കൊടിമരം പോലെ ഉയരം, നീണ്ട മുടി, തലയെടുപ്പുള്ള നോട്ടം. തികച്ചും ഒരു വീരയോദ്ധാവിന്റെ പരിവേഷത്തിലാണ് കുനാല്‍ കപൂര്‍ മലയാളത്തിലെത്തിയത്. വീരത്തിന്റെ ഇംഗ്ലീഷ് പതിപ്പില്‍ മാത്രം അഭിനയിക്കാനെത്തിയ കുനാല്‍ പിന്നീടാണ് ഹിന്ദിയിലും മലയാളത്തിലും താന്‍ തന്നെയാണ് ചന്തു ചേകവരാകുന്നതെന്ന് അറിയുന്നത്. മലയാളത്തെക്കുറിച്ച് മനസില്‍ നിറയെ ആശങ്കയായിരുന്നു. എന്നാല്‍ ദേശീയ പുരസ്‌കാരം ലഭിച്ച ജയരാജിനെപ്പോലുള്ള ഒരു സംവിധായകനൊപ്പം സിനിമ ചെയ്യാന്‍ കിട്ടിയത് ഭാഗ്യമായാണ് കുനാല്‍ കരുതിയത്.

എത്ര ബുദ്ധിമുട്ടു സഹിച്ചാണെങ്കിലും സിനിമയ്ക്കു വേണ്ടതെല്ലാം പഠിച്ചെടുക്കാന്‍ കുനാല്‍ തീരുമാനിക്കുകയായിരുന്നു. മലയാള സിനിമകള്‍ ഒരുപാട് കാണാറുണ്ടെങ്കിലും കുനാലിന്  മലയാളം അത്ര പെട്ടന്ന് വഴങ്ങിയിരുന്നില്ല. 

star andstyle
 സ്റ്റാര്‍ ആന്റ് സ്റ്റൈലിന്റെ
വരിക്കാരാകാം

'ചന്തുവിനെ അവതരിപ്പിക്കാന്‍ ഞാന്‍ കളരി ആവേശത്തോടെ പഠിച്ചെടുത്തു. എന്നാല്‍ മലയാളം പിടിതരാതെ വഴുതിപ്പോയി. മലയാളവും തമിഴും പിന്തുടരാന്‍ ഏറെ പ്രയാസമുള്ള ഭാഷയായിട്ടാണ് എനിക്ക് തോന്നിയത്. കളരി പഠനം ഭാവി ജീവിതത്തിലേക്ക് ഒരു മുതല്‍ക്കൂട്ടാണ്. ആക്ഷന്‍ രംഗങ്ങള്‍ ചെയ്യുമ്പോള്‍ വേണ്ട വേഗവും മെയ്വഴക്കവും വീരം കൊണ്ട് ഞാന്‍ നേടി. മലയാളം സംസാരിക്കാന്‍ പ്രയാസമാണെങ്കിലും ചില ഡയലോഗുകള്‍ ഓര്‍ത്തുവെച്ചിട്ടുണ്ട്. ബോളിവുഡിലുള്ളവരെ ഞെട്ടിക്കാന്‍ പോന്ന നമ്പറുകള്‍. 

സംസാരിക്കാന്‍ അറിയില്ലെങ്കിലും ഒരുപാട് മലയാള സിനിമകള്‍ കണ്ടിട്ടുണ്ട്. കഥയ്ക്കും കഥാപാത്രങ്ങളുടെ മാനസിക പിരിമുറുക്കങ്ങളും സൂക്ഷ്മമായി അവതരിപ്പിക്കുന്നതില്‍ മലയാള സിനിമകള്‍ ഏറെ മുന്നിലാണ്. മോഹന്‍ലാലിന്റെ ദൃശ്യമാണ് ഞാന്‍ ഏറ്റവും ഒടുവില്‍ കണ്ട മലയാള ചിത്രം. വാനപ്രസ്ഥവും ന്യൂഡല്‍ഹിയും എന്നെ ഏറെ ആകര്‍ഷിച്ച ചിത്രങ്ങളാണ്. കുനാൽ കപൂർ പറഞ്ഞു.

(പുതിയ ലക്കം സ്റ്റാർ ആൻഡ് സ്റ്റൈലിന് നൽകിയ അഭിമുഖത്തിൽ നിന്ന്)