നു വാര്യര്‍ സംവിധാനം ചെയ്ത 'കുരുതി' എന്ന ചിത്രം കണ്ടപ്പോള്‍ പൊടി തട്ടിയെടുത്തത് പഴയ കെമിസ്ട്രി പാഠങ്ങളാണ്. അസിഡിറ്റിയുടേയും (അമ്ലത) ബേസിസിറ്റിയുടേയും (ക്ഷാരത) തോത് അളക്കാന്‍ ഉപയോഗിക്കുന്ന മാനദണ്ഡമുണ്ട്. അതിനെ പി.ച്ച്. സ്‌കെയില്‍ എന്ന് പറയും. പൊട്ടന്‍ഷ്യല്‍ ഓഫ് ഹൈഡ്രജന്‍ എന്നതിന്റെ ചുരുക്കെഴുത്താണ് പി.എച്ച്. എന്നറിയപ്പെടുന്നത്.

ഡാനിഷ് ശാസ്ത്രജ്ഞനായിരുന്ന സോറേന്‍ സോറേന്‍സണ്‍ ആണ് ഈ സമ്പ്രദായം വികസിപ്പിച്ചെടുത്തത്. ഇത് ലായനികളുടെ അമ്ല-ക്ഷാര മൂല്യം അളക്കുന്നതിനുള്ള ഏകകം ആണ്. ഈ രീതിയനുസരിച്ച് ഒരു ലായനിയുടെ മൂല്യം പൂജ്യം മുതല്‍ 14 വരെയുള്ള അക്കങ്ങളാല്‍ സൂചിപ്പിക്കുന്നു. 7-ല്‍ താഴെ പി.എച്ച്.മൂല്യമുള്ളവ അമ്ളഗുണമുള്ളവയെന്നും 7-നു മുകളില്‍ പി.എച്ച്. മൂല്യമുള്ളവ ക്ഷാരഗുണമുള്ളവയെന്നും തരം തിരിച്ചിരിക്കുന്നു. ശുദ്ധജലത്തിന്റെ പി.എച്ച്. മൂല്യം ഏഴ് ആണ്.

'കുരുതി'യിലെ കഥാപാത്രങ്ങളെ വിശകലനം ചെയ്യുമ്പോള്‍ പഴയ ശാസ്ത്രവിദ്യാര്‍ഥിനി എന്ന നിലയില്‍ മനസ്സില്‍ തെളിയുന്നത് പി.എച്ച്. സ്‌കെയിലാണ്. ആസിഡ് ഏത്, ആല്‍ക്കലി ഏത് എന്നതില്‍ മാത്രമേ ഒരു ആശയക്കുഴപ്പമുള്ളൂ. ലായിഖും (പൃഥ്വിരാജ്) വിഷ്ണുവും (സാഗര്‍ സൂര്യ) തമ്മിലുള്ള ആശയങ്ങളില്‍ മാത്രമേ അന്തരമുള്ളൂ. അവര്‍ രണ്ടു പേരും മതതീവ്രവാദത്തിന്റെ വക്താക്കളാണ്. രണ്ടു പേരും ഒരു പോലെ അപകടകാരികള്‍, സമൂഹവിപത്തുകള്‍. അതുകൊണ്ടു തന്നെ ഇവരെ പി.എച്ച്. സ്‌കെയിലിന്റെ രണ്ടറ്റങ്ങളില്‍ പ്രതിഷ്ഠിക്കാം.

മൂസ ഖാദറി(മാമുക്കോയ)ന്റെയും  പ്രേമ(മണികണ്ഠന്‍ ആചാരി)ന്റെയും  പി.എച്ച്. മൂല്യം 7 ആണ്. അവര്‍ക്ക് മതമല്ല വിഷയം. ഉരുള്‍പ്പൊട്ടലില്‍ എല്ലാം നഷ്ടപ്പെട്ട ഈ രണ്ടു മനുഷ്യരും ജീവിക്കുന്നത് പ്രിയപ്പെട്ടവരുടെ ഓര്‍മകളിലാണ്. അവരില്‍ ഇരുവരിലും ഒരു പൊട്ടന്‍ഷ്യല്‍ തീവ്രവാദിയെ കാണാന്‍ സാധിക്കുകയില്ല. മതത്തിന്റെ പേരില്‍ ഒരാളെ കുത്തിമലര്‍ത്തിയ വിഷ്ണുവിനെ പിടികൂടിയ എസ്.ഐ. സത്യനും(മുരളി ഗോപി) ഇതേ ന്യൂട്രല്‍ (7) പോയന്റിലാണ് സ്ഥാനം. കൊലപാതകിയായ പ്രതിയ്ക്ക് പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കുക എന്ന നിയമപാലകന്റെ ഉത്തരവാദിത്വം മാത്രമാണ് സത്യനെ അലട്ടുന്നതും ഭരിക്കുന്നതും.

ഇനി സുമ(സ്രിന്ദ്ര)യിലേക്കും  ഇബ്രാഹി(റോഷന്‍ മാത്യു)മിലേക്കും  വരാം. സുമയും ഇബ്രാഹിമും വീര്യം കുറഞ്ഞ പൊട്ടന്‍ഷ്യല്‍ തീവ്രവാദികളാണ്. ഇരുവരിലും മനുഷ്യത്വമുണ്ടെങ്കിലും മതവിശ്വാസവും സ്വത്വബോധവും ഉറങ്ങിക്കിടക്കുന്നു. സാഹചര്യത്തിനനുസരിച്ച അത് സട കുടഞ്ഞ് എഴുന്നേല്‍ക്കും. മകളുടെ നിഷ്‌കളങ്കമായ വിലക്കിനെ മറികടന്ന് ആടിനെ ബലി നല്‍കുമ്പോഴും  സുമയുടെ വിവാഹാഭ്യര്‍ഥന നിരസിക്കുമ്പോഴും കാണാനാവുന്നത് ഇബ്രാഹിമിലെ തീവ്രചിന്തയാണ്. അതുപോലെ, 'ഞങ്ങളുടെ ആളുകളെ കൊല്ലാന്‍ സമ്മതിക്കി'ല്ലെന്ന് പറഞ്ഞ് തോക്കെടുക്കുമ്പോള്‍ സുമയിലും.

ഇനി കരീമിലേക്ക് വരാം. കരീം (ഷൈന്‍ ടോം ചാക്കോ) മതവിശ്വാസിയാണ്, ജനാധിപത്യവാദിയാണ്. എന്നാല്‍, സാഹചര്യങ്ങള്‍ ഒത്തുവന്നപ്പോള്‍ അയാളിലെ പൊട്ടന്‍ഷ്യല്‍ തീവ്രവാദി ഉറക്കം വിട്ടെഴുന്നേല്‍ക്കുന്നു. ലായിഖില്‍നിന്നും വിഷ്ണുവില്‍നിന്നും കരീമിലേക്ക് അധികം ദൂരമില്ല. അതുകൊണ്ടു തന്നെ കരീം തികച്ചും അപകടകാരിയാണ്. പുതുതലമുറയില്‍ അയാള്‍ ചെലുത്തുന്ന സ്വാധീനവും എടുത്തു പറയേണ്ടതാണ്. സ്വന്തം സഹോദരന്‍ ഇബ്രാഹിമിനേക്കാള്‍ പ്രായപൂര്‍ത്തിയാകാത്ത റസൂല്‍ (നസ്ലിന്‍) കരീമിനോട് പുലര്‍ത്തുന്ന ആഭിമുഖ്യം അതിനുദാഹരമാണ്. 

ഇനി 'കുരുതി'യുടെ പ്രമേയത്തിലേക്ക് വരാം. ഗുഹകളില്‍ വേട്ടയാടിയും പോരാടിയും ജീവിച്ച്, പിന്നീട് വ്യത്യസ്ത ഗോത്രങ്ങളും വിശ്വാസങ്ങളുമായി പരിണമിച്ച്, മതങ്ങള്‍ കെട്ടിപ്പൊക്കിയുണ്ടാക്കിയ മനുഷ്യനില്‍നിന്ന് ഇന്നത്തെ ആധുനിക മനുഷ്യനില്‍ എത്തിനില്‍ക്കുമ്പോള്‍ എന്ത് മാറ്റമാണ് സംഭവിച്ചത്? ഗോത്രീയതയും മതബോധവും ഈ മനുഷ്യവര്‍ഗത്തെ വിടാതെ പിന്തുടരുന്നതിന് കാരണമെന്തായിരിക്കാം? സഹജീവികളെ കൊന്നൊടുക്കാന്‍ വിശ്വാസത്തിന്റെ മറവില്‍ ആയുധം കയ്യിലെടുക്കുന്നത് എന്തുകൊണ്ടായിരിക്കാം? തന്റെ ശരി മാത്രമാണ് ശരിയെന്ന് അയാള്‍ ശഠിക്കുന്നത് എന്തുകൊണ്ടായിരിക്കാം? അങ്ങനെ ഒരുപാട് ചോദ്യങ്ങള്‍ ചോദിക്കാതെ ചോദിക്കുകയും അതിനുത്തരം പ്രേക്ഷകരുടെ യുക്തിയ്ക്ക് വിട്ടുകൊടുക്കുകയാണ് കുരുതി.

ഒരു ത്രില്ലര്‍ എന്നതിനപ്പുറം 'കുരുതി' സംസാരിക്കുന്നത് വര്‍ത്തമാനകാലത്തും മനുഷ്യരെ പോരടിപ്പിക്കുന്ന വിഷയങ്ങളാണ്. അപ്പോഴും ഉറപ്പിച്ച് പറയാനാകും. പി.എച്ച്. സ്‌കെയിലില്‍ 7-ല്‍  നില്‍ക്കുന്ന മൂസ ഖാദറാണ് ശരി. ലായിഖും വിഷ്ണുവും സിനിമയിലെ കഥാപാത്രങ്ങളാണെങ്കിലും ആശയപരമായി തിന്മകളാണ്. മാനവരാശിയെ കടുത്ത രക്തചൊരിച്ചിലിലേക്ക് കൊണ്ടുപോകുന്ന വലിയ തെറ്റുകള്‍. അവരെ തിരിച്ചറിയുക.

Content Highlights: Kuruthi Movie character Analysis Prithviraj Sukumaran Roshan Mathew