ന്ത്യന്‍ സിനിമ ചരിത്രത്തില്‍ പുതിയൊരു അധ്യായം തന്നെ എഴുതിചേര്‍ത്ത ബോളിവുഡ് സിനിമ 'ലഗാന്‍' റിലീസായിട്ട് 20 വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുകയാണ്. ആമിര്‍ ഖാനെ നായകനാക്കി അശുതോഷ് ഗവാരിക്കര്‍ സംവിധാനം ചെയ്ത ലഗാന്‍ 2001 ജൂണ്‍ 15-നാണ് പ്രദര്‍ശനത്തിനെത്തിയത്.

സ്‌പോര്‍ട്‌സ് സിനിമ ഗണത്തില്‍ പെടുന്ന ലഗാന്‍ ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യയില്‍ നടന്ന ഒരു ക്രിക്കറ്റ് മത്സരത്തിന്റെ കഥയാണ് പറഞ്ഞത്. ആമിറിന് പുറമേ ഗ്രേസി സിങ്, സുഹാസിനി മുലെ, റേച്ചല്‍ ഷെല്ലി, പോള്‍ ബ്ലാക്ക്‌തോണ്‍, കുല്‍ഭൂഷന്‍ ഖര്‍ബന്ദ, രഘുവീര്‍ യാദവ് തുടങ്ങിയവരാണ് ചിത്രത്തില്‍  മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 

സത്യജിത്ത് ഭത്കല്‍ രചിച്ച ദ സ്പിരിറ്റ് ഓഫ് ലഗാന്‍ എന്ന പുസ്തകത്തില്‍ ചിത്രത്തിന്റെ മേക്കിങ്ങിനെക്കുറിച്ച് വിശദമായി പറയുന്നുണ്ട്. ലഗാന്റെ തിരക്കഥാകൃത്തു കൂടിയായ അശുതോഷ് ഗവാരിക്കര്‍ ചിത്രത്തെക്കുറിച്ച് ആമിറിനോട് പറഞ്ഞപ്പോള്‍, ആദ്യം അദ്ദേഹം സമ്മതിച്ചില്ല. ക്രിക്കറ്റ്  പശ്ചാത്തലത്തിലുള്ള ബ്രിട്ടീഷ് ഇന്ത്യയിലെ ഈ കെട്ടുകഥ വിജയിക്കുകയില്ലെന്നും താനൊരു സാഹസത്തിന് തയ്യാറല്ലെന്നും ആമിര്‍ തീര്‍ത്തു പറഞ്ഞു.

എന്നാല്‍, അശുതോഷിന്റെ തിരക്കഥയില്‍ ആമിറിന്റെ മുന്‍ഭാര്യ റീന ദത്തയ്ക്ക് വിശ്വാസമുണ്ടായിരുന്നു. ആമിറിനെ ചിത്രം ചെയ്യാന്‍ പ്രേരിപ്പിച്ചതും റീനയാണ്. ഈ ചിത്രം അദ്ദേഹത്തിന്റെ കരിയര്‍ മാറ്റിമറിക്കുമെന്ന് റീനയ്ക്ക് ഉറപ്പുണ്ടായിരുന്നു. അങ്ങനെ റീന പകര്‍ന്ന ആത്മവിശ്വാസത്തിലാണ് ആമിര്‍  ലഗാനിലേക്ക് പ്രവേശിക്കുന്നത്. ചിത്രത്തിന്റെ നിര്‍മാണം റീന ഏറ്റെടുത്തു. ലഗാന്റെ ആദ്യം മുതല്‍ അവസാനം വരെ റീന പങ്കാളിയായി. ലഗാന് ശേഷമാണ് ആമിര്‍ ഖാന്‍ ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ ബ്രാന്‍ഡുകളിലൊന്നായി മാറുന്നത്. 

ബ്രിട്ടിഷ് ഭരണകാലത്തെ ഇന്ത്യയിലെ ഒരു ചെറിയ ഗ്രാമത്തിലാണ് സിനിമയുടെ കഥ നടക്കുന്നത്. ക്യാപ്റ്റന്‍ റസ്സല്‍ എന്ന ഭരണാധികാരി തന്റെ ഗ്രാമത്തില്‍ വളരെ വലിയ ഭൂനികുതി ഏര്‍പ്പെടുത്തി. ഇതില്‍ കുപിതനായ ഭുവന്‍ എന്ന ചെറുപ്പക്കാരന്‍ ഗ്രാമവാസികളോട് ഈ നടപടി എതിര്‍ക്കാന്‍ ആവശ്യപ്പെടുന്നു. പ്രശ്‌നം പരിഹരിക്കാന്‍ ക്യാപ്റ്റന്‍ റസ്സല്‍ ഒരു നിര്‍ദ്ദേശം വെച്ചു, ക്രിക്കറ്റ് കളിയില്‍ തന്റെ ടീമിനെ തോല്‍പ്പിച്ചാല്‍ നികുതി റദ്ദാക്കാം. അങ്ങനെ പരിചയമില്ലാത്ത കളി കളിക്കുക എന്ന കടമ്പ കടക്കുകയാണ് ഇതിവൃത്തം. 

ദേശിയ- അന്തര്‍ ദേശീയ തലങ്ങളില്‍ നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള ലഗാന്‍ ഇന്ത്യന്‍ സിനിമ ചരിത്രത്തിലെ ഏറ്റവും മികച്ച ചിത്രങ്ങളില്‍ ഒന്നാണ്. മികച്ച കൊറിയോഗ്രഫി, മികച്ച ജനപ്രിയ ചിത്രം, മികച്ച പിന്നണി ഗായകന്‍, മികച്ച ഗാനരചയിതാവ്, മികച്ച വസ്ത്രാലങ്കാരം, മികച്ച കലാസംവിധാനം തുടങ്ങി വിവിധ വിഭാഗങ്ങളിലായി എട്ട് ദേശീയ അവാര്‍ഡുകളാണ് ആ വര്‍ഷം ലഗാന്‍ വാരിക്കൂട്ടിയത്. കൂടാതെ മികച്ച വിദേശ ഭാഷ സിനിമക്കുള്ള ഓസ്‌കര്‍ നോമിനേഷനും ലഗാന്‍ നേടിയെടുത്തു. ഇതിന് പുറമേ എട്ട് ഫിലിം ഫെയര്‍ അവാര്‍ഡുകളും ലഗാനെ തേടിയെത്തി. എ.ആര്‍. റഹ്‌മാന്‍ ഒരുക്കിയ പാട്ടുകളും സിനിമയുടെ വിജയത്തില്‍  നിര്‍ണായകമായ  പങ്കുവഹിച്ചു.

ലഗാന്റെ റിലീസിന് ശേഷം റീനയുടെയും ആമിറിന്റെയും ദാമ്പത്യം അധികകാലം നീണ്ടുപോയില്ല. സിനിമയുടെ ചിത്രീകരണവേളയില്‍ റീനയും ആമിറും പരസ്പരം അകന്നു. ചിത്രത്തില്‍ സഹസംവിധായികയായ കിരണ്‍ റാവുമായി ആമിര്‍ സൗഹദത്തിലാകുന്നതും ലഗാന്റെ ചിത്രീകരണ വേളയിലാണ്. സിനിമ റിലീസ് ചെയ്ത് ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ റീനയും ആമിറും വേര്‍പിരിഞ്ഞു. പിന്നീട് കിരണുമായി പ്രണയത്തിലായ ആമീര്‍ 2005-ല്‍ അവരെ വിവാഹം ചെയ്തു. 

Content Highlights: Lagaan, 20 years of Indias epic movie,  Aamir Khan,  Ashutosh Gowariker, Reena dutta