കുഞ്ഞികൃഷ്ണൻ, ഷുക്കൂർ | photo: mathrubhumi
'എന്ത് മിനിസ്റ്ററെടോ, മിനിസ്റ്ററെല്ലാം അങ്ങ് നിയമസഭയില്‍, അറസ്റ്റ് ചെയ്ത് ഹാജരാക്കടോ', തന്റെ ആദ്യ ചിത്രത്തില്‍ അഭിനയിക്കുന്ന ഒരു നടന്‍ പറഞ്ഞ ഈ ഡയലോഗിന് തിയേറ്ററില്‍ ലഭിച്ചത് കാണികളുടെ കരഘോഷമായിരുന്നു. കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്ണ പൊതുവാള്‍ ഒരുക്കിയ 'ന്നാ താന്‍ കേസ് കൊട്' എന്ന ചിത്രം പുതിയ കലാകാരന്മാര്‍ക്കുള്ള ഒരു കളരി കൂടിയായിരുന്നു. കാസര്‍കോട് പശ്ചാത്തലമാക്കി ഒരുക്കിയ ചിത്രത്തില്‍ അന്നാട്ടിലെ നിരവധി താരങ്ങളാണ് അണിനിരന്നത്.
ചിത്രത്തില്‍ മജിസ്‌ട്രേറ്റായി തകര്‍ത്തഭിനയിച്ച പി.പി കുഞ്ഞികൃഷ്ണനും വക്കീലായെത്തിയ ഷൂക്കൂറും ഒരൊറ്റ ചിത്രം കൊണ്ടുതന്നെ പ്രേക്ഷക മനസില്‍ ഇടം നേടി. മജിസ്‌ട്രേറ്റായി വേഷമിട്ട കുഞ്ഞികൃഷ്ണന്‍ മുന്‍ അധ്യാപകനാണ്. വക്കീലായി പൊട്ടിച്ചിരിപ്പിച്ച ഷൂക്കൂര്‍ ആവട്ടെ ജീവിതത്തിലും വക്കീല്‍ തന്നെ. തങ്ങളുടെ സിനിമാ വിശേഷങ്ങള്‍ പ്രേക്ഷകരുമായി പങ്കുവെക്കുകയാണ് കുഞ്ഞികൃഷ്ണനും ഷൂക്കൂറും. മാതൃഭൂമി ഡോട്ട് കോമിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് ഇവരുടെ പ്രതികരണം.
വേരുറപ്പിക്കുന്ന കാസര്‍കോട് ഭാഷ
സിനിമയില്‍ അഭിനയിക്കുന്ന സമയത്ത് കാസര്‍കോട് ഭാഷ ഇത്രത്തോളം സ്വീകരിക്കപ്പെടുമെന്ന് കരുതിയില്ല. ചില വാക്കുകള്‍ ആളുകള്‍ക്ക് മനസിലാകുമോ എന്ന് സംശയമുണ്ടായിരുന്നു. പക്ഷേ ആളുകള്‍ക്ക് അത്തരമൊരു ബുദ്ധിമുട്ട് തോന്നിയില്ലെന്നാണ് മനസിലാക്കുന്നത്. എറണാകുളത്ത് ആളുകളുടെ ഇടയിലിരുന്നാണ് സിനിമ കണ്ടത്. ആളുകള്‍ നന്നായി ആസ്വദിക്കുകയും കൈയടിക്കുകയും ചെയ്യുന്നുണ്ടായിരുന്നു.
കാസര്‍കോടിന്റെ സൗന്ദര്യം
കാഞ്ഞങ്ങാട്, ചീമേനി തുടങ്ങിയ കാസര്‍കോടിന്റെ പ്രദേശങ്ങളിലൊക്കെ ഇപ്പോള്‍ പുതിയ സിനിമകള്‍ ചിത്രീകരിക്കുന്നുണ്ട്. 'ന്നാ താന്‍ കേസ് കൊട്' റിലീസായതിന് ശേഷം ഈ സ്ഥലത്തേയ്ക്ക് കൂടുതല്‍ സംവിധായകര്‍ എത്തുന്നുണ്ട്. ഇത് സന്തോഷമുള്ള കാര്യമാണ്.
ആളുകള്‍ ഭക്ഷണം ഒക്കെ കൊണ്ട് തരും
'ന്നാ താന്‍ കേസ് കൊട്' ഇറങ്ങുന്നതിന് മുന്‍പ് പടന്ന പഞ്ചായത്തിലെ ഏകദേശം ആളുകളെയൊക്കെ അറിയാം. കാസര്‍കോടും അത്യാവശ്യം ആളുകളെ ഒക്കെ അറിയാം. സിനിമ ഇറങ്ങിയതിന് ശേഷം കുറച്ച് കൂടുതല്‍ പേരെ അറിയാന്‍ സാധിച്ചു.
.png?$p=0c81bbd&&q=0.8)
ആളുകള്‍ നമ്മളെ തിരിച്ചറിയുന്നു എന്നത് വലിയൊരു മാറ്റമാണ്. നമ്മളെ കണ്ടാല്‍ ലോഹ്യം പറയാന്‍ ആളുകളെത്തും. തീവണ്ടിയില്‍ കയറിയാല്‍ പരിചയമുള്ള ആളുകളുണ്ടാവും. ചിലര്‍ ഭക്ഷണം കൊണ്ട് തരും. ഒരിക്കല്‍ എല്‍.ഐ.സിയിലെ ഒരു ഉദ്യോഗസ്ഥന്‍ ഭക്ഷണം വാങ്ങിത്തന്നു. ഒരു കലാകാരന്‍ എന്ന നിലയില്‍ സമൂഹത്തില്‍ നിന്നും ലഭിക്കുന്ന അംഗീകാരമാണിത്.
എല്ലാ രാഷ്ട്രീയ പാര്‍ട്ടിയിലുള്ളവരും വിളിക്കും
നമ്മള്‍ തിരഞ്ഞെടുപ്പില്‍ ഒക്കെ മത്സരിക്കുന്ന സമയത്ത് ചില പ്രത്യേക വിഭാഗത്തിന്റെ മാത്രം പിന്തുണയേ കിട്ടുകയുള്ളു. ഇപ്പോള്‍ അങ്ങനെയല്ല. എല്ലാ രാഷ്ട്രീയ പാര്‍ട്ടിയിലുള്ളവരും വിളിക്കും, സന്തോഷം അറിയിക്കും. രാഷ്ട്രീയ പാര്‍ട്ടികളില്‍ ഇല്ലാത്തവരും വിളിക്കും. ജാതിയോ മതമോ രാഷ്ട്രീയമോ ഒന്നും ഇല്ലാതെ ആളുകള്‍ സ്‌നേഹിക്കുന്നു. അത് വലിയൊരു കാര്യമാണ്.
കലയും സംസ്‌കാരവും ഒത്തുചേരുന്ന അക്ഷരോത്സവം
നാടകങ്ങളിലൊക്കെ അഭിനയിച്ചതിന്റെ ഗുണം സിനിമ ചെയ്തപ്പോള്‍ ലഭിച്ചിട്ടുണ്ട്. മാതൃഭൂമി അക്ഷരോത്സവത്തിന്റെ വേദിയിലെത്തിയത് കൊണ്ട് ധാരാളം എഴുത്തുകാരെയും നാടകക്കാരെയും സിനിമാക്കാരെയും ഒക്കെ പരിചയപ്പെടാന്‍ സാധിച്ചു. ചെറിയ കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ക്ക് വരെ അനുഭവിച്ചറിയാനും ആസ്വദിക്കാനും ഒരുപാട് കാര്യങ്ങള്‍ ഇവിടെയുണ്ട്. പുസ്തകം മാത്രമല്ല, കലയും സംസ്‌കാരവും അക്ഷരോത്സവത്തില്‍ ഒത്തുചേരുകയാണ്. പുസ്തകങ്ങളുമായുള്ള ബന്ധം പണ്ടുമുതല്‍ക്കേ ഉണ്ട്. വായനശാലയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
മമ്മൂക്കയുമൊത്തുള്ള ആ ഒരൊറ്റ സീന്‍
മമ്മൂക്കയോടൊപ്പം ഒരു സിനിമയില്‍ അഭിനയിക്കാന്‍ സാധിച്ചു. ഒരൊറ്റ സീന്‍ ആണ് ഉള്ളത്. അത് മമ്മൂക്കയുമായുള്ള കോംബിനേഷന്‍ സീന്‍ ആയിരുന്നു. മമ്മൂക്കയുമായുള്ള കോംബിനേഷന്‍ സീന്‍ ആയതുകൊണ്ടാണ് ഞാന്‍ ആ സിനിമയില്‍ വന്നത് തന്നെ. അദ്ദേഹത്തിനൊപ്പം അഭിനയിക്കാനായതില്‍ വളരെയധികം സന്തോഷമുണ്ട്. നമ്മള്‍ ഒരിക്കലും പ്രതീക്ഷിച്ച കാര്യമല്ല ഇത്. അദ്ദേഹത്തെ നേരിട്ട കാണുക എന്നുള്ളത് തന്നെ എന്റെ ജീവിതത്തിലെ വലിയൊരു അനുഭവമാണ്. 'കണ്ണൂര്‍ സ്‌ക്വാഡ്' എന്നാണ് ചിത്രത്തിന്റെ പേര്. പോലീസ് കഥയാണ് ചിത്രം പറയുന്നത്.
ന്നാ താന്‍ കേസ് കൊടിലെ മജിസ്‌ട്രേറ്റ്
'ന്നാ താന്‍ കേസ് കൊട്' എന്ന ചിത്രത്തിലെ ജഡ്ജി ഒരു ജനകീയ ജഡ്ജിയായിരുന്നു. രതീഷ് ബാലകൃഷ്ണ പൊതുവാളിന്റെ ജഡ്ജിയായിരുന്നു അത്. ഇങ്ങനത്തെ ജഡ്ജി കോടതിയില്‍ ഉണ്ടാകുമോ എന്ന് സംശയമാണ്, പി.പി കുഞ്ഞികൃഷ്ണന്‍ പറഞ്ഞു.
'കുഞ്ഞികൃഷ്ണന്‍ മാഷ് അവതരിപ്പിച്ച പോലത്തെ ജഡ്ജി ജീവിതത്തില്‍ ഉണ്ടാവാന്‍ സാധ്യതയില്ല. സിനിമയില്‍ മാഷിന് ശേഷം വരുന്ന ബേസില്‍ അവതരിപ്പിച്ച ജഡ്ജിയെയാണ് നമ്മുടെ നീതിന്യായ വ്യവസ്ഥയില്‍ സാധാരണ കാണാനാവുക.
.png?$p=f59f2f4&&q=0.8)
മജിസ്‌ട്രേറ്റ് കോടതിയിലൊക്കെ ഒരുപാട് ആളുകളുണ്ടാകും. വരാന്തയിലൊക്കെ ആളുകളുണ്ടാകും. ഈ തിരക്കിനിടയിലും നമ്മളെ മറ്റുള്ളവര്‍ തിരിച്ചറിയുന്നത് സന്തോഷമുള്ള കാര്യമാണ്. 'ദേ സിനിമ നടന്‍' എന്നൊക്കെ ആളുകള്‍ പറയും. കക്ഷികള്‍ക്കും ഇത് സന്തോഷമുള്ള കാര്യമാണ്. കേസ് ഏല്‍പ്പിക്കുന്നതിനൊപ്പം ഒരു ഫോട്ടോ കൂടി എടുക്കാം എന്ന ഉദ്ദേശത്തോടെയാണ് ഇവര്‍ ഓഫീസിലേയ്ക്ക് എത്തുന്നത്.
നമ്മള്‍ വിചാരിക്കും പോലെ എല്ലായിടത്തും പോകാന്‍ പലപ്പോഴും സാധിക്കാറില്ല. കോടതിയുള്ള ദിവസങ്ങളില്‍ പരിപാടികള്‍ക്കൊക്കെ പങ്കെടുക്കാന്‍ പ്രയാസമാണ്. കുടുംബത്തിന്റെ മികച്ച പിന്തുണ എനിക്ക് ലഭിക്കുന്നുണ്ട്', ഷുക്കൂര്‍ പറഞ്ഞു.
Content Highlights: kunjacko boban film nna thaan case kodu actors interview with pp kunhikrishnan and shukkur
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..