ദൃശ്യഭംഗിയാൽ സമ്പന്നമായിരുന്നു കെ.വി ആനന്ദിന്റെ ഫ്രെയിമുകൾ. ദൃശ്യഭാഷയുടെ യഥാർഥ നിറക്കൂട്ടായിരുന്നു അദ്ദേഹത്തിന്റെ സിനിമകൾ. തീയേറ്ററിലിരുന്ന പ്രേക്ഷകന് കശ്മീരിലേക്കും കുളുവിലേക്കും സഞ്ചരിച്ച അനുഭൂതികൾ സമ്മാനിച്ച പല സിനിമകൾ. കൈവച്ച മേഖലയിലെല്ലാം ആ ക്രാഫ്റ്റിന്റെ മുദ്ര ബാക്കി. ഫോട്ടോഗ്രാഫർ, ഫോട്ടോ ജേണലിസ്റ്റ്, പരസ്യസംവിധായകൻ, ഛായാഗ്രാഹകൻ, സംവിധായകൻ. ഒരു റോളും മോശമാക്കിയില്ല. സമ്മാനിച്ച ഹിറ്റുകളെക്കാൾ, പ്രേക്ഷകർക്ക് നഷ്ടമായ എത്രയോ ഫ്രെയിമുകൾ ബാക്കിവച്ച് ജീവയെ പോലെ ഒരു മടക്കം. 2008 ൽ ധാം ധൂം എന്ന ചിത്രത്തിന്റെ പണിപ്പുരയിലിരിക്കെയാണ് ജീവ എന്ന മികച്ച കാമറാമാൻ വിടപറഞ്ഞത്.

നല്ല ഛായാഗ്രാഹകർ ഒരിക്കലും നല്ല സംവിധായകരാകണമെന്നില്ല എന്നതിന് അപവാദമായിരുന്നു കെ.വി ആനന്ദ്. പക്ഷേ ആനന്ദ് എന്ന ഛായാഗ്രാഹകനാണ് അപ്പോഴും സംവിധായകനെക്കാൾ റേറ്റിങ് കൂടുതൽ. സിനിമയുടെ കഥയും കഥാപാത്രങ്ങൾക്കും ഈണങ്ങൾക്കും അപ്പുറം പ്രേക്ഷകന് കാഴ്ചയുടെ വിരുന്നായിരുന്നു ആനന്ദ് ഒരുക്കിയ ദൃശ്യങ്ങൾ. ഛായാഗ്രഹണത്തിൽ ഇന്ത്യയിൽ തന്നെ പല സാങ്കേതിവശങ്ങളും പരീക്ഷണങ്ങളും ആദ്യം നടത്തിയത് ആനന്ദായിരുന്നു. ചലച്ചിത്രകാരന്മാർ എപ്പോഴും അപ്ഡേറ്റഡായിരിക്കണം എന്നതായിരുന്നു ആനന്ദിന്റെ പക്ഷം.

പഠനകാലത്തെ ട്രക്കിങ്ങുകളാണ് യഥാർഥത്തിൽ ആനന്ദിനെ ഫോട്ടോഗ്രാഫിയിലേക്ക് വഴിതിരിച്ചുവിട്ടത്. നിരവധി ഫോട്ടോഗ്രാഫി പുരസ്കാരങ്ങൾ നേടി. ഫ്രീലാൻസ് ഫോട്ടോ ജേണലിസ്റ്റായി ഇന്ത്യാ ടുഡേയിലും ഇല്ലസ്ട്രേറ്റഡ് വീക്കിലിയും എക്സ്പ്രസിലും അടക്കം പ്രവർത്തിച്ചു. അക്കാലത്ത് കൽക്കി മാസികയുടെ മുഖചിത്രങ്ങളിൽ ഏറിയ പങ്കും കെ.വി ആനന്ദിന്റെ കാമറയിൽ പതിഞ്ഞവയായിരുന്നു.

ഒരു ഫോട്ടോ ജേണലിസ്റ്റായി ഒരുപക്ഷേ ഒതുങ്ങിപ്പോകാവുന്ന ആ കരിയർ സിനിമയിലേക്ക് വഴിതെറ്റിയെത്തി എന്നുവേണമെങ്കിൽ പറയാം. ഫ്രീലാൻസ് ഫോട്ടോ ഗ്രാഫറായി കഴിവ് തെളിയിച്ചിട്ടും ഇന്ത്യയിലെ ഒരു പ്രമുഖ മാധ്യമത്തിൽ ഫോട്ടോഗ്രാഫറുടെ സ്ഥിരം പോസ്റ്റിലേക്ക് അഭിമുഖത്തിൽ പങ്കെടുത്തിട്ടും ജോലി കിട്ടാതെ പോയതാണ് ആ വഴിത്തിരിവിന് നിമിത്തമായത്. ഫോട്ടോഗ്രാഫർ ജോലി കിട്ടാതെ വന്നതോടെ ഒരു യാത്ര പോയി ആൻഡമാനിലേക്ക്. ആ യാത്രയോടെയാണ് ഫോട്ടോ ജേർണലിസത്തിൽ നിന്ന് സിനിമയുടെ ലോകത്തേക്ക് ആനന്ദിന്റെ ഫ്രെയിം തിരിഞ്ഞത്. തെന്നിന്ത്യൻ സിനിമയിലെ ഹിറ്റ് ഛായാഗ്രാഹകൻ പി.സി ശ്രീറാമിന്റെ അടുത്ത് അസിസ്റ്റന്റായി പ്രവർത്തിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചു. മുമ്പ് ഒരു മാധ്യമ സ്ഥാപനത്തിൽ നിന്ന് കേട്ട നോ പേടിയുണ്ടായിരുന്നെങ്കിലും ശ്രീറാം യേസ് പറഞു. അങ്ങനെ ശ്രീറാമിന്റെ കീഴിൽ ആറാമത്തെ അസിസ്റ്റന്റായി. ഫസ്റ്റ് അസിസ്ന്റന്റ് അന്ന് ജീവയായിരുന്നു. പാവം പാവം രാജകുമാരൻ പ്രിയദർശൻ തമിഴിലേക്ക് റീമേക്ക് ചെയ്യുമ്പോൾ പി.സി ശ്രീറാമിനെയാണ് ഛായാഗ്രാഹകനാക്കിയത്. ശ്രീറാമിന്റെ ആറാമത്തെ അസിസ്റ്റന്റായ ആനന്ദ് ശ്രീറാമിന്റെ സഹായിയായി ഗോപുരവാസിലേയിലും തേവർമകനിലും മണിരത്നത്തിന്റെ തിരുട തിരുടയിലും ആനന്ദ് പങ്കാളിയായി.

മലയാളത്തിൽ തേന്മാവിൻ കൊമ്പത്ത് ചെയ്യാൻ പ്രിയൻ തീരുമാനിച്ച സമയം. പി.സി ശ്രീറാമിനെയാണ് അദ്ദേഹം കാമറമാനായി കണ്ടത്. ശ്രീറാം തന്നെയാണ് തേന്മാവിൻ കൊമ്പത്തിലേക്ക് ആനന്ദിന്റെ പേര് പ്രിയദർശനോട് നിർദേശിച്ചത്. അക്കാലത്ത് ദൃശ്യഭംഗിയുടെ സമ്പന്നത കൊണ്ട് ഏറ്റവും ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു തേന്മാവിൻ കൊമ്പത്ത്. കന്നി ചിത്രത്തിലെ വിഷ്വലുകൾ ആനന്ദിന് മികച്ച ഛായാഗ്രാഹകനുള്ള ദേശീയ അവാർഡും നേടിക്കൊടുത്തു. പ്രിയനൊപ്പം മിന്നാരത്തിലും അത് വീണ്ടും ആവർത്തിച്ചു. പ്രിയന്റെ വമ്പൻ ഹിറ്റ് ചിത്രമായ ചന്ദ്രലേഖയിൽ ഒരേ സമയം പി.സി ശ്രീറാമിന്റെ രണ്ട് ശിഷ്യന്മാരാണ് ഛായാഗ്രഹണം നിർവഹിച്ചത്. ജീവയും ഒപ്പം കെ.വി ആനന്ദും. അനിയത്തിപ്രാവിന്റെ ഹിന്ദി റീമേക്കായി പ്രിയദർശൻ ഡോളി സജാക്കെ രക്ന ഒരുക്കിയപ്പോഴും രവി.കെ ചന്ദ്രനൊപ്പം കെ.വി ആനന്ദും കാമറ കൈകാര്യം ചെയ്തു.

ഛായാഗ്രാഹകനായി തമിഴിലെ ആദ്യ ചിത്രം കാതൽദേശവും അദ്ദേഹത്തിന്റെ കഴിവുകൾ അടയാളപ്പെടുത്തിയ സിനിമയായിരുന്നു. ഐശ്വര്യ റായ് അഭിനയിച്ച ജോഷിലൂടെ ഹിന്ദിയിലും ആ മുദ്രപതിഞ്ഞു. തമിഴിലും തെലുങ്കിലും മലയാളത്തിലും ഹിന്ദിയിലും എല്ലാം ഫ്രെയിമൊരുക്കിയെങ്കിലും എണ്ണം കൊണ്ട് വളരെക്കുറച്ച് ചിത്രങ്ങളെ ആനന്ദ് ചെയ്തിട്ടുള്ളൂ. സിനിമയിൽ ഛായാഗ്രാഹകനായും സംവിധായകനുമായി തിളങ്ങിയ ആനന്ദ് അണിയിച്ചൊരുക്കിയ പരസ്യചിത്രങ്ങൾ നിരവധിയാണ്. അതിൽ ഏറിയ പങ്കും ശ്രദ്ധിക്കപ്പെട്ടവ തന്നെയായിരുന്നു.

ഷങ്കറിന്റെ രജനീകാന്ത് ചിത്രമായ ശിവാജിയിലെ സഹാന എന്ന് തുടങ്ങുന്ന ഗാനം അമ്പരപ്പിക്കുന്ന ദൃശ്യഭംഗിയുടെ ഉദാഹരണമാണ്. ചിത്രീകരിച്ചതിൽ തന്നെ ഏറ്റവും വെല്ലിവിളി നേരിട്ട ഗാനചിത്രീകരണം എന്നാണ് ഒരിക്കൽ അദ്ദേഹം ഇതിനെക്കുറിച്ച് പറഞ്ഞത്. ചില്ല്‌ കൂട്ടിൽ നിഴൽ പതിക്കാതെ ഒരുക്കിയ വിഷ്വലുകൾ ഛായാഗ്രാഹകന്മാര്‍ക്ക്‌ ഒരു പാഠപുസ്തകമാണ്. അതുപോലെ ഷങ്കറിന്റെ തന്നെ മുതൽവനിലെയും ബോയ്സിലേയും ഫ്രെയിമുകൾ അയനിലേയും കോയിലേയും ഗാനരംഗങ്ങൾ എല്ലാം ദൃശ്യഭംഗികൊണ്ട് വിസ്മയിപ്പിച്ചവ തന്നെയായിരുന്നു

content highlights : kv Anand cinematographer director demise movies thenmavin kombathu boys muthalvan shivaji