"തെറ്റായി ചെയ്യുമ്പോൾ മാത്രം ശരിയാകുന്ന അപൂർവം ഡാൻസായിരുന്നു അത്, റീടേക്കും വേണ്ടിവന്നില്ല"


“ഡീസന്റായിരുന്ന ഒരു പയ്യൻ കൂതറയാകുമ്പോൾ ലോകം മുഴുവൻ കൈയടിക്കുന്നത് കാണുന്നത് ആദ്യമായാണ്”. ആരോ പറഞ്ഞ ഈ വാചകമാണ് അഭിനന്ദനങ്ങൾക്കിടയിലും കുഞ്ചാക്കോ ബോബന്റെ മനസ്സിൽ.

കുഞ്ചാക്കോ ബോബൻ | ഫോട്ടോ: അരുൺ പയ്യടിമീത്തൽ | മാതൃഭൂമി

“ദേവദൂതർ പാടി സ്‌നേഹദൂതർ പാടി...” വൈറലായ ഒരു പാട്ടിന്റെ പിന്നാലെയാണ് ഇപ്പോൾ മലയാളികളെല്ലാം. ഈ പാട്ട് വീണ്ടും മലയാളികളുടെ ചുണ്ടുകളിൽ തത്തിക്കളിക്കുമ്പോൾ കുഞ്ചാക്കോ ബോബൻ അതീവ സന്തോഷത്തിലാണ്. 37 വർഷം മുമ്പ് ഇറങ്ങിയ ‘കാതോടു കാതോരം’ എന്ന സിനിമയിലെ ‘ദേവദൂതർ പാടി’ എന്ന പാട്ട്‌ വൈറലാകുമ്പോൾ അതിലെ നായകനായ കുഞ്ചാക്കോ ബോബൻ സംസാരിക്കുന്നു.

കൂതറയായ ഡീസന്റ്

“ഡീസന്റായിരുന്ന ഒരു പയ്യൻ കൂതറയാകുമ്പോൾ ലോകം മുഴുവൻ കൈയടിക്കുന്നത് കാണുന്നത് ആദ്യമായാണ്”. ആരോ പറഞ്ഞ ഈ വാചകമാണ് അഭിനന്ദനങ്ങൾക്കിടയിലും കുഞ്ചാക്കോ ബോബന്റെ മനസ്സിൽ. ഡാൻസ് ഇത്രമേൽ ഹിറ്റായതെങ്ങനെയെന്നു ചോദിച്ചപ്പോൾ നിറഞ്ഞ ചിരിയായിരുന്നു ചാക്കോച്ചന്റെ ആദ്യ മറുപടി. ‘‘ന്നാ താൻ കേസ് കൊട്’ എന്ന സിനിമയുടെ സംവിധായകനായ രതീഷിന്റെ ഐഡിയയിലാണ് ആ പാട്ട് വരുന്നത്. ഒരു ഉത്സവപ്പറമ്പിലെ ഗാനമേളയ്ക്കിടയിൽ ആൾക്കൂട്ടത്തിനിടയിൽനിന്നു ചെയ്യുന്ന ഡാൻസ് എന്നു രതീഷ് പറഞ്ഞപ്പോൾ ട്രൈ ചെയ്തു നോക്കാമെന്ന്‌ ഞാനും പറഞ്ഞു. കൊറിയോഗ്രഫി കൊണ്ടുവരാമെന്നു രതീഷ് പറഞ്ഞെങ്കിലും അല്ലാതെ ചില സ്റ്റെപ്പുകൾ ഇട്ടു നോക്കാമെന്നായിരുന്നു ഞാൻ പറഞ്ഞത്. മനസ്സിൽ ഒരു തയ്യാറെടുപ്പുമില്ലാതെ പെട്ടെന്നു ചെയ്ത സ്റ്റെപ്പുകളായിരുന്നു അതെല്ലാം. തെറ്റായി ചെയ്യുമ്പോൾ മാത്രം ശരിയാകുന്ന അപൂർവം ഡാൻസായിരുന്നു അത്. അതുകൊണ്ടുതന്നെ അതിനു റീടേക്കും വേണ്ടി വന്നില്ല” - ചാക്കോച്ചൻ വൈറൽ ഡാൻസിന്റെ കഥ പറഞ്ഞു.

തിയേറ്ററിൽ കണ്ട സിനിമ

കുട്ടിക്കാലത്തെ ആ പാട്ടിന്റെ ഓർമകളും ചാക്കോച്ചന്റെ മനസ്സിൽ മായാതെയുണ്ട്. “ആലപ്പുഴയിലെ തിയേറ്ററിൽ വീട്ടുകാരോടൊപ്പം പോയാണ് കാതോടു കാതോരം സിനിമ കണ്ടത്. മമ്മുക്കയും സരിതച്ചേച്ചിയുമൊക്കെ പാടി അഭിനയിച്ച രംഗങ്ങളൊക്കെ അന്നു വലിയ ഇഷ്ടമായിരുന്നു. ഇന്നു ആ പാട്ട് എന്നിലൂടെ വൈറലാകുമ്പോൾ ‘രണ്ടെണ്ണം അടിച്ചിട്ടാണല്ലേ കളി’ എന്നു ചോദിച്ചവർ ഏറെയുണ്ടായിരുന്നു. ഈ സിനിമയിലെ എന്റെ കഥാപാത്രത്തിന്റെ ലഹരി എന്നു പറയുന്നത് പാട്ടും ഡാൻസുമാണ്. അതൊന്നും പഠിക്കാതെ അതിന്റെ ആഴങ്ങളിലേക്കു ലഹരിപോലെ പടരുന്ന ഒരാൾ. പാട്ട് ഇറക്കുന്നതിനു മുമ്പ് മമ്മുക്കയോടും ഔസേപ്പച്ചൻ ചേട്ടനോടുമൊക്കെ അനുവാദം ചോദിച്ചിരുന്നു. പാട്ടും എന്റെ ഡാൻസും കണ്ടപ്പോൾ അവരെല്ലാം നല്ലതു മാത്രം പറഞ്ഞതിലും ഒരുപാട് സന്തോഷം” - ചാക്കോച്ചൻ പറഞ്ഞു.

മനസ്സിലാകാത്ത ചാക്കോച്ചൻ

“ന്നാ താൻ കേസ് കൊട് എന്ന സിനിമയുടെ സംഗീത സംവിധായകനായ ഡോൺ വിൻെസന്റാണ് എന്നെ വിളിച്ച്‌ ദേവദൂതർ എന്ന പാട്ട് പുതിയ സിനിമയ്ക്കായി വീണ്ടും പാടണമെന്നു പറഞ്ഞത്. കേട്ടപ്പോൾ സന്തോഷം തോന്നിയെങ്കിലും അതിനൊപ്പം വലിയ പേടിയുമുണ്ടായിരുന്നു. കാരണം ഗാന ഗന്ധർവൻ പാടി മലയാളത്തിന്റെ മഹാ നടൻ അഭിനയിച്ച പാട്ടാണിത്. പുതിയ സിനിമയ്ക്കായി മ്യൂസിക്കും ഓർക്കെസ്‌ട്രേഷനും വരികളും ഒന്നും മാറ്റിയിട്ടില്ല. ആകെ മാറ്റിയത് ഗായകനെയാണ്. ആ റോൾ ഞാൻ ഏറ്റെടുക്കുമ്പോൾ പാളിപ്പോയാൽ പണി കിട്ടുമെന്ന കാര്യത്തിൽ ഒരു സംശയവുമുണ്ടായിരുന്നില്ല. വളരെപ്പെട്ടെന്ന്‌ ഞാൻ ആ പാട്ട് പാടിത്തീർത്തെങ്കിലും ആ സമയത്തു ചാക്കോച്ചൻ ഡാൻസ് കളിച്ച് അഭിനയിക്കുന്ന കാര്യമൊന്നും അറിയില്ലായിരുന്നു. വീഡിയോ റിലീസ് ചെയ്തപ്പോഴാണ് ചാക്കോച്ചൻ അതിലുള്ളത് ഞാൻ കാണുന്നത്. രണ്ടുമൂന്നു ഷോട്ടുകൾ കണ്ടു കഴിഞ്ഞപ്പോഴാണ് അതു ചാക്കോച്ചനാണെന്നുതന്നെ മനസ്സിലായത്” - ബിജു നാരായണൻ പറഞ്ഞു.

ബിജു നാരായണൻ | ഫോട്ടോ: www.facebook.com/bijunryn/photos

തേവരയിൽ പാടിയ പാട്ട്

കുട്ടിക്കാലത്ത് തേവരയിൽ അതു പാടിയ ഓർമകളും ബിജുവിനുണ്ട്. “തേവര എസ്.എച്ച്. സ്‌കൂളിൽ പഠിക്കുന്ന സമയത്താണ് ‘കാതോടു കാതോരം’ റിലീസാകുന്നത്. സ്‌കൂളിലെ ഗാനമേള ടീമിലുണ്ടായിരുന്ന ഞാൻ ഈ പാട്ട് സ്‌കൂളിലെ പരിപാടികളിൽ പാടിയിട്ടുമുണ്ട്. സമീപപ്രദേശങ്ങളിൽ നടന്നിരുന്ന പരിപാടികളിലും ഈ പാട്ട് എത്രയോ തവണ പാടിയിട്ടുണ്ട്. 37 വർഷത്തിനു ശേഷം ഈ പാട്ട് വീണ്ടും പാടാനും അതു വൈറലാകാനും ഇടയായത് നിയോഗമായിരിക്കാം.

70 ലക്ഷത്തിലേറെപ്പേർ ഈ പാട്ടും ഡാൻസും കണ്ടുവെന്നറിയുമ്പോൾ 37 വർഷം മുമ്പ് തേവരയിലെ സ്‌കൂളിൽ പാടിയ പയ്യന്റെ അതേ സന്തോഷത്തിലാണ് ഞാൻ. മലയാളത്തിൽ ഇനിയും ഇതുപോലെ പഴയ പാട്ടുകൾ പുതുതായി അവതരിപ്പിക്കുന്ന ട്രെൻഡ് സെറ്ററിന്റെ തുടക്കമാകാം ഈ പാട്ട്” - ബിജു നാരായണൻ പറഞ്ഞു.

Content Highlights: kunchacko boban and singer biju narayanan, devadoothar paadi song, nna than case kodu

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Dalit Boy

1 min

അധ്യാപകന്റെ പാത്രത്തില്‍നിന്ന് വെള്ളംകുടിച്ചതിന് ക്രൂരമര്‍ദനം; 9 വയസ്സുള്ള ദളിത് ബാലന്‍ മരിച്ചു

Aug 14, 2022


Mamatha

വേദിയില്‍ നിന്നിറങ്ങി, പിന്നെ  നര്‍ത്തകിമാര്‍ക്കൊപ്പം നാടോടിനൃത്തം; വൈറലായി മമത

Aug 15, 2022


Jaleel-Surendran

1 min

ജലീലിന് ഇന്ത്യയില്‍ കഴിയാന്‍ അവകാശമില്ല, പാകിസ്താനിലേക്ക് പോകണം - കെ സുരേന്ദ്രന്‍

Aug 14, 2022

Most Commented