biju bernard
ബിജു ബെര്‍ണാഡ് 

ഭാരതപ്പുഴയുടെ വരള്‍ച്ചയും പുഴയ്ക്കു കുറുകെ പോകുന്ന തീവണ്ടികളും പ്രധാന പശ്ചാത്തലമാക്കി ബിജു ബെര്‍ണാഡ് ഒരുക്കുന്ന ചിത്രമാണ് 'ലാലിബേല.' മാതാവ് നഷ്ടപ്പെട്ട ഒരു പത്തുവയസ്സുകാരനും അവന്റെ പിതാവും തമ്മിലുള്ള കരുതലിന്റെയും സ്നേഹത്തിന്റെയും ഇഴയടുപ്പമാണ് കഥയുടെ കാതല്‍. അവര്‍ക്കിടയില്‍ അവരുടെ ചുറ്റുപാടുകളിലൂടെ ഒരു കാലത്ത് ഒഴുകിയിരുന്ന എന്നാല്‍ ഇപ്പോള്‍ വറ്റി വരണ്ട് ജിവച്ഛവമായ ഒരു പുഴയുടെ പശ്ചാത്തലം. അച്ഛന്റെയും മകന്റെയും ജീവിതത്തിന്റെ പല ഘട്ടങ്ങളിലൂടെയുള്ള സഞ്ചാരങ്ങള്‍ ഏറെ സമാനതകള്‍ നിറഞ്ഞതാണെന്ന് ഓര്‍മിപ്പിക്കുകയാണ് ലാലിബേല. മനുഷ്യനും പ്രകൃതിയും കെട്ടുപിണഞ്ഞു കിടക്കുന്ന നേര്‍കാഴ്ചകളിലൂടെയാണ് ലാലിബേല ആവിഷ്‌ക്കരിക്കപ്പെടുന്നത്.

ആരാലും സംരക്ഷിക്കപ്പെടാതെ ഒരു പുഴ മരണത്തോടു മല്ലടിക്കുന്നതിന്റെ ദൈന്യത സിനിമയിലൂടെ മറ്റുള്ളവരിലെത്തിക്കാന്‍ പരിസ്ഥിതി മുഖ്യ പ്രമേയമാക്കി ഒരു ചിത്രം എടുക്കാനായിരുന്നു സംവിധായകനായ ബിജു ബെര്‍ണാര്‍ഡിന്റെ ശ്രമം.  തന്റെ ആഗ്രഹവും ഉദ്ദേശ്യശുദ്ധിയും ഒരു പുഴ ഇല്ലാതാവുന്നതിലുള്ള വേദനയും മനസ്സിലാക്കിയതോടെ സമാന ചിന്താഗതിക്കാരായ കുറച്ചു ചെറുപ്പക്കാര്‍ ബിജുവിനൊപ്പം ചേര്‍ന്നു. 

പതിവ് സിനിമാ സൈറ്റുകളിലെ ആള്‍കൂട്ട സങ്കല്‍പ്പങ്ങളില്‍നിന്ന് വേറിട്ട് പത്തില്‍ താഴെ സാങ്കേതിക പ്രവര്‍ത്തകര്‍ ചേര്‍ന്ന് വലിയ ഒരു കഥ പറയുന്ന ചിത്രം. അതായിരുന്നു സംവിധായകന്റെ ലക്ഷ്യം. അങ്ങനെ ഒരേ സമയം സൈറ്റിലെ ഡ്രൈവര്‍ ആയും എഴുത്തുകാരനായും സംവിധായകനായും ബിജു ബെര്‍ണാഡ് മുന്നില്‍ നിന്നു. എല്ലാ ജോലികളിലും പരസ്പരം സഹകരണത്തിലൂടെ സഹപ്രവര്‍ത്തകര്‍ ഒരുമയോടെ കൂടെ നിന്നു.

നിര്‍മ്മിക്കാമെന്നേറ്റ ചിലര്‍ ഇടക്ക് വെച്ചു പിന്മാറിയതോടെ ആ ദൗത്യവും സംവിധായകന്‍ തന്നെ ഏറ്റെടുത്തു. ക്യാമറയും താമസവും ഭക്ഷണവും മറ്റു ചെലവുകള്‍ക്കും പണം കണ്ടെത്തുക ദുഷ്‌കരമായിരുന്നു. എങ്കിലും സഹായിക്കാന്‍ ആളുണ്ടായിരുന്നു. സ്വന്തം കയ്യിലെ പണവും ചേര്‍ന്നതോടെ ലാലിബേല' യാഥാര്‍ത്ഥ്യമായി.

പുഴയുടെ വിലാപം പുറംലോകത്തെ അറിയിക്കാനായി ഇറങ്ങിത്തിരിച്ച സിനിമാ പ്രവര്‍ത്തകര്‍ക്കൊപ്പം സഹകരിച്ച ചെറുതുരുത്തിക്കാരും കുറവായിരുന്നില്ല. പ്രാദേശിക കാര്യങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച ഖാലിദ് കളത്തില്‍, മൂന്നു പെണ്മക്കളും ഭാര്യയും അടങ്ങുന്ന, നിന്നു തിരിയാന്‍പോലും സ്ഥലമില്ലാത്ത ഒറ്റ മുറി വീട് ഷട്ടിങ്ങിനായി വിട്ടുതന്നെ സജീവന്‍, ഭക്ഷണം ഒരുക്കിതന്നെ കാളീശ്വരി മധു.... സ്നേഹത്തിന്റെ പര്യായങ്ങളായി സിനിമയ്‌ക്കൊപ്പം അവര്‍ നിന്നു.

lalibela

ആനന്ദം ആര്‍ട്സിന്റെ ബാനറില്‍ ബിജു ബെര്‍ണാഡ് തിരക്കഥയും ഗാനരചനയും ചെയ്യുന്ന ചിത്രത്തിന്റെ സംഗീതം ബിജിബാല്‍. ക്യാമറ തരുണ്‍ ഭാസ്‌കര്‍, എഡിറ്റിംഗ് അനൂപ് ആന്‍ണി, ശബ്ദ സംവിധാനം രംഗനാഥ് രവി, കല സംവിധാനം ജസ്റ്റിന്‍ ആന്റണി. 'ഒറ്റാല്‍ ' എന്ന ഒരൊറ്റ ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട മാസ്റ്റര്‍ അഷന്ത് കെ. ഷാ പ്രധാന കഥാപാത്രമാകുന്നു. ഒപ്പം ഗോകുലന്‍, സുനില്‍ സുഗത്ത്, രാജേഷ് ശര്‍മ, നന്ദന്‍ ഉണ്ണി, ഷാബു കെ. മാധവന്‍, സജീവ്.എസ്.നായര്‍, അജീഷ് ജനാര്‍ദ്ദനന്‍, അംബിക കൃഷ്ണ, ഗായത്രി എന്നിവരും അണിനിരക്കുന്നു.

വിശുദ്ധഭൂമി എന്നര്‍ത്ഥം വരുന്ന ലാലിബേലയിലെ നായക കഥാപാത്രങ്ങളായ അച്ഛനും മകനും ജീവിതത്തിലെ ഏറ്റവും വലിയ പ്രതീക്ഷ പോലെ പുഴ നിറഞ്ഞൊഴുകുന്ന ഒരു കാലത്തിലേയ്ക്ക് ഉറ്റു നോക്കുന്ന ദൃശ്യമുണ്ട് സിനിമയില്‍. അത് സംവിധായകന്റെയും കൂടി സ്വപ്നമാണ്. അത് തന്നെയാണ് ഈ ചിത്രത്തിന്റെ രാഷ്ട്രീയവും.