ജിതിൻ കെ ജോസ്, 'കുറുപ്പി'ൽ ദുൽഖർ സൽമാൻ'
കേരളത്തിന്റെ കുറ്റാന്വേഷണ ചരിത്രത്തിൽ ഇന്നും പിടികിട്ടാപ്പുള്ളിയായി തുടരുന്ന സുകുമാരക്കുറുപ്പിന്റെ കഥ. ദുൽഖർ സൽമാൻ എന്ന നടന്റെ കരിയറിലെ തന്നെ ഏറ്റവും മുതൽമുടക്കുള്ള ചിത്രം. പ്രഖ്യാപന സമയം മുതൽ വാർത്തകളിൽ നിറഞ്ഞു നിന്ന കുറുപ്പ് എന്ന ചിത്രം പ്രദർശനത്തിന് തയ്യാറെടുക്കുമ്പോൾ ആകാംക്ഷയോടൊപ്പം വിമർശനങ്ങളും ചർച്ചകളും മറുവശത്ത് ഉയരുന്നുണ്ട്. ചിത്രത്തിന്റെ ടീസറും ട്രെയ്ലറുമെല്ലാം പുറത്തിറങ്ങുകയും ട്രെൻഡിങ്ങാവുകയും ചെയ്തതിന് പിന്നാലെ കൊടും കുറ്റവാളിയായ സുകുമാരക്കുറുപ്പിനെ വെള്ളപൂശുന്നതാണ് ചിത്രമെന്നാണ് ഒരു ഭാഗം ഉന്നയിക്കുന്ന പ്രധാന ആരോപണം. എന്നാൽ ഈ ആരോപണങ്ങളിൽ എത്രമാത്രം കഴമ്പുണ്ടെന്ന് തുറന്നു പറയുകയാണ് ചിത്രത്തിന്റെ കഥാകൃത്തുക്കളിൽ ഒരാളും തിരുവനന്തപുരം അമ്പൂരി സ്വദേശിയുമായ ജിതിൻ.കെ.ജോസ് മാതൃഭൂമി ഡോട്ട്കോമിനോട്..
കുറുപ്പെന്ന വെല്ലുവിളി
എല്ലാവർക്കും അറിയാവുന്ന, കേട്ട് പരിചയമുള്ള സംഭവമാണ് എന്നത് തന്നെയാണ് കുറുപ്പിനായി കഥയൊരുക്കുമ്പോൾ ആദ്യം നേരിട്ട വെല്ലുവിളി. എന്താണ് സംഭവിച്ചത് എന്നതിനെപ്പറ്റി എല്ലാവർക്കും പൊതുവായ ധാരണയുള്ളതാണ്. അങ്ങനെയൊരു കാര്യം സിനിമയാക്കുമ്പോൾ ജഡ്ജ്മെന്റൽ ആയേ ആളുകൾ സമീപിക്കുള്ളൂ. അതിനെ മറികടക്കുന്ന രീതിയിൽ പ്രേക്ഷകന് ആകാംക്ഷയുണ്ടാക്കുന്ന ഘടകങ്ങൾ കഥയിലുണ്ടായിരിക്കണം എന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. ശ്രീനാഥ് രാജേന്ദ്രന്റെ ആദ്യ ചിത്രമായ സെക്കൻഡ് ഷോ കഴിഞ്ഞ സമയത്താണ് കുറുപ്പിനെക്കുറിച്ചുള്ള ചർച്ചകൾ നടക്കുന്നത്. പിന്നീട് അതിന്റെ പുറകിൽ കുറേ ഗവേഷണങ്ങളൊക്കെ നടത്തി. സുകുമാരക്കുറുപ്പ് കേസിലെ ഇൻവെസ്റ്റിഗേറ്റീവ് ഓഫീസർ ഹരിദാസ് സാർ അടക്കമുള്ളവരെ വിവരങ്ങൾ ശേഖരിക്കാനായി സമീപിച്ചു. പല ചാനലുകളിലും ഈ കേസുമായി ബന്ധപ്പെട്ട് വന്ന പരിപാടികളുടെ അണിയറപ്രവർത്തകരെയെല്ലാം കണ്ടു. അങ്ങനെ ഈ കേസുമായി ബന്ധപ്പെട്ടല്ലാതെ സുകുമാരക്കുറുപ്പ് എന്ന വ്യക്തിയുടെ ജീവിതവുമായി ബന്ധപ്പെട്ട അധികം ചർച്ച ചെയ്യപ്പെടാതിരുന്ന കുറേയധികം വിവരങ്ങൾ അറിയാൻ സാധിച്ചു. അതിൽ നിന്നാണ് ഒരു സിനിമയ്ക്കുള്ള സാധ്യത മുന്നിൽ വരുന്നത്. നല്ലൊരു ഫിക്ഷനുള്ള സാധ്യത ആ കഥകളിൽ ഉണ്ടായിരുന്നു. ഒരിക്കലും യഥാർഥ ജീവിതത്തിൽ നടന്ന കാര്യങ്ങളല്ല സിനിമയിൽ വരുന്നത്. ആ സംഭവങ്ങളിൽ സിനിമാറ്റിക് ആയി ഫിക്ഷനും കൂട്ടിച്ചേർത്തൊരുക്കിയ കഥയായിരിക്കും കുറുപ്പ് പറയുന്നത്.
സുകുമാരക്കുറുപ്പ് എവിടെയാണ് എന്നതിനെപ്പറ്റി അന്വേഷണ ഉദ്യോഗസ്ഥർക്കും അല്ലെങ്കിൽ കേരളത്തിലെ ഓരോരുത്തർക്കും ഓരോ കഥകൾ പറയാനുണ്ടാവും. അവർക്ക് കിട്ടിയ വിവരങ്ങൾ വച്ച് അയാൾ അവിടെയുണ്ടാകും ഇവിടെയുണ്ടാകും എന്നുള്ള നിഗമനങ്ങളിലേക്ക്, ഊഹങ്ങളിലേക്ക് എത്തിച്ചേരുകയാണ്. അതാണ് യാഥാർഥ്യം. എന്നാൽ ആ യാഥാർഥ്യത്തിന് അപ്പുറം നമ്മൾ ചർച്ച ചെയ്തെടുത്ത ഫിക്ഷൻ അവതരിപ്പിക്കുന്നത് വലിയ വെല്ലുവിളി തന്നെയാണ്.
ദുൽഖർ നായകനോ വില്ലനോ
കേരളം കണ്ട ഏറ്റവും വലിയ പിടികിട്ടാപ്പുള്ളിയുടെ കഥയാണ്. നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രം തന്നെയാണ് ചിത്രത്തിലെ നായകൻ. പ്രേക്ഷകർക്ക് സ്വീകാര്യനായ ഒരു നടൻ ആ കഥാപാത്രമായെത്തുമ്പോൾ അതിനൽപം ഹീറോയിക് ഘടകങ്ങൾ വന്നു ചേരുക തന്നെ ചെയ്യും. അതിന് നമുക്കൊന്നും ചെയ്യാനാകില്ല. അതല്ലാതെ നമ്മളായി ആ കഥാപാത്രത്തെ മഹത്വവത്കരിക്കാൻ ശ്രമിച്ചിട്ടില്ല. സ്റ്റാർഡം ഉള്ള താരമാണെങ്കിൽ അയാൾ ആ കഥയിലെ നായകൻ എന്നതാണ് നമ്മുടെ പൊതുധാരണ. ദുൽഖർ ഈ സിനിമയിലെ നായകനെന്നതിന് അപ്പുറത്ത് നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രം എന്ന തരത്തിൽ തന്നെയാണ് നമ്മൾ കഥയൊരുക്കിയിരിക്കുന്നത്.
നേരത്തെ പറഞ്ഞ പോലെ നടന്ന സംഭവങ്ങൾക്കപ്പുറത്ത് ചർച്ച ചെയ്തപ്പോൾ മുന്നിൽ വന്ന ഫിക്ഷണലായിട്ടുള്ള കാര്യങ്ങളാണ് ഏറ്റവും അധികം ആവേശമുയർത്തിയ ഘടകങ്ങൾ. അത് തന്നെയാണ് നമ്മുടെ വലിയ ധൈര്യവും. യഥാർഥ ജീവിതത്തിന്റെ ആവിഷ്കാരമല്ല ചിത്രം. യഥാർഥത്തിൽ നടന്ന സംഭവങ്ങൾ ഒരു പ്രേരണ ആയെന്നേയുള്ളൂ. സിനിമ ഫിക്ഷൻ തന്നെയാണ്.
കുറുപ്പിന്റെ രചനയിലേക്ക്
ഞാൻ സിനിമയിൽ അസിസ്റ്റന്റ് ഡയറക്ടറായി ജോലി ചെയ്ത് വരികയായിരുന്നു. ആദ്യമായി കഥയെഴുതുന്ന സിനിമ കുറുപ്പാണ്. ഫിലിം മെയ്ക്കിങ്ങ് എന്ന സംഗതിയോട് പണ്ടുമുതലേ താത്പര്യം ഉണ്ടായിരുന്നു. അതുമായി ബന്ധപ്പെട്ടുള്ള എൻട്രിക്കായി ശ്രമിക്കുമ്പോഴാണ് ശ്രീനാഥ് രാജേന്ദ്രനെ പരിചയപ്പെടുന്നത്. അദ്ദേഹവുമായി പല ചർച്ചകളും നടത്തുകയും കുറുപ്പിന്റെ രചനയിലേക്ക് എത്തിപ്പെടുന്നതും.എഴുത്ത് എന്നത് അത് സ്വാഭാവികമായി സംഭവിച്ചു പോയതാണ്.
വിമർശകരോട്
ചിത്രത്തിന്റെ ട്രെയ്ലറിലും മറ്റും നായക കഥാപാത്രത്തിന്റെ പൈശാചിക മുഖം തന്നെയാണ് ആവിഷ്കരിച്ചിരിക്കുന്നത്. സംഭാഷണങ്ങളിൽ പോലും അങ്ങനെ തന്നെയാണ് ചെയ്തിരിക്കുന്നത്. സിനിമ എപ്പോഴും സബ്ജക്ടീവ് ആണ്. ഇന്ന രീതിയിൽ ആസ്വദിക്കണം എന്ന് പ്രേക്ഷകരോട് പറയാനാവില്ല. കാണുന്ന ആൾക്ക് എന്ത് തോന്നുന്നു എന്നത് വ്യക്തിപരമായ കാര്യമാണ്. അവരെ നമുക്കും വിമർശിക്കാനാവില്ല. പക്ഷേ ഒരിക്കലും ഈ സിനിമ ആ കഥാപാത്രത്തെ മഹത്വവത്കരിക്കുന്ന തരത്തിലല്ല നമ്മൾ എടുത്തിരിക്കുന്നത്. അത് മാത്രമേ വിമർശകരോട് പറയാനുള്ളൂ. കൂടുതൽ ചർച്ചകൾ സിനിമ കണ്ട ശേഷം വരേണ്ടതാണ്.
Content Highlights: Kurup Movie Release script writer Jithin K. Jose interview Dulquer Salmaan as Sukumara Kurup


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..