എൽദോ ജോൺ ആസിഫ് അലിക്കൊപ്പം
ആസിഫ് അലി നായകനായ കുഞ്ഞെൽദോ തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. സിനിമക്ക് ലഭിക്കുന്ന നല്ല അഭിപ്രായങ്ങളിൽ നിറഞ്ഞ സന്തോഷമാണ് അണിയറ പ്രവർത്തകർക്ക്. എന്നാൽ അവരേക്കാളേറെ ഈ സിനിമയുടെ വിജയത്തിൽ ആനന്ദിക്കുന്ന മറ്റൊരാളുണ്ട്. എൽദോ ജോൺ എന്ന മലയാറ്റൂരുകാരൻ. സിനിമയിൽ ആസിഫ് അലി അവതരിപ്പിച്ചത് സത്യത്തിൽ എൽദോ ജോണിന്റെ ജീവിതാനുഭവങ്ങളാണ്. എൽദോ മാതൃഭൂമി ഡോട്ട് കോമിനോട് മനസ് തുറക്കുന്നു.
മാത്തുക്കുട്ടിയുമായുള്ള പരിചയം
എന്റെ കസിനാണ് കുഞ്ഞെൽദോയുടെ സംവിധായകൻ മാത്തുക്കുട്ടി. ചാച്ചന്റെ മകനാണ്. കുഞ്ഞോൻ എന്നാണ് ഞാൻ വിളിക്കുന്നത്. എന്റെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്താണ്, ഒന്നിച്ച് നടക്കുന്നവനാണ്. പിന്നെ സിനിമയിൽ കണ്ട കഥ നടക്കുമ്പോൾ എന്റെ കൂടെയുള്ളയാളാണ് മാത്തുക്കുട്ടി. എനിക്കൊപ്പം സ്ട്രോങ്ങായി നിന്നയാൾ കൂടിയാണ്.
യഥാർത്ഥത്തിൽ നടന്നത്
ഏകദേശം 17 വർഷം മുമ്പ് നടന്ന കാര്യമാണ്. 2003-2004 കാലഘട്ടത്തിൽ നടന്ന സംഭവമായിരുന്നു അത്. എന്റെ ജീവിതത്തിലെ തന്നെ ഏറ്റവും നിർണായകമായ സംഭവമായിരുന്നു അത്. ഞാനനുഭവിച്ച കാര്യങ്ങളൊക്കെത്തന്നെയാണ് സ്ക്രീനിൽ കാണുന്നത്.
വിലപിടിച്ച സൗഹൃദങ്ങൾ
എന്റെ കഥയെന്താണെന്ന് മാത്തുക്കുട്ടിക്ക് നന്നായി അറിയാം. എന്റെ അനുഭവങ്ങളെല്ലാം നേരിട്ട് കണ്ടതും അനുഭവിച്ചതുമാണ് മാത്തുക്കുട്ടി. എന്റെ ജീവിതത്തിൽ നിർണായക സ്ഥാനമുള്ളയാളാണ് മാത്തുക്കുട്ടി. സിനിമയിൽ കാണുന്നതുപോലെ എന്റെ എല്ലാ കാര്യത്തിലും ഒപ്പമുണ്ടായിരുന്നു. എനിക്ക് വളരെയധികം പിന്തുണ നൽകിയിരുന്നു. പ്രണയമെന്നതിനപ്പുറം എനിക്ക് സൗഹൃദവും വളരെ വിലപിടിച്ചതാണ്. ആ സൗഹൃദങ്ങൾ ഇപ്പോഴും എനിക്കുണ്ട്. യു.സി കോളേജ് കഴിഞ്ഞിട്ട് കുറേ കാലമായി. ഇപ്പോഴും ഞങ്ങൾ തമ്മിൽ ബന്ധപ്പെടാറുണ്ട്. ഇപ്പോഴും വർഷത്തിലൊരിക്കൽ ഒത്തുകൂടാറുണ്ട്.
സിനിമയാക്കാനുള്ള ആശയം
എന്റെ ജീവിതം സിനിമയാക്കാമെന്ന് ആദ്യം പറഞ്ഞത് മാത്തുക്കുട്ടി തന്നെയാണ്. എന്റെ കഥ സിനിമയാക്കിയാലോ എന്ന് എന്നോട് ചോദിക്കുകയായിരുന്നു. അവൻ സംവിധാനം ചെയ്യുകയാണെന്ന് കേട്ടപ്പോൾ വലിയ വിഷയമായി തോന്നിയില്ല. കാരണം അവനുംകൂടി അനുഭവിച്ച കഥയാണ്. നല്ല രീതിയിൽ ചെയ്യാൻ പറ്റുമെങ്കിൽ, നല്ലൊരു തുടക്കമാവുമെങ്കിൽ അങ്ങനെതന്നെയാവട്ടെ എന്നാണ് ഞാനും പറഞ്ഞത്. പിന്നീടാണ് വിനീതേട്ടനോട് (വിനീത് ശ്രീനിവാസൻ) കഥപറയുന്നതും കഥയുമായി മുന്നോട്ടുപോകുന്നതും.
കഥാതന്തു നിലനിർത്തി
സിനിമയുടെ കഥ ഏകദേശം അങ്ങനെയാണ്. സിനിമയ്ക്കുവേണ്ടി ചില കാര്യങ്ങൾ അതിൽ ചേർത്തിട്ടുണ്ട്.
ആസിഫിനെ കണ്ടപ്പോൾ
ആസിഫ് അലിയെ കാണാൻ പോകുന്നത് ഞാനും മാത്തുക്കുട്ടിയും ചേർന്നാണ്. കഥ പറഞ്ഞ് മാത്തു എന്നെ ആസിഫ് അലിക്ക് പരിചയപ്പെടുത്തി. കഥയുടെ എല്ലാ മേഖലകളിലും ഞാൻ കൂടെയുണ്ടായിരുന്നു. സിനിമയുടെ ലൈൻ പ്രൊഡ്യൂസറായും ഞാൻ ജോലി നോക്കിയിരുന്നു.
സിനിമ തിയേറ്ററിൽ കണ്ടപ്പോൾ
എന്നെ സംബന്ധിച്ചിടത്തോളം അന്നനുഭവിച്ച ടെൻഷനൊന്നും ഇപ്പോഴില്ല. ആ പ്രായത്തിൽ ഞാനെടുത്ത ആ തീരുമാനത്തേക്കുറിച്ച് ഇപ്പോൾ ഓർക്കുമ്പോൾ അന്ന് അങ്ങനെ തീരുമാനിക്കാൻ പറ്റിയല്ലോ എന്ന കൗതുകമുണ്ട്. നമ്മുടെ തീരുമാനങ്ങൾ ശരിയാണ് എന്നാണ് എനിക്ക് ഇപ്പോഴും തോന്നിക്കൊണ്ടിരിക്കുന്നത്. അത് സിനിമയിലൂടെ കണ്ടപ്പോൾ സന്തോഷമുണ്ട്. അന്നത്തേത് എന്നെ ബാധിക്കുന്ന തീരുമാനമായിരുന്നു. പിന്നെ ഇപ്പോഴത്തെ ടെൻഷൻ എന്നു പറയുന്നത് മാത്തുവിന്റെ ആദ്യത്തെ സിനിമയാണ് എന്നതാണ്. കുറേ പേർക്ക് തുടക്കമാണ് ഈ സിനിമ. അത് നന്നായി വരണമെന്ന് നല്ല ആഗ്രഹമുണ്ടായിരുന്നു. കണ്ടിറങ്ങിയ പലരും വിളിച്ച് നല്ല അഭിപ്രായം പറയുന്നുണ്ട്.
വീട്ടുകാരുടെ പ്രതികരണം
എല്ലാവരും നന്നായി എന്നാണ് പറഞ്ഞത്. ഭാര്യ പിന്നെ കുറച്ച് ഇമോഷണലായാണ് കണ്ടത്.
സ്വന്തം ജീവിതകഥ പറയുന്ന സിനിമയ്ക്ക് സിനിമയ്ക്ക് നല്ല അഭിപ്രായം ലഭിച്ചുകൊണ്ടിരിക്കുമ്പോൾ അമ്മയ്ക്കും ഭാര്യക്കും രണ്ട് മക്കൾക്കുമൊപ്പം മലയാറ്റൂരിൽ സ്വസ്ഥജീവിതത്തിലാണ് ഈ ഒറിജിനൽ കുഞ്ഞെൽദോ.
Content Highlights: kunjeldho movie, eldho john interview, asif ali, mathukkutty, vineeth sreenivasan


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..