെ ദുരന്തങ്ങളില്‍ തളരാതെ അതിജീവനത്തിനായി പൊരുതുന്നവര്‍. നായകന്റെ നിഴലായല്ല നിവര്‍ന്ന് നില്‍ക്കുന്ന സ്ത്രീ കഥാപാതങ്ങളുടെ നീണ്ട നിരതന്നെ ഉണ്ട് ആ രചനകളില്‍. സന്ദര്‍ഭത്തിനൊത്തുയര്‍ന്ന് പ്രതിസന്ധികളില്‍ തളര്‍ന്നു പോകുന്ന നായകനു കരുത്തു പകരുന്ന ഭരതത്തിലെ ദേവിയെയും കസ്തൂരിമാനിലെപ്രിയം വദയേയും പോലെ ഉള്ളവര്‍. നായികമാര്‍ മാത്രമല്ല ചെറിയ രംഗങ്ങളില്‍ വരുന്ന കഥാപാത്രങ്ങള്‍ക്ക് പോലും വ്യക്തിത്വം നല്‍കുന്നതില്‍ സൂക്ഷ്മത പുലര്‍ത്തിയിരുന്നു. വളയത്തിലെ വനജ എന്ന കഥാപാത്രം പോലെ അനവധി ഉദാഹരണങ്ങള്‍ കണ്ടെടുക്കാനാകും. കസ്തൂരി മാനിലെ പോലെ കുളപ്പുള്ളി ലീല അവതരിപ്പിച്ച കഥാപാത്രം നാട്ടിന്‍ പുറത്തും കാണാവുന്ന പ്രായമായ തന്റേടികളായ സ്തീകള്‍ക്കും കൂടെ അതില്‍ ഇടമുണ്ടായിരുന്നു.

ലോഹിതദാസ് കടന്ന് പോയതോടെ മലയാളിക്ക് നഷ്ടപ്പെട്ടത് കേവലം ഒരു തിരക്കഥാക്രത്തിനെയോ സംവിധായകനെയോ അല്ല മറിച്ച് ബന്ധങ്ങളുടെ ആഴങ്ങളെയും അതിന്റെ അനിവാര്യതയേയും കുറിച്ച് ഓര്‍മ്മപ്പെടുത്തിക്കൊണ്ടിരുന്ന ഒരു സ്നേഹിതനെയാണ്. വാട്സാപ്പ് സന്ദേശങ്ങളിലും ഫേസ്ബുക്കിലേക്കും ഗെയിമുകളിലേക്കും ജീവിതത്തെ പൂര്‍ണ്ണമായും പറിച്ചു നടുവാന്‍ വെമ്പല്‍ കൊള്ളുന്നതിനിടയില്‍ നഷ്ടപ്പെടുന്നത് ജീവിതം തന്നെയാണെന്ന് ഓര്‍മ്മിപ്പിക്കുവാന്‍ അകലൂരിലെ അമരാവതിയുടെ അകത്തളത്തില്‍ ഇരുന്ന് അദ്ദേഹം എഴുതുന്നുണ്ടകുമെന്ന് മനസ്സ് പറയുന്നു. ശല്യപ്പെടുത്താതെ, ആ തെക്കേതൊടിയിലേക്ക് നോട്ടമയക്കാതെ നാട്ടുവഴിയിലൂടെ മനസ്സ് മടങ്ങി.

Content Highlights : Lohitadas death anniversary, movies, characters


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:03

'ഇയാള്‍ പുറത്തിറങ്ങി നടക്കുന്നത് കണ്ട് ആളുകള്‍ ഇനിയും കുട്ടികളെയൊക്കെ ആക്രമിക്കും'

Sep 21, 2022


amazon

3 min

74,999 രൂപയുടെ സാംസങ് ഗാലക്‌സി എസ്20 എഫ്ഇ 29,999 രൂപയ്ക്ക്; സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ഗംഭീര ഓഫറുകള്‍

Sep 24, 2022


popular front

1 min

'ഇന്ത്യയില്‍ ഇസ്‌ലാമിക ഭരണത്തിന് ഗൂഢാലോചന നടത്തി'; PFI നേതാക്കളുടെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ NIA

Sep 23, 2022

Most Commented