സിബി തോമസ്, ആസിഫ് അലി | ഫോട്ടോ: മാതൃഭൂമി, www.facebook.com/ActorAsifAli
ഈ വെള്ളിയാഴ്ച രാജീവ് രവി സംവിധാനം ചെയ്ത കുറ്റവും ശിക്ഷയും എന്ന സിനിമ പുറത്തിറങ്ങുകയാണ്. ചിത്രം ഏറ്റവും കൂടുതൽ താരതമ്യപ്പെടുത്തുന്നത് 2017ൽ പുറത്തിറങ്ങിയ തീരൻ അധികാരം ഒൻട്ര് എന്ന സിനിമയുമായാണ്. എന്നാൽ, തീർത്തും വ്യത്യസ്തമായ ഒരു കാഴ്ച്ചപ്പാടിൽ വയലൻസും അതിഭാവുകത്വങ്ങളും ഒഴിവാക്കി, യഥാർത്ഥ്യത്തെ പിൻപറ്റിയാണ് ഉത്തരേന്ത്യയിലെ 'തിരുട്ട് ഗ്രാമങ്ങളെ' പറ്റി കുറ്റവും ശിക്ഷയും പറയുന്നത്.
2016 ഒക്‌ടോബർ നാലിന് കാസർഗോഡ് കുണ്ടംകുഴിയിലെ സുമംഗലി ജ്വല്ലറിയിൽ നടന്ന കവർച്ച അന്വേഷിച്ച പോലീസ് സംഘത്തിന്റെ കഥയാണ് സിനിമ. ഈ അന്വേഷണ സംഘത്തിനെ നയിച്ച പോലീസ് ഇൻസ്‌പെക്ടറും നടനുമായ സിബി തോമസ് ആണ് തങ്ങളുടെ അനുഭവങ്ങൾ സിനിമാക്കഥയാക്കി മാറ്റിയിരിക്കുന്നത്. കാസർഗോഡ് ജില്ലയിലെ പ്രത്യേക പോലീസ് അന്വേഷണ സംഘത്തിലെ അംഗങ്ങളായിരുന്ന ഫിലിപ് തോമസ്, നാരായണൻ നായർ, ലക്ഷ്മി നാരായണൻ, ശ്രീജിത്ത് കെ എന്നിവരാണ് ഇൻസ്‌പെക്ടർ സിബി തോമസിന്റെ നേതൃത്വത്തിൽ കവർച്ചക്കാരെ പിന്തുടർന്ന് ഉത്തരേന്ത്യയിലെത്തിയത്.
ആസിഫ് അലിയും ഷറഫുദ്ദീനും സണ്ണിവെയ്‌നും അലൻസിയറും സെന്തിൽകൃഷ്ണയും സഞ്ചരിച്ച വഴികളും പറയുന്ന ഡയലോഗുകളും ഇവരുടെ തന്നെ അനുഭവങ്ങളോട് ചേർന്ന് നിൽക്കുന്നതാണ്. കേരള പോലീസിന്റെ പരിമിതമായ സൗകര്യങ്ങളും ബജറ്റും ഉപയോഗിച്ച് അപരിചിതമായ ദേശങ്ങളിലൂടെ ജീവൻ പോലും പണയം വച്ചുള്ള കേരളം പോലീസിന്റെ സഞ്ചാരത്തിന്റെ സാഹസികതയാണ് കുറ്റവും ശിക്ഷയും അനാവരണം ചെയ്യുന്നത് .
എച്ച്.വിനോദ് സംവിധാനം ചെയ്ത തീരൻ കൈകാര്യം ചെയ്ത ഭീകരസംഭവങ്ങൾ, ഏറ്റുമുട്ടലുകൾ, മരണക്കളികൾ എന്നിവയിൽ നിന്നെല്ലാം വ്യത്യസ്തമാണ് കുറ്റവും ശിക്ഷയും കൈകാര്യം ചെയ്യുന്ന പ്രമേയം. കേരളാ പോലീസിന്റെ അന്വേഷണ രീതിയും ബന്ധങ്ങളും അർപ്പണമനോഭാവവും ചിത്രം അനാവരണം ചെയ്യുന്നു.
Content Highlights: kuttavum sikshayum movie, sumangali jewellery theft case kasaragod, sibi thomas, asif ali
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..