ഒരുപാടു നഷ്ടങ്ങൾക്കിടയിലും ജീവിതമാകുന്ന ദുരിതപർവത്തിലൂടെ കടന്നുപോകേണ്ടി വരുന്ന കുറച്ചു പച്ച മനുഷ്യർ ,സ്നേഹത്തിലും സഹോദര്യത്തിലും കഴിയവെ അപ്രതീക്ഷിതമായി അവർ നേരിടേണ്ടി വരുന്ന പ്രതിസന്ധിയാണ് കുരുതിയുടെ ഭാഷ്യം . മാനവികതയിലൂന്നി ജീവിക്കുന്ന അവർക്കിടയിലും , മതം പറഞ്ഞു , തീവ്രമായ വൈകാരികതയിലൂടെ എളുപ്പത്തിൽ പരിക്കേൽക്കുന്ന മനസ്സുള്ള ഒരു കഥാപാത്രം ഉണ്ട് ;റസൂൽ .

ദുഃഖം ഘനീഭവിച്ചു നിൽക്കുന്ന മനസ്സാകിലും ദൈവ വിശ്വാസത്തിൽ അധിഷ്ഠിതമായ ധാർമ്മികതയും , നിയമനിഷ്ഠയും പാലിക്കുന്ന ഇബ്രുവും ഒരു വീട്ടിലെ ,ഒരേ ജനിതകം പങ്കിടുന്ന , ഒരേ രീതിയിൽ പരിലാളനം ലഭിച്ച മനുഷ്യർ തന്നെയാണെന്നതാണ് വിഭജനത്തിന് എളുപ്പത്തിൽ വഴിയൊരുക്കുന്ന ധ്രുവങ്ങൾ . കണ്ടിരിക്കുന്ന പ്രേക്ഷകരുടെ മനസ്സിലും ചേരിതിരിഞ്ഞുള്ള യുദ്ധം നടക്കുമെന്നതിൽസംശയമില്ല .

അതിനിടയിൽ വന്നു പോകുന്ന ഓരോ കഥാപാത്രങ്ങളും , ഇരു വശങ്ങളിലേക്കും നമ്മളെ ചാഞ്ചാടിച്ചുകൊണ്ടിരിക്കും . മനുഷ്യർ യുക്തി മാത്രം ഉപയോഗിക്കുന്നതും , വൈകാരിക പ്രക്ഷുബ്ധതയുള്ള നിമിഷങ്ങളിൽ വളരെ സ്വാർത്ഥമതികളായി പെരുമാറുന്നതുമൊക്ക അളന്നുതൂക്കി തിരക്കഥയിൽ ഒരുക്കിയിട്ടുണ്ട്. കാല്പനികതയും , ഉള്ളലിവും അനുതാപവും ഒക്കെ സന്ദര്ഭത്തിനനുസരിച്ചു മൃഗീയ വാസനയും , സാമൂഹ്യ വിരുദ്ധതയുമൊക്കെയായി പരിണമിക്കുന്ന കാഴ്ച പിടിച്ചിരുത്തുന്നതു തന്നെ.

ഒരു കൂട്ടം ആളുകളുടെ ചെറിയ ലോകത്തിനു പുറത്തു മറ്റെവിടെയോ സംഭവിക്കുന്ന കാര്യങ്ങളാണ് ; ഒരു പക്ഷ ആവശ്യത്തിലേറെ അവരുടെ ചിന്തകളെ ഉത്തേജിപ്പിക്കുന്നത് , അവരുടെയകങ്ങളെ വേർതിരിവിന്നിടങ്ങൾ ആക്കുന്നത് . നിലപാടുകളെയും ആശയങ്ങളെയും ചോദ്യം ചെയ്യുമ്പോൾ മനുഷ്യർ " സൗകര്യം " എന്ന പാത സ്വീകരിക്കുന്നു.മറ്റൊരു മാർഗവും ഇല്ലാതെ വഴിയടഞ്ഞ പോലെ !!! അതിന്റ കാരണം ആണ് കണ്ടെത്തി പരിഹരിക്കേണ്ടത് . "ഞങ്ങളും നിങ്ങളും ", എന്നത് ഈ കൃത്രിമ സൗകര്യത്തിന്റ എവിടെയുമെത്താത്ത പാത മാത്രമാണ് .ഒരു പാട് സ്നേഹം പങ്കിട്ടിട്ടും , ഓണവും ക്രിസ്മസ്സ്സും പെരുന്നാളും ഒന്നിച്ചുണ്ടിട്ടുമൊക്ക , മാനവികത എന്ന മതം വളരാത്തതെന്താണ് ? ചിന്തിക്കേണ്ടിയിരിക്കുന്നു ! ആ ചിന്താധാര കൊളുത്താൻ കഴിവില്ലാത്ത വിവരങ്ങളുടെ കുത്തൊഴുക്ക് മാത്രമായി വിദ്യാഭ്യാസം ചുരുങ്ങിയിരിക്കുന്നു.

മനുഷ്യരെ എക്കാലവും കൂട്ടിയോജിപ്പിക്കാൻ കെൽപ്പുള്ള ഒന്നുണ്ട് . ഭക്ഷണം . വിശപ്പിന്റ വിളി ഏവരിലും ഒരു പോലെ എന്ന പച്ചപരമാർത്ഥം ചിന്തനീയം തന്നെ . പാചകം ചെയ്യാൻ പാടുപെടുന്ന ഇബ്രുവും , ഭക്ഷണത്തിനു വേണ്ടി കാത്തിരിക്കുന്ന മൂസയും , നിയമം കാക്കുവാൻ വെമ്പുന്ന പോലീസ്‌കാരനും , പ്രതികാരദാഹിയായ ലായ്ക്കിനും ഒരു നിമിഷത്തിൽ വേണ്ടതു ഭക്ഷണം തന്നെയാണ് . ഇങ്ങനെ നാനാ ദിശകളിലേക്കും തിരിഞ്ഞു നിൽക്കുന്ന കഥാപാത്രങ്ങളെ ക്രമബന്ധമാകുന്ന ഭക്ഷണത്തെയാണ് ഏവർക്കും അഭിമതമായ " മതമായി " കാണാൻ കഴിഞ്ഞിരുന്നെങ്കിൽ ജീവിതം എത്ര ലളിതവും മനോഹരവും ആയേനെ !!

1997 ൽ , കോളേജിൽ നടന്ന ഒരു സംവാദം ഓർമിക്കുകയാണ് ഇവിടെ . ആണവ നിരായുധീകരണം ആയിരുന്നു വിഷയം . ഒരു വിഭാഗം വാദിച്ചു "രണ്ടു പേരുടെ കൈയ്യിലും തോക്കുണ്ട് . രണ്ടു പേരും നിറ ഉതിർക്കുന്നു .ഇരുവരും മരിക്കുന്നു 'ആർക്കു എന്ത് ഗുണം ?
മറുവിഭാഗം വാദിച്ചു " രണ്ടു കൂട്ടരുടെയും കൈയ്യിൽ തോക്കുണ്ടെങ്കിൽ , ഭയന്ന് പരസ്പരം വെടിയുതിർക്കില്ല , അങ്ങിനെ സുഖമായി ജീവിക്കാം പോലും ! ജീവിച്ചിരിക്കുന്നിടത്തോളം കാലം ഭയം നമ്മെ ഭരിക്കുകയും നമ്മൾ അതിന് " സമാധാനം " എന്ന് പേരിട്ടു വിളിക്കുകയും ചെയ്യും ! എന്തൊരു പരാജയം , അല്ലേ ? ഒരു നിമിഷത്തിൽ ഒരു കൂട്ടർക്ക് ഈ ഭയത്തിനു അറുതി വരുത്തണമെന്ന് തോന്നുകയും അന്ന് " സമാധാനം പുനഃസ്ഥാപിക്കാനെന്ന പേരിൽ കൂട്ടക്കൊലകൾ പുനരാരംഭിക്കുകയും ചെയ്യും .
സന്ദർഭത്തിനൊത്തു ഉയരുന്ന തീപ്പൊരി വാക്കുകൾ ഉതിർക്കുന്ന ബുദ്ധിപരത പ്രകടിപ്പിക്കുന്ന സുമ എന്ന നായിക പ്രതീക്ഷയുളവാക്കുന്ന കഥാപാത്രമാണ് . പക്ഷെ ഒരുസന്ദർഭത്തിൽ " ആണുങ്ങൾ സംസാരിക്കുന്നിടത്തു പെണ്ണുങ്ങൾക്കെന്തു കാര്യം എന്ന ക്ളീഷേ ഡയലോഗിന് മുന്നിൽ വാ പൂട്ടിയതും ഉൾവലിഞ്ഞതും കുറച്ചു അരോചകമായി തോന്നി .

മനസ്സിൽ ഏറ്റവും ആഴത്തിൽപതിച്ച കല്ല് ചിത്രത്തിലെ മൂസ പറഞ്ഞ ഒരു സംഭാഷണ ശകലമാണ് " നാം ജയിച്ചു എന്ന് സ്വയം പറഞ്ഞു വിശ്വസിപ്പിച്ചു പ്രതികാരാഗ്നിയിൽ എരിഞ്ഞൊടുങ്ങുന്നവരാണ് നമ്മൾ " ! !ശ്രീ ബുദ്ധന്റേതായ ഒരു വാക്യമുണ്ട് . ദേഷ്യം എന്നത് മറ്റെയാളെ എറിയണം എന്ന ഉദ്ദേശത്താൽ നാം കൈയ്യിൽപിടിച്ചിരിക്കുന്ന കനൽ ആണത്രേ .

നട്ടാൽ നന്മ നിറഞ്ഞു വിളയാവുന്ന " കുരു " വും കൈവിട്ടാൽ പടർന്നു കയറി സർവവും ദഹിപ്പിക്കാൻ ശേഷിയുള്ള " തി " യും ചേർന്ന " കുരുതി " എന്ന പേര് തികഞ്ഞ ദ്വന്ദത്തെ തന്നെ സൂചിപ്പിക്കുന്നു. ജീവിച്ചിരിക്കുന്ന കാലത്തോ ആത്മനിയന്ത്രണം പാലിക്കാൻ കഴിയാത്ത മനുഷ്യരാകും നമ്മൾ , മരണശേഷം സംഭവിക്കാൻ പോകുമെന്ന് കരുതുന്ന , പറുദീസയ്ക്കും , സ്വർഗ്ഗത്തിനും , മോക്ഷത്തിനുമായി , ഇവിടെ യുദ്ധം വെട്ടുന്നു . മനുഷ്യക്കുരുതികൾ തുടർകഥ ആകാതിരിക്കാൻ , ഈ വാദങ്ങളെല്ലാം ഒരു പക്ഷെ ഒരേ ലക്ഷ്യത്തിലേക്കെത്താനുള്ള സമാന്തര പാതകൾ മാത്രമായിരിക്കാം , ഗതാഗതം കുറച്ചധികമാണെന്നും ,എല്ലാവര്ക്കും ഒരു നാൾ പോകേണ്ടതാണെന്നും ഓര്മിക്കുവാൻ കഴിയുന്ന പക്ഷം , " ശ്ശെടാ ! എന്ന് പറഞ്ഞു തല കുടഞ്ഞു ചിരിച്ചു ,മാനവികതയെ വിലമതിക്കുന്ന കാലം വരും എന്ന ശുഭപ്രതീക്ഷയിൽ മുന്നോട്ട് മുന്നോട്ട്‌ മുന്നോട്ട് !


content highlights : kuruthi movie analysis prithviraj mamukkoya srindaa shine tom chacko