നടൻ സോമൻ, ലേലം എന്ന ചിത്രത്തിലെ രംഗം | ഫോട്ടോ: മാതൃഭൂമി, സ്ക്രീൻഗ്രാബ്
'ലേലം' ഹിറ്റായി ഓടുമ്പോൾ സോമൻ കൊച്ചിയിലെ ആശുപത്രിക്കിടക്കയിലാണ്. ജനാല തുറന്നാൽ കാണാവുന്ന ദൂരത്തിലെ മതിലിൽ ചിത്രത്തിന്റെ പത്താം വാരത്തിന്റെ പോസ്റ്ററുകൾ നിറഞ്ഞിരിക്കുന്നു. ഭാര്യ സുജാത ചൂണ്ടിക്കാണിച്ചപ്പോൾ ആനക്കാട്ടിൽ ഈപ്പച്ചന്റെ ഡയലോഗെത്തി; 'നേരാടീ, ലേലം നൂറും കടക്കും'. സിനിമയുടെ പാതിയിൽ പിന്നിൽനിന്നുള്ള കുത്തേറ്റുമരിച്ച ഈപ്പച്ചനെപ്പോലെ ആശുപത്രിക്കിടക്കയിൽ 56-ാം വയസ്സിൽ ജീവിതവേഷം സോമൻ അഴിച്ചുവെച്ചു. 1997 ഡിസംബർ 12-നായിരുന്നു മരണം. സോമൻ അനശ്വരമാക്കിയ കഥാപാത്രങ്ങൾ തിരുമൂലപുരം മണ്ണടിപ്പറമ്പിലെ വീട്ടിലെത്തുന്നവരുടെ മനസ്സിലേക്ക് തിരശ്ശീലയിലെന്നോണം ഓടിയെത്തും. ഭാര്യ സുജാത, സോമന്റെ കഥകൾ പറയും. മക്കൾ അച്ഛന്റെ വാത്സല്യത്തെക്കുറിച്ച് വാചാലരാകും.
അതും അഭിനയമായിരുന്നു
വ്യോമസേനയിൽ പത്താം വർഷം ജോലിചെയ്യുമ്പോഴാണ് എം.ജി.സോമൻ നാട്ടിലേക്ക് സ്ഥിരതാമസത്തിന് വണ്ടിപിടിക്കുന്നത്. കൃഷി നോക്കാനും വീട്ടുകാരെ സഹായിക്കാനെന്നുമായിരുന്നു പറഞ്ഞതെന്ന് സുജാത ഓർക്കുന്നു. അഭിനയഭ്രാന്ത് തലയ്ക്കുപിടിച്ചയാളുടെ മറ്റൊരഭിനയമായിരുന്നു അതെന്ന് പിന്നീട് ബോധ്യമായി. നാട്ടിലെത്തി അധികം കഴിയുംമുമ്പ് പ്രൊഫഷണൽ നാടകത്തിലും പിന്നീട് സിനിമയിലേക്കും സോമൻ നടന്നുകയറി. കൃഷി നോക്കാനെത്തിയയാൾ അവ പാടെ ഉപേക്ഷിച്ചു. സേനയിലെ ജോലിവിടുന്നതിന് നാലുവർഷം മുമ്പായിരുന്നു മാവേലിക്കരക്കാരി സുജാതയുമായുള്ള വിവാഹം. മക്കൾ രണ്ടുപേരും ജനിച്ചശേഷമാണ് സിനിമാലോകത്ത് എത്തുന്നത്.

സോമരസങ്ങൾ
മണ്ണടിപ്പറമ്പിലെ പൂമുഖത്ത് സോമന്റെ പത്ത് ഇഷ്ടങ്ങൾ രേഖപ്പെടുത്തിയ കടലാസുതാള് ചില്ലിട്ടുവെച്ചിട്ടുണ്ട്. തന്റെ നാട്ടിലെ പുഴക്കരയിലുള്ള കൊച്ച് ദേവീക്ഷേത്രത്തിലെ(വെൺപാല കദളിമംഗലം ക്ഷേത്രത്തെയാണ് പരാമർശിക്കുന്നത്) സന്ധ്യാസമയദർശനം ഏറ്റവും ഇഷ്ടപ്പെടുന്നവയിൽ ഒന്നായി എഴുതിവെച്ചിരിക്കുന്നു. മക്കൾക്ക് സ്വന്തം കൈകൊണ്ട് ഭക്ഷണം വാരിനൽകുന്നതും ഇഷ്ടങ്ങളുടെ കൂട്ടത്തിലുണ്ട്. സിനിമയിൽ കത്തിനിൽക്കുന്ന കാലത്താണ് മകളുടെ വിവാഹം. കൊച്ചിയിലോ, തിരുവനന്തപുരത്തോ വലിയ ഓഡിറ്റോറിയങ്ങളിൽ വിവാഹാഘോഷം പ്രതീക്ഷിച്ചവർക്ക് തെറ്റി. തിരുമൂലപുരം എസ്.എൻ.വി.എസ്.സ്‌കൂളിന്റെ മൈതാനത്തിട്ട പന്തലിൽ ആ ആഘോഷം നടന്നു. മുഖ്യമന്ത്രി കരുണാകരൻ, കെ.ജെ. യേശുദാസ് തുടങ്ങിയ പ്രമുഖർ ആ പന്തലിലേക്കെത്തി. നാട്ടിലെത്തിയാൽ കൂട്ടുകാർക്കൊപ്പമല്ലാത്ത സോമനെ ആരുംകാണില്ല. താരജാഡകളില്ലാതെ നാട്ടുവഴികളിൽ കൈലിമുണ്ടുടുത്ത് സോമൻ നടക്കും. ആ വഴികൾ കദളിമംഗലത്തേക്കും ശ്രീവല്ലഭ സന്നിധിയിലേക്കും നീളും. തികഞ്ഞ സസ്യാഹാരിയായിരുന്നു സോമൻ. കടുത്ത അയ്യപ്പഭക്തനും. മണ്ഡലകാലമായാൽ കാവിമാത്രം വേഷം. കഞ്ഞി, പയർ, ചുട്ടചമ്മന്തീം ചോറും തുടങ്ങിയവയായിരുന്നു ഇഷ്ടഭക്ഷണങ്ങൾ.

മക്കളുടെ അച്ഛൻ
എന്നും രാവിലെ ആറിന് മണ്ണടിപ്പറമ്പിലെ ലാൻഡ്‌ഫോൺ ശബ്ദിക്കും. അച്ഛന്റെ വിളിയാണ്. മക്കൾ ഫോണെടുക്കാൻ മത്സരിക്കും. ഏതുതിരക്കിലും ഈ വിളിയിൽ മാറ്റമുണ്ടായിട്ടില്ലെന്ന് സജി സോമൻ ഓർമിക്കുന്നു. വടിയെടുത്ത് അച്ഛൻ അടിച്ച ഓർമയില്ല. മക്കളുടെ ഇഷ്ടത്തിന് എന്നും കൂട്ടുനിന്നു. 30 വർഷം മുമ്പ് സോമൻ വാങ്ങിയ KL 7G-7 മാരുതിക്കാർ ഇന്നും വീട്ടുമുറ്റത്തുണ്ട്. പക്കാ കണ്ടീഷൻ. ചെറുമകൻ ശേഖർ സോമൻ നാട്ടിലെത്തുമ്പോൾ ഇതിലാണ് യാത്ര. സജി സോമൻ അഞ്ച് സിനിമകളിൽ അഭിനയിച്ചു.
കമലിന്റെ സോമൻ
ലൊക്കേഷനുകളിൽ മിക്കപ്പോഴും കുടുംബത്തേയും കൂട്ടും. കമലഹാസൻ വരുന്നുണ്ടെന്നറിഞ്ഞാൽ പിന്നെ മട്ടുമാറും. വീട്ടുകാരെ നാട്ടിലേക്കുവിട്ട് കമലിനൊപ്പം മാത്രമാകും സോമേട്ടനെന്ന് സുജാത അുഭവം വിവരിക്കുന്നു. അത്രയ്ക്ക് ആത്മബന്ധമാണ്. മകളുടെ വിവാഹദിനത്തിൽ പങ്കെടുക്കാൻ പറ്റാതിരുന്നതിന് പിന്നീട് വലിയ സമ്മാനപ്പൊതികളുമായി വീട്ടിലെത്തിയ കമലഹാസനെ നാട്ടുകാരും വരവേറ്റിരുന്നു. പ്രേംനസീർ, മധു, മോഹൻലാൽ, ജനാർദനൻ, നെടുമുടി വേണു, തിലകൻ തുടങ്ങിയ തലപ്പൊക്കമുള്ള സിനിമാക്കാർ മണ്ണടിപ്പറമ്പിലെ സന്ദർശകരായി. സുരേഷ് ഗോപി ഇപ്പോഴും വീട്ടിലെത്തും.

ആസാദ് കലാകേന്ദ്രം
തിരുമൂലപുരത്തിപ്പോൾ ആസാദ് നഗർ റെസിഡൻസ് അസോസിയേഷനുണ്ട്. എം.ജി. സോമൻ ഉണ്ടായിരുന്നകാലത്ത് ആസാദ് കലാകേന്ദ്രം ആയിരുന്നു. അതിലൂടെയായിരുന്നു സോമന്റെ കലാപ്രവർത്തനങ്ങൾ നാട്ടിൽ നടന്നിരുന്നത്. തിരുമൂലവിലാസം സ്‌കൂളിലാണ് ഏഴാം ക്ലാസ് വരെ പഠിച്ചത്. സ്‌കൂളിലെ നാണക്കാരൻപയ്യനെ സ്റ്റേജിൽ പിടിച്ചുകയറ്റിയ അധ്യാപികയായ സിസ്റ്റർ നയോമി, സോമന്റെ അഭിനയവഴിയിലെ വെളിച്ചമായി പിന്നീട് അനുസ്മരിക്കപ്പെട്ടിട്ടുണ്ട്. ഇരുവെള്ളപ്പിറ സെന്റ് തോമസിലും ചങ്ങനാശ്ശേരി എസ്.ബി. കോളേജിലുമായിരുന്നു തുടർപഠനങ്ങൾ. ബിരുദത്തിന് പഠിക്കുമ്പോൾ വ്യോമസേനയിൽ ചേർന്നു. വീട്ടിൽ അറിയിക്കാതെയാണ് റിക്രൂട്ട്‌മെന്റിൽ പങ്കെടുത്തത്.

നേരാ തിരുമേനീ
കോട്ടയത്തെ തിയേറ്ററിലിരുന്നാണ് സോമനും സുജാതയും ലേലം കാണുന്നത്. പിറ്റേന്ന് മകളും ഭർത്താവും താമസിക്കുന്ന ജമ്മുവിലേക്ക് പോകണം. ചിത്രത്തിലെ ഡയലോഗുകളും അഭിനയവും ജനം ഏറ്റെടുക്കുന്നതിന് ഇരുവരും സാക്ഷികളായി. മഞ്ഞപ്പിത്തബാധ കൂടിയതോടെ, ഒന്നരയാഴ്ച മകൾക്കൊപ്പംനിന്നശേഷം നാട്ടിലേക്ക് തിരിക്കുകയായിരുന്നു. നവംബർ 12-ന് കൊച്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരുമാസം തികഞ്ഞ ദിവസം മരണവുമെത്തി.
Content Highlights: life of late actor mg soman, mg soman navy job
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..