കഥ കേട്ട് കരഞ്ഞ കാവ്യ,താരയാകില്ലെങ്കില്‍ പോകാമെന്ന് ലാല്‍ ജോസ്,ഒടുവില്‍ മനസില്ലാ മനസോടെ സമ്മതം


ബൈജു പി സെന്‍

മലയാളിയുടെ മനസിലേക്ക് ക്യാമ്പസ് ഗൃഹാതുരതയുടെ നനുത്ത ഓര്‍മകള്‍ പടര്‍ത്തി വന്‍വിജയം കൊയത് ചിത്രമാണ് ക്ലാസ്‌മേറ്റ്‌സ്. പൂര്‍വവിദ്യാര്‍ഥി സംഗമങ്ങളുടെ ഘോഷയാത്ര ഈ സിനിമ തരംഗമായതോടെ കേരളത്തിലെമ്പാടും ഉണ്ടായി. ചിത്രത്തിന്‍റെ ഓര്‍മകള്‍ പങ്കുവച്ച് ലാല്‍ ജോസ്

ഫോട്ടോ : എൻ എം പ്രദീപ്

ലയാളിയുടെ മനസിലേക്ക് ക്യാമ്പസ് ഗൃഹാതുരതയുടെ നനുത്ത ഓര്‍മകള്‍ പടര്‍ത്തി വന്‍വിജയം കൊയത് ചിത്രമാണ് ക്ലാസ്‌മേറ്റ്‌സ്. പൂര്‍വവിദ്യാര്‍ഥി സംഗമങ്ങളുടെ ഘോഷയാത്ര ഈ സിനിമ തരംഗമായതോടെ കേരളത്തിലെമ്പാടും ഉണ്ടായി.ചിത്രത്തിന്‍റെ ഓര്‍മകള്‍ പങ്കുവച്ച് ലാല്‍ ജോസ്

ഞാന്‍ സംവിധാനംചെയ്ത രസികന്‍ എന്ന ചിത്രം പ്രതീക്ഷിച്ചതുപോലെ വിജയിച്ചില്ല. അതിന്റെ ടെന്‍ഷനില്‍ എറണാകുളത്തെ സുഹൃത്തിന്റെ ഫ്‌ലാറ്റില്‍ കഴിയുന്ന കാലത്താണ് ക്ലാസ്‌മേറ്റ്‌സിന്റെ കഥ കേള്‍ക്കുന്നത്. അന്ന് സീരിയല്‍ പരമ്പരകള്‍ക്ക് തിരക്കഥ എഴുതാറുള്ള ജെയിംസ് ആല്‍ബര്‍ട്ട് എന്ന കഥാകൃത്തിനെ നടന്‍ സാദിഖാണ് പരിചയപ്പെടുത്തുന്നത്.

James Albert
ജെയിംസ് ആല്‍ബര്‍ട്ട്

അക്കാലത്ത് കഥ കേള്‍ക്കാനുള്ള മൂഡിലായിരുന്നില്ല, എന്നിട്ടും സുഹൃത്തിന്റെ നിര്‍ബന്ധത്താല്‍ നിവൃത്തിയില്ലാതെ അയാളോട് കഥ പറയാന്‍ വരാന്‍പറഞ്ഞു. കഥ കേട്ട് പത്തുപതിനഞ്ച് മിനുട്ടില്‍ അയാളെ ഒഴിവാക്കാനായിരുന്നു പരിപാടി. ജെയിംസിന് ടെന്‍ഷന്‍ കയറിയാല്‍ വിക്ക് വരും, എന്നിട്ടും കഥ കേട്ടപ്പോള്‍ തുടക്കംമുതല്‍ നല്ല രസം തോന്നി. അങ്ങനെ അതിലൊരു നല്ല സിനിമയുണ്ടെന്ന് തിരിച്ചറിഞ്ഞ് ആ കഥ ഞങ്ങള്‍ ചെയ്യാമെന്ന് തീരുമാനിച്ചു.

നേരത്തേ ശാന്താ മുരളീധരന്‍ ഒരു സിനിമ നിര്‍മിക്കാന്‍ തയ്യാറായി എന്നെ സമീപിച്ചിരുന്നു. ഈ കഥ ആ നിര്‍മാതാവിനോട് പറയാന്‍ ജെയിംസ് ആല്‍ബര്‍ട്ടിനോട് പറഞ്ഞു. ജെയിംസ് കഥ പറയാന്‍ ശാന്താമുരളീധരന്റെ വീട്ടില്‍ എത്തിയപ്പോള്‍ ഞെട്ടിപ്പോയി. അവിടെ ബന്ധുക്കളും കൂട്ടുകാരും നാട്ടുകാരുമായി മായി കഥ കേള്‍ക്കാന്‍ അമ്പതോളം ആള്‍ക്കാര്‍. അവരുടെ മുന്നിലാണ് ജെയിംസ് കഥ പറഞ്ഞത്. കഥ കേട്ടവര്‍ക്കെല്ലാം ഇഷ്ടമായി. അങ്ങനെ ശാന്താമുരളിയുടെ നിര്‍മാണകമ്പനിയുടെ പേരില്‍ ചിത്രം ചെയ്യാന്‍ തീരുമാനിച്ചു.

ചാക്കോച്ചന് പകരം നരേന്‍

ഞാന്‍ അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രം ചെയ്യുമ്പോള്‍ അവിടെ പൃഥ്വിയും ഇന്ദ്രജിത്തും ഉണ്ടായിരുന്നു. അവര്‍ക്കെല്ലാം വലിയ ഹിറ്റുകളില്ലാത്ത കാലമായിരുന്നത്. അവിടെവെച്ച് ക്ലാസ്‌മേറ്റ്‌സിന്റെ കഥ കേട്ട് ത്രില്ലടിച്ച് അവര്‍ ജയസൂര്യയെയും അതിലേക്ക് വിളിച്ചു. അവിടെവെച്ചാണ് ചിത്രത്തിലെ മറ്റ് നടന്മാരെ ഫിക്‌സ്‌ചെയ്യുന്നത്. നരേന്‍ അവതരിപ്പിച്ച കഥാപാത്രത്തിന്റെ റോളില്‍ ആദ്യം തീരുമാനിച്ചത് കുഞ്ചാക്കോബോബനെയായിരുന്നു. പിന്നീട് ഷൂട്ടിങ് കാലത്ത് ചാക്കോച്ചന്‍ നേരത്തേ പ്ലാന്‍ചെയ്ത വിദേശപരിപാടിയുടെ പേരില്‍ പടത്തില്‍നിന്ന് മാറി, പകരം നരേന്‍ വന്നു. സത്യത്തില്‍ ചാക്കോച്ചന് അത് വലിയ നഷ്ടമായിരുന്നു.

ലാല്‍, പൊളിച്ചടുക്കി

ക്ലാസ്‌മേറ്റ്‌സിന്റെ വിതരണം എടുക്കാമെന്നേറ്റത് നടന്‍ ലാലിന്റെ (സിദ്ദിഖ് ലാല്‍) കമ്പനിയായിരുന്നു. ചിത്രത്തിന്റെ കഥ പറഞ്ഞപ്പോള്‍ അതിന്റെ തുടക്കവും ഒടുക്കവും ലാലിനിഷ്ടമായി, മിഡില്‍ പോര്‍ഷന്‍ ഇഷ്ടമായില്ല. ''ഇതെല്ലാം ഞങ്ങളെപ്പോലുള്ളവര്‍ ചെയ്യുന്ന സിനിമയാണ്. ലാല്‍ജോസ് ഒരു സിനിമ ചെയ്യുമ്പോള്‍ ഞങ്ങള്‍ ഇതല്ല പ്രതീക്ഷിക്കുന്നത്, ചില മാറ്റങ്ങള്‍ വരുത്തണം. അതെന്താണെന്ന് എനിക്ക് പറയാന്‍ കഴിയില്ല.'' ലാല്‍ എന്നെ വിളിച്ച് പറഞ്ഞു. ആ കമന്റ് ഞങ്ങളെ വല്ലാതെ അസ്വസ്ഥരാക്കി. അന്ന് രാത്രിതന്നെ ഞാനും ജെയിംസും സുഹൃത്തായ രാജശേഖറുടെ വീട്ടില്‍വെച്ച് കഥയുടെ പ്രശ്‌നത്തെക്കുറിച്ച് അന്വേഷണം നടത്തി.നിരന്തരമായ ചര്‍ച്ചയ്‌ക്കൊടുവില്‍ ആ സ്‌ക്രിപ്റ്റ് മാറ്റാന്‍ തീരുമാനിച്ചു. ഒന്നരവര്‍ഷത്തെ ഹോംവര്‍ക്ക് ചെയ്ത കഥയാണെങ്കിലും ജെയിംസും ബലംപിടിക്കാതെ എനിക്കൊപ്പം നിന്നു.

Classmates
ബാംഗ്ലൂരിലെ എഞ്ചിനീയറിങ് കോളേജില്‍ നടക്കുന്ന കഥയായിരുന്നു നേരത്തേയുള്ള ക്ലാസ്‌മേറ്റ്‌സിന്റെ പ്രമേയം. സത്യത്തില്‍ എനിക്കും ജെയിംസിനും പരിചയമില്ലാത്ത അന്തരീക്ഷത്തിലാണ് ഞങ്ങള്‍ കഥയുണ്ടാക്കിയത്. കഥയുടെ വഴിത്തിരിവ് ഉണ്ടാക്കുന്നത് കോളേജ് ഹോസ്റ്റലിലെ ജനറേറ്ററാണ്. കേരളത്തിലെ ഹോസ്റ്റലുകളില്‍ അത്തരം ജനറേറ്ററുകള്‍ ഇല്ല. ആ ലോജിക് നോക്കിയാണ് കഥ ബാംഗ്ലൂരിലേക്ക് പോയത്. പിന്നീട് അത് വിട്ട് ഞങ്ങള്‍ക്കറിയാവുന്ന കാമ്പസിലേക്ക് ചിത്രത്തിന്റെ കഥ അവതരിപ്പിക്കാനായി ഞങ്ങളുടെ ശ്രമം.

അങ്ങനെയാണ് ക്ലാസ്‌മേറ്റ്‌സ് കോട്ടയം സി.എം.എസ്. കോളേജിന്റെ പശ്ചാത്തലത്തിലേക്ക് മാറ്റുന്നത്. എനിക്ക് ഒറ്റപ്പാലം എന്‍.എസ്.എസ്. കോളേജിലെയും ജെയിംസിന് കൊല്ലം ഫാത്തിമമാതാ കോളേജിലെയും രസകരമായ കാമ്പസ് ലൈഫ് ഉണ്ട്. പിന്നീട് മൂന്നാല് ദിവസം സംസാരിച്ചത് ഞങ്ങളുടെ കാമ്പസ്‌കാലത്തെക്കുറിച്ചായിരുന്നു. അത് കഴിഞ്ഞ് ഉണ്ടായതാണ് പ്രേക്ഷകര്‍ തിയേറ്ററില്‍ കണ്ട ക്ലാസ്‌മേറ്റ്‌സ്. മൂന്നുമാസംകൊണ്ടാണ് ഈ സ്‌ക്രിപ്റ്റ് പൂര്‍ത്തിയാക്കിയത്.


സൂപ്പര്‍ഹിറ്റായ പാട്ടുകള്‍

Alex Paul
അലക്‌സ്‌പോള്‍

ഞാന്‍ സംവിധാനംചെയ്ത ചാന്ത്‌പൊട്ട് എന്ന ചിത്രത്തിന് നേരത്തെയിട്ട പേര് അദ്ഭുത ദ്വീപ് എന്നായിരുന്നു. തമിഴ്‌നാട്ടുകാരനായ രാജഗോപാലായിരുന്നു ചിത്രത്തിന്റെ നിര്‍മാതാവ്. അതിനുവേണ്ടി ഗാനങ്ങള്‍ ഒരുക്കിയത് വിദ്യാസാഗറായിരുന്നു. ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങാറായപ്പോള്‍ നിര്‍മാതാവിനെ കാണാതായി. പിന്നീട് ആ ചിത്രത്തിന്റെ നിര്‍മാണവും വിതരണവും ലാല്‍ ഏറ്റെടുത്തു. ആ ചിത്രത്തില്‍ ലാലും ലാലിന്റെ മകള്‍ മാളുവും മരുമകന്‍ ബാലുവും അഭിനയിക്കുന്നുണ്ട്. എല്ലാതരത്തിലും അത് ലാലിന്റെ ഫാമിലി ചിത്രമായിരുന്നു. എന്നാല്‍ ലാലിന്റെ സഹോദരനും സംഗീത സംവിധായകനുമായ അലക്‌സിന് അതിലൊന്നും ചെയ്യാനുണ്ടായിരുന്നില്ല. അതിന്റെ സങ്കടം അലക്‌സിനുണ്ടായിരുന്നു.

അടുത്ത ചിത്രത്തില്‍ അലക്‌സ്‌പോളിന് സംഗീതം ചെയ്യാന്‍ ചാന്‍സ് കൊടുക്കാമെന്ന് ഞാന്‍ വാക്ക് കൊടുത്തു. അങ്ങനെ അടുത്ത ചിത്രമായ അച്ഛനുറങ്ങാത്ത വീടിന് അലക്‌സ്‌പോള്‍ സംഗീത സംവിധാനം നിര്‍വഹിച്ചു. എന്നാല്‍ ആ ചിത്രമൊരു കമേഴ്‌സ്യല്‍ ചിത്രമായിരുന്നില്ല, അങ്ങനെയാണ് പിന്നീട് വന്ന കമേഴ്‌സ്യല്‍ ചിത്രമായ ക്ലാസ്‌മേറ്റ്‌സിന് അലക്‌സ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

ചിത്രത്തിലെ സൂപ്പര്‍ഹിറ്റായ 'എന്റെ ഖല്‍ബിലെ' എന്ന ഗാനത്തിന് പകരം മഞ്ജരി പാടിയ 'ചില്ലുജാലക വാതിലില്‍' എന്ന ഗാനമായിരുന്നു നേരത്തെ കമ്പോസ് ചെയ്തത്. അതൊരു ആണ്‍കുട്ടി സ്റ്റേജില്‍ ഗിറ്റാറ് വായിച്ച് പാടുന്ന പാട്ടായതിനാലാണ് മാറ്റി കമ്പോസ് ചെയ്തത്. അങ്ങനെയാണ് 'എന്റെ ഖല്‍ബിലെ' എന്ന ഗാനം പിറക്കുന്നത്. അത് പിന്നീട് ഞങ്ങളുടെ പ്രതീക്ഷ തെറ്റിച്ച് ഭയങ്കര ഹിറ്റായി മാറി.

ചിത്രത്തിലെ 'കാറ്റാടിത്തണലും' എന്ന എസ്‌കര്‍ഷന്‍ സോങ്ങിന് പകരം ആദ്യം കമ്പോസ് ചെയ്തത് മറ്റൊരു പാട്ടായിരുന്നു. ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങിയതിനുശേഷമാണ് ആ ഗാനം ചിട്ടപ്പെടുത്തിയത്. ആ ഗാനം ഊട്ടിയില്‍ ചിത്രീകരിക്കേണ്ടതിനാല്‍ അതിന്റെ ചിത്രീകരണം അവസാനമാണ് പ്ലാന്‍ ചെയ്തത്. ആ പാട്ട് മാറ്റി ചെയ്താല്‍ നന്നാകുമെന്ന് ലാലിന് നിര്‍ബന്ധം, കാരണം ആ പാട്ടില്‍ നൊസ്റ്റാള്‍ജിയ കുറവായിരുന്നു. ഞാന്‍ ഷൂട്ടിങ് തിരക്കിലായതിനാല്‍ കാറ്റാടിത്തണലും എന്ന ഗാനത്തിന്റെ കമ്പോസിങ്ങിന് ലാലാണ് ഇരുന്നത്. പിന്നീട് അതും സൂപ്പര്‍ഹിറ്റായി.

സി.എം.എസിലെ റീയൂണിയന്‍

കോട്ടയം സി.എം.എസ്. കോളേജായിരുന്നു ചിത്രത്തിന്റെ പശ്ചാത്തലമായി തീരുമാനിച്ചത്. എന്നാല്‍ അവിടെനിന്ന് പെര്‍മിഷന്‍ കിട്ടിയിരുന്നില്ല. അതിനുവേണ്ടി ഞങ്ങള്‍ കോളേജ് പ്രിന്‍സിപ്പല്‍ ഫിലിപ്പ് അച്ചനെ ചെന്നുകണ്ടു. കോളേജിന്റെ ഇമേജിനെ ബാധിക്കുന്നതൊന്നും സിനിമയില്‍ പാടില്ല എന്നതായിരുന്നു അദ്ദേഹത്തിന്റ നിര്‍ബന്ധം. ചിത്രത്തിന്റെ കഥ അച്ചനോട് പറഞ്ഞപ്പോള്‍, അദ്ദേഹത്തിനും ഏറെ ഇഷ്ടമായി. തിരിച്ചിറങ്ങാന്‍ നേരം അദ്ദേഹം പറഞ്ഞു. ഇന്നിവിടെ 1946ല്‍ പഠിച്ച ഒരു ബാച്ചിന്റെ റീ യൂണിയന്‍ നടക്കുന്നുണ്ട്. അവിടെയൊന്ന് പോയാല്‍ നിങ്ങളുടെ സിനിമയ്ക്ക് ഗുണം ചെയ്യുന്നതെന്തെങ്കിലും കിട്ടും.

അങ്ങനെ അവരുടെ പെര്‍മിഷനോടെ ഞങ്ങള്‍ ആ പരിപാടിയ്ക്ക് ചെന്നിരുന്നു. ആ കൂട്ടായ്മ ഞങ്ങള്‍ക്ക് വലിയ അനുഭവമായിരുന്നു. സ്വാതന്ത്ര്യത്തിന് മുന്‍പ് കോളേജിലെത്തി സ്വാതന്ത്ര്യാനന്തരം പിരിഞ്ഞ് പോയവര്‍. 18 വയസ്സില്‍ വേര്‍പിരിഞ്ഞ് പോയവര്‍, ഇന്നവരില്‍ പലര്‍ക്കും 77 വയസ്സില്‍ കൂടുതലായിരുന്നു. ഈ പരിപാടി സംഘടിപ്പിക്കാന്‍ തലേദിവസംവരെ ഓടി നടന്നയാള്‍ അന്ന് ഐ.സി.യുവിലാണ്... അദ്ദേഹത്തിനുവേണ്ടി പ്രാര്‍ഥിച്ചുകൊണ്ടാണ് പരിപാടി തുടങ്ങിയത്. പലരും മുറിഞ്ഞുപോയ ഓര്‍മകള്‍ പങ്കുവെച്ചു. പരസ്പരം മനസ്സിലാകാത്തവണ്ണം പലരും മാറിപ്പോയിരുന്നു. ആ കൂട്ടായ്മയില്‍തന്നെ മറ്റൊരു ഹൃദയസ്പര്‍ശിയായ സിനിമ ഞാന്‍ കണ്ടിരുന്നു. ആ പരിപാടി ഞങ്ങള്‍ക്ക് വലിയ എനര്‍ജിയാണ് സമ്മാനിച്ചത്.

അത് കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ അനിയന്റെ ഭാര്യ പ്രസവിച്ച വാര്‍ത്തയറിഞ്ഞു. അനിയന്‍ ദുബായിലാണ്, അവന്‍ വന്നിട്ടില്ല. ഹോസ്പിറ്റലില്‍ എത്തിയപ്പോഴാണ് കുഞ്ഞിന് ഹാര്‍ട്ടിന് പ്രശ്‌നമാണെന്നും ഉടന്‍ എറണാകുളത്തേക്ക് കൊണ്ടുപോകണമെന്നും ഡോക്ടര്‍ പറയുന്നത്. സിസേറിയനായതിനാല്‍ കുഞ്ഞിന്റെ അമ്മയ്ക്ക് പോകാന്‍ പറ്റില്ല. അങ്ങനെ ഞാനും ഭാര്യയും ആംബുലന്‍സില്‍ കുഞ്ഞിനേയുംകൊണ്ട് എറണാകുളത്തെ അമൃതയിലേക്ക് വന്നു. 13 ദിവസം കുഞ്ഞ് ഐ.സി.യുവില്‍ കിടന്നു. ആ വരാന്തയിലിരുന്നാണ് ഞങ്ങള്‍ ക്ലാസ്‌മേറ്റ്‌സിന്റെ പിന്നീടുള്ള ചര്‍ച്ചകള്‍ നടത്തിയത്. 14 മാത്തെ ദിവസം കുഞ്ഞ് മരിച്ചു. അത് ഞങ്ങള്‍ക്ക് വലിയ ഷോക്കായിരുന്നു. ഞങ്ങളുടെ കുടുംബത്തിലെ ഏക ആണ്‍തരിയായിരുന്നു അവന്‍.

മനംനൊന്ത തുടക്കം

കുഞ്ഞിന്റെ ഫ്യൂണറല്‍ കഴിഞ്ഞ് രണ്ടാംദിവസമാണ് ഷൂട്ടിങ് തുടങ്ങിയത്. സത്യത്തില്‍ മനസ്സ് ശൂന്യമായിരുന്നു, അതിനാല്‍ ഒരു പ്രിപ്പറേഷനുമില്ലാതെയാണ് ഷൂട്ടിങ്ങിനിറങ്ങിയത്. ലൊക്കേഷനില്‍ എല്ലാ നടന്മാരും എത്തിയിരുന്നു. എങ്ങനെ തുടങ്ങണമെന്ന എത്തുംപിടിയും കിട്ടുന്നില്ല. അങ്ങനെ കോളേജ് ലൈബ്രറിയില്‍നിന്ന് എടുത്തുകൊണ്ടുവന്ന എന്‍.എന്‍. കക്കാടിന്റെ സഫലമീയാത്ര എന്ന കവിതയിലെ 'കാലമിനിയും ഉരുളും വിഷു വര്‍ഷം വരും..' എന്ന വരികള്‍ നരേനെക്കൊണ്ട് ഈണത്തില്‍ ചൊല്ലിച്ച് ഷൂട്ട് ചെയ്തു. ചിത്രത്തിന് ഏറെ ചേര്‍ന്ന സീനായിരുന്നു അത്, എന്നാല്‍ അത് സ്‌ക്രിപ്റ്റില്‍ ഉണ്ടായിരുന്നില്ല. അത് പിന്നീട് ചേര്‍ക്കുകയായിരുന്നു.

കാവ്യയെ കാണാനില്ല

സി.എം.എസ്. കോളേജിലെ ഷൂട്ടിങ് തുടങ്ങുന്നതിന് മുന്‍പ് കാവ്യ ചിത്രത്തിന്റെ കഥ മനസ്സി
ClassMates
ലായില്ലെന്ന് പറഞ്ഞ് എന്റെ അടുത്ത് വന്നു. കഥ പറയാന്‍ ജെയിംസ് ആല്‍ബര്‍ട്ടിനെ ഏല്‍പ്പിച്ചു. കോളേജ് കാമ്പസില്‍ കാവ്യയും നരേനും പൃഥ്വിയും ഇന്ദ്രനും ചേര്‍ന്ന സീനാണ് ആദ്യം പ്ലാന്‍ ചെയ്തത്. എന്നാല്‍ ഷൂട്ടിങ് തുടങ്ങാന്‍ നേരം കാവ്യയെ കാണാനില്ല. അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍ കാവ്യയെ തിരക്കിയോടി. അതിനിടിയില്‍ ജെയിംസ് ആല്‍ബര്‍ട്ട് ഓടിയെത്തി, കഥ മുഴുവന്‍ കേട്ടപ്പോള്‍ കാവ്യ കരച്ചില്‍ നിര്‍ത്തുന്നില്ലത്രേ. അങ്ങനെ ഞാന്‍ കാവ്യയുടെ അടുത്ത് ചെന്ന് കാര്യം തിരക്കി.'' ഞാനല്ല ഈ സിനിമയിലെ നായിക. എനിക്ക് റസിയ ചെയ്താല്‍ മതി... ''കാവ്യ കരച്ചിലടക്കാതെ പറഞ്ഞു. അത് കേട്ട് എനിക്ക് ദേഷ്യം വന്നു.

കാരണം നേരത്തെ ഒരു ഇമേജുള്ളയാള്‍ ചെയ്താല്‍ റസിയ എന്ന കഥാപാത്രം നില്‍ക്കില്ല. അതവള്‍ക്ക് മനസ്സിലായില്ല. ''റസിയയെ മാറ്റാന്‍ പറ്റില്ല, നിനക്ക് ചിത്രത്തിലെ താര എന്ന കഥാപാത്രം ചെയ്യാന്‍ പറ്റില്ലെങ്കില്‍ പോകാം...''ഞാന്‍ അങ്ങനെ പറഞ്ഞപ്പോള്‍ അവളുടെ കരച്ചില്‍ കൂടി. ഒടുവില്‍ കഥയുടെ ഗൗരവം ചെറിയ ഉദാഹരണത്തിലൂടെ ബോധ്യപ്പെടുത്തിപ്പോള്‍ കാവ്യ മനസ്സില്ലാമനസ്സോടെ അഭിനയിക്കാന്‍ സമ്മതിച്ചു. പിന്നീട് ചിത്രം പ്രേക്ഷകര്‍ ഏറ്റെടുത്തെങ്കിലും കാവ്യ ചിത്രം കണ്ടില്ല. ഒടുവില്‍ ചിത്രം 75ാം ദിവസം കടന്നപ്പോഴാണ് കാവ്യ സിനിമ കാണുന്നത്. സിനിമ കണ്ട് നല്ല രസമുള്ള സിനിമയാണെന്ന് പറഞ്ഞ് അവള്‍ എന്നെ വിളിച്ചു.


രാജീവ് രവിയുടെ പിണക്കം

Rajeev ravi
രാജീവ് രവി

രാജീവ് രവിയായിരുന്നു എന്റെ രസികന്‍ എന്ന ചിത്രത്തിന്റെ ക്യാമറാമാന്‍. നിര്‍ഭാഗ്യവശാല്‍ ആ ചിത്രത്തിന് കുറെ പ്രശ്‌നങ്ങള്‍ ഉണ്ടായി. ലാബിലെ പ്രശ്‌നങ്ങള്‍ കാരണം ചിത്രത്തിന്റെ തിയേറ്റര്‍ പ്രിന്റ് ഇരുണ്ട് പോയി. സിനിമ തിയേറ്ററില്‍ പരാജയപ്പെട്ടപ്പോള്‍ അത് ക്യാമറയുടെ പ്രശ്‌നങ്ങള്‍ കാരണമാണെന്ന തെറ്റായ വാര്‍ത്ത അന്ന് ഇന്‍ഡസ്ട്രിയില്‍ പരന്നു. അതിന് തൊട്ടുമുന്‍പ് പുറത്തിറങ്ങിയ കളര്‍ഫുള്‍ചിത്രമായ മീശമാധവനുമായാണ് ആ ചിത്രത്തെ താരതമ്യം ചെയ്തത്.

Star And Style
സ്റ്റാർ ആൻഡ് സ്റ്റൈൽ വാങ്ങാം

ഇന്നാണ് രസികന്‍ പുറത്തിറങ്ങിയതെങ്കില്‍ അതൊരു ന്യൂജനറേഷന്‍ ചിത്രമായേനേ. അതിന്റെ പരാജയം രാജീവ് രവിയുടെ തലയിലാണ് വന്നത്. അങ്ങനെ അടുത്ത ചിത്രമായ ചാന്ത് പൊട്ട് ആര് ചെയ്യും എന്ന ചര്‍ച്ചയില്‍ രാജീവ് രവി വേണ്ടെന്ന് നിര്‍മാതാവില്‍നിന്ന് ശക്തമായ എതിരഭിപ്രായം ഉണ്ടായി. അങ്ങനെ രാജീവിനെമാറ്റി അഴകപ്പനെ വിളിച്ചു. അതിന്റെ പേരില്‍ രാജീവിന് ദിലീപിനോട് പിണക്കമുണ്ടായി. ദിലീപ് പറഞ്ഞാണ് അദ്ദേഹത്തെ മാറ്റിയതെന്നാണ് രാജീവ് വിചാരിച്ചത്. അതിന്റെ പേരില്‍ ഞാനും ദിലീപും തമ്മില്‍ വഴക്കുണ്ടായിട്ടുണ്ട്. അതിന്റെ സത്യം ഞാന്‍പോലും അറിയുന്നത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ്. രാജീവിനെ ക്യാമറാമാനാക്കി ഒരുഹിറ്റ് ചിത്രമുണ്ടാക്കണമെന്ന് അന്ന് ഞാന്‍ മനസ്സില്‍ കുറിച്ചതായിരുന്നു. അങ്ങനെയാണ് ക്ലാസ്‌മേറ്റ്‌സിന്റെ ഛായാഗ്രാഹകനായി രാജീവ് എത്തുന്നത്.


പ്രതീക്ഷ തകര്‍ത്ത വിജയം

ക്ലാസ്‌മേറ്റ്‌സിന് തിയേറ്ററില്‍ എത്തിയപ്പോള്‍ മത്സരിക്കാനുണ്ടായിരുന്നത് മമ്മൂട്ടിയുടെ ഭാര്‍ഗവചരിതം മൂന്നാംഖണ്ഡം, മോഹന്‍ലാലിന്റെ മഹാസമുദ്രം, ദിലീപിന്റെ ഡോണ്‍ എന്നീ ചിത്രങ്ങളായിരുന്നു. ആ ചിത്രങ്ങളിലായിരുന്നു പ്രേക്ഷകരുടെ പ്രതീക്ഷ. അതുകൊണ്ടുതന്നെ ക്ലാസ് മേറ്റ്‌സ് റിലീസ് ചെയ്തപ്പോള്‍ തിയേറ്ററില്‍ 40ശതമാനം പ്രേക്ഷകര്‍മാത്രമേ ഉണ്ടായിരുന്നുള്ളൂ. പിന്നീട് മൗത്ത് ടു മൗത്ത് പബ്ലിസിറ്റിയിലൂടെ തിയേറ്ററില്‍ പ്രേക്ഷകര്‍ നിറഞ്ഞു.

അങ്ങനെ ചിത്രം പ്രേക്ഷകര്‍ ആഘോഷമാക്കി, കേരളത്തില്‍ 150ദിവസം പ്രദര്‍ശിപ്പിക്കപ്പെട്ടു. 2 കോടി 2 ലക്ഷം മുതല്‍മുടക്കില്‍ നിര്‍മിച്ച ചിത്രം 10 കോടിയോളം നിര്‍മാതാവിന് ലാഭം ഉണ്ടാക്കി. പിന്നീട് ചിത്രം തമിഴ്, തെലുങ്ക്, മറാഠി ഭാഷകളില്‍ റീമേക്ക് ചെയ്തിരുന്നു. ഈ ചിത്രത്തിന്റെ റിലീസിന് ശേഷമാണ് വിദ്യാലയങ്ങളില്‍ നിന്ന് പഠിച്ചുപോയവരുടെ റീ യൂണിയന്‍ കേരളത്തില്‍ തരംഗമായത്.

ചിത്രം വലിയ നൊസ്റ്റാള്‍ജിയയാണ് പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത്. നൂറിലേറെ റീ യൂണിയന്‍ ചടങ്ങുകള്‍ക്ക് പിന്നീട് ഞാന്‍ അതിഥിയായിട്ടുണ്ട്.

2019 മാർച്ച് ലക്കം സ്റ്റാർ ആൻഡ് സ്റ്റൈലിൽ പ്രസിദ്ധീകരിച്ചത്

Content Highlights : Laljose About Classmates Movie starring Prithviraj,jayasurya,kavya madhavan,narein, mathrubhumi Star and style

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


Nirmala Sitharaman

1 min

കേന്ദ്രത്തിന് നഷ്ടം ഒരുലക്ഷം കോടി; സംസ്ഥാനങ്ങളുമായി പങ്കിടുന്ന തീരുവയില്‍ മാറ്റമില്ലെന്ന് ധനമന്ത്രി

May 22, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022

More from this section
Most Commented