വെള്ളിത്തിരയ്ക്ക് വിലയിടാന്‍ നയന്‍സ് കഴിഞ്ഞാല്‍ ഇനിയാര് ?


അഞ്ജയ് ദാസ്. എൻ.ടിസൂപ്പർ സ്റ്റാർഡം എന്ന വിശേഷണം അപൂർവമായിരുന്ന ഒരു കാലത്ത് പ്രതിഭകൊണ്ട് സിനിമാലോകത്തിൽ ഉദിച്ചുയർന്ന് പ്രകാശം ചൊരിഞ്ഞ ചില നക്ഷത്രങ്ങൾ. സൂപ്പർ നായിക എന്നാരും അന്ന് വിളിച്ചില്ലെങ്കിലും ഇന്നാലോചിക്കുമ്പോൾ അവരും സൂപ്പർ സ്റ്റാറായിരുന്നില്ലേ എന്ന് തോന്നിക്കുന്ന, അല്ല ഉറപ്പുള്ള ചിലർ.

.

സൂപ്പർ താരങ്ങൾ എന്നു പറഞ്ഞാൽ ബച്ചൻ മുതൽ യഷ് വരെയുള്ള ആണുങ്ങളേ വരൂ ഇന്ത്യൻ സിനിമാ പ്രേമികളുടെ മനസിൽ. പുരുഷന്മാർക്ക് മാത്രമേ ഈ സൂപ്പർ താരപദവി ചേരുകയുള്ളൂ എന്നത് വിലപ്പെട്ട ഒരു ചോദ്യമാണ്. ഈ ചോദ്യത്തിനുള്ള ഉത്തരമായി ഒരൊറ്റ പേരേ തെന്നിന്ത്യന്‍ സിനിമാപ്രേമികളുടെ മനസ്സില്‍
തെളിയൂ, നയൻതാര. പലരും വന്ന് പോയെങ്കിലും ദക്ഷിണേന്ത്യൻ ചലച്ചിത്രപ്രേമികൾ ലേഡി സൂപ്പർ സ്റ്റാർ എന്ന തിളക്കമാർന്ന അഭിസംബോധനയ്ക്ക് നൽകിയ രൂപമാണ് നയൻതാരയുടേത്. അപ്പോൾ മറ്റൊരു ചോദ്യം അവശേഷിക്കും. എന്തുകൊണ്ട് നയൻസ് മാത്രം. കരുത്തുറ്റ സ്ത്രീ കഥാപാത്രങ്ങൾ നിരവധി സ്ക്രീനിൽ വന്നുപോയെങ്കിലും മറ്റാരും ആ സൂപ്പർതാരപദവിയോളം എത്താതിരുന്നത് എന്തുകൊണ്ട്? അതിന് ഉത്തരം ലഭിക്കണമെങ്കിൽ നയൻതാര ആ സിംഹാസനത്തിലേയ്ക്ക് കയറിയ വഴി അറിയണം.

പത്തനംതിട്ട ജില്ലയിലെ ഇലന്തൂരിൽനിന്ന് ദക്ഷിണേന്ത്യൻ സിനിമയിലെ ഏറ്റവും വിലകൂടിയ താരം എന്ന നിലയിലേക്കുള്ള ഡയാന മരിയം കുര്യൻ എന്ന നയൻതാരയുടെ യാത്ര പല ഘട്ടങ്ങളിലായിരുന്നു. മലയാളത്തിൽ തുടങ്ങി തമിഴും തെലുങ്കും കടന്ന് ബോളിവുഡ് വരെ എത്തിനിൽക്കുന്നു ആ പ്രയാണം. ബോളിവുഡ് പ്രവേശനം പക്ഷേ, വൈകിയായിരുന്നു എന്നുമാത്രം. 2003-ൽ 'മനസിനക്കരെ' എന്ന ചിത്രത്തിലൂടെ സത്യൻ അന്തിക്കാട് അവതരിപ്പിച്ച ആ പെൺകുട്ടി ഇന്ന് സൂപ്പർ നായിക മാത്രമല്ല, നിർമാതാവ് കൂടിയാണ്. അഭിനയിച്ച ചിത്രങ്ങളുടെ എണ്ണമെടുത്താൽ മാതൃഭാഷയായ മലയാളത്തിൽ ചെയ്ത ചിത്രങ്ങൾ നന്നേ കുറവ്.

തെന്നിന്ത്യയിലെ ഒരുവിധം സൂപ്പർ നായകന്മാർക്കൊപ്പമെല്ലാം അവർ സ്ക്രീൻ പങ്കിട്ടുകഴിഞ്ഞു. മമ്മൂട്ടി, മോഹൻലാൽ, ജയറാം, ദിലീപ്, രജനികാന്ത്, വിജയ്, അജിത്, ശരത് കുമാർ, ചിരഞ്ജീവി, നാഗാർജുന അക്കിനേനി, വെങ്കിടേഷ്, രവി തേജ തുടങ്ങിയ സീനിയർ താരങ്ങളെ നായകനാക്കി സിനിമ പ്ലാൻ ചെയ്യുന്ന സംവിധായകർ നായികയായി ആദ്യ ഓപ്ഷൻ നയൻതാരയിലേക്കെത്തും വിധമായിരുന്നു അവരുടെ വളർച്ചയുടെ ഒരു ഘട്ടം. അതേസമയം, തൊട്ടു പിൻതലമുറ താരങ്ങളായ ധനുഷ്, സൂര്യ, ആര്യ, വിക്രം, പ്രഭാസ്, ശിവ കാർത്തികേയൻ, വിജയ് സേതുപതി, നിവിൻ പോളി, പൃഥ്വിരാജ് മുതലായവർക്കൊപ്പവും നമ്മൾ നയൻതാരയെ കണ്ടു.

തമിഴിൽ രജനിയുടെ നായികയായി 'ചന്ദ്രമുഖി'യിൽ എത്തിയതോടെയാണ് നയൻതാരയുടെ തലവര മാറുന്നത്. പിന്നീടങ്ങോട്ട് സിനിമകളുടെ ഒരു കുത്തൊഴുക്കായിരുന്നു. ഗ്ലാമർ റോളുകളിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങിയതോടെ ഇവർ മലയാളി തന്നെയല്ലേ എന്നൊരു ചോദ്യവും പലയിടങ്ങളിൽ നിന്നായി ഉയർന്നു. തിരക്ക് കൂടിയതോടെ മലയാളത്തിൽ കാണുന്നത് കുറയുകയും ചെയ്തു. ഇടയ്ക്ക് നടന്മാരായ ചിമ്പു, പ്രഭുദേവ എന്നിവരുമായി ചേർത്തുള്ള ഗോസിപ്പുകളും കേട്ടതോടെ നയൻസിന്റെ കരിയർ തീർന്നെന്ന് പലരും കരുതി.

അതെല്ലാം തകർത്തെറിഞ്ഞ് നായകനെ വെല്ലുന്ന, അല്ലെങ്കിൽ ഒറ്റയ്ക്ക് ഒരു സിനിമ വിജയിപ്പിക്കാനാകുന്ന നയൻതാരയേയാണ് പിന്നെ കണ്ടത്. നായകനൊപ്പം ആടിപ്പാടാനല്ലാതെ കാര്യമായി എന്തെങ്കിലും ചെയ്യാൻ പറ്റുന്ന റോളുകൾ മാത്രം ചെയ്യാൻ അവർ ശ്രദ്ധിച്ചു. അങ്ങനെ വന്നതാണ് 'അറവും' 'ഡോറ'യും 'കോലമാവ് കോകില'യും 'പുതിയ നിയമ'വും 'നെട്രിക്കണ്ണും' 'ഇമൈക്ക നൊടികളും' എല്ലാം. പരസ്യചിത്രങ്ങളും കൂടിയായപ്പോൾ ബ്രാൻഡ് അല്ലെങ്കിൽ ഐക്കൺ എന്ന നിലയിലേക്ക് നയൻതാര മാറി. അത് മനഃപൂർവമോ അറിയാതെയോ ആകട്ടെ, കാലം അങ്ങനെ സംഭവിപ്പിച്ചു എന്നതിലാണ് കാര്യം.

എന്തുകൊണ്ട് പുരുഷന്മാർ മാത്രം സൂപ്പർ താരങ്ങളായി വിശേഷിപ്പിക്കപ്പെടുന്നു? നടിമാർ ഈ വിശേഷണത്തിലേക്ക് എന്തുകൊണ്ട് എത്തിച്ചേരുന്നില്ല? എന്നുള്ള ചോദ്യങ്ങൾക്കെല്ലാം ഒന്നാലോചിച്ചാൽ ഉത്തരംകിട്ടും. നയൻസിനൊപ്പം തന്നെ പരാമർശിക്കപ്പെടേണ്ട ചിലരുണ്ട്. സൂപ്പർ സ്റ്റാർഡം എന്ന വിശേഷണം അപൂർവമായിരുന്ന ഒരു കാലത്ത് പ്രതിഭകൊണ്ട് സിനിമാലോകത്തിൽ ഉദിച്ചുയർന്ന് പ്രകാശം ചൊരിഞ്ഞ ചില നക്ഷത്രങ്ങൾ. സൂപ്പർ നായിക എന്നാരും അന്ന് വിളിച്ചില്ലെങ്കിലും ഇന്നാലോചിക്കുമ്പോൾ അവരും സൂപ്പർ സ്റ്റാറായിരുന്നില്ലേ എന്ന് തോന്നിക്കുന്ന, അല്ല ഉറപ്പുള്ള ചിലർ. അവരേക്കൂടി ഈ ഘട്ടത്തിൽ പറയാതെ പോകുന്നത് ശരിയല്ല.

ഇന്ത്യൻ സിനിമയിലെ ആദ്യ ലേഡി സൂപ്പർ സ്റ്റാർ

കയ്യിലേന്തിയ തോക്ക്. ക്രൗര്യം നിറഞ്ഞ മുഖം. അതുവരെ അനുഭവിച്ച എല്ലാം മനസിലേക്കാവാഹിച്ച്, ഉന്നംപിടിച്ച് കാഞ്ചിയിൽ ഒറ്റവലി. നർഗീസ് എന്ന അഭിനേത്രിയേക്കുറിച്ചോർക്കുമ്പോൾ 'മദർ ഇന്ത്യ 'എന്ന ചിത്രത്തേക്കുറിച്ച് പരാമർശിക്കാതെ പോവുന്നതെങ്ങനെ. 1935 മുതൽ 36 വരെയും 1942 മുതൽ 68 വരെയും ബോളിവുഡിൽ രാജ്ഞിയായി വിലസിയ നടിയായിരുന്നു നർഗീസ്. വെറും ആറുവയസുള്ളപ്പോൾ 'തലാഷേ ഹഖ്' എന്ന ചിത്രത്തിലെ ഒരു അപ്രധാന വേഷത്തിലായിരുന്നു നർഗീസിന്റെ സിനിമാ അരങ്ങേറ്റം. 1943-ൽ തന്റെ പതിനാലാം വയസിൽ മെഹബൂബ് ഖാന്റെ 'താഖ്ദീറി'ൽ മോത്തിലാലിന്റെ ജോഡിയായി അഭിനയിച്ചതാണ് നർഗീസിന്റെ സിനിമാ ജീവിതത്തിലെ വഴിത്തിരിവ്. ഒരു ഗംഭീര അരങ്ങേറ്റം എന്നാണ് ഈ ചിത്രത്തിലെ നർഗീസിന്റെ പ്രകടനം വിലയിരുത്തപ്പെട്ടത്.

നർ​ഗീസ് | ഫോട്ടോ: മാതൃഭൂമി ലൈബ്രറി

പിന്നീടങ്ങോട്ട് നർഗീസിന്റെ നാളുകളായിരുന്നു. അശോക് കുമാർ, ദിലീപ് കുമാർ, രാജ് കപൂർ എന്നിവർക്കൊപ്പമെല്ലാം നർഗീസ് വെള്ളിത്തിരയിലെത്തി. ദിലീപ് കുമാറായിരുന്നു നർഗീസിന്റെ ആദ്യകാല ഹിറ്റ് ജോഡി. 'ജോഗൻ', 'ബാബുൽ' എന്നിവ അതിൽ രണ്ടെണ്ണം മാത്രം. 'അദ്‌നാസ്', 'ബർസാത്' എന്നീ ചിത്രങ്ങളിലെ പ്രകടനം കണ്ടാണ് രാജ് കപൂർ നർഗീസിനെ തന്റെ 'ആവാര' എന്ന ചിത്രത്തിലേക്ക് നർഗീസിനെ ക്ഷണിച്ചത്. പുതിയൊരു ഹിറ്റ് കൂട്ടുകെട്ട് അവിടെ പിറക്കുകയായിരുന്നു. സിനിമയിലും ജീവിതത്തിലും. 'ആവാര'യിൽ സ്വിം സ്യൂട്ടിൽ പ്രത്യക്ഷപ്പെട്ട് ഒരു വിപ്ലവം തന്നെ നർഗീസ് സൃഷ്ടിച്ചു. 1951 ആണ് കാലം. അക്കാലത്ത് ഒരു ഇന്ത്യൻ നടിയുടെ ഏറ്റവും ബോൾഡായ വേഷം കൂടിയായാണ് ഇതിനെ ഇന്നും കണക്കാക്കുന്നത്.

പത്തു വർഷത്തിനിടെ 16 സിനിമകളിലാണ് രാജ്കപൂറും നർഗീസും അഭിനയിച്ചത്. സിനിമയെന്ന പോലെ കറുപ്പും വെളുപ്പും നിറഞ്ഞതായിരുന്നു അവരുടെ വ്യക്തിജീവിതവും. രാജ് കപൂറുമായുള്ള നീണ്ട കാലത്തെ ബന്ധം തന്നെ അതിൽ ഏറ്റവും പ്രധാനപ്പെട്ടത്. വിവാഹിതനും കുട്ടികളുള്ളയാളുമായിരുന്നു രാജ് കപൂർ. ഒരു ഘട്ടത്തിൽ ഭാര്യയെ വിവാഹമോചനത്തിന് വിസമ്മതിച്ചതോടെ ഒമ്പത് വർഷം നീണ്ട ആ ബന്ധത്തിന് തിരശ്ശീലവീണു. 'മദർ ഇന്ത്യ'യിലെ നായകനായ സുനിൽ ദത്തിനെയാണ് നർഗീസ് വിവാഹം കഴിച്ചത്. 'മദർ ഇന്ത്യ'യുടെ ചിത്രീകരണസമയത്ത് സെറ്റിലുണ്ടായ തീപ്പിടിത്തത്തിൽ നിന്ന് സുനിൽ ദത്ത് നർഗീസിനെ രക്ഷിച്ചത് അന്ന് വലിയ വാർത്തയായിരുന്നു.

നർ​ഗീസും രാജ്കപൂറും | ഫോട്ടോ: മാതൃഭൂമി ലൈബ്രറി

സിനിമയിൽ മാത്രം ഒതുങ്ങി നിന്നില്ല നർഗീസിന്റെ കലാസപര്യ. ഭർത്താവിനൊപ്പം അജന്ത ആർട്‌സ് കൾച്ചറൽ ട്രൂപ്പിന് അവർ രൂപം നൽകി. വിഭജനത്തിന് ശേഷം ബംഗ്ലാദേശിലെ ധാക്കയിൽ പ്രകടനം നടത്തിയ ഇന്ത്യൻ കലാസംഘം കൂടിയായിരുന്നു ഇത്. സ്പാസ്റ്റിക് സൊസൈറ്റി ഓഫ് ഇന്ത്യ രൂപീകരിക്കാനുള്ള കാരണക്കാരി കൂടിയായിരുന്നു അവർ. ഇന്ത്യയിലെ ആദ്യ ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടത് നർഗീസായിരുന്നു. 1980-ലും 81-ലും രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ടു.

മൂന്ന് മക്കളായിരുന്നു നർഗീസിന്. സഞ്ജയ് ദത്ത്, നമ്രത, പ്രിയ എന്നിങ്ങനെ. സഞ്ജയ് ദത്തിന്റെ ആദ്യചിത്രമായ 'റോക്കി'യുടെ റിലീസിന് മൂന്ന് ദിവസം മുമ്പാണ് നർഗീസ് അന്തരിക്കുന്നത്. പ്രദർശനദിവസം അഭിനേതാക്കളും അണിയറപ്രവർത്തകരും തിയേറ്ററിലെത്തിയപ്പോൾ ഒരു സീറ്റ് പ്രതീകാത്മകമായി നർഗീസിനായി ഒഴിച്ചിട്ടിരുന്നു. നർഗീസ് ഒഴിഞ്ഞ ഇരിപ്പിടത്തിലേക്ക് അത്രയും ശക്തയായ ഒരു നടി ബോളിവുഡിൽ പിന്നീട് വന്നിട്ടില്ലെന്നത് കൺമുന്നിലെ പരമാർത്ഥം മാത്രം.


ഒരാളുടെ വിപണി മൂല്യമാണ് ഇത്തരം പേരുകൾ കൊണ്ടുവരുന്നത്

"പണ്ട് സത്യൻ സാറും നസീർ സാറുമൊക്കെ അഭിനയിച്ചിരുന്ന സമയത്ത് ഉപയോഗിച്ചു കാണാത്ത വാക്കാണ് സൂപ്പർ സ്റ്റാർ എന്നത്. അഭിനയത്തിന്റെ കാര്യത്തിൽ അവരാരും ഇത്തരം ടൈറ്റിലുകൾ ഉപയോഗിച്ചു കണ്ടിട്ടില്ല. പിന്നീട് വിപണിയുമായി ബന്ധപ്പെട്ട് കോടി ക്ലബിലൊക്കെ കയറാൻ തുടങ്ങിയ ശേഷമാണ് ഇത്തരം വാക്കുകൾ ഇവിടെ വന്നിരിക്കുന്നത് എന്ന് സിനിമ പോവുന്ന പോക്കിൽ നോക്കിയാൽ അറിയാൻ പറ്റും. ഒരാളുടെ വിപണി മൂല്യമാണ് ഇത്തരം പേരുകൾ കൊണ്ടുവരുന്നത്."

- ശ്രീബാല കെ മേനോൻ, സംവിധായിക


മഹാനടി സാവിത്രി

ഇന്ത്യൻ സിനിമയിലെ സൂപ്പർ നായികമാരുടെ ചരിത്രമെടുക്കുമ്പോൾ സാവിത്രിയിൽനിന്ന് തന്നെ തുടങ്ങാം. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലായി നിറഞ്ഞുനിന്ന കലാകാരി. അഭിനയത്തിന് പുറമേ ഗായിക, നർത്തകി, സംവിധായിക, നിർമാതാവ് എന്നീ നിലകളിലും അവർ പ്രാഗത്ഭ്യം തെളിയിച്ചു. 12 വയസുമുതൽ സാവിത്രി സിനിമാരംഗത്തുണ്ട്. കൊച്ചുകുട്ടികൾ പിച്ചവെച്ച് തുടങ്ങും പോലെയായിരുന്നു സാവിത്രിയുടെ അഭിനയജീവിതം. തുടക്കത്തിൽ പല ചിത്രങ്ങളിലും അഭിനയിച്ചെങ്കിലും ഒന്നും പച്ചപിടിച്ചില്ല. 1952-ലെ 'പെല്ലി ചേസി ചൂടു' എന്ന ചിത്രത്തോടെ ആ പേരുദോഷം മാറിക്കിട്ടി. ആ കാലഘട്ടത്തിലെ ഏറ്റവും തിരക്കേറിയ നടിയായി സാവിത്രി മാറി. എം.ജി.ആർ, ശിവാജി ഗണേശൻ, ഭർത്താവുകൂടിയായ ജെമിനി ഗണേശൻ തുടങ്ങിയ വമ്പന്മാർക്കൊപ്പം സാവിത്രി ബിഗ് സ്‌ക്രീൻ വാണു. ഇതിൽ ഏറിയ പങ്ക് ചിത്രങ്ങളും ജെമിനി ഗണേശനൊപ്പമായിരുന്നു.

1960 -ലെ 'ചിവരാകു മിഗിലെഡി' എന്ന തെലുങ്കു സിനിമയിലെ അഭിനയത്തിന് രാഷ്ട്രപതിയുടെ പുരസ്‌കാരം സാവിത്രിയെ തേടിയെത്തി. 1968-ൽ സാവിത്രി നിർമാണവും സംവിധാനവും നിർവഹിച്ച 'ചിന്നരി പപലു' എന്ന തെലുങ്കു സിനിമയ്ക്ക് ഏറ്റവും നല്ല സിനിമയ്ക്കുള്ള നന്ദി അവാർഡ് ലഭിക്കുകയുണ്ടായി. 1960-നുശേഷമുള്ള ചലച്ചിത്രജീവിതത്തിൽ സാവിത്രി വലിയ സാമ്പത്തികപ്രശ്‌നങ്ങളിൽ ചെന്ന് വീഴുകയും മദ്യപാനത്തിന് അടിമപ്പെടുകയും ചെയ്തതോടെ അഭിനയജീവിതവും താറുമാറായി. 1969-ൽ മദ്യപാനം ആരംഭിച്ച സാവിത്രി വർഷങ്ങളോളം മദ്യത്തിനടിമയായിരുന്നു. പ്രമേഹവും ഉയർന്ന രക്തസമ്മർദ്ദത്തിന്റെയും ഫലമായി 45-ാമത്തെ വയസ്സിൽ 18 മാസം (ഒന്നര വർഷം) കോമയിൽ കിടന്നു. തുടർന്ന് 1981 ഡിസംബർ 26-ന് അന്ത്യം.

ജീവിതത്തിലെ കറുത്ത നാളുകളെ മാറ്റിനിർത്തി വിലയിരുത്തുകയാണെങ്കിൽ തെലുങ്കു സിനിമയിലെ ഏറ്റവും നല്ല അഭിനേത്രി എന്ന നിലയിലാണ് സാവിത്രി അറിയപ്പെട്ടിരുന്നത്. 30-ാമത്തെ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ 'സിനിമയിലെ വനിത' എന്നാണ് സാവിത്രിയെ വിശേഷിപ്പിച്ചത്. മഹാനടി എന്നൊരു വിശേഷണംകൂടിയുണ്ട് സാവിത്രിക്ക്. ആ ഒരു പേരിൽ അതിന് മുമ്പോ ശേഷമോ വേറൊരു നടി അറിയപ്പെട്ടിട്ടില്ല. അതുകൊണ്ടായിരിക്കാം 2018-ൽ കീർത്തി സുരേഷിനെ നായികയാക്കി സംവിധാനം ചെയ്ത, സാവിത്രിയുടെ ജീവിതകഥ പറയുന്ന ചിത്രത്തിന് 'മഹാനടി' എന്നുപേരിടാൻ നാഗ് അശ്വിൻ എന്ന സംവിധായകനെ പ്രേരിപ്പിച്ചതും.

മലയാളത്തിന്റെ ഭാഗ്യജാതകം

മലയാളത്തിന്റെ നിത്യഹരിത നായിക എന്ന വർണനയ്ക്ക് ഷീലയേക്കാൾ അർഹത വേറാർക്കും ഉണ്ടെന്ന് തോന്നുന്നില്ല. സത്യനും പ്രേംനസീറും വാണിരുന്ന കാലം തൊട്ട് മമ്മൂട്ടിയും മോഹൻലാലും ജയറാമും അടങ്ങുന്ന തലമുറവരെയുള്ളവർക്കൊപ്പമുള്ള അഭിനയം. സ്‌ക്രീനിൽ വന്ന് കഴിവുതെളിയിച്ചവർക്കും വരാനിരിക്കുന്നവർക്കും ജീവിക്കുന്ന പാഠപുസ്തകം കണക്കേയൊരു നടി ഷീലയല്ലാതെ വേറാരാണ്? നാല് തലമുറയിൽപ്പെട്ട പ്രേക്ഷകർ കണ്ട് മനസുനിറച്ച അഭിനയപ്രതിഭയാണ് ഷീല. മലയാളസിനിമയുടെ ചരിത്രത്തിനൊപ്പം നടന്ന മഹാനടി.

മലയാളവും തമിഴുമായിരുന്നു ഷീലയുടെ വേദികൾ. മലയാളത്തിൽ പ്രേംനസീറിനൊപ്പം സൃഷ്ടിച്ച താരജോഡി റെക്കോർഡ് മലയാളസിനിമാ ചരിത്രത്തിൽ അവഗണിക്കാനാവാത്ത സത്യമായി കിടക്കുന്നു. പതിമൂന്നാം വയസിൽ വീട്ടുകാരുടെ എതിർപ്പ് വകവെയ്ക്കാതെ ഷീല സെലിൻ എന്ന ഷീല നാടകരംഗത്തെത്തി. തമിഴിലായിരുന്നു തുടക്കം. എം.ജി.ആർ. നായകനായ 'പാസം' ആയിരുന്നു ആദ്യചിത്രം. ഈ ചിത്രത്തിന്റെ ചിത്രീകരണസമയത്ത് ഷീലയുടെ പേര് എം.ജി.ആർ സരസ്വതി ദേവി എന്നാക്കി മാറ്റി. 'പാസ'ത്തിന്റെ സെറ്റിൽ വെച്ച് സരസ്വതി ദേവിയെ കണ്ട പി. ഭാസ്‌കരൻ തന്റെ 'ഭാഗ്യജാതക'ത്തിൽ അവരെ ഷീല എന്ന പേരിൽ അവതരിപ്പിച്ചു. 'ഭാഗ്യജാതകം' തന്നെയാണ് ആദ്യം ഇറങ്ങിയതും. തുടർന്നങ്ങോട്ട് ഷീലയുടെ നാളുകളായിരുന്നു. 'ചെമ്മീൻ', 'അശ്വമേധം', 'കള്ളിച്ചെല്ലമ്മ', 'അടിമകൾ', 'ഒരുപെണ്ണിന്റെ കഥ', 'നിഴലാട്ടം', 'അനുഭവങ്ങൾ പാളിച്ചകൾ', 'യക്ഷഗാനം', 'ഈറ്റ', 'ശരപഞ്ചരം', 'കലിക', 'അഗ്‌നിപുത്രി', 'ഭാര്യമാർ സൂക്ഷിക്കുക', 'മിണ്ടാപ്പെണ്ണ്', 'വാഴ്വേമായം', 'പഞ്ചവൻ കാട്', 'കാപാലിക' തുടങ്ങിയ ചിത്രങ്ങളിൽ ഒട്ടേറെ കഥാപാത്രങ്ങൾക്ക് ജീവൻ നൽകി ഷീല തലമുറകളുടെ ഹരമായി മാറി. 'ഭാര്യമാർ സൂക്ഷിക്കുക' എന്ന സിനിമയിലെ 'ശോഭ' ഷീലയുടെ താരമൂല്യം കൂട്ടി.

പ്രേം നസീറും ഷീലയും | ഫോട്ടോ: മാതൃഭൂമി ലൈബ്രറി

പ്രേംനസീർ, സത്യൻ, മധു, ജയൻ, സുകുമാരൻ, കമലഹാസൻ തുടങ്ങി അന്നത്തെ മുൻനിര നായകൻമാരുടെയെല്ലാം നായികയായി ഈ നടി തിളങ്ങി. നടിയെന്നതിലുപരി കഥാകാരിയും നിർമാതാവും സംവിധായികുമായി അവർ. ഷീല സംവിധാനം ചെയ്ത 'യക്ഷഗാനം', 'ശിഖരങ്ങൾ' എന്നീ ചിത്രങ്ങൾ ക്ലാസിക് എന്ന വിശേഷണത്തോടെ ഇന്നും ആസ്വാദകഹൃദയങ്ങളിൽ നിലകൊള്ളുന്നു. 1980-ൽ 'സ്‌ഫോടനം' എന്ന ചിത്രത്തോടെ അഭിനയം തത്ക്കാലം നിർത്തിയ അവർ തിരിച്ചുവന്നത് 2003-ൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത 'മനസിനക്കരെ'യിലൂടെയായിരുന്നു. പഴയകാല സൂപ്പർ നായികയുടെ തിരിച്ചുവരവ് ഒരു പുതുമുഖ നായികയ്‌ക്കൊപ്പമായിരുന്നു. ഡയാന കുര്യൻ എന്ന പത്തനംതിട്ടക്കാരിയുടെ ലേഡി സൂപ്പർസ്റ്റാർ നയൻതാരയിലേക്കുള്ള യാത്രയുടെ ആദ്യപടവുകൂടിയായിരുന്നു 'മനസിനക്കരെ' എന്നത് കാലം കാത്തുവെച്ച നിധിയായിരിക്കാം.

തെന്നിന്ത്യയുടെ തലൈവി

നടിയായും രാഷ്ട്രീയനേതാവായും ജയലളിതയെ പോലെ വേറെ ആരെയെങ്കിലും ഇന്ത്യൻ ജനത കൊണ്ടാടിയിട്ടുണ്ടോ എന്ന് സംശയമാണ്. തമിഴരുടെ ഹൃദയത്തിലായിരുന്നു ജയലളിതയുടെ സ്ഥാനം. അല്ലെങ്കിൽ തങ്ങളിൽ ഒരാളായാണ് അവർ പുരട്ചി തലൈവിയെ കണ്ടിരുന്നത്. താൻ സിനിമയ്ക്കുവേണ്ടി ജനിച്ചയാളാണെന്ന് അവർക്കുതന്നെ തുടക്കകാലത്തിൽ തോന്നിയിട്ടുണ്ടാവാം. സൗന്ദര്യം, അപാരമായ ഭാഷാജ്ഞാനം, ശബ്ദം എന്നിവയെല്ലാം ഒത്തിണങ്ങിയ തികഞ്ഞ കലാകാരിയായിരുന്നു ജെ. ജയലളിത.

ജയലളിത സിനിമയിലും രാഷ്ട്രീയത്തിലും | ഫോട്ടോ: മാതൃഭൂമി ലൈബ്രറി

1948 ഫെബ്രുവരി 24-ന് ഇന്നത്തെ മാണ്ഡ്യയിൽ ജയറാമിന്റെയും വേദവല്ലിയുടേയും മകളായി ജനനം. കോമളവല്ലി എന്നായിരുന്നു അച്ഛനമ്മമാർ നൽകിയ പേര്. സ്‌കൂളിൽ ചേർന്നപ്പോൾ പേരുമാറ്റി ജയലളിതയായി. കുട്ടിക്കാലത്ത് മൈസൂരിൽ താമസിച്ചിരുന്ന രണ്ട് വീടുകളായ ജയവിലാസിന്റേയും ലളിതവിലാസിന്റെയും പേരുകൾ ചെറുതായി ഒന്ന് ഒരുമിപ്പിച്ചാണ് കോമളവല്ലി ജയലളിത എന്ന പേര് സ്വീകരിച്ചത്. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, മലയാളം, ഇംഗ്ലീഷ് ഭാഷകളിൽ പ്രാവീണ്യമുണ്ടായിരുന്നു ജയലളിതയ്ക്ക്. അവരുടെ കന്നഡ ഭാഷയും ഒഴുക്കും തന്നെ അത്ഭുതപ്പെടുത്തി എന്നാണ് ഇപ്പോഴത്തെ കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ മുൻപ് ജയലളിതയേക്കുറിച്ച് പറഞ്ഞത്. മൃഗങ്ങളോട് ഏറെ പ്രിയമുണ്ടായിരുന്ന അവരെ ഏറെ വിഷമിപ്പിച്ച സംഭവമായിരുന്നു ജൂലി എന്ന വളർത്തുനായയുടെ മരണം. 1998-ലായിരുന്നു ഇത്. ഇതിന് ശേഷം സ്വന്തം വീട്ടിൽ അവർ വളർത്തുമൃഗങ്ങളെ അനുവദിച്ചിട്ടില്ല.

അണ്ണൈ വേളാങ്കണ്ണി എന്ന ചിത്രത്തിൽ ജയലളിതയും ജെമിനി ​ഗണേശനും | ഫോട്ടോ: മാതൃഭൂമി ലൈബ്രറി

സിനിമയിലും രാഷ്ട്രീയത്തിലും ജയലളിതയ്‌ക്കൊപ്പം എപ്പോഴും എം.ജി.ആറിന്റെ സാന്നിധ്യമുണ്ടായിരുന്നു. വെള്ളിത്തിരയിലേക്ക് ജയലളിതയെ അവതരിപ്പിച്ച അതേ മൂന്നക്ഷരം തന്നെ രാഷ്ട്രീയത്തിലേക്കും അവരെ കൈപിടിച്ചുകൊണ്ടുവന്നു. 'ആയിരത്തിൽ ഒരുവൻ', 'കാവൽക്കാരൻ', 'അടിമൈ പെൺ', 'എങ്കൾ തങ്കം', 'കുടിയിരുന്ത കോവിൽ', 'നം നാട്' തുടങ്ങി നിരവധി ചിത്രങ്ങൾ ഈ കൂട്ടുകെട്ടിൽ വന്നു. ശിവാജി ഗണേശനൊപ്പം പതിനേഴും രവിചന്ദ്രനൊപ്പം പത്തും തെലുങ്കിൽ എൻ.ടി.ആറിനൊപ്പം 12 ചിത്രങ്ങളിലാണ് അവർ എത്തിയത്. പുരാണ കഥാപാത്രങ്ങളും ദേവീ കഥാപാത്രങ്ങളും ചെയ്തുകൊണ്ടിരുന്ന അതേസമയം തന്നെ വാണിജ്യ സിനിമകളിലും സോഷ്യോ ഡ്രാമ എന്ന് വിളിക്കാവുന്ന ചിത്രങ്ങളിലും ജയലളിത സാന്നിധ്യമരുളി.

1966-ൽ മാത്രം 11 ചിത്രങ്ങളിലാണ് ജയലളിത അഭിനയിച്ചത്. ഇതിൽ 'അരസ കട്ടളൈ' എന്ന ചിത്രത്തിന്റെ ടൈറ്റിൽ കാർഡിലാണ് ജയലളിതയുടെ പേരിനൊപ്പം ആദ്യമായി ഒരു വിശേഷണം കൂടി വരുന്നത്. കവർച്ചി കണ്ണി എന്നായിരുന്നു അത്. 1967 മുതൽ കലൈ സെൽവി എന്ന പേരിലായിരുന്നു ടൈറ്റിൽ കാർഡുകളിൽ ജയയുടെ പേര് അവതരിപ്പിക്കപ്പെട്ടത്. നായിക ജയലളിതയാണെങ്കിൽ സിനിമയുടെ പേര് നായികയുമായി ബന്ധപ്പെടുത്തി ചാർത്തുന്നതിൽ അന്നത്തെ നായകന്മാരും എതിർപ്പ് പറഞ്ഞിരുന്നില്ല എന്നതിൽത്തന്നെയുണ്ട് അവരുടെ താരമൂല്യം. തമിഴിൽ നായികയായെത്തിയ 92-ൽ 85 ചിത്രങ്ങളും വാണിജ്യ വിജയമാക്കിയ നടി എന്ന റെക്കോർഡ് തകർക്കാൻ പിന്നാലെ വന്നവർക്കാർക്കും സാധിച്ചില്ല. 1965-മുതൽ 1980 വരെ ഇന്ത്യയിൽത്തന്നെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിയായിരുന്നു അവർ. 1961 മുതൽ 1980 വരെ 125 ചിത്രങ്ങളിലാണ് പ്രധാന നായികയായി ജയ എത്തിയത്. ഇതിൽ 119-ഉം ബോക്‌സോഫീസ് ഹിറ്റുകൾ. 1980-ൽ സിനിമാ ലോകത്തുനിന്നും ജയലളിത എന്ന നടി അപ്രത്യക്ഷമായി. തമിഴ്‌നാടിന്റെ ചരിത്രത്തിൽ പിന്നെ നടന്നതെല്ലാം ചരിത്രം. ആ ചരിത്രം ഇന്നും തമിഴ്ജനത നെഞ്ചേറ്റുന്നു.

ഇന്ത്യയിലെ ആദ്യ ഒഫീഷ്യൽ ലേഡി സൂപ്പർ സ്റ്റാർ

ശ്രീ അമ്മയങ്കാർ അയ്യപ്പൻ എന്ന് പറഞ്ഞാൽ ആർക്കും മനസിലാവണമെന്നില്ല. പക്ഷേ ശ്രീദേവി എന്നുപറഞ്ഞാലോ? സിനിമയ്ക്ക് വേണ്ടി സ്വീകരിച്ച പേര് ഒരു ബ്രാൻഡ് നെയിം ആയി വളർന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ശ്രീദേവി. ബാലതാരമായെത്തി ഇന്ത്യയിലെ ആദ്യ ലേഡി സൂപ്പർസ്റ്റാർ എന്ന പദവിയിലെത്തിയ അഭിനേത്രിമാർ ശ്രീദേവിയെ പോലെയുണ്ടാവില്ല. കോമഡി മുതൽ പുരാണ നാടകങ്ങൾ വരെ 50 വർഷം നീണ്ട ആ കരിയറിൽ സുരക്ഷിതമായിരുന്നു. വ്യക്തിജീവിതത്തിൽ അല്പം അന്തർമുഖയായിരുന്നെങ്കിലും അവതരിപ്പിച്ച റോളുകളെല്ലാം സുശക്തം.

ശ്രീദേവി കുമാരസംഭവത്തിൽ, ശ്രീദേവിയുടെ ചിത്രം | ഫോട്ടോ: മാതൃഭൂമി ലൈബ്രറി

1967-ൽ 'കന്ദൻ കരുണൈ' എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയുടെ മായികലോകത്തേക്ക് പ്രവേശിക്കുമ്പോൾ ശ്രീദേവിക്ക് പ്രായം വെറും നാല് വയസ്. പിന്നീട് ബാലതാരമായി ഒരുപിടി ചിത്രങ്ങൾ. 1972-ൽ ഒമ്പതാം വയസിൽ ആദ്യ ഹിന്ദി ചിത്രമായ 'റാണി മേരേ നാം'. 1976-ൽ തമിഴിൽ നായികയായി അരങ്ങേറ്റം. ചിത്രം 'മൂൻട്ര് മുടിച്ച്'. തെന്നിന്ത്യയിലെ ഏറ്റവും തിരക്കുള്ള നായികയായി മാറാൻ ശ്രീദേവിക്ക് അധികകാലമെടുക്കേണ്ടിവന്നില്ല. '16 വയതിനിലേ', 'തുലാവർഷം', 'അംഗീകാരം', 'സിഗപ്പ് റോജാക്കൾ', 'മീണ്ടും കോകില', 'പ്രേമാഭിഷേകം', 'മൂൻട്രാം പിറൈ' തുടങ്ങി ഒന്നിനുപിന്നാലെ ഒന്നായി ഹിറ്റുകൾ. മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക്, ഉറുദു ഭാഷകളിലായി നിരവധി ചിത്രങ്ങളിൽ, വിവിധ വേഷങ്ങളിൽ നമ്മൾ ശ്രീദേവിയെ കണ്ടു. തിരക്കുകൾ കാരണം ഇടക്കാലത്ത് മലയാളത്തിൽ നിന്ന് മാറി അന്യഭാഷകളിൽ ശ്രദ്ധകേന്ദ്രീകരിച്ച ശ്രീദേവിയെ തിരിച്ച് കേരളത്തിലെത്തിച്ചത് ഭരതനായിരുന്നു. 'ദേവരാഗം' എന്ന ചിത്രത്തിലൂടെ. ഇതുതന്നെയായിരുന്നു ശ്രീദേവിയുടെ അവസാന മലയാളചിത്രവും.

'ദേവരാ​ഗ'ത്തിൽ ശ്രീദേവി | ഫോട്ടോ: മാതൃഭൂമി ലൈബ്രറി

1997-ൽ അഭിനയ രംഗത്ത് നിന്ന് താത്കാലികമായി വിടപറഞ്ഞ ശ്രീദേവി 15 വർഷത്തിന് ശേഷം 2012-ൽ 'ഇംഗ്ലീഷ് വിംഗ്ലിഷ്' എന്ന സിനിമയിലൂടെയാണ് അഭിനയരംഗത്തേക്ക് തിരിച്ചെത്തിയത്. തന്റെ അഭിനയ ജീവിതത്തിൽ കമൽഹാസനൊപ്പം 25 ചിത്രങ്ങളിലാണ് ശ്രീദേവി സ്‌ക്രീൻ പങ്കിട്ടത്. അമ്പതു വർഷമായി 300 ചിത്രങ്ങളാണ് ശ്രീദേവിയുടെ അഭിനയജീവിതത്തിലുള്ളത്. ഇതൊരു റെക്കോർഡ് തന്നെയാണ്. ബോളിവുഡിൽ എട്ടു സിനിമകളിലാണ് ശ്രീദേവി ഇരട്ടവേഷത്തിലെത്തിയത്. ഇതിൽ 'ചൽബാസി'ലെ പ്രകടനം ബോളിവുഡിലെ മികച്ച 25 ഡബിൾ റോളുകളിൽ ഒന്നായാണ് വിലയിരുത്തുന്നത്.

1980-കളിൽ ഇന്ത്യൻ സിനിമാലോകത്ത് തന്നെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിയായിരുന്നു ശ്രീദേവി. 1987-ൽ പുറത്തിറങ്ങിയ 'മിസ്റ്റർ ഇന്ത്യ'യിൽ 11 ലക്ഷം രൂപയായിരുന്നു അവരുടെ പ്രതിഫലം. അന്നത്തെ 11 ലക്ഷം ഇന്ന് എത്രയായിരിക്കുമെന്ന് ഏകദേശം ഊഹിക്കാനാവും.

അഭിനയജീവിതംപോലെ തന്നെയായിരുന്നു ശ്രീദേവിയുടെ മരണവും. 2018 ഫെബ്രുവരി 24 ശനിയാഴ്ച രാത്രി 11:30 -ന് ദുബായിലെ ജുമൈറ ടവേർസ് ഹോട്ടൽമുറിയിലെ ബാത് ടബ്ബിൽ മുങ്ങി മരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു മൃതദേഹം. ഭർത്താവ് ബോണി കപൂറാണ് മൃതദേഹം ആദ്യം കണ്ടത്. തലയിൽ ആഴത്തിൽ മുറിവേറ്റിരുന്നുവെങ്കിലും ശ്വാസകോശത്തിൽ വെള്ളം കയറിയാണ് മരണമെന്നായിരുന്നു ദുബായ് പോലീസിൽ നിന്ന് അറിയിച്ചത്. ശരിയായ മരണകാരണം ഇനിയും പുറത്തുവന്നിട്ടില്ല. ചലച്ചിത്രലോകത്ത് ഏറ്റവും കൂടുതൽ പങ്കെടുത്ത നാലാമത്തെ മരണാനന്തര ചടങ്ങായിരുന്നു ശ്രീദേവിയുടേത്. മുഹമ്മദ് റഫി, കിഷോർ കുമാർ, രാജേഷ് ഖന്ന എന്നിവരായിരുന്നു മറ്റുമൂന്നുപേർ.

കവിതാരഞ്ജിനി, പൊടിമോൾ പിന്നെ ഉർവശി

ബാലതാരമായിത്തന്നെയാണ് ഉർവശിയും സിനിമയിൽ അരങ്ങേറിയത്. കവിതാരഞ്ജിനി എന്നായിരുന്നു യഥാർഥ പേര്. ആ പേര് ഇപ്പോൾ അറിയുന്ന ആസ്വാദകർ ചുരുക്കമായിരിക്കും. സിനിമാ പാരമ്പര്യമുള്ള കുടുംബം. കലാരഞ്ജിനി, കൽപ്പന, കമൽറോയ്, പ്രിൻസ് എന്നീ നാലു സഹോദരങ്ങളും സിനിമാതാരങ്ങൾ. ഇതിൽ ഇപ്പോഴുള്ളത് കലാരഞ്ജിനി. 1977-ൽ തൻ്റെ എട്ടാം വയസിലാണ് ഉർവശി അഭിനയരംഗത്തെത്തിയത്. മലയാളത്തിൽ കാലെടുത്തുവെയ്ക്കാൻ പിന്നെയും ഒരു വർഷമെടുത്തു. 1978-ൽ റിലീസായ 'വിടരുന്ന മൊട്ടുകൾ' ആയിരുന്നു ഉർവശിയുടെ ആദ്യമലയാളചിത്രം. സഹോദരി കൽപ്പനയുടേയും ആദ്യ സിനിമ ഇത് തന്നെയായിരുന്നു.

ഉർവശി അന്നും ഇന്നും | ഫോട്ടോ: മാതൃഭൂമി ലൈബ്രറി

1979-ൽ 'കതിർ മണ്ഡപം', 1980-ൽ 'ദിഗ് വിജയം' എന്നീ ചിത്രങ്ങളിലും അവർ അഭിനയിച്ചു. നായികയായി ആദ്യം ചെയ്തത് കാർത്തിക് നായകനായ 'തൊടരും ഉണർവ്'. 1983-ൽ ചിത്രീകരിച്ചെങ്കിലും 1986-ലാണ് റിലീസായത്. നായികയായെത്തി റിലീസായ ആദ്യ ചിത്രം 1983-ൽത്തന്നെ പുറത്തിറങ്ങിയ 'മുന്താണെ മുടിച്ച്' ആയിരുന്നു. ഈ സിനിമ വൻവിജയമായതോടെ ഉർവശി സിനിമയിൽ തന്റേതായ ഇരിപ്പിടം ഉറപ്പിച്ചു. ഈ ചിത്രത്തിലെ കണ്ണ് തൊറക്കണോം സാമി എന്ന ഗാനം ഇന്നും ഹിറ്റ് ചാർട്ടിലുണ്ട്.

മമ്മൂട്ടി നായകനായ 'എതിർപ്പുകൾ' (1984) ആണ് നായികയായെത്തിയ ആദ്യമലയാളചിത്രം. പിന്നീട് മോഹൻലാൽ, ജയറാം, സുരേഷ് ഗോപി, മുരളി, മനോജ് കെ ജയൻ തുടങ്ങി മലയാളത്തിലെ പ്രധാന താരങ്ങളുടെയെല്ലാം ജോഡിയായി ഉർവശി. 1985-1995 കാലഘട്ടത്തിൽ മലയാളത്തിലെ ഏറ്റവും തിരക്കുള്ള നടിയായിരുന്നു ഉർവ്വശി. ഇക്കാലയളവിൽ 500-ലേറെ മലയാള ചിത്രങ്ങളിലാണ് അവർ വേഷമിട്ടത്. മലയാളം, തമിഴ് എന്നിവ കൂടാതെ തെലുങ്ക്, കന്നട, ഹിന്ദി സിനിമകളിലും ഉർവശിയെത്തി.

മലയാളത്തിൽ ഷീല എന്ന മാതൃകയെടുത്താൽ ഉർവശിയും തന്റെ കരിയർ അഭിനയം മാത്രമായി ഒതുക്കിനിർത്തിയില്ല. 'ഉത്സവമേളം', 'പിടക്കോഴി കൂവുന്ന നൂറ്റാണ്ട്' എന്നീ സിനിമകളുടെ കഥ ഉർവ്വശി എഴുതിയതാണ്. 'പിടക്കോഴി കൂവുന്ന നൂറ്റാണ്ടി'ന്റെ നിർമാതാവും ഉർവ്വശി തന്നെ. അഞ്ച് തവണയാണ് മികച്ച നടിക്കുള്ള കേരള സംസ്ഥാന പുരസ്കാരം ഉർവശിയെ തേടിയെത്തിയത്. 1994-ൽ പുറത്തിറങ്ങിയ 'മഗളിർ മട്ടും' എന്ന ചിത്രത്തിലൂടെ തമിഴ്നാട് സംസ്ഥാന ചലച്ചിത്ര പുരസ്കാരവും. ഷീലയേ പോലെ തന്നെ മമ്മൂട്ടിയും മോഹൻലാലും ഉൾപ്പെടുന്ന തലമുറയ്ക്കൊപ്പവും അതിനുശേഷം വന്ന തലമുറയ്ക്കൊപ്പവും വേഷമിടാൻ ഭാഗ്യം ചെയ്ത അഭിനേത്രിയാണ് ഉർവശി.


സ്ത്രീ കേന്ദ്രീകൃത സിനിമകൾ... മലയാളത്തിൽ ട്രെൻഡ് തുടങ്ങിയിട്ടേയുള്ളൂ

തമിഴിൽ നയൻതാരയേപ്പോലെയും ബോളിവുഡിൽ ഐശ്വര്യ റായിയേപ്പോലെയുമുള്ളവർ നായികാപ്രാധാന്യമുള്ള സിനിമകൾ ചെയ്യുകയും വിജയിപ്പിക്കുയും ചെയ്തുകൊണ്ടിരുന്ന സമയത്തും മലയാളത്തിൽ അങ്ങനെയൊന്ന് സംഭവിച്ചിരുന്നില്ല. അടുത്തകാലത്താണ് നമ്മൾ മഞ്ജുവാര്യരേയും പാർവതിയേയും ഐശ്വര്യ ലക്ഷ്മിയെ വെച്ചുകൊണ്ടുമുള്ള സിനിമകൾ വരുന്നത്. അതുകൊണ്ട് നമ്മൾ ആ ഒരു ട്രെൻഡ് തുടങ്ങിയിട്ടേയുള്ളൂ എന്നാണ് എനിക്ക് തോന്നുന്നത്. 2016-ൽ ഞാൻ 'മാൻഹോൾ' എന്ന ചിത്രം ചെയ്തതിനുശേഷം സ്ത്രീ കേന്ദ്ര കഥാപാത്രമായി വരുന്ന സിനിമയുടെ കഥയുമായി ചില നിർമാതാക്കളേയും വിതരണക്കാരെയുമെല്ലാം കണ്ടിരുന്നു. മലയാളത്തിൽ ഇത്തരം പരിപാടി ഓടില്ല എന്നാണ് അവർ അന്ന് പറഞ്ഞത്. ഇതേയാളുകളിൽ ചിലർ ഈയടുത്തകാലത്ത് നായികാപ്രാധാന്യമുള്ള സിനിമയുണ്ടോ, ഒരെണ്ണംചെയ്താലോ എന്ന് തിരിച്ച് ചോദിക്കുകയും ചെയ്ത അനുഭവം എനിക്കുണ്ടായിട്ടുണ്ട്. തിയേറ്ററുകളിലേക്ക് ആര് ആകർഷിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ് സ്റ്റാർഡം നിശ്ചയിക്കുന്നത്. പുരുഷനാണെങ്കിൽ അത് സ്വാഭാവികമായിട്ടും അവരെവെച്ചുള്ള കഥകളായിരിക്കും വീണ്ടും വരിക. സ്ത്രീകേന്ദ്രീകൃത സിനിമകൾ വരുന്നുണ്ടെങ്കിൽ അവരെവെച്ചുള്ള പുതിയ സിനിമകൾ നമ്മൾ ആലോചിച്ചുതുടങ്ങും. സ്ത്രീ കഥാപാത്രങ്ങളെ ഉയർത്തിപ്പിടിച്ച് ആളുകളെ ആകർഷിക്കാനുള്ള ചിത്രങ്ങൾ പറഞ്ഞുതുടങ്ങാൻ നമുക്ക് എണ്ണത്തിൽ അധികമില്ല എന്നതാണ് വാസ്തവം.

- വിധു വിൻസെന്റ്, സംവിധായിക


ഒരേയൊരു ആക്ഷൻ ഹീറോയിൻ

ഇന്ത്യൻ സിനിമയുടെ ആക്ഷൻ ലേഡി സൂപ്പർ സ്റ്റാർ. അതായിരുന്നു വിജയശാന്തി. വില്ലന്മാരെ അടിച്ചൊതുക്കുന്ന നായകനെ മറി കടന്ന് എതിരാളികളെ കൈക്കരുത്തുകൊണ്ട് നേരിടുന്ന നായിക. അന്നുവരെ പ്രേക്ഷകരുടെ ചിന്തയിൽപ്പോലും ഇല്ലാത്തതരം സംഘട്ടനരംഗങ്ങൾ. നായകൻ ഇല്ലാതെ തന്നെ ആക്ഷൻ ചെയ്യുന്ന നായിക. വെള്ളിത്തിരയിലെ ലേഡി സൂപ്പർസ്റ്റാർ പട്ടത്തിലേക്ക് വിജയശാന്തി ചവിട്ടിക്കയറിയത് തോക്കേന്തിയും ഗ്ലാസ് ബ്രേക്കിങ് നടത്തിയുമെല്ലാമായിരുന്നു. ആരാധകർ അവരെ ലേഡി സൂപ്പർ സ്റ്റാറെന്നും ലേഡി അമിതാഭ് ബച്ചനെന്നും ഇന്ത്യൻ സിനിമയിലെ ആക്ഷൻ ക്വീനെന്നും വിളിച്ചു.

തെലുങ്കായിരുന്നു വിജയശാന്തിയുടെ തട്ടകം. തമിഴ്, മലയാളം, കന്നഡ, ഹിന്ദി സിനിമകൾ പിന്നാലെവന്നു. തുടക്കകാലത്ത് സഹോദരി വേഷമൊക്കെയായിരുന്നു വിജയശാന്തി ചെയ്തിരുന്നത്. 1983-ൽ പുറത്തിറങ്ങിയ 'പെല്ലിചൂപ്പുലു' എന്ന ചിത്രം ഹിറ്റായതോടെയാണ് ഒരു നടിയെന്ന രീതിയിൽ അവരുടെ സിനിമാജീവിതം തുടങ്ങുന്നത്. ഇതേവർഷമിറങ്ങിയ 'നീതി ഭരതം' എന്ന ചിത്രത്തിലൂടെ സ്ത്രീകേന്ദ്രീകൃത സിനിമകളിലേക്ക് വിജയശാന്തി കളംമാറ്റി. 1985-ലെത്തിയ 'പ്രതിഘടന'യിലൂടെ തെലുങ്ക് നായികാ സങ്കൽപ്പങ്ങൾക്ക് പുതിയ മാനം കൊണ്ടുവന്നു അവർ.

യുവതുർക്കി എന്ന ചിത്രത്തിൽ വിജയശാന്തി | ഫോട്ടോ: മാതൃഭൂമി ലൈബ്രറി

അന്നത്തെ കാലത്ത് ചിരഞ്ജീവിക്കും രജനീകാന്തിനും ലഭിച്ചിരുന്ന അതേ സംഖ്യ പ്രതിഫലമായി വാങ്ങിയ ഏക നടിയായിരുന്നു വിജയശാന്തി. മലയാളത്തിൽ അഭിനയിച്ച രണ്ട് ചിത്രങ്ങളും സുരേഷ് ഗോപിക്കൊപ്പമായിരുന്നു. രണ്ടും രണ്ടറ്റത്ത് നിൽക്കുന്ന കഥാപാത്രങ്ങൾ. ആദ്യത്തേത് ഭദ്രൻ സംവിധാനം ചെയ്ത 'യുവതുർക്കി'. രണ്ടാമത്തേത് ശ്യാമപ്രസാദിന്റെ 'കല്ലുകൊണ്ടൊരു പെണ്ണ്'. രണ്ടും വിജയശാന്തി എന്ന നടിയുടെ പ്രകടനമികവിന്റെ വിഭിന്നതലങ്ങൾ കാട്ടിത്തന്ന ചിത്രങ്ങൾ. ആക്ഷൻ ചിത്രത്തിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം കിട്ടുന്ന ഒരേയൊരു നടി വിജയശാന്തിയാണ്. 1990-ൽ പുറത്തിറങ്ങിയ 'കർത്തവ്യം' ആയിരുന്നു ആ ചിത്രം. ശാരദ, അർച്ചന എന്നിവർക്ക് പിന്നാലെ തെലുങ്കിൽ നിന്ന് ദേശീയ പുരസ്കാരം നേടുന്ന മൂന്നാമത്തെ നടിയുമായി ലേഡി സൂപ്പർ സ്റ്റാർ.

'കർത്തവ്യം' എന്ന ചിത്രം വൈജയന്തി ഐ.പി.എസ് എന്ന പേരിൽ തമിഴിലേക്ക് മൊഴിമാറ്റി പ്രദർശനത്തിനെത്തി. ഈ സിനിമ കണ്ട് പ്രചോദനം നേടിയ സി. ഇന്ദുമതി എന്ന പത്താംതരം വിദ്യാർത്ഥിനി പഠിച്ച് സിവിൽ സർവീസ് പരീക്ഷയെഴുതി 151-ാം റാങ്ക് വാങ്ങി മധുരയിൽ നിയമനം നേടിയത് അന്നത്തെ കാലത്ത് വലിയ വാർത്തയായിരുന്നു. ചെന്നൈയിലെ വെട്രി തിയേറ്ററിൽ 50 ദിവസമാണ് വൈജയന്തി ഐ.പി.എസ് എന്ന തെലുങ്ക് മൊഴിമാറ്റച്ചിത്രം പ്രദർശിപ്പിച്ചത്. 2015-ൽ 'ബാഹുബലി-ദ ബിഗിനിങ്' ആണ് ഈ റെക്കോർഡ് തകർത്തത്. 'കർത്തവ്യത്തി'ന് മറ്റൊരു പ്രത്യേകതകൂടിയുണ്ട്. തമിഴിലേയും തെലുങ്കിലേയും ബിഗ് ബജറ്റ് ചിത്രങ്ങളുടെ ശില്പിയായ എ.എം. രത്നം ആദ്യമായി നിർമിച്ച ചിത്രമായിരുന്നു ഇത്. അന്ന് വിജയശാന്തിയുടെ പേഴ്സണൽ മേക്കപ്പ്മാനായിരുന്നു രത്നം. ഗില്ലി, 7 ജി 'റെയിൻബോ കോളനി', 'ബോയ്സ്', 'യെന്നൈ അറിന്താൽ', 'വേതാളം' തുടങ്ങിയവ അദ്ദേഹം പിന്നീട് നിർമിച്ച ചില ചിത്രങ്ങൾ മാത്രം.

ആക്ഷൻ രംഗങ്ങളിലെ മികവാണ് വിജയശാന്തി എന്ന പേര് കേൾക്കുമ്പോൾ ഏവരുടേയും മനസിലുണ്ടാവുന്നത്. ആക്ഷൻ വേഷങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചതുകൊണ്ട് തന്നെ വിജയശാന്തിയിലെ നർത്തകി അധികം ഗൗനിക്കപ്പെട്ടില്ല. കൊണ്ടവീട്ടി ദൊങ്കയിലെ ചമക് ചമക് ചാം, ശത്രുവുവിലെ അമ്മ സംപങ്കി, ഗാങ് ലീഡറിലെ പ നി സാ സ സാ, അപൂർവ സഹോദരുലുവിലെ ഇലലോന ഇന്ദ്ര തുടങ്ങിയ ഗാനങ്ങൾ അവരുടെ നൃത്തപാടവത്തിന് ചില ഉദാഹരണങ്ങൾ മാത്രം. ഇതുപോലെയുള്ള പക്കാ ആക്ഷൻ വേഷങ്ങൾ ചെയ്യാൻ പോന്ന മറ്റൊരു നടി പിന്നെയുണ്ടായില്ല എന്നതാണ് സത്യം. മലയാളത്തിൽ വാണി വിശ്വനാഥ് ഒരു പരിധിവരെ ആ കുറവ് നികത്തിയിരുന്നു എന്നതൊഴിച്ചാൽ. പക്ഷേ, അന്നും ഇന്നും നമുക്ക് ഒരേയൊരു വിജയശാന്തിയേ ഉണ്ടായിരുന്നുള്ളൂ.

തെന്നിന്ത്യയുടെ സ്വന്തം ലോകസുന്ദരി

മിസ് വേൾഡ് വേദിയിൽനിന്നാണ് എല്ലാത്തിന്റെയും തുടക്കം. ലോകസുന്ദരിപ്പട്ടത്തിൽനിന്ന് നേരെ സിനിമയിലേക്ക്. അതും മണിരത്നം എന്ന ഇന്ത്യൻ സിനിമയിലെ തന്നെ എണ്ണം പറഞ്ഞ സംവിധായകന്റെ ചിത്രത്തിലൂടെ. നായകനായി മോഹൻലാലും. ചിത്രമേതെന്നും നായികയേതെന്നും ഇതിൽക്കൂടുതൽ മുഖവുര ആവശ്യമില്ലെന്ന് തോന്നുന്നു. ഐശ്വര്യ റായിയേക്കുറിച്ച് തന്നെയാണ് പറഞ്ഞത്. സ്വപ്ന സമാന തുടക്കം എന്നല്ലാതെ മറ്റെന്തുപറയാൻ. 1997-ലാണ് 'ഇരുവർ' പുറത്തിറങ്ങിയതെങ്കിലും തൊട്ടടുത്ത വർഷമിറങ്ങിയ 'ജീൻസ്' ആയിരുന്നു ഐശ്വര്യയുടെ ആദ്യ കൊമേഴ്സ്യൽ ഹിറ്റ്.

രണ്ട് വർഷത്തിന് ശേഷം രാജീവ് മേനോൻ സംവിധാനം ചെയ്ത 'കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേനി'ന് ശേഷം ഐശ്വര്യ റായിയെ തമിഴ് സിനിമയിൽ കണ്ടിട്ടില്ല. അപ്പോഴേക്കും ബോളിവുഡിൽ തിരക്കേറിയിരുന്നു. 'മൊഹബത്തേൻ', 'താൾ', 'ജോധാ അക്ബർ', 'ദേവ്ദാസ്', 'ഗുരു' തുടങ്ങി നിവധി ചിത്രങ്ങൾ. 2010-ലാണ് ഐശ്വര്യയെ പിന്നീട് തമിഴിൽ കാണുന്നത്. മണിരത്നം സംവിധാനം ചെയ്ത 'രാവണ'നും ശങ്കറിന്റെ 'എന്തിരനു'മായിരുന്നു ആ ചിത്രങ്ങൾ. ഇടയ്ക്ക് റിതുപർണ ഘോഷിന്റെ ബംഗാളി ചിത്രം 'ചോക്കർ ബാലി'യിലും അവർ പ്രധാനവേഷത്തിലെത്തി.

ലോകത്തിലെ ഏറ്റവും സുന്ദരിയായ സ്ത്രീയെന്നാണ് പലപ്പോഴും ഐശ്വര്യ റായിയെ മാധ്യമങ്ങൾ വിശേഷിപ്പിച്ചിരുന്നത്. ഇന്ത്യക്കകത്തുനിന്നുള്ള പുരസ്കാരങ്ങൾക്ക് പുറമേ ഫ്രഞ്ച് സർക്കാരിന്റെ ഔദ്യോഗിക ബഹുമതിയും ഐശ്വര്യയെ തേടിയെത്തി. 2009-ൽ രാജ്യം പദ്മശ്രീ നൽകി അവരെ ആദരിച്ചു. നിരവധി ക്യാമ്പയിനുകളുടെ ബ്രാൻഡ് അംബാസഡറുമായിരുന്നു ഐശ്വര്യ. കാൻ ചലച്ചിത്രോത്സവത്തിൽ ജൂറിയാകാൻ അവസരം ലഭിച്ച ആദ്യ ഇന്ത്യൻ നടിയാവാൻ കഴിഞ്ഞു എന്നുള്ളിടത്താണ് ഒരു അഭിനേത്രി എന്നതിൽ നിന്ന് ബ്രാൻഡ് അല്ലെങ്കിൽ സ്വാധീനശക്തിയുള്ള വനിതകളിലൊരാൾ എന്ന നിലയിലേക്ക് ഐശ്വര്യ റായി വളർച്ച പ്രാപിക്കുന്നത്.

കലോത്സവവേദിയിൽ നിന്നൊരു സൂപ്പർതാരം

ഒരുപാട് താരങ്ങളെ വെള്ളിത്തിരയ്ക്ക് സമ്മാനിച്ചിട്ടുണ്ട് സ്കൂൾ കലോത്സവവേദികൾ. അങ്ങനെയൊരു വേദി സമ്മാനിച്ച അമൂല്യരത്നമാണ് മഞ്ജുവാര്യർ. വളരെ ചെറിയ പ്രായത്തിൽ അഭിനയത്തിൽ തുടക്കം. വിവാഹശേഷം സിനിമയിൽ നിന്ന് നീണ്ട ഇടവേള. ആ ഇടവേളയിലും എന്നെങ്കിലുമൊരിക്കൽ തിരികെ വരുമെന്ന് പ്രേക്ഷകർ നിരന്തരം ആ​ഗ്രഹിക്കുക. ആ പ്രാർത്ഥന പോലെ വമ്പനൊരു തിരിച്ചുവരവും. മഞ്ജുവാര്യർക്കല്ലാതെ ഇത്തരമൊരു സ്വീകരണം ഇതുവരെ കിട്ടിയിട്ടുമില്ല, ഇനി കിട്ടുകയുമില്ല.

മഞ്ജുവാര്യർ | ഫോട്ടോ: ഷാനി ഷാകി \ മാതൃഭൂമി

വെള്ളിത്തിരയ്ക്കപ്പുറം മലയാളികൾ അവരുടെ മനസിലായിരുന്നു മഞ്ജുവിനെ സ്വീകരിച്ചിരുത്തിയത്. അടുത്ത വീട്ടിലെ പെൺകുട്ടി എന്ന ഇമേജ് ഉണ്ടെങ്കിലും അതെല്ലാം മറികടക്കുന്ന പ്രഭയിലേക്ക് മഞ്ജു ഉയരുന്ന കാഴ്ചയാണ് തിരിച്ചുവരവിൽ കണ്ടത്. മലയാളത്തിന് പുറമേ തമിഴിലും അവർ രണ്ടാം വരവിൽ സാന്നിധ്യമായി. വെട്രിമാരന്റെ 'അസുരൻ' എന്ന ചിത്രത്തിലൂടെ. ഓരോ കഥാപാത്രത്തിനും മുമ്പ് ചെയ്തവയുമായി ബന്ധമില്ലാതിരിക്കാൻ അവർ പ്രത്യേകം ശ്രദ്ധിച്ചു. സൂപ്പർ താരങ്ങൾക്കൊപ്പം നായികയായി ആദ്യമാലോചിക്കുന്ന പേരായി മഞ്ജു മാറി.

ആമിയിൽ മാധവിക്കുട്ടിയായി മഞ്ജുവാര്യർ | ഫോട്ടോ: ബിജിത്ത് ധർമടം \ മാതൃഭൂമി

ഒരു വാണിജ്യസിനിമ ഒറ്റയ്ക്ക് നിന്ന് വിജയിപ്പിക്കാൻ തക്ക വലിപ്പത്തിലേക്ക് മഞ്ജുവിന്റെ സ്റ്റാർഡം ഉയർന്നു. മമ്മൂട്ടി, മോഹൻലാൽ എന്നീ പേരുകൾ കഴിഞ്ഞാൽ മഞ്ജു വാര്യർ എന്നു പറയാവുന്ന സാഹചര്യം. മലയാളത്തിന്റെ ബി​ഗ് എമ്മുകളുടെ കൂട്ടത്തിലേക്ക് ഒരു നായിക ഉയർന്നുവന്നു. ഒരു നായിക സ്ക്രീനിലേക്ക് വരുമ്പോൾ തിയേറ്ററുകളിൽ കയ്യടി ഉയരുന്നത് മഞ്ജു എത്തിയപ്പോഴായിരുന്നു. മുതിർന്ന നായകന്മാർക്കൊപ്പം യുവതലമുറയ്ക്കൊപ്പവും മഞ്ജുവാര്യർ സ്ക്രീൻ പങ്കിട്ടു. എച്ച് വിനോദ് ഒരുക്കുന്ന അജിത് ചിത്രമടക്കം വമ്പൻ പ്രോജക്റ്റുകൾ മഞ്ജുവിന്റേതായി വരാനിരിക്കുന്നു. മഞ്ജുവിന്റെ യഥാർത്ഥ പ്രകടനങ്ങൾ ഇനിയും കാണാൻ ബാക്കിയിരിക്കുന്നു.

മലയാളത്തിൽ കാലിടറി, ഇന്ന് ബോളിവുഡിൽ വിലസുന്നു

ലോഹിതദാസിന്റെ തിരക്കഥയിൽ കമൽ സംവിധാനം. മോഹൻലാൽ നായകൻ. ഇങ്ങനെയൊരു ചിത്രത്തിലൂടെ അരങ്ങേറാൻ കൊതിക്കാത്തവർ ആരായിരിക്കും ഉണ്ടാവുക. പക്ഷേ വിദ്യ ബാലൻ എന്ന പുതുമുഖ നായികയുടെ വിധി മറ്റൊന്നായിരുന്നു. ആദ്യചിത്രം തന്നെ പകുതിവഴിയിൽ മുടങ്ങിപ്പോവുക. പക്ഷേ, അതൊന്നും ആ പാലക്കാട്ടുകാരിയുടെ കരിയറിനെ ബാധിച്ചേയില്ല. വിധി വിദ്യ ബാലന് കാത്തുവെച്ചത് ഇന്ത്യൻ സിനിമയുടെ തന്നെ താരറാണിപ്പട്ടമായിരുന്നു.

വിദ്യ ബാലൻ | ഫോട്ടോ: മാതൃഭൂമി ലൈബ്രറി

മലയാളത്തിൽ കാലിടറിയെങ്കിലും ബോളിവുഡ് വിദ്യയുടെ തട്ടകമായി. 'ല​ഗേ രഹോ മുന്നാഭായി' ഹിറ്റായതോടെ അവർക്ക് തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. ''ഗുരു', 'സലാം ഇഷ്ക്', 'പാ', 'ഇഷ്ഖിയ', 'ഭൂൽ ഭൂലയ്യ', 'നോവൺ കിൽഡ് ജെസ്സീക്ക' തുടങ്ങി നിരവധി ചിത്രങ്ങൾ. തിരക്കഥാകൃത്തുക്കൾ വിദ്യ ബാലനുവേണ്ടി മാത്രമായി തിരക്കഥകളെഴുതി. തെന്നിന്ത്യക്ക് കൈയെത്താത്ത ഉയരത്തിൽ വിദ്യയെത്തി. ഇടയ്ക്ക് സന്തോഷ് ശിവൻ സംവിധാനം ചെയ്ത 'ഉറുമി'യിലും തമിഴ്ചിത്രം 'നേർകൊണ്ട പാർവൈ'യിലും ഒരു ​ഗാനരം​ഗത്തുമാത്രമായി അവർ പ്രത്യക്ഷപ്പെട്ടു.

അമിതാഭ് ബച്ചൻ മുതൽ ഷായ്നി അഹൂജ വരെയുളളവരുടെ നായികയായി. സിൽക് സ്മിതയുടെ ജീവിതം സിനിമയായപ്പോൾ സ്മിതയായി ഞെട്ടിച്ചു വിദ്യ ബാലൻ. ഈ ചിത്രത്തിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും അവർ സ്വന്തമാക്കി. സിനിമയ്ക്കപ്പുറം ഒരു സാമൂഹ്യ പ്രവർത്തക കൂടിയാണ് വിദ്യ. 2011 മാർച്ചിൽ വേൾഡ് വൈൽഡ്‌ലൈഫ് ഫണ്ട് സംഘടിപ്പിച്ച 'എർത്ത് അവർ' എന്ന പരിപാടിക്ക് വിദ്യ പ്രചാരണം നൽകിയിരുന്നു. സ്ത്രീശാക്തീകരണത്തിന് വിദ്യ നടത്തുന്ന സംഭാവനകൾ കണക്കിലെടുത്ത് 2012-ൽ കൊൽക്കത്ത ചേമ്പർ ഓഫ് കൊമേഴ്സ് 'പ്രഭ കൈതാൻ പുരസ്കാർ' എന്ന പുരസ്കാരം വിദ്യയ്ക്കാണ് നൽകിയത്. ഈ പുരസ്കാരം ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തികൂടിയാണ് വിദ്യ.

ബാഡ്മിന്റൺ കോർട്ട് കടന്ന് ബി​ഗ് സ്ക്രീനിലേക്ക്

ആരും കൊതിക്കുന്ന തുടക്കം എന്നേ ദീപികാ പദുക്കോണിന്റെ ബോളിവുഡിലേക്കുള്ള വരവിനെ വിശേഷിപ്പിക്കാനാവൂ. താരരാജാവ് കിങ് ഖാന്റെ നായിക. സംവിധായികയായി നൃത്തസംവിധായിക ഫറാ ഖാനും. 'ഓം ശാന്തി ഓം' എന്ന ചിത്രം ബോളിവുഡിലും ദീപികയുടെ അഭിനയജീവിതത്തിലും ഒരു നാഴികക്കല്ല് തന്നെയാണ്. 'ഓം ശാന്തി ഓം' ഉയർത്തിയ പ്രഭാവലയത്തിൽ ദീപിക ആദ്യം അഭിനയിച്ച കന്നഡ ചിത്രമായ 'ഐശ്വര്യ'യെത്തന്നെ എല്ലാവരും മറന്നു. അതുകൊണ്ടുതന്നെ 'ഓം ശാന്തി ഓമി'ലൂടെ വന്ന നടി എന്ന ലേബലിലാണ് ഇപ്പോഴും അവർ.

പിന്നീടങ്ങോട്ട് വലിയ പ്രോജക്റ്റുകൾ തന്നെ അവരെ തേടിയെത്തി. 'ബച്ച്നാ ഏ ഹസീനോ', 'കാർത്തിക് കോളിങ് കാർത്തിക്', 'ലഫേം​ഗേ പരീന്ദേ', 'ഹൗസ്ഫുൾ', 'ചാന്ദ്നിചൗക്ക് ടു ചൈന', 'ബ്രേക്ക് കേ ബാദ്' തുടങ്ങി ആ ലിസ്റ്റ് അങ്ങനെ നീളുന്നു. 2011-ൽ 'ദം മാരോ ദം' എന്ന ചിത്രത്തിലെ ഒരു ​ഗാനരം​ഗത്തിൽ മാത്രമായി ദീപിക പ്രത്യക്ഷപ്പെട്ടിരുന്നു. ഒരു നടി അഭിനയിക്കുന്ന ഏറ്റവും വന്യമായ ​ഗാനരം​ഗം എന്നാണിത് വിശേഷിപ്പിക്കപ്പെട്ടത്. ഇതിനിടയിൽ' ട്രിപ്പിൾ എക്സ്: റിട്ടേൺ ഓഫ് സാൻഡർ കേജ് 'എന്ന ഹോളിവുഡ് ചിത്രത്തിലും ദീപിക നായികയായി. ഹോളിവുഡ് സൂപ്പർ താരമായ വിൻ ഡീസലായിരുന്നു നായകൻ.

നിലവിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിമാരിൽ മുൻപന്തിയിലാണ് ദീപികയുടെ സ്ഥാനം. ഇന്ത്യയിലെ ഏറ്റവും സ്വാധീനശക്തിയുള്ള വ്യക്തികൾക്കിടയിലാണ് ദീപികയുടെ സ്ഥാനം. ടൈം മാസിക 2018-ൽ പ്രസിദ്ധീകരിച്ച സ്വാധീനശക്തിയുള്ള 100 പേരിൽ ഒരാളായിരുന്നു ദീപിക.

സൂപ്പർ സ്റ്റാർ എന്ന് വിശേഷിപ്പിക്കാവുന്ന നടിമാരുടെ ലിസ്റ്റ് ഇനിയും നീളും. ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷകർക്കിടയിൽ വൻസ്വീകാര്യത നേടി, ഇടയ്ക്കൊന്ന് മറയത്തിരുന്ന് പൂർവാധികം ശക്തിയോടെ തിരിച്ചുവന്ന മീന, മാദകഭാവം കൊണ്ട് പ്രേക്ഷകമനസിൽ തീ കോരിയിട്ട് അകാലത്തിൽ പൊലിഞ്ഞുപോയ സിൽക്ക് സ്മിത, മലയാളത്തിന്റെ സ്വന്തം ആക്ഷൻ ഹീറോയിൻ വാണി വിശ്വനാഥ് തുടങ്ങി ഒരുപിടി പേർ ഈ ലിസ്റ്റിൽ ഇനിയുമുണ്ട്. നായകസങ്കല്പങ്ങൾക്കപ്പുറം നായികമാരെ ഉയർത്തിക്കാട്ടി വമ്പൻ ഹിറ്റുകൾ സൃഷ്ടിക്കുന്ന സംവിധായകരും തിരക്കഥാകൃത്തുകളും വെള്ളിത്തിരയിൽ പിറവിയെടുക്കട്ടെ എന്ന് പ്രത്യാശിക്കാം.

Content Highlights: lady supersatrs in indian cinema like nayantara, indepth story

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
theft

1 min

കൂരോപ്പടയിലെ കവര്‍ച്ചാക്കേസില്‍ വഴിത്തിരിവ്; വൈദികന്റെ മകന്‍ അറസ്റ്റില്‍

Aug 11, 2022


remya

1 min

6-ാം ക്ലാസുകാരിക്ക് ക്രൂരമര്‍ദനം, വിസര്‍ജ്യം തീറ്റിച്ചു; ആശാ വര്‍ക്കറായ രണ്ടാനമ്മ അറസ്റ്റില്‍

Aug 11, 2022


Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022

Most Commented