ലാൽ ജോസിന്റെ സിനിമയിലെ വിവിധ കഥാപാത്രങ്ങൾ
കമലിന്റെ സംവിധാനത്തിൽ 1989-ൽ പുറത്തിറങ്ങിയ പ്രാദേശിക വാർത്തകൾ എന്ന സിനിമയിലൂടെ ചലച്ചിത്രരംഗത്തേക്ക് ചുവടുവച്ച് തന്റേതായ ഇടം നേടിയ സംവിധായകനാണ് ലാൽ ജോസ്. 1998-ൽ പുറത്തിറങ്ങിയ 'മറവത്തൂർ കനവി'ലൂടെ തുടങ്ങിയ യാത്ര കാൽ നൂറ്റാണ്ട് പിന്നിട്ടിരിക്കുന്നു. അതിനിടെ ഒട്ടേറെ സൂപ്പർ ഹിറ്റ് സിനിമകളും അതിലേറെ ആഘോഷിക്കപ്പെട്ട കഥാപാത്രങ്ങളും ലാൽ ജോസിന്റെ യാത്രയ്ക്ക് മാറ്റുകൂട്ടുന്നു.
"സിനിമ എന്റെ അരിപ്രശ്നമാണ്. അന്നും ഇന്നും എന്നും. അതുകൊണ്ടു തന്നെ പുതിയ കാര്യങ്ങൾ പഠിക്കേണ്ടതും മാറാൻ ശീലിക്കേണ്ടതും എന്റെ മാത്രം ആവശ്യമാണ്. സിനിമയെ ഒരു വഞ്ചിയായി സങ്കൽപ്പിച്ചാൽ തുഴക്കാരന് മുന്നിലാണ് നമ്മൾ ഇരിക്കുന്നത്. ആദ്യം തെറിച്ചുപോകുന്നത് നമ്മളായിരിക്കും. തെറിപ്പിച്ച് കളയണമെന്ന് ആഗ്രഹിക്കുന്നവരും ഇതേ വഞ്ചിയിൽ ഉണ്ടായിരിക്കും. അതിനെയെല്ലാം അതിജീവിച്ച് പിടിച്ചു നിൽക്കുക എന്നത് ജീവന്മരണ കളിയാണ്. മരിക്കുന്നത് വരെ സിനിമ എടുക്കണമെന്നാണ് ആഗ്രഹിക്കുന്നത്. അത്രയേറെ സിനിമയെ സ്നേഹിക്കുന്നു. ഇരുപത്തിയൊന്നാമത്തെ വയസ്സിൽ തുടങ്ങിയതാണ്. മറ്റൊരു തൊഴിൽ എനിക്കു വശമില്ല." സംവിധാനരംഗത്തെ ഇരുപത്തിയഞ്ച് വർഷത്തെ കുറിച്ച് ചോദിക്കുമ്പോൾ വളരെ ലളിതമാണ് ലാൽ ജോസിന്റെ ഉത്തരം.

ഇത്രയേറെ സിനിമകൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച ഈ സംവിധായകന് തന്റെ സിനിമയിലെ അത്രമേൽ പ്രിയപ്പെട്ട കഥാപാത്രങ്ങൾ ഏതെന്ന് ചോദിക്കുമ്പോൾ ഉത്തരം നൽകുക എളുപ്പമല്ല. എന്നാൽ തിരിഞ്ഞു നോക്കുമ്പോൾ ഒരുപിടി മനോഹരമായ ഓർമകളുമായി ബന്ധപ്പെട്ട ചില കഥാപാത്രങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് ലാൽ ജോസ്. അവയിൽ പലതും പ്രവചനാതീതമാണെന്നതാണ് ഏറ്റവും കൗതുകകരം.
കൗശലക്കാരൻ പളനിച്ചാമിയും നെടുമുടി വേണുവും
(ഒരു മറവത്തൂർ കനവ്)
.jpg?$p=3ca10ba&&q=0.8)
'മറവത്തൂർ കനവി'ൽ എന്റെ ഏറ്റവും പ്രിയ കഥാപാത്രം നെടുമുടി വേണു ചെയ്ത പളനിച്ചാമിയാണ്. ഒരു തമിഴനാണ് പളനിച്ചാമി. അയാളുടെ വേഷവും നടപ്പുമെല്ലാം എങ്ങനെ വേണമെന്ന് എനിക്ക് യാതൊരു ധാരണയുമുണ്ടായിരുന്നില്ല. മേക്കപ്പ്മാനോട് സംസാരിച്ച് തീരുമാനിക്കാം എന്നാണ് ഞാൻ കരുതിയത്. ലൊക്കേഷനിൽ വരുന്നതിന് മുൻപ് തന്നെ വേണുച്ചേട്ടൻ ശ്രീനിവാസനോട് സംസാരിച്ച് കഥാപാത്രത്തെക്കുറിച്ച് മനസ്സിലാക്കി വച്ചിരുന്നു. സെറ്റിലെത്തിയപ്പോൾ അദ്ദേഹത്തിന് താടിയുണ്ടായിരുന്നു. താടി വേണമെന്ന് ഞാൻ കരുതിയിരുന്നില്ല. കാരണം നെഗറ്റീവ് ഷെയ്ഡുള്ള ഒരു കഥാപാത്രമാണ് പളനിച്ചാമി. വേണുച്ചേട്ടൻ മുൻപ് ചെയ്തിട്ടുള്ള പോസറ്റീവ് കഥാപാത്രങ്ങളിൽ പലതിനും താടിയുണ്ടായിരുന്നു. അതുകൊണ്ടു തന്നെ മീശയെല്ലാം മാറ്റിപ്പിടിച്ച് വ്യത്യസ്തമായ ഒരു ഗെറ്റപ്പ് വേണമെന്ന് എനിക്ക് തോന്നിയിരുന്നു. എന്റെ മനസ്സിലുള്ളത് തുറന്ന് പറഞ്ഞപ്പോൾ വേണുചേട്ടൻ പറഞ്ഞു, നീ വിഷമിക്കേണ്ട, എന്റെ മനസ്സിൽ ഒരു പ്ലാനുണ്ട്. അത് ഈ കഥാപാത്രത്തിന് ചേരുമെന്ന്. അങ്ങനെ കഥാപാത്രത്തെ പുള്ളി സ്വയം ഡിസെെൻ ചെയ്തു, താടി, പ്രത്യേക മീശ, വസ്ത്രം, ചന്ദനപ്പൊട്ട്, അതിന് നടുവിലുള്ള കുങ്കുമപ്പൊട്ട് അങ്ങനെ. ഞാൻ ആദ്യമായാണ് ഒരു കഥാപാത്രത്തെ പൂർണമായും ഒരു അഭിനേതാവിന് വിട്ടുകൊടുത്തത്. ഒരു സീൻ ചെയ്തു കഴിഞ്ഞപ്പോൾ വേണുച്ചേട്ടൻ എന്നോട് ചോദിച്ചു, ഇയാൾ പ്രശ്നക്കാരനല്ലേ, ഇയാൾക്ക് ഒരു ഭാര്യയും കുടുംബവും ഉണ്ടെങ്കിലും ഒരു ചിന്നവീട് സെറ്റ് അപ്പ് ഉണ്ടാകാൻ സാധ്യതയുണ്ട്. അങ്ങനെ ഒരു സ്ത്രീ കഥാപാത്രത്തെ കൂടി ഉൾപ്പെടുത്താനാകുമോ എന്ന്. അങ്ങനെ ഒരു കഥാപാത്രത്തെ അവതരിപ്പിക്കാനുള്ള അഭിനേത്രിയെ എവിടെനിന്ന് കിട്ടും എന്ന് ആലോചിച്ച് കൊണ്ടിരിക്കുന്ന സമയത്താണ് സിനിമയിൽ ഹെയർ ഡ്രെസ്സറായി വന്ന ഒരു തമിഴ്നാട്ടുകാരി ചേച്ചി മനസ്സിലേക്ക് വരുന്നത്. ഞാൻ അവരോട് ചോദിച്ചു, അക്കാ ഈ വേഷം ചെയ്യാമോ എന്ന്. അവർ ചെയ്യാമെന്ന് സമ്മതിച്ചു. അവർ ഇളനീര് വെട്ടി പളനിച്ചാമിയ്ക്ക് കൊടുക്കുന്നു. അയാളത് ശൃംഗാരത്തോടെ വാങ്ങി കുടിച്ചുകൊണ്ടിരിക്കുന്ന സമയം അനന്തരവനായ മരുത് (ശ്രീനിവാസൻ) ഓടിവരുന്നു. അത്രമാത്രമേ സീനുണ്ടായിരുന്നുള്ളൂ. പക്ഷേ, ആ സീൻ കാണുമ്പോൾ തന്നെ പളനിച്ചാമി ഒരു വശപ്പിശകുള്ള കഥാപാത്രമാണെന്ന് പ്രേക്ഷകർക്ക് തോന്നും. 'മറവത്തൂർ കനവി'നെക്കുറിച്ച് ആലോചിക്കുമ്പോൾ എന്റെ മനസ്സിലേക്ക് ആദ്യം വരുന്നത് വേണുച്ചേട്ടൻ നൽകിയ സംഭാവനയാണ്.
അഴിമതിക്കാരൻ ബാങ്ക് മാനേജർ, ഇന്നസെന്റിന്റെ ആന്റണി
(ചന്ദ്രനുദിക്കുന്ന ദിക്കിൽ)
.jpg?$p=a80322e&&q=0.8)
'ചന്ദ്രനുദിക്കുന്ന ദിക്കിൽ' ഞാൻ ഓർത്തിരിക്കുന്ന കഥാപാത്രം ഇന്നസെന്റിന്റെ ആന്റണിയാണ്. നാട്ടിൻപുറത്തെ ഒരു ബാങ്കിലെ മാനേജരാണ്. അത്യാവശ്യം തട്ടിപ്പും വെട്ടിപ്പുമുള്ള വ്യക്തിയാണ് ആന്റണി. അദ്ദേഹം കല്യാണം കഴിച്ചിരിക്കുന്നത് കൂർഗ് സ്വദേശിയായ ഒരു സ്ത്രീയെ ആണ്. ദിലീപിന്റെ മുകുന്ദൻ എന്ന കഥാപാത്രം ബാങ്കിൽ ജോലിക്കു വരുമ്പോൾ, അഴിമതിക്കാരനായ ആന്റണി അയാളെ കൂടെ നിർത്താൻ ഒരുപാട് പ്രയത്നിക്കുന്നുണ്ട്. കാരണം മുകുന്ദൻ സത്യസന്ധനാണെങ്കിൽ ആന്റണിയുടെ എല്ലാ കള്ളക്കളികളും നാട്ടുകാർ അറിയും. മുകുന്ദനെ കൂടെ നിർത്താൻ ആദ്യപടിയായി ചെയ്യുന്നത്, അയാൾക്ക് താമസസൗകര്യം ഒരുക്കുക എന്നതാണ്. അതിനായി അയാൾ മുകുന്ദനെ കൂട്ടിക്കൊണ്ടുപോകുന്നത് വീട്ടിലെ തൊഴുത്തിലേക്കാണ്. തങ്ങളുടെ ഔട്ട് ഹൗസ് എന്ന് പറഞ്ഞാണ് കൊണ്ടുപോകുന്നത്. അതിനുള്ളിൽ ഇയാളെ താമസിക്കാൻ പല തന്ത്രങ്ങളും പയറ്റുന്നുണ്ട്. അതിനായി പറയുന്നത് ഞാനും എന്റെ ഭാര്യയും ഇവിടെ വെറുതേ ഇരിക്കുമ്പോൾ പാട്ടുപാടിക്കൊടുക്കും. മരിക്കുന്ന സമയത്ത് ഞങ്ങൾ കൃസ്ത്യാനികൾ പാടുന്ന പാട്ടുണ്ട്, മഴ പെയ്യുമ്പോൾ വയലുകളിൽ... ആ പാട്ടാണ് പുള്ളി പാടുന്നത്. അതുകൂടാതെ ബാങ്കിനകത്ത് അയാൾ കൃഷ്ണന്റെയും ക്രിസ്തുവിന്റെയും ഫോട്ടോ വെച്ചിട്ടുണ്ട്. അയാൾ ക്രിസ്ത്യാനിയും ഭാര്യ ഹിന്ദുവുമാണ്. അതുകൊണ്ടാണ് ഈ രണ്ടുകൂട്ടരുടെയും ഫോട്ടോ വച്ചത്. എന്നിട്ട് ചന്ദനത്തിരി കത്തിച്ച് വച്ച് അയാൾ പറയും, കർത്താവിന് ആവശ്യമുള്ള പുക എടുത്തിട്ട് ബാക്കി കൃഷ്ണന് കൊടുത്താൽ മതിയെന്ന്. ഇതെല്ലാം ഇന്നസെന്റ് ചേട്ടൻ സ്വന്തം കയ്യിൽനിന്ന് ഇടുന്നതാണ്. ഇന്നസെന്റ് ചേട്ടൻ എന്റെ അധികം സിനിമകളിൽ അഭിനയിച്ചിട്ടില്ല. 'ചന്ദ്രനുദിക്കുന്ന ദിക്കി'ലും 'പട്ടാള'ത്തിലും മാത്രമാണ്. പക്ഷേ ഞങ്ങൾ തമ്മിൽ നല്ല ആത്മബന്ധമുണ്ടായിരുന്നു.
ഗ്രേ ഷെയ്ഡുള്ള കഥാപാത്രങ്ങളെ ഒരുപാട് ആഘോഷിച്ച സംവിധായകനാണ് ഞാൻ. 'മറവത്തൂർ കനവി'ലെ പളനിച്ചാമിയും അത്തരത്തിലുള്ള ഒരു കഥാപാത്രമായിരുന്നു. പക്ഷേ രസകരമായ വസ്തുത എന്തെന്നാൽ ഇമ്മാനുവൽ എന്ന സിനിമ റിലീസ് ആയതിന് ശേഷം ഒരു സ്ത്രീ എന്നെ വിളിച്ചിട്ട് പറഞ്ഞത്, അൽപ്പം നന്മ കൂടിപ്പോയെന്നാണ്. ഞാൻ പറഞ്ഞു, നെയ്യേറിപ്പോയി എന്ന് ഒരാൾ പരാതി പറഞ്ഞ് കേൾക്കുന്നത് ഇതാദ്യമായാണ്. നന്മ കുറഞ്ഞു പോയാൽ അല്ലേ പ്രശ്നമെന്ന്. ഗ്രേ ഷെയ്ഡുള്ള കഥാപാത്രങ്ങളെ ഹാസ്യാത്മകമായാണ് ഞാൻ അഭിസംബോധന ചെയ്തത്. അതുകൊണ്ടായിരിക്കാം അവരിലെ വില്ലൻ സ്വഭാവം ശ്രദ്ധിക്കപ്പെടാതെ പോയത്. ഉദാഹരണത്തിന് 'മീശ മാധവനി'ലെ ഭഗീരഥൻ പിള്ള നെഗറ്റീവ് കഥാപാത്രമാണ്. പക്ഷേ, അദ്ദേഹം ചെയ്തത് ഹ്യൂമറായുകൊണ്ട് ഗ്രേ ഷെയ്ഡ് ആരും ശ്രദ്ധിച്ചില്ല.
ഉറ്റസുഹൃത്തിനാൽ കൊല്ലപ്പെടുന്ന മുഹമ്മദ് ഇബ്രാഹിം
(രണ്ടാം ഭാവം)
.jpg?$p=bec7056&&q=0.8)
'രണ്ടാം ഭാവം' എന്നെ സംബന്ധിച്ച് വളരെ സംതൃപ്തി നൽകിയ സിനിമയാണെങ്കിലും സാമ്പത്തികമായി പരാജയപ്പെട്ടുപോയി. അതിലെ എന്റെ ഏറ്റവും പ്രിയപ്പട്ട കഥാപാത്രം ലാൽ അവതരിപ്പിച്ച മുഹമ്മദ് ഇബ്രാഹിമാണ്. സ്വന്തം സുഹൃത്തിനാൽ കൊല്ലപ്പെടുകയാണ് മുഹമ്മദ് ഇബ്രാഹിം. രണ്ടു അധോലോകനായകൻമാരുടെ കീഴിൽ ജോലി ചെയ്യുന്ന വ്യക്തികളാണ് സുരേഷ് ഗോപിയുടെ കൃഷ്ണജിയും മുഹമ്മദ് ഇബ്രാഹിമും. നായകനായ കൃഷ്ണജിയ്ക്ക് മുഹമ്മദ് ഇബ്രാഹിമിനെ രക്ഷിക്കാമായിരുന്നു. പക്ഷേ അയാൾ അത് ചെയ്യുന്നില്ല. പക്ഷേ, സ്വന്തം ബോസിനോട് കൂറ് പ്രഖ്യാപിച്ച് മുഹമ്മദ് ഇബ്രാഹിമിനെ കൊന്നുകളയുകയാണ് കൃഷ്ണജി. നായകനോട് പ്രേക്ഷകർക്ക് തോന്നിയ ഇഷ്ടത്തിനോട് ഇടിവ് സംഭവിക്കുന്ന ഒരു രംഗമാണത്. അതോടു കൂടി നായകൻ നെഗറ്റീവ് ആകുന്നു.
മുഴുകുടിയൻ ലെെൻമാൻ ലോനപ്പൻ
(മീശ മാധവൻ)
.jpg?$p=8a6554b&&q=0.8)
'മീശ മാധവനി'ൽ പ്രേക്ഷകരെ എൻർടെയ്ൻ ചെയ്ത ഒരുപാട് കഥാപാത്രങ്ങളുണ്ട്. പക്ഷേ ഞാൻ ഇവിടെ എടുത്ത് പറയുന്നത് മച്ചാൻ വർഗീസിന്റെ കഥാപാത്രമാണ്. മച്ചാൻ വർഗീസ് ചെയ്ത ലെെൻമാൻ ലോനപ്പൻ മുഴുക്കുടിയനാണ്. അയാൾ എല്ലായ്പ്പോഴും പോസ്റ്റിന് മുകളിലാണ്. വഴിയിലൂടെ പോകുന്നവരെയെല്ലാം ലോനപ്പൻ മുകളിൽനിന്ന് കളിയാക്കും, പിള്ളേച്ചനും (ജഗതി ശ്രീകുമാർ) ത്രിവിക്രമനും ( കൊച്ചിൻ ഹനീഫ) കഴുത്തിൽ കോളറിട്ട് നടന്നുപോകുമ്പോൾ പെടലികളേ... എന്ന് വിളിച്ച് പരിഹസിക്കുന്നുണ്ട് ലോനപ്പൻ. ഇയാൾ പോസ്റ്റിൽനിന്ന് താഴെ ഇറങ്ങാൻ കാത്തിരിക്കുകയാണ് ആ നാട്ടിലെ പലരും.
അന്ന് മച്ചാൻ വർഗീസ് അധികം സിനിമകൾ ഇല്ലാതെ ഇരിക്കുകയായിരുന്നു. അദ്ദേഹത്തോട് ഞാൻ ഔട്ട്ഡോർ ഷൂട്ടിങുള്ള സമയത്തെല്ലാം സെറ്റിൽ വരാൻ പറയുമായിരുന്നു. സിനിമ കാണുമ്പോൾ ശ്രദ്ധിച്ചാൽ അറിയാം അദ്ദേഹത്തിന് എഴുതി വച്ച രംഗങ്ങൾക്ക് പുറമേ മിക്ക ഔട്ട് ഡോർ സിനുകളിലും മച്ചാൻ വർഗീസിന്റെ കഥാപാത്രത്തിന്റെ സാന്നിധ്യമുണ്ടായിരുന്നു. കവലയിലെ ഒരു വെെഡ് ആംഗിൾ സീൻ എടുക്കുമ്പോൾ എതെങ്കിലും ഒരു പോസ്റ്റിൽ ലോനപ്പൻ ഉണ്ടായിരിക്കും. പല രംഗങ്ങളിലും മച്ചാൻ വർഗീസ് സ്വന്തമായി കൗണ്ടറടിച്ചിട്ടുണ്ട്. അതിൽ പലതും സിനിമയിൽ ഉപയോഗിക്കാൻ സാധിക്കുകയും പിന്നീടത് നന്നായി വരികയുമായിരുന്നു. അദ്ദേഹം ഈ സിനിമയിൽ ഉടനീളം സഹകരിച്ചത് കൊണ്ടാണ് ലോനപ്പൻ എന്ന കഥാപാത്രത്തെ ഇന്നും പ്രേക്ഷകർ ഓർത്തിരിക്കുന്നത്.
ഒരു അഭിനേതാവിനെ കാസ്റ്റ് ചെയ്യുമ്പോൾ അയാളുടെ സീനുകളുടെ എണ്ണം പരിമിതമാണെങ്കിൽ കൂടി നന്നായി പെർഫോം ചെയ്യാനുള്ള ഒരു സാധ്യത നൽകാൻ ശ്രദ്ധിക്കാറുണ്ട്. ഉദാഹരണമായി 'മീശ മാധവനി'ലെ തന്നെ മണികണ്ഠൻ പട്ടാമ്പിയുടെ കഥാപാത്രം. മണികണ്ഠൻ പലയിടത്തും പ്രത്യേക്ഷപ്പെടുന്നുണ്ട്. ഡയലോഗ് പറയുകയും പെർഫോം ചെയ്യുകയും ചെയ്യുന്ന ആർട്ടിസ്റ്റുകൾക്കൊപ്പം നിന്ന് റിയാക്ട് ചെയ്യുന്ന രംഗങ്ങളാണ് അതിൽ ഭൂരിഭാഗവും. എന്നാൽ ആ കഥാപാത്രത്തിന് സിനിമയിൽ ഒരു ലക്ഷ്യം ഉണ്ടായിരുന്നു. അതായിരുന്നു വെടിവഴിപാട് വിളിച്ചു പറയുന്ന രംഗം. അതിൽ അദ്ദേഹം മികച്ച പ്രകടനം കാഴ്ച വച്ചതുകൊണ്ടാണ് ഇന്നും ആ രംഗം പ്രേക്ഷകർ ഓർത്തിരിക്കുന്നത്.
എന്റെ അനുഭവം പറയുകയാണെങ്കിൽ ഹ്യൂമർ രംഗങ്ങൾ സ്ക്രിപ്റ്റിൽ എഴുതിയതു പോലെ വള്ളിയും പുള്ളിയും തെറ്റാതെ അതേപടി സിനിമയിൽ വരണമെന്നില്ല. അതിൽ ചിലപ്പോൾ അഭിനേതാക്കളുടെ സംഭാവനയും ഉണ്ടായിരിക്കും. പ്രത്യേകിച്ച് ജഗതി, നെടുമുടി, ഇന്നസെന്റ്, കൊച്ചിൻ ഹനീഫ എന്നിവരെപ്പോലുള്ള മഹാപ്രതിഭകൾക്കൊപ്പം പ്രവർത്തിക്കുമ്പോൾ. അന്ന് ഈ കാരവൻ സംസ്കാരം ഇല്ലാതിരുന്നതിനാൽ ഒഴിവുസമയങ്ങളിൽ ഇവരെല്ലാം പരസ്പരം സംസാരിക്കും. അതിൽനിന്ന് തന്നെ പല ഗംഭീര ഡയലോഗുകളും നമുക്ക് പിടിച്ചെടുക്കാൻ സാധിക്കും. അതുപോലെ സ്ക്രിപ്റ്റ് വിവരിച്ചുകൊടുക്കുമ്പോൾ അഭിനേതാക്കൾ തന്നെ പല നിർദ്ദേശങ്ങളും ഇങ്ങോട്ട് പറയും. എന്റെ അസിസ്റ്റന്റുകളോട് അതെല്ലാം കുറിച്ചുവയ്ക്കാൻ പറയാറുണ്ട്. അങ്ങനെ ചെയ്ത പല ഡയലോകുകളും പിന്നീട് സിനിമയിൽ നന്നായി ഉപയോഗിക്കാൻ കഴിഞ്ഞിട്ടുണ്ട്.
പ്രൊഫസർ അയ്യരും ബാലചന്ദ്ര മേനോനും തമ്മിൽ
(ക്ലാസ്മേറ്റ്സ്)
.jpg?$p=74dd70a&&q=0.8)
ബാലചന്ദ്ര മേനോന്റ് പ്രൊഫസർ അയ്യർ എന്ന കഥാപാത്രത്തെയാണ് ഞാൻ 'ക്ലാസ്മേറ്റി'ൽ ഏറെ ഓർത്തിരിക്കുന്നത്. കഥാപാത്രത്തിന്റെ ഗെറ്റപ്പ് എങ്ങനെ വേണമെന്ന് തീരുമാനിക്കുന്ന സമയത്താണ്, നീളൻ മുടി വച്ചാലോ എന്ന് ബാലചന്ദ്ര മേനോൻ ചോദിക്കുന്നത്. അദ്ദേഹത്തിന് വിഗുണ്ട്, അത് എങ്ങനത്തെ വേണമെന്ന് താൻ തന്നെ തീരുമാനിച്ചോട്ടേ എന്നാണ് അദ്ദേഹം ചോദിക്കുന്നത്. അദ്ദേഹത്തിന്റെ മനസ്സിൽ ഗായകൻ ഹരിഹരന്റെ ലുക്കായിരുന്നു. ശരിയെന്ന് ഞാനും പറഞ്ഞു. അദ്ദേഹം വിഗ് വച്ച് ലൊക്കഷേനിലെത്തിയപ്പോൾ ഞെട്ടിപ്പോയി. മേനോൻ സാറിൽ നിന്ന് ഇങ്ങനെ ഒരു സ്റ്റെെൽ പ്രേക്ഷകർ പ്രതീക്ഷിക്കുമോ എന്ന സംശയം പൃഥ്വിരാജെല്ലാം പറഞ്ഞു.
സ്റ്റേജിൽ പാടുന്ന ഗായകന്റെ ഷോട്ടാണ് സിനിമയിൽ ആദ്യം എടുത്തത്. ഓഡിയൻസിന്റെ ഇടയിൽ ഇരിക്കുന്ന അദ്ദേഹത്തിന്റെ ബാക്ക് ഷോട്ട് മാത്രമേ അതിൽ വരികയുള്ളൂ. അതിന് മുന്നോടിയായി ഞാൻ അദ്ദേഹത്തോട് പോണി ടെയ്ൽ അഴിച്ചുമാറ്റാമോ, അതാണ് കുറച്ച് നല്ലതെന്ന് പറഞ്ഞു. പിന്നെ ഷോട്ട് എടുത്തതിന് ശേഷം നമുക്ക് മുടിയുടെ നീളം അൽപ്പം കുറച്ചാലോ എന്ന് ഞാൻ ചോദിച്ചു. അദ്ദേഹം അത് സമ്മതിച്ചു. മേക്കപ്പ് ആർട്ടിസ്റ്റിനോട് കുറച്ച് നന്നായി കുറച്ചോളാൻ ഞാൻ പറഞ്ഞു. ചെറിയ മാറ്റങ്ങൾ വരുത്തിയപ്പോൾ പ്രൊഫസർ അയ്യരുടെ ലുക്ക് ഗംഭീരമായി. നീളം കൂടിയ വിഗ് വയ്ക്കാമെന്ന അദ്ദേഹത്തിന്റെ ആശയം ശരിയാണെന്ന് എനിക്ക് അപ്പോഴാണ് ബോധ്യപ്പെട്ടത്. പിന്നീട് പൃഥ്വിരാജ് എന്നോട് പറഞ്ഞു, ശരിയാണ് ചേട്ടാ, ഞാൻ ആയിരുന്നെങ്കിൽ ആ വിഗ് വേണ്ട എന്ന് പറഞ്ഞേനേ. പക്ഷേ, മാറ്റങ്ങൾ വരുത്തിയപ്പോൾ നന്നായി വന്നിട്ടുണ്ട്.
മകൻ മരിച്ചതിന് ശേഷം പ്രൊഫസർ അയ്യർ പള്ളിയിലെ പുരോഹിതനോട് സംസാരിക്കുന്ന സീനുണ്ട്. യാതൊരു നിർദ്ദേശവും ഒരു സംവിധായകൻ എന്ന നിലയിൽ അദ്ദേഹത്തിന് നൽകേണ്ടി വന്നില്ല. അതിവെെകാരികമായ ആ രംഗം അത്രയും മനോഹരമായാണ് അദ്ദേഹം അവതരിപ്പിച്ചത്. ബാലചന്ദ്ര മേനോന്റെ സിനിമകൾ കണ്ടു വളർന്ന ഒരാളാണ് ഞാൻ. അദ്ദേഹത്തെ വച്ച് ഒരു സിനിമ ചെയ്യാൻ സാധിക്കുമെന്ന് ഞാൻ ചിന്തിച്ചിട്ടേ ഉണ്ടായിരുന്നില്ല. 'ക്ലാസ്മേറ്റ്സി'ലൂടെ എനിക്കത് സാധിച്ചതിൽ അതിയായ ആത്മസംതൃപ്തിയുണ്ട്.
രാധയും പിന്നെ പരദൂഷണം വറീതും
(ചാന്തുപൊട്ട്)
.jpg?$p=c3fc77b&&q=0.8)
'ചാന്തുപൊട്ടി'ൽ രാധയോളം സ്വാധീനിച്ച മറ്റൊരു കഥാപാത്രമില്ല. കാരണം മറ്റൊന്നുമല്ല ദിലീപ് എന്ന നടന്റെ പ്രകടനം തന്നെ. മറ്റൊരു നടനെകൊണ്ട് അത് സാധ്യമാകുമെന്ന് എനിക്ക് തോന്നുന്നില്ല. പക്ഷേ, അതിൽ ഞാൻ പരീക്ഷണം നടത്തിയ ഒരു കഥാപാത്രമുണ്ടായിരുന്നു. സലീം കുമാറിന്റെ ചായക്കടക്കാരന്റെ വേഷം. നാട്ടിൽ അത്യാവശ്യം കുശുമ്പും കുന്നായ്മയും പറഞ്ഞു പരത്തുന്ന ഒരാൾ. സലീം കുമാറിനെ ആയിരുന്നില്ല, മറ്റൊരു നടനെ അഭിനയിപ്പിക്കണമെന്നാണ് ഞാൻ ആദ്യം മനസ്സിൽ കരുതിയത്. സലീം കുമാറിനെ നായകനാക്കി അച്ഛനുറങ്ങാത്ത വീട് എന്ന സിനിമ ഒരുക്കുന്നതിനുള്ള ചർച്ചകൾ പുരോഗമിച്ചു കൊണ്ടിരിക്കുകയായിരുന്നു ആ സമയത്ത്. അതുകൊണ്ടു തന്നെ സലീമിനെ ഞാൻ ഇതിലേക്ക് കാസ്റ്റ് ചെയ്യാമന്ന് തീരുമാനിക്കുകയായിരുന്നു. പ്രായമായ ഒരു കഥാപാത്രത്തെ സലീമിന് എത്രത്തോളം നന്നായി അവതരിപ്പിക്കാൻ സാധിക്കുമെന്ന് അറിയാനുള്ള ഒരു പരീക്ഷണം കൂടിയായിരുന്നു.
.jpg?$p=ea79d92&&q=0.8)
ചതിക്കപ്പെടുന്ന സഖാവ് സൊസെെറ്റി ഗോപാലനും നിലപാടുള്ള അൻവറും
(അറബിക്കഥ)
.jpg?$p=e2b8920&&q=0.8)
'അറബിക്കഥ'യിൽ ഞാൻ എപ്പോഴും ഓർത്തിരിക്കുന്ന രണ്ട് കഥാപാത്രങ്ങളാണുള്ളത്. നെടുമുടി വേണുവിന്റെ സൊസെെറ്റി ഗോപാലനും ഇന്ദ്രജിത്തിൻെറ അൻവറും. സൊസെെറ്റി ഗോപാലൻ പുന്നപ്ര വയലാർ സമരത്തിൽ പങ്കെടുത്തിട്ടുള്ള സഖാവാണ്. കാലത്തിന് അനുസരിച്ചുള്ള മാറ്റങ്ങളും പുതിയ രാഷ്ട്രീയവുമൊക്കെ മനസ്സിലാക്കുന്ന ഒരു വ്യക്തിയാണ്. കടുംപിടുത്തങ്ങളില്ലാത്ത ഒരാൾ. എന്നാൽ അതിന് നേർ വിപരീതമാണ് മകൻ ക്യൂബ മുകുന്ദൻ. പക്ഷേ കഥയിൽ സൊസെെറ്റി ഗോപാലൻ ചതിക്കപ്പെടുന്നു. അച്ഛനുണ്ടാക്കി വച്ചു എന്ന് പറയപ്പെടുന്നതിന്റെ പേരിൽ മകന് വിദേശത്ത് പോയി ജോലി ചെയ്യേണ്ടി വരികയാണ്. അച്ഛനത് ചെയ്തിട്ടില്ലെന്ന് ക്യൂബ മുകുന്ദന്റെയുള്ളിൽ വിശ്വാസമുണ്ടെങ്കിലും അയാളതിന് നിർബന്ധിതനാവുകയാണ്.
.jpg?$p=1dd8c95&&q=0.8)
ഇന്ദ്രജിത്തിന്റെ അൻവറിനെക്കുറിച്ച് പറയുകയാണെങ്കിൽ വ്യക്തമായ നിലപാടുള്ള മനുഷ്യത്വമുള്ള ഒരു രാഷ്ട്രീയ പ്രവർത്തകനാണ് അൻവർ. ആരുടെ മുഖത്ത് നോക്കിയും തെറ്റാണെങ്കിൽ അത് വിളിച്ചു പറയാൻ ധെെര്യമുള്ള വിപ്ലവകാരി. അയാൾ പൂർണമായും മുകുന്ദന്റെ പക്ഷത്താണ്. അൻവർ എന്ന ഒരാളുടെ പ്രയത്നം കൊണ്ടാണ് മുകുന്ദന്റെ സത്യസന്ധത തെളിയിക്കപ്പെട്ടത്. ഒരുപാട് പ്രശംസിക്കുകയും വിമർശിക്കപ്പെട്ടുകയും ചെയ്യപ്പെട്ട സിനിമയാണ് 'അറബിക്കഥ'. കമ്മ്യൂണിസ്റ്റ് പാർട്ടിയെ വിമർശിച്ചു എന്നതിന്റെ പേരിൽ ഒരുപാട് ചോദ്യം ചെയ്യപ്പെട്ടു. നീ ആരാടാ, ഞങ്ങളെ വിമർശിക്കാൻ എന്ന് പലരും പ്രത്യക്ഷമായും പരോക്ഷമായും ചോദിച്ചിട്ടുണ്ട്.
നായികമാരിൽ പ്രിയപ്പെട്ട മായ
(ഡയമണ്ട് നെക്ലേസ്)
.jpg?$p=f1b1304&&q=0.8)
'ഡയമണ്ട് നെക്ലസി'ൽ സംവൃത അവതരിപ്പിച്ച മായ എന്ന കഥാപാത്രത്തെ ഞാൻ എന്നും ഹൃദയത്തോട് ചേർത്തുവയ്ക്കുന്നു. ജീവിതത്തിൽ ഒരുപാട് പ്രശ്നങ്ങളിലൂടെ കടന്നുപോകുന്ന പെൺകുട്ടിയാണ് മായ. അരുണിനെ (ഫഹദ് ഫാസിൽ) അവൾ സ്നേഹിക്കുന്നത് തികച്ചും ആത്മാർഥമായിരുന്നു. പക്ഷേ അയാളിൽനിന്നും അവൾക്ക് തിരിച്ചു കിട്ടുന്നത് തീരാവേദനയാണ്. അതിൽ തകർന്നുപോകുന്നുവെങ്കിലും അതിൽ നിന്നെല്ലാം ഉയർത്തെഴുന്നേറ്റ് ജീവിതത്തെ ശുഭാപ്തി വിശ്വാസത്തോടെ നേരിടുന്ന മായയാണ് ക്ലെെമാക്സിൽ കാണാനാകുക.
കാൻസർ ബാധിതയാണ് മായ. പബിൽവച്ച് നൃത്തം ചെയ്യുമ്പോൾ അവളുടെ വിഗ് അഴിഞ്ഞുപോകുന്ന രംഗമുണ്ട്. വെെകാരികമായി എന്നെ ഏറ്റവും കൂടുതൽ സ്പർശിച്ച രംഗമതായിരുന്നു അത്. സത്യത്തിൽ മനസ്സുവിങ്ങിപ്പോയി. ഒരിക്കൽ മംമ്ത എന്നോട് ചോദിച്ചു, മായയുടെ കഥാപാത്രത്തെ എനിക്ക് തരാമായിരുന്നില്ലേ എന്ന്. ജീവിതത്തിൽ അത്തരമൊരു അനുഭവത്തിലൂടെ കടന്നുപോയ നിന്നെ വച്ച് ആ സിനിമ ചെയ്യാനുള്ള ധെെര്യം എനിക്കില്ലെന്നാണ് ഞാനന്ന് മംമ്തയോട് പറഞ്ഞത്. എന്റെ സ്ത്രീകഥാപാത്രങ്ങളിൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ടത് മായയാണ്.
വളരെ റിയലിസ്റ്റിക് പശ്ചാത്തലത്തിലുള്ള ഒരു കമേഴ്സ്യൽ സിനിമയായിരുന്നു 'ഡയമണ്ട് നെക്ലേസ്'. എല്ലാ മനുഷ്യരും സാഹചര്യങ്ങളുടെ സന്തതിയാണെന്ന് വിശ്വസിക്കുന്നു. എല്ലാവരിലും നന്മയും തിൻമയുമുണ്ട്. അതിൽ ഏതെങ്കിലും ഏറി നിൽക്കുമ്പോഴാണ് നല്ലത്, ചീത്ത തുടങ്ങിയ പേരുകൾ വരുന്നത്. പ്രതികൂലമായ അവസ്ഥയിലും ധാർമികത വിട്ടു കളയാത്ത ഒരാളെ മഹത് വ്യക്തി എന്നൊക്കെ വിശേഷിപ്പിക്കാം. എന്നാൽ 'ഡയമണ്ട് നെക്ലേസി'ലെ അരുൺ കുമാർ അങ്ങനെയുള്ള ഒരാളല്ല. കെെവിട്ട ആർഭാടജീവിതം സമ്മാനിച്ച സാമ്പത്തിക പരാധീനതകളിൽനിന്ന് കരകയറൻ മനുഷ്യത്വത്തെ അയാൾ പലപ്പോഴും പണയം വയ്ക്കുന്നത് കാണാം. പക്ഷേ, അതിൽ അയാൾക്ക് അതിയായ കുറ്റബോധമുണ്ടെങ്കിലും നിവൃത്തികേട് കൊണ്ട് പിന്നേയും തെറ്റുകൾ ചെയ്തു കൂട്ടുകയാണ്. ജീവിതത്തിൽ ഞാൻ കണ്ടുമുട്ടിയ പല മനുഷ്യരിലും അരുണിന്റെ ട്രെയ്റ്റുകൾ ഞാൻ കണ്ടിട്ടുണ്ട്.
.jpg?$p=2922c1a&&q=0.8)
അഭിനന്ദനങ്ങളും വിമർശനങ്ങളും ഏറ്റുവാങ്ങിയ 33 വർഷങ്ങൾ
.jpg?$p=430c1f1&&q=0.8)
വിമർശനങ്ങളെയും വിമർശകരെയും ഒരുപാട് ഞാൻ കണ്ടിട്ടുണ്ട്. സഹസംവിധായകനായുള്ള കാലം മുതൽക്കു തന്നെ. ആദ്യകാലഘട്ടങ്ങളിൽ എനിക്ക് വല്ലാതെ വിഷമം തോന്നിയിട്ടുണ്ട്. പിന്നീടത് പ്രശ്നമല്ലാതായി. സഹസംവിധായകനായി പ്രവർത്തിച്ച കാലഘട്ടം മുതൽ നോക്കുമ്പോൾ മുപ്പത്തി മൂന്ന് വർഷം കഴിഞ്ഞിരിക്കുന്നു. ക്രിയാത്മകമായി വിമർശിക്കുന്നവരുടെ വാക്കുകളെ എന്നും ഉൾക്കൊണ്ടിട്ടുണ്ട്. അവർ ഇപ്പോഴും നമുക്കിടയിൽ ഉണ്ട്. പക്ഷേ, കുറ്റം പറയാൻ വേണ്ടി മാത്രം വിമർശിക്കുന്നവരുടെ വാക്കുകൾ ക്ഷമയോടെ കേട്ടിട്ടില്ല. അതിനുള്ള ക്ഷമ എനിക്കില്ല. അവരിൽ പലരും ഇന്ന് എന്തുചെയ്യുകയാണെന്ന് പോലും എനിക്കറിയില്ല. അവരെ ഗൗനിക്കാറുമില്ല. എനിക്കവരോട് സഹതാപമേയുളളൂ.
Content Highlights: lal jose director celebrate 25 years in Malayalam cinema, Filmography, favorite characters


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..