രാജീവന്റെ വേഷത്തിൽ വീട്ടിലേക്ക് വിളിച്ചു, ഈ അങ്കിൾ ആരാണെന്ന് മകൻ ചോദിച്ചു -കുഞ്ചാക്കോ ബോബൻ


പി. പ്രജിത്ത്

എണ്ണയിട്ട് ചീകിയും പല്ലുവെച്ചും മുഖത്ത് വ്യത്യാസങ്ങൾ കൊണ്ടുവന്നു. ദിവസം ഒന്നരമണിക്കൂറോളം മേക്കപ്പിനായി ഇരുന്നുകൊടുത്തു. പഴയരൂപത്തിലേക്കെത്താൻ, മേക്കപ്പ് കഴുകിക്കളയാൻ ഒരുമണിക്കൂർ വേണ്ടിവന്നു.

INTERVIEW

കുഞ്ചാക്കോ ബോബൻ | ഫോട്ടോ: ജി. ശിവപ്രസാദ് | മാതൃഭൂമി

‘‘മോഷണം, അഴിമതി, റോഡിലെ കുഴി, നായകടി... നിത്യജീവിതത്തിൽ നമ്മൾ നേരിടുന്ന ഒട്ടേറെ കാര്യങ്ങളാണ് ‘ന്നാ താൻ കേസ് കൊട്’ മുന്നോട്ടുവെക്കുന്നത്’’-പ്രേക്ഷകപ്രീതിനേടി കുതിക്കുന്ന പുതിയ സിനിമയുടെ വിശേഷങ്ങളുമായി കുഞ്ചാക്കോ ബോബൻ സംസാരിക്കുന്നു.

അഭിനേതാക്കൾക്കും അണിയറപ്രവർത്തകർക്കുമെല്ലാം അഭിമാനിക്കാനുള്ള വകനൽകി ‘ന്നാ താൻ കേസ് കൊട്’ കുതിക്കുകയാണ്, ഇത്തരമൊരു സ്വീകാര്യത പ്രതീക്ഷിച്ചിരുന്നോ ?

സംവിധായകൻ രതീഷ് ബാലകൃഷ്ണപൊതുവാൾ ആദ്യം എന്നോടുപറഞ്ഞ കഥ ആൻഡ്രോയിഡ് കുഞ്ഞപ്പൻ സിനിമയുടേതാണ്. അന്നതുകേട്ടപ്പോൾ അദ്ദേഹം എന്താണ് ഉദ്ദേശിക്കുന്നതെന്ന് എനിക്ക് മനസ്സിലായില്ല. ഞാൻ മനസ്സിൽ കണ്ടതൊന്നുമല്ല സിനിമയിൽ കണ്ടത്. പിന്നീടൊരിക്കൽ രതീഷിനെ കണ്ടപ്പോൾ, കഥപറയുമ്പോൾ മനസ്സിലാകുന്നരീതിയിൽ പറ​യേ​ണ്ടേയെന്ന്‌ ചിരിച്ചുകൊണ്ട് ചോദിച്ചു. അടുത്തൊരു സിനിമ ഒരുമിച്ച് ചെയ്യാമെന്ന തീരുമാനം അങ്ങനെയാണുണ്ടാകുന്നത്. രതീഷിന്റെ രണ്ടാമത്തെ സിനിമയായി പ്രദർശനത്തിനെത്തേണ്ടതായിരുന്നു ‘ന്നാ താൻ കേസ് കൊട്’. കോവിഡ്പ്രതിസന്ധി രൂക്ഷമായപ്പോൾ അന്നത്തെ പരിമിതികൾക്കുള്ളിൽനിന്ന്‌ ചെയ്യാൻകഴിയുന്നതിനാലാണ് ‘കനകം കാമിനി കലഹം’ അദ്ദേഹം ചെയ്തത്. ആൻഡ്രോയിഡ് കുഞ്ഞപ്പൻ പൊതുവെ പറഞ്ഞുഫലിപ്പിക്കാൻ പ്രയാസമുള്ള കഥയാണ്. എന്നാൽ, രതീഷ്‌ അത് ഭംഗിയായി അവതരിപ്പിച്ചു. സംവിധായകന്റെ മേക്കിങ്‌ രീതിയിൽ എനിക്ക് വലിയ വിശ്വാസമുണ്ടായിരുന്നു. കഥകൾ ആസ്വാദ്യകരമായ രീതിയിൽ ആളുകളിലേക്കെത്തിക്കാൻ അദ്ദേഹം പലതരം ചേരുവകൾ ചേർക്കുന്നുണ്ട്. കഥപറച്ചിലിന് സ്വന്തമായൊരു രീതിയുണ്ട്. ഗൗരവസന്ദർഭങ്ങളിൽപ്പോലും തന്റേതായൊരു ഫലിതം ചേർത്തുവെക്കുന്നു. സിനിമയുമായി ചേർന്നുപ്രവർത്തിച്ചവർക്കെല്ലാം അഭിമാനിക്കാനുള്ള വകനൽകി എന്നതിൽ സന്തോഷമുണ്ട്. ചിത്രീകരണം തുടങ്ങിയപ്പോൾത്തന്നെ പടം പ്രേക്ഷകപ്രീതി നേടുമെന്ന് എനിക്കുറപ്പായിരുന്നു.

കഥയും കഥാപാത്രവും നൽകിയ ആത്മവിശ്വാസമാണോ, സിനിമയുടെ സഹനിർമാതാവാകാൻ പ്രേരിപ്പിച്ചത് ?

സിനിമ നന്നാകുമെന്ന് ആദ്യംമുതലേ ഉറപ്പുണ്ടായിരുന്നു. വിജയചിത്രത്തിന്റെ ഭാഗമാകുക എന്നതിനപ്പുറം അഭിമാനിക്കാൻ കഴിയുന്ന സിനിമകൾക്കൊപ്പം പ്രവർത്തിക്കാനാണ് ഉദയ പിക്‌ച്ചേഴ്‌സ് (ചാക്കോച്ചന്റെ നിർമാണക്കമ്പനി) എന്നും ശ്രദ്ധിക്കുന്നത്. ചിത്രീകരണം തുടങ്ങിയപ്പോൾത്തന്നെ കഥാപാത്രവുമായി മാനസികമായൊരു അടുപ്പംവന്നുതുടങ്ങി. എന്നെക്കൂടി നിർമാണപങ്കാളിയാക്കാമോ എന്ന് നിർമാതാവ് സന്തോഷ് കുരുവിള ചേട്ടനോട് ചോദിക്കുകയായിരുന്നു. വൈകാരികതയുടെപേരിൽ ചോദിച്ചുവാങ്ങിയ നിർമാണ പാർട്‌ണർഷിപ്പാണിത്.

കുഞ്ചാക്കോ ബോബൻ ‘ന്നാ താൻ കേസ് കൊട്’ എന്ന സിനിമയിൽ

കഥയ്ക്ക് കരുത്തായി സാമൂഹികപ്രസക്തമായ ഒരുപാട് വിഷയങ്ങൾ കടന്നുവരുന്നുണ്ട്

തമിഴ്‌നാട്ടിലൊരു ലോറിമറിഞ്ഞ് കുറേപ്പേർ മരിച്ച വിഷയമാണ് രതീഷ് ആദ്യം എന്നോടുപറഞ്ഞത്. അപകടത്തിന്റെ മൂലകാരണം അന്വേഷിച്ചുപോയപ്പോൾ ഉത്തരവാദി വണ്ടിയോടിച്ചയാൾ മാത്രമല്ലെന്നും അതിനുപിറകിൽ വേറെയും ഒരുപാടുപേരുണ്ടെന്നും മനസ്സിലായി. ആ അന്വേഷണമാണ് മറ്റൊരുതരത്തിൽ ഇവിടെ അവതരിപ്പിച്ചിരിക്കുന്നത്. ഒരു സംഭവത്തിന്റെ മൂലകാരണം അന്വേഷിച്ചുപോകുകയും അവർക്കെതിരേ ശബ്ദിക്കുകയുംചെയ്യുന്ന സിനിമയാണ് ‘ന്നാ താൻ കേസ് കൊട്’. മോഷണം, അഴിമതി, റോഡിലെ കുഴി, നായകടി... ഇവയെല്ലാം മലയാളി നിത്യജീവിതത്തിൽ കേൾക്കുകയും ഒരുപാടുപേർ അനുഭവിക്കുകയും ചെയ്യുന്ന കാര്യങ്ങളാണ്. അതുകൊണ്ടുത്തന്നെ സിനിമയുമായി പ്രേക്ഷകൻ വളരെവേഗം ചേർന്നുനിന്നു. തമാശയുടെ മേമ്പൊടിയിൽ ഗൗരവമുള്ള സാമൂഹികവിഷയമാണ് സിനിമ മുന്നോട്ടുവെക്കുന്നത്, ഉദ്ദേശിച്ചതരത്തിൽ തന്നെ വിഷയം പ്രേക്ഷകരിലേക്കെത്തിക്കാൻ കഴിഞ്ഞു എന്നതിൽ സന്തോഷമുണ്ട്. ഒ.ടി.ടി.യിലല്ല, ബിഗ് സ്‌ക്രീനിൽതന്നെ ഈ സിനിമ പ്രേക്ഷകർ കാണണമെന്ന് ഞങ്ങൾ അതിയായി ആഗ്രഹിച്ചിരുന്നു.

വ്യത്യസ്തവും കൗതുകമുണർത്തുന്നതുമാണ് സിനിമയുടെ പേര്, ഇത്തരമൊരു പേരിലേക്കെത്തിയത്

ന്നാ താൻ കേസ് കൊട് എന്ന പേര് സംവിധായകന്റെതന്നെ കണ്ടെത്തലാണ്. ഫോണിലൂടെയാണ് രതീഷ് ആദ്യമായി ഈ പേര് എന്നോട് പറയുന്നത്. ആദ്യ കേൾവിയിൽത്തന്നെ ഇഷ്ടമായി. നമ്മൾ സീരിയസായും തമാശയായും ഉപയോഗിക്കുന്ന വാചകം. കഥയുമായി ചേർന്നുനിൽക്കുന്നു എന്നതിനപ്പുറം പേരിലെ വ്യത്യസ്തത പ്രേക്ഷകരെ സിനിമയുമായി കൂടുതലടുപ്പിച്ചു എന്നാണ് ഞങ്ങൾക്ക് ലഭിക്കുന്ന റിപ്പോർട്ട്. പേര് മാത്രമല്ല റിലീസിനുമുന്നേ എത്തിയ പാട്ടും ട്രെയിലറുമെല്ലാം പ്രേക്ഷകരെ തിയേറ്ററിലേക്കെത്തിക്കുന്നതിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്.

കണ്ണൂർ, കാസർകോട്‌ ഭാഷ ബല്ലാണ്ട് എടങ്ങേറാക്കിനോ ?

ബല്യ എടങ്ങേറൊന്നൂണ്ടായിട്ട്ല്ലപ്പ...ചെറ്തായി വലച്ചീനി... ആദ്യമായാണ് ഞാൻ കാസർകോടൻ ഭാഷയിലൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പ്രധാനകഥാപാത്രമായ കള്ളൻ രാജീവൻ എവിടത്തുകാരനുമാകാം. ഒരു പാട്ടുസീൻ ചിത്രീകരിക്കുന്നതിനിടെയാണ് കാസർകോടൻ മലയാളം ആദ്യമായി പറഞ്ഞുനോക്കുന്നത്. കുഴപ്പമില്ലെന്നുകണ്ടതോടെ അതുതന്നെ പിടിച്ച് മുന്നോട്ടുപോകാമെന്ന് സംവിധായകനും ടീമും തീരുമാനിച്ചു. സിനിമയിലെ ബഹുഭൂരിപക്ഷം ആളുകളും ആ നാട്ടുകാർ തന്നെയായിരുന്നു. അതുകൊണ്ടുതന്നെ എന്റെ സംഭാഷണത്തിലെ പ്രയോഗങ്ങൾ ചെറുതായൊന്നു തെറ്റുമ്പോഴേക്കും അവരെല്ലാംകൂടിച്ചേർന്ന് അത് ശരിയാക്കിത്തരും. ആദ്യമൊക്കെ പലതും കേട്ടാൽ മനസ്സിലാകാത്ത അവസ്ഥയുണ്ടായിരുന്നു പിന്നീട് കഥാപാത്രത്തിനായി അതെല്ലാം പഠിച്ചെടുത്തു. ചിത്രീകരണത്തിന്റെ തലേദിവസംതന്നെ ഡയലോഗുകളെല്ലാം വാട്‌സാപ്പിൽ വോയ്‌സ് മെസേജായി അയച്ചുതരും. സംഭാഷണത്തിലെ നീട്ടലും കുറുക്കലുമെല്ലാം മനസ്സിലാക്കിയാണ് ഞാൻ ക്യാമറയ്ക്കുമുന്നിൽ ചെല്ലുന്നത്. ലൈവ് സൗണ്ടായതിനാൽ തെറ്റുവരുത്താതിരിക്കാൻ ശ്രദ്ധിച്ചാണ് നീങ്ങിയത്.

കൊഴുമ്മൽ രാജീവനായുള്ള രൂപമാറ്റം കൈയടിനേടി, ചാക്കോച്ചൻ ആളാകെമാറി എന്നൊരു കമന്റ് വ്യാപകമായുണ്ട്

രാജീവനായുള്ള രൂപമാറ്റം ആവേശത്തോടെയാണ് ഏറ്റെടുത്തത്. തലമുടി എണ്ണയിട്ട് ചീകിയും പല്ലുവെച്ചും മുഖത്ത് വ്യത്യാസങ്ങൾ കൊണ്ടുവന്നു. ദിവസം ഒന്നരമണിക്കൂറോളം മേക്കപ്പിനായി ഇരുന്നുകൊടുത്തു. പഴയരൂപത്തിലേക്കെത്താൻ, മേക്കപ്പ് കഴുകിക്കളയാൻ ഒരുമണിക്കൂർ വേണ്ടിവന്നു. കഥാപാത്രത്തിന്റെ രൂപം ചിട്ടപ്പെടുത്താനായൊരു മേക്കപ്പ് ടെസ്റ്റ് നടത്തിയിരുന്നു, ചിത്രീകരണത്തിന് മുൻപ് ലൊക്കേഷനിൽ​ വെച്ചാണ് അവസാനരൂപം ചെയ്തത്. രാജീവന്റെ വേഷത്തിൽ വീട്ടിലേക്ക് വിളിച്ചപ്പോൾ മകന് മനസ്സിലായില്ല, ഈ അങ്കിൾ ആരാണമ്മേ എന്നാണ് അവൻ പ്രിയയോട് ചോദിച്ചത്.

കോടതിയിലെ വൈകാരികരംഗങ്ങൾ, സാധാരണക്കാരന്റെ നിസ്സഹായത, നായകടിയുടെ അവശത, ദേവദൂതർ പാട്ടിനൊപ്പമുള്ള ചുവടുകൾ കഥാപാത്രത്തിനായി നടത്തിയ മുന്നൊരുക്കങ്ങൾ

കഥാപാത്രത്തിനായി മുന്നൊരുക്കങ്ങൾ നടത്താറുണ്ടെങ്കിലും ഒരുപാട് തയ്യാറെടുത്താൽ പ്രശ്നമാകും. മനസ്സിൽ വലിയൊരു പ്ലാനിങ്ങെല്ലാം നടത്തി പോകാറില്ല. ഏതാണ്ടൊരു ധാരണയുമായെത്തി, പിന്നീട് ആ നിമിഷത്തിൽ വിശ്വസിച്ച് അവിടെവെച്ച് പരമാവധി കഥാപാത്രത്തിന്റെ ചെയ്തികളിലേക്കിറങ്ങാൻ ശ്രമിക്കുന്നതാണ് എന്റെയൊരു രീതി. ലൊക്കേഷനിലെത്തി, പൂർണമായ മേക്കപ്പിൽ ഒപ്പം അഭിനയിക്കുന്നവർക്കൊപ്പം നിൽക്കുമ്പോൾ ലഭിക്കുന്ന സ്വാഭാവിക അഭിനയമാണ് എനിക്കെന്നും കൂട്ടുവരുന്നത്. ‘ദേവദൂതർ പാടി’ എന്ന ഗാനത്തിന്റെ ചുവടുകൾ സ്വന്തമായി ചിട്ടപ്പെടുത്തിയതാണ്. ഞാൻ ചില സ്റ്റെപ്പുകൾ ചെയ്തപ്പോൾ സംവിധായകന്‌ അത് ഓക്കെയായി. മൂന്ന് രാത്രികളിലായിട്ടാണ് ഗാനരംഗം ചിത്രീകരിച്ചത്. 250 ജൂനിയർ ആർട്ടിസ്റ്റുകളും എഴുന്നൂറ്റി അമ്പതോളം നാട്ടുകാരുമുണ്ടായിരുന്നു. ജൂനിയർ ആർട്ടിസ്റ്റുകൾ ജോലികഴിഞ്ഞുപോയാലും നാട്ടുകാർ ഞങ്ങൾക്കൊപ്പംതന്നെ നിന്നു. പുലർച്ചെയാകുമ്പോൾ അടുത്തദിവസം രാത്രിയും എത്തുമല്ലോ എന്ന് ഞങ്ങൾ മൈക്കിലൂടെ അവരോട് ചോദിക്കും, അതേവസ്ത്രംതന്നെ ധരിച്ച് വരണമെന്ന് ഓർമിപ്പിക്കും. ദേവദൂതർ... ഗാനം ഇറങ്ങിയപ്പോൾ മുതൽ ഒരുപാട് കമന്റുകൾ ലഭിച്ചിരുന്നു. ഇയാളെ എനിക്കറിയാം, ഇയാൾ എന്റെ നാട്ടുകാരനാണ് എന്നൊക്കെ ഒരുപാടുപേർ പറഞ്ഞു. പ്രേക്ഷകർക്കെല്ലാം സുപരിചിതനായൊരാളെ ബിഗ് സ്‌ക്രീനിൽ അവതരിപ്പിക്കാനായതിന്റെ സന്തോഷം വലുതാണ്.

Content Highlights: kunchacko boban interview, kozhummal rajeevan in nna than case kodu movie


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022

Most Commented