എന്റെ മകനാണ് ഇവന്‍... ഇവന്റെ മകനാണ് അവന്‍... അവന്റെ മകനാണ് ഇവന്‍...'

'അനിയന്‍ ബാവ, ചേട്ടന്‍ ബാവ' എന്ന ചിത്രത്തില്‍ ഓരോരുത്തരെ ചൂണ്ടിക്കാണിച്ചുകൊണ്ടുള്ള കെ.ടി.എസ്. പടന്നയിലിന്റെ ഈ ഡയലോഗ് തിയേറ്ററുകളില്‍ ചിരിയുടെ മാലപ്പടക്കം തന്നെ തീര്‍ത്തതാണ്. മരിക്കും വരെ ഹാസ്യരസം പകര്‍ന്നുനല്‍കിയ അതുല്യ നടന്‍... അഭിനയകലയെ ജീവിതത്തോട് ചേര്‍ത്തുവച്ച നടന്‍... അരനൂറ്റാണ്ടിലേറെക്കാലം പ്രൊഫഷണല്‍ നാടകരംഗത്ത് ഹാസ്യനടനായി തിളങ്ങിനില്‍ക്കേ തന്നെ വെള്ളിത്തിരയിലേക്കെത്തി കാണികളെ കുടുകുടാ ചിരിപ്പിച്ച നടന്‍... അതാണ് തൃപ്പൂണിത്തുറ തെക്കുംഭാഗം പടന്നയില്‍ വീട്ടില്‍ കെ.ടി. സുബ്രഹ്‌മണ്യന്‍ എന്ന കെ.ടി.എസ്. പടന്നയില്‍.

കുട്ടിക്കാലത്തുതന്നെ നാടകത്തില്‍ അഭിനയിക്കുക വലിയ മോഹമായിരുന്നു. അവസരങ്ങളൊന്നും അന്ന് കിട്ടിയില്ല. നാടകരംഗത്ത് വരണം എന്നത് വാശിയായി. അങ്ങനെയിരിക്കെ തൃപ്പൂണിത്തുറ ഊട്ടുപുര ഹാളില്‍ ചര്‍ക്ക ക്ലാസില്‍ ചേര്‍ന്നു. അവിടെ ഒരുവര്‍ഷം കഴിയുമ്പോള്‍ വാര്‍ഷികാഘോഷം നടത്തും... നാടകം ഉണ്ടാകും... അതില്‍ അഭിനയിക്കാം എന്നു കണ്ടാണ് ചര്‍ക്ക ക്ലാസില്‍ ചേര്‍ന്നത്. അങ്ങനെ 'വിവാഹദല്ലാളി' എന്ന നാടകത്തില്‍ ദല്ലാളിയായി അഭിനയിച്ചു. ആദ്യ നാടകമായിരുന്നു അത്. കാണികളുടെ ഭയങ്കര കൈയടിയാണ് ലഭിച്ചത്. 65 വര്‍ഷം മുമ്പായിരുന്നു അത്.'

കെ.ടി.എസ്. പടന്നയില്‍ എന്ന നടന്റെ പിറവി കൂടിയായിരുന്നു അത്‌. തുടര്‍ന്ന് അഞ്ചുരൂപ പ്രതിഫലത്തില്‍ അമെച്ചര്‍ നാടകങ്ങളില്‍ അഭിനയം തുടര്‍ന്നു. പിന്നീട് പ്രൊഫഷണല്‍ നാടകരംഗത്ത് 50 വര്‍ഷം. വൈക്കം മാളവിക, ചങ്ങനാശേരി ഗീഥ, കൊല്ലം ട്യൂണ, ആറ്റിങ്ങല്‍ പത്മശ്രീ, ഇടക്കൊച്ചി സര്‍ഗചേതന തുടങ്ങി ഒട്ടേറെ സമിതികളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഒരു ദിവസം മൂന്ന് നാടകങ്ങള്‍ വരെ കളിച്ച കാലമുണ്ടായിരുന്നു അദ്ദേഹത്തിന്‌. ഉത്സവക്കളികളായിരുന്നു കൂടുതലും. ഉറക്കമില്ലാതെ വേദികളില്‍ നിന്നും വേദികളിലേക്കുള്ള ഓട്ടം.. അത് വലിയ അനുഭവം തന്നെയായിരുന്നുവെന്ന് കെ.ടി.എസ്. പടന്നയില്‍ മുമ്പ് അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്‌. അങ്ങിനെയിരിക്കെ തിരുവനന്തപുരത്ത് സിനിമാ സംവിധായകന്‍ രാജസേനന്‍ നാടകം കാണാന്‍ ഇടയായി. അങ്ങനെയാണ് 'അനിയന്‍ ബാവ, ചേട്ടന്‍ ബാവ' യിലൂടെ ആദ്യമായി സിനിമയിലെത്തുന്നത്. പടം ഹിറ്റായതോടെ കൈനിറയെ ചിത്രങ്ങളായി.' 'വൃദ്ധന്‍മാരെ സൂക്ഷിക്കുക' എന്ന ചിത്രത്തില്‍ നടി ഖുശ്ബുമൊത്തുള്ള ഡാന്‍സും, 'ശ്രീകൃഷ്ണണപുരത്തെ നക്ഷത്രത്തിളക്കം' എന്ന ചിത്രത്തില്‍ 'ചിക്കന്‍ നല്ല മുറ്റാ' എന്നു പറഞ്ഞുകൊണ്ട് കുപ്പിയുടെ കോര്‍ക്ക് വിഴുങ്ങുകയുമൊക്കെ ചെയ്യുന്ന പടന്നയില്‍ മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടംനേടിയ നടനായി മാറുകയായിരുന്നു.

ടെലിവിഷന്‍ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. തൃപ്പൂണിത്തുറ കണ്ണന്‍കുളങ്ങരയില്‍ ചെറിയൊരു സ്റ്റേഷനറി കടയും കെ.ടി.എസ്. പടന്നയില്‍ നടത്തിയിരുന്നു. ഷൂട്ടിങ് ഇല്ലാത്തപ്പോള്‍ ഈ കടയില്‍ ചമയമില്ലാത്ത മുഖത്തോടെ പടന്നയില്‍ ഉണ്ടാകും. വഴിയാത്രക്കാര്‍ പലരും വാഹനങ്ങള്‍ നിര്‍ത്തി ഈ കടയിലെത്തി പടന്നയിലിനൊപ്പം സെല്‍ഫിയെടുക്കുന്നതൊക്കെ പതിവ് കാഴ്ചയായിരുന്നു. രമണിയാണ് ഭാര്യ. ശ്യാം, സ്വപ്ന, സന്നന്‍, സാജന്‍ എന്നിവര്‍ മക്കളാണ്. 

പുനപ്രസിദ്ധീകരിച്ചത്

Content Highlights: kts padannayil Subramanian demise